ADVERTISEMENT

വിദേശരാജ്യങ്ങളില്‍ യാത്ര പോകുന്നതൊക്കെ വളരെ ആവേശകരമായ കാര്യമാണെങ്കിലും, പോക്കറ്റ് കീറുന്ന വഴി അറിയില്ല. യൂറോയുടെയും ഡോളറിന്‍റെയുമൊക്കെ മൂല്യം കൂടുന്നതനുസരിച്ച് കൂടുതല്‍ ഇന്ത്യന്‍ രൂപ ചെലവാക്കേണ്ടി വരുന്നത് സഞ്ചാരികൾക്കു വലിയ തലവേദനയാണ്. 

എന്നാല്‍ ഇന്ത്യന്‍ രൂപ അത്ര മോശമൊന്നുമല്ല. രൂപയെക്കാള്‍ മൂല്യം കുറവുള്ള കറന്‍സിയുള്ള രാജ്യങ്ങളില്‍ രൂപ രാജാവാണ്. ഇത്തരമിടങ്ങളിലേക്ക് കുറഞ്ഞ ചെലവില്‍ യാത്ര പോകാനാകും. എന്നാല്‍ ചിലയിടങ്ങളില്‍ ജീവിതച്ചെലവു കൂടുതലായതിനാല്‍ ഇന്ത്യന്‍ രൂപയ്ക്ക് മൂല്യം കൂടുതലായിട്ടും കാര്യമൊന്നുമില്ല എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. ഈ വര്‍ഷം യാത്ര ചെയ്യാന്‍ അത്തരം ചില ഇടങ്ങള്‍ ഇതാ...

indonesia-bullet-train
Indonesia. image credit: istockphoto

ഇന്തൊനീഷ്യ

പ്രകൃതിസ്നേഹികള്‍ മുതല്‍ സാഹസിക സഞ്ചാരികള്‍ വരെ, എല്ലാത്തരം യാത്രക്കാര്‍ക്കും എന്തെങ്കിലുമൊക്കെ കാത്തുവച്ചിരിക്കുന്ന ഇടമാണ് ഇന്തൊനീഷ്യ. ഏകദേശം 17,000 ദ്വീപുകളും കടലോരങ്ങളും വിശാലമായ നെല്‍പാടങ്ങളും അഗ്നിപര്‍വതങ്ങളും തടാകങ്ങളും വെള്ളച്ചാട്ടങ്ങളുമെല്ലാം സഞ്ചാരികളുടെ കണ്ണിനു വിരുന്നൊരുക്കുന്നു. ഹണിമൂണ്‍ ആഘോഷിക്കുന്നവരുടെ പ്രിയപ്പെട്ട ബാലി അടക്കം, ഇന്തൊനീഷ്യയില്‍ ജനപ്രിയമായ ഒട്ടേറെ ഇടങ്ങളുണ്ട്. ഇന്ത്യയിലെ ഒരു രൂപയെന്നാല്‍ 186.44 ഇന്തൊനീഷ്യന്‍ രൂപയാണ്. 

Angkor wat. Image Credit: Travel Wild/istockphoto
Angkor wat. Image Credit: Travel Wild/istockphoto

കംബോഡിയ

കംബോഡിയയുടെ 49.40 റിയലിന് തുല്യമാണ് ഒരു ഇന്ത്യന്‍ രൂപ. യുനെസ്കോയുടെ ലോക പൈതൃകസ്മാരകമായ അങ്കോർവാട്ട് ക്ഷേത്രം ഉള്‍പ്പെടെ, ചരിത്രപരമായ ഒട്ടേറെ നിര്‍മിതികളും പ്രകൃതിഭംഗി വഴിഞ്ഞൊഴുകുന്ന ബീച്ചുകളും വനപ്രദേശങ്ങളുമെല്ലാം കംബോഡിയയിലേക്ക് ലക്ഷക്കണക്കിന് വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഒരിക്കല്‍ വീസ ലഭിച്ചാല്‍ 30 ദിവസം വരെ കംബോഡിയയില്‍ തങ്ങാം.

Beautiful landscape mountain view on train. Image Credit : kitzcorner/shutterstock
Beautiful landscape mountain view on train. Image Credit : kitzcorner/shutterstock

വിയറ്റ്നാം

ഇന്ത്യന്‍ സഞ്ചാരികളുടെ പ്രിയരാജ്യങ്ങളിലൊന്നാണ് വിയറ്റ്നാം. പുരാതനമായ ഹോയ് ആന്‍ നഗരം, വിന്‍ഡ് സർഫിങ്ങിനും കൈറ്റ് സർഫിങ്ങിനും പ്രശസ്തമായ മുയി നേ, യുനെസ്കോ വേൾഡ് ഹെറിറ്റേജ് സൈറ്റായ ഹ്യുവേ, ബാക് ഹാ ഹില്‍സ്റ്റേഷന്‍, ഹാ ലോംഗ് ബേ തുടങ്ങി ജനപ്രിയമായ ഒട്ടേറെ ഇടങ്ങള്‍ വിയറ്റ്‌നാമിലുണ്ട്. റൂഫ്‌ടോപ്പ് ബാറുകളും ലൈവ് മ്യൂസിക് കഫേകളുമുള്ള ഹോ ചി മിൻ സിറ്റിയുടെ ജീവന്‍ തുടിക്കുന്ന നൈറ്റ് ലൈഫും സാപ്പയിലെ ട്രെക്കിങ്ങുമെല്ലാം വിയറ്റ്‌നാം യാത്ര ഉത്സവസമാനമാക്കും. ഒരു ഇന്ത്യന്‍ രൂപ എന്നാല്‍ 292.87 വിയറ്റ്നാമീസ് ഡോങ്ങിന് തുല്യമാണ്. 

പരാഗ്വേ

തെക്കേ അമേരിക്കയുടെ ഹൃദയം എന്ന് വിളിക്കപ്പെടുന്ന പരാഗ്വേ ഫിഷിങ്, ഗോള്‍ഫ് മുതലായവയ്ക്ക് പ്രശസ്തമാണ്. തെക്കേ അമേരിക്കയില്‍ സഞ്ചാരികള്‍ക്ക് ഏറ്റവും സുരക്ഷിതമായി സന്ദര്‍ശിക്കാവുന്ന രാജ്യങ്ങളില്‍ ഒന്നുകൂടിയാണ് പരാഗ്വേ. ഒരു ഇന്ത്യന്‍ രൂപ 87.81 പരാഗ്വായന്‍ ഗുവാരാനിക്ക് തുല്യമാണ്. എന്നാല്‍ ഇന്ത്യയെ അപേക്ഷിച്ച്, 36% ജീവിതച്ചെലവ് കൂടുതലാണ് ഇവിടെ. സാൾട്ടോസ് ഡെൽ മണ്‍ഡേ വെള്ളച്ചാട്ടം, ലോകത്തെ ഏറ്റവും വലിയ ജലവൈദ്യുതി അണക്കെട്ടുകളിൽ ഒന്നായ ഇറ്റായിപ്പു ഡാം, വര്‍ണ്ണാഭമായ വീടുകള്‍ നിറഞ്ഞ മൻസാന ഡി ലാ റിവേര, കൊളോണിയല്‍ കാലത്തെ അരേഗുവാ പട്ടണം, യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ലാ സാന്റിസിമ ട്രിനിഡാഡ് ഡി പരാന, സെറോ കോറ നാഷണൽ പാർക്ക്, ഇഗ്ലേഷ്യ ഡി യഗ്വാരോൺ പള്ളി തുടങ്ങിയവയെല്ലാം പരാഗ്വേയിലെ ജനപ്രിയ ടൂറിസം കേന്ദ്രങ്ങളാണ്.

nepal-travel

നേപ്പാള്‍

ഇന്ത്യന്‍ സഞ്ചാരികള്‍ക്ക് ഏറ്റവും എളുപ്പം പോയി വരാവുന്ന രാജ്യമാണ് നേപ്പാള്‍. എവറസ്റ്റ് ബേസ് ക്യാംപ്, അന്നപൂർണ ട്രെക്കിങ് സർക്യൂട്ട്, യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളായ ലുംബിനി, സാഗർമാതാ നാഷനൽ പാർക്ക് (എവറസ്റ്റ് കൊടുമുടിയുടെ ആസ്ഥാനം), കാഠ്മണ്ഡു താഴ്‌വര മുതലായവ നേപ്പാളിലെ പ്രധാന വിനോദസഞ്ചാര ആകര്‍ഷണങ്ങളാണ്. സാഹസിക സഞ്ചാരികള്‍ക്ക് ഒട്ടേറെ ട്രെക്കിങ് റൂട്ടുകള്‍ ഇവിടെയുണ്ട്. പൊഖാറയിലെ പാരാഗ്ലൈഡിങ്ങും ജനപ്രിയമാണ്. സഞ്ചാരികള്‍ക്ക് വളരെ കുറഞ്ഞ ചെലവില്‍ പോയി വരാവുന്ന ഇടമാണ് നേപ്പാള്‍. ഒരു ഇന്ത്യന്‍ രൂപ 1.60 നേപ്പാളീസ് രൂപയ്ക്ക് തുല്യമാണ്. മാത്രമല്ല, നേപ്പാളില്‍ താമസസൗകര്യത്തിനും ഭക്ഷണത്തിനുമൊന്നും അധികം പണം ചെലവാകില്ല.

English Summary:

5 countries to visit where Indian rupee is the King.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com