ADVERTISEMENT

അറബിക്കടലിന്റെ കണ്ണാടിയാണു ലക്ഷദ്വീപ്. ആഴങ്ങളിൽ കടലൊളിപ്പിച്ച മുത്തുംപവിഴവുമെല്ലാം ലക്ഷദ്വീപ് തീരത്ത് ഒന്നു മുങ്ങാംകുഴിയിട്ടാൽ തൊട്ടടുത്തുകാണാം. അത്രയ്ക്കു തെളിച്ചമുള്ള കടൽ. നമുക്കൊന്നു ദ്വീപിൽ പോയിവന്നാലോ?

കവരത്തി തീരത്തിന്റെ ആകാശക്കാഴ്ച
കവരത്തി തീരത്തിന്റെ ആകാശക്കാഴ്ച. സി.അരുൺജിത് പകർത്തിയ ചിത്രം.

എങ്ങനെ പോകാം

4 രീതിയിലാണു ലക്ഷദ്വീപ് യാത്ര സാധ്യമാവുക. കൊച്ചിയിൽനിന്നു വിവിധ ദ്വീപുകളിലേക്കു കപ്പലുണ്ട്. നെടുമ്പാശേരിയിൽനിന്ന് അഗത്തിയിലേക്കു വിമാനസർവീസുമുണ്ട്. അവിടെനിന്നു മറ്റു ദ്വീപുകളിലേക്കു കപ്പൽ/വെസൽ/ ബോട്ട് വഴി പോകാം.

1) ലക്ഷദ്വീപ് ഭരണകൂടത്തിന്റെ 7 പാക്കേജുകളുണ്ട്. സമുദ്രം, കോറൽ റീഫ്, മറൈൻ വെൽത്ത് അവെയർനെസ്, സ്വേയിങ് പാം, സിൽവർ സാൻഡ് പാക്കേജുകൾ. ഇവയെല്ലാം കപ്പൽവഴിയാണ്. ഇതിനുപുറമേ വിമാന പാക്കേജും പ്രത്യേക സ്കൂബ ഡൈവിങ് പാക്കേജുകളുമുണ്ട്. ചെലവ്, ബുക്കിങ് ഉൾപ്പെടെയുള്ള വിശദാംശങ്ങൾക്ക് http://samudram.utl.gov.in.

2) സർക്കാർ അംഗീകൃത സ്വകാര്യ ടൂർ പാക്കേജുകൾ വഴി. ഏജൻസികളെപ്പറ്റി അറിയാൻ http://lakshadweeptourism.com

3) ദ്വീപിൽ നമുക്കു പരിചയക്കാരുണ്ടെങ്കിൽ അവരുടെ സ്പോൺസർഷിപ് വഴി.

4) ദ്വീപു നിവാസികൾ നടത്തുന്ന പാക്കേജുകൾ. വിശദാംശങ്ങൾ സമൂഹമാധ്യമങ്ങളിൽ ലഭ്യമാണ്. ബുക്ക് ചെയ്യും മുൻപ് ആധികാരികത ഉറപ്പാക്കണം.

 വേണ്ട രേഖകൾ

∙ ഡിക്ലറേഷൻ ഫോം (സ്പോൺസർ എടുക്കണം), 50 രൂപ ചലാൻ (ഒരു കുടുംബത്തിന്), 200 രൂപ ഹെറിറ്റേജ് ഫീ (ഒരാൾക്ക്) എന്നിവ അടച്ചതിന്റെ രസീത്. കൊച്ചി വില്ലിങ്ഡൺ ഐലൻഡിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫിസിൽ ടൂറിസം സെല്ലിൽ അടയ്ക്കണം.

∙ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്: കേരള പൊലീസിന്റെ തുണ (thuna.keralapolice.gov.in) വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. സൈറ്റിൽത്തന്നെ സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യും.

∙ പെർമിറ്റ്: ലക്ഷദ്വീപിലേക്കു പ്രവേശിക്കണമെങ്കിൽ പെർമിറ്റ് നിർബന്ധം. വെബ്സൈറ്റ്: www.lakshadweep.gov.in. സൈറ്റിൽത്തന്നെ പെർമിറ്റ് അപ്‌ലോഡ് ചെയ്യും.

∙ ടിക്കറ്റ്: 1500 രൂപ മുതൽ കപ്പൽ ടിക്കറ്റ് ലഭ്യം (www.lakport.utl.gov.in). വിമാനത്തിന് 6000 രൂപ മുതൽ.

 ഈ രേഖകളി‍ൽ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് മാത്രം നമ്മൾ എടുത്താൽ മതിയാകും. ബാക്കി സ്പോൺസർ/ പാക്കേജുകാർ തന്നെ എടുത്തുതരുകയാണു പതിവ്.

travel-lakshadweep
സ്കൂബ ഡൈവിങ്ങിനിടെ മീൻകൂട്ടം പൊതിഞ്ഞപ്പോൾ.

എന്തൊക്കെ കാണാം

കണ്ണാടിത്തിളക്കം പോലെ, പച്ച നിറത്തിലുള്ള തീരക്കടൽ (ലഗൂൺ) പ്രധാന സവിശേഷത. പവിഴപ്പുറ്റുകളെയും വർണാഭമായ കടൽജീവികളെയും ഒരു ചില്ലുപാത്രത്തിലേക്കു നോക്കിയാലെന്ന പോലെ തെളിഞ്ഞു കാണാം. വൃത്തിയുള്ള, ശാന്തമായ തീരങ്ങൾക്കും ജലവിനോദങ്ങൾക്കും പ്രസിദ്ധം. സ്കൂബ ഡൈവിങ്, സ്നോർക്കലിങ്, കയാക്കിങ്, സ്കീയിങ് തുടങ്ങിയവയ്ക്കു സൗകര്യമുണ്ട്. ചില്ലു ബോട്ടിലൂടെയുള്ള കടൽയാത്ര മറ്റൊരു അനുഭവം. ഇത്തരം ബോട്ടുകളുടെ അടിഭാഗം ഗ്ലാസ് കൊണ്ടാണു നിർമിച്ചിരിക്കുന്നത്. താഴോട്ടു നോക്കിയാൽ അടിപൊളി കടൽജീവികളെ കാണാം. ഗ്രാമസന്ദർശനം, മറൈൻ മ്യൂസിയം, ലൈറ്റ് ഹൗസ് എന്നിവയുമുണ്ട്.

ടൂറിസം ഇവിടെ

36 ദ്വീപുകളടങ്ങുന്ന ദ്വീപുസമൂഹമാണ് ലക്ഷദ്വീപ്. കവരത്തി, അഗത്തി, കടമത്ത്, കൽപേനി, മിനിക്കോയ്, ആന്ത്രോത്ത്, അമിനി, കിൽത്താൻ, ചെത്‌ലാത്, ബിത്ര എന്നീ 10 ദ്വീപുകൾ മാത്രമാണ് ജനവാസമേഖല. ഇവിടേക്കെല്ലാം പ്രവേശനമുണ്ട്. എന്നാൽ ആന്ത്രോത്ത്, അമിനി, കിൽത്താൻ, ചെത്‌ലാത്, ബിത്ര ദ്വീപുകളിൽ ടൂറിസം സൗകര്യങ്ങൾ കാര്യമായില്ല. ആൾത്താമസമില്ലാത്ത ചില ദ്വീപുകളിലും ടൂറിസം സൗകര്യങ്ങളുണ്ട്.

കവരത്തി: ലക്ഷദ്വീപിന്റെ തലസ്ഥാനം. വാട്ടർ സ്പോർട്സിനു പ്രസിദ്ധം. മറൈൻ മ്യൂസിയം, ലൈറ്റ് ഹൗസ്, കടലിൽ ഉറച്ച കപ്പൽച്ചേതം തുടങ്ങിയ കാഴ്ചകളുണ്ട്. മുസ്‌ലിം തീർഥാടന കേന്ദ്രമായ ഉജ്റ പള്ളിയും കവരത്തിയിലാണ്.

കൽപേനി: തീരത്തുതന്നെ പവഴിപ്പുറ്റുകളുണ്ട്. വാട്ടർ സ്പോർട്സിനും സൗകര്യം.

lakshadweep-03
അഗത്തി ദ്വീപിൽ നിന്നുള്ള കാഴ്ച.

അഗത്തി: ലക്ഷദ്വീപിന്റെ പ്രവേശനകവാടം. ഒട്ടേറെ ചെറുദ്വീപുകളിലേക്ക് ഇവിടെനിന്നു പോകാം. മനോഹരമായ ലഗൂണുകൾ പ്രത്യേകത. ഇവിടെയും സമീപത്തെ കൽപിട്ടി ദ്വീപിലും വാട്ടർ സ്പോർട്സ് ആക്ടിവിറ്റികളുണ്ട്.

ബംഗാരം: അറബിക്കടലിനു നടുവിൽ കണ്ണീർത്തുള്ളി പോലൊരു ദ്വീപ്. ലക്ഷദ്വീപ് ടൂറിസത്തിന്റെ മുഖം. അഗത്തിയിൽനിന്ന് ഒരു മണിക്കൂർ ബോട്ടുയാത്ര. അതിമനോഹരമായ ലഗൂണുകളും വാട്ടർ സ്പോർട്സ് ആക്ടിവിറ്റികളും സവിശേഷത. രാത്രി തീരത്തേക്കെത്തുന്ന കവരുകൾ (‘കുമ്പളങ്ങി നൈറ്റ്സ്’ സിനിമയിലെ ബോബിയുടെ ‘കവരടിച്ച് കിടക്കണേണ്ട്, കൊണ്ടോയി കാണിക്കാൻ പാടില്ലേ’എന്ന ഡയലോഗ് ഓർമയില്ലേ) അനിർവചനീയ കാഴ്ചാനുഭവം. താമസത്തിനു റിസോർട്ടുകളും കോട്ടേജുകളുമുണ്ട്. ഈ ദ്വീപിൽനിന്നു 15 മിനിറ്റ് യാത്ര ചെയ്താലെത്തുന്ന പരളി 1, പരളി 2 ദ്വീപുകളിലേക്കുള്ള യാത്രയിൽ ടർട്ട്ൽ വാച്ച് (ആമകളെ കാണാനുള്ള സൗകര്യം) സൗകര്യമുണ്ട്. ബംഗാരത്തിനു തൊട്ടടുത്തു തന്നെയാണു തിന്നക്കര ദ്വീപ്. ലക്ഷദ്വീപ് ശർക്കര, സുർക്ക (തെങ്ങിൽനിന്നു ശർക്കര, സുർക്ക) എന്നിവ ഉണ്ടാക്കുന്നതു കാണാം. ഈ ദ്വീപുകളിലൊന്നും ആൾത്താമസമില്ല.

lakshadweep

മിനിക്കോയ്: ദ്വീപുകളിലെ ഒറ്റയാൻ. ഏറെക്കുറെ മാലിദ്വീപിനോടു ചേർന്നുള്ള ഈ ദ്വീപ് ഭാഷ, സംസ്കാരം എന്നിവയിലും വേറിട്ടുനിൽക്കുന്നു. കണ്ടൽക്കാടും തടാകവുമുണ്ട്. ഗ്രാമീണടൂറിസത്തിനു ശ്രദ്ധേയം. സമീപത്തെ ചെറുദ്വീപായ വിരിംഗിലി ദ്വീപിലും പോകാം.

English Summary:

How to reachguide to Lakshadweep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com