ADVERTISEMENT

ഡിസംബര്‍, ജനുവരി മാസങ്ങളില്‍ നിറയെ മഞ്ഞുപുതച്ചു കിടന്നിരുന്ന കശ്മീര്‍ ഇക്കൊല്ലമില്ല! മഞ്ഞിന്‍തൊപ്പിയിട്ട് കുളിരില്‍ പുതഞ്ഞു നില്‍ക്കുന്ന പര്‍വതത്തലപ്പുകളുടെ കാഴ്ചകളുമില്ല. മഞ്ഞിന്‍റെ അഭാവം മൂലം കശ്മീരിലെ ടൂറിസം മേഖല കടുത്ത തിരിച്ചടിയാണ് നേരിടുന്നത്. നിരവധി വിനോദസഞ്ചാരികള്‍ കശ്മീരിലേക്കുള്ള യാത്ര മാറ്റിവയ്ക്കുകയും റദ്ദാക്കുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

പഹൽഗാമിലെ മഞ്ഞണിഞ്ഞ വഴികൾ (ഫയൽ ചിത്രം). Image Credit: Niladri Sikder/istockphoto
പഹൽഗാമിലെ മഞ്ഞണിഞ്ഞ വഴികൾ (ഫയൽ ചിത്രം). Image Credit: Niladri Sikder/istockphoto

മഞ്ഞുവീഴ്ചയില്ലാത്ത ഈ ശൈത്യകാലം കശ്മീരിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളെ നന്നായി ബാധിച്ചിട്ടുണ്ട്. പഹൽഗാം, സോനാമാർഗ്, ഗുൽമാർഗ് തുടങ്ങിയ ഇടങ്ങളില്‍ ഇക്കുറി സഞ്ചാരികളുടെ ബഹളമില്ല. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഇന്‍റര്‍നെറ്റില്‍ തിരയുന്ന സ്ഥലമെന്ന പേരുകേട്ട ഗുൽമാർഗ് പൊതുവേ വിജനമാണെന്ന് ജമ്മു കശ്മീരിലെ പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഗുല്‍മാര്‍ഗ്ഗിലെ ലൂപ്പിന്‍ പൂക്കളുടെ പാര്‍ക്ക്
ഗുല്‍മാര്‍ഗിലെ ലൂപ്പിന്‍ പൂക്കളുടെ പാര്‍ക്ക്. ചിത്രം : മിഥുൻ ആന്റണി

ഏകദേശ കണക്കുകൾ പ്രകാരം, സാഹസിക വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 80 ശതമാനവും വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 50 ശതമാനവും ഇടിവുണ്ടായിട്ടുണ്ട്. സർക്കാർ കണക്കുകൾ പ്രകാരം, കഴിഞ്ഞ ഡിസംബറില്‍ അഭൂതപൂര്‍വമായ തിരക്കനുഭവപ്പെട്ട ഗുല്‍മാര്‍ഗില്‍ 95,989 വിനോദ സഞ്ചാരികളെത്തിയിരുന്നു. ഈ സീസണിലെ കണക്കുകളൊന്നും സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നിരുന്നാലും മുൻവർഷത്തെ അപേക്ഷിച്ച് വിനോദസഞ്ചാരികളുടെ വരവിൽ 50 ശതമാനമെങ്കിലും കുറവുണ്ടായതായി ഹോട്ടൽ ഉടമകൾ പറയുന്നു.

ശ്രീനഗർ, ഗുൽമാർഗ്, പഹൽഗാം, സോനാമാർഗ് തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ ഹോട്ടലുകളില്‍ ബുക്കിങ് റദ്ദാക്കലുകളുടെ നിരക്ക് വളരെ കൂടുതലാണ്. 

പെഹല്‍ഗാമിന്‍റെ രാത്രി കാഴ്ച
പഹൽഗാം. ചിത്രം : മിഥുൻ ആന്റണി

മഞ്ഞുവീഴ്ചയില്ലാത്ത ശൈത്യകാലം കാരണം, ഹൗസ് ബോട്ടുകൾ ധാരാളമുള്ള ശ്രീനഗറിൽ പോലും സഞ്ചാരികളുടെ വരവ് കുറഞ്ഞു. 

മഞ്ഞുവീഴ്ചയില്ലാത്തതിനാല്‍ ഹിമാനികൾ പെട്ടെന്ന് ഉരുകുമെന്നു കാലാവസ്ഥാ പ്രവചനങ്ങളും പറയുന്നു.  ഈ പ്രവണത തുടർന്നാൽ, വെള്ളത്തിന് പ്രധാനമായും മഞ്ഞിനെ ആശ്രയിക്കുന്ന നദികൾ ക്രമേണ വറ്റിവരളും. ഹിമാലയൻ സംസ്ഥാനങ്ങളിൽ മഞ്ഞുവീഴ്ചയില്ലാത്ത പ്രവണത തുടർന്നാൽ നദികൾ വറ്റി സമീപത്തെ സമതലങ്ങളെയും ബാധിക്കും.

കശ്മീർ താഴ്‌വരയിൽ മാത്രമല്ല, ലഡാക്കിലെ ചില സ്ഥലങ്ങളിൽ പോലും താപനില സാധാരണയേക്കാൾ ഉയർന്ന നിലയിലാണ്. ഹിമാചൽ പ്രദേശിലെ ഷിംലയിലും മണാലിയിലും സമാനമായ സ്ഥിതിയാണ്. ഉത്തരാഖണ്ഡിലെ ഔലിയിലും ഇക്കുറി മഞ്ഞുവീഴ്ചയില്ല. ജമ്മു കശ്മീരിന്റെ തലസ്ഥാനമായ ശ്രീനഗറിൽ കഴിഞ്ഞ ഞായറാഴ്ച 15 ഡിഗ്രി സെൽഷ്യസ് പരമാവധി താപനില രേഖപ്പെടുത്തി. മഞ്ഞുകാലത്ത് ഇത് വളരെ ഉയര്‍ന്നതാണ്.

English Summary:

Tourists cancel bookings for Kashmir

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com