പണമൊഴുകും തെരുവുകള്‍, ആഡംബരത്തിന് അറ്റമില്ല; ലോകത്തിലെ ഏറ്റവും സമ്പന്നമായ 10 നഗരങ്ങള്‍

Mail This Article
ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളിലൂടെ യാത്ര ചെയ്യാന്‍ ആഗ്രഹമുണ്ടോ? ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് അടുത്തിടെ നടത്തിയ ഒരു പഠനമനുസരിച്ച്, ലോകത്ത് ഏറ്റവും കൂടുതല്‍ കോടീശ്വരന്‍മാരുള്ള സമ്പന്ന നഗരങ്ങളുടെ പട്ടിക തയാറാക്കിയിരുന്നു. ലോകമെമ്പാടുമുള്ള 97 നഗരങ്ങളിൽനിന്ന്, ഏറ്റവും ഉയര്‍ന്ന ആസ്തിയുള്ള 1,50,000 ലധികം വ്യക്തികളുടെ വിവരങ്ങള്‍ വിശകലനം ചെയ്താണ് ഈ പട്ടിക തയാറാക്കിയത്. ലോകത്തിലെ ഏറ്റവും സമ്പന്നവും അതിവേഗം പുരോഗമിക്കുന്നതുമായ ചില നഗരങ്ങളെക്കുറിച്ചറിയാം...
ന്യൂയോർക്ക്
മൊത്തം 3,40,000 കോടീശ്വരന്മാരും 724 ശതകോടീശ്വരന്മാരും 58 സഹസ്രകോടീശ്വരന്മാരുമുള്ള ന്യൂയോര്‍ക്ക് നഗരമാണ് പട്ടികയില്‍ ഒന്നാമത്. മാൻഹട്ടനിലെ ഫിഫ്ത് അവന്യൂ, ബ്രോങ്ക്സ്, സ്റ്റാറ്റൻ ഐലൻഡ്, ബ്രൂക്‌ലിൻ, ക്വീൻസ് എന്നിങ്ങനെയുള്ള സാമ്പത്തിക കേന്ദ്രങ്ങളും ഇവിടെയുണ്ട്.
ടോക്കിയോ
ടോക്കിയോയിൽ 14 ബില്യനർമാരും 2,90,300 കോടീശ്വരന്മാരും 250 ശതകോടീശ്വരന്മാരും ഉണ്ട്, ഹിറ്റാച്ചി, മിത്സുബിഷി, ഹോണ്ട തുടങ്ങിയ പ്രമുഖ കോർപ്പറേഷനുകളുടെ ആസ്ഥാനവും ടോക്കിയോയിലാണ്.

ബേ ഏരിയ
സാൻ ഫ്രാൻസിസ്കോ, സിലിക്കൺ വാലി എന്നീ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബേ ഏരിയയില്‍, ഏകദേശം 2,85,000 കോടീശ്വരന്മാരും 629 ശതകോടീശ്വരന്മാരും 63 ബില്യനർമാരുമുണ്ട്. കൂടാതെ, സിസ്‌കോ, ആപ്പിൾ, ഫേസ്ബുക്ക് (മെറ്റ), ഗൂഗിൾ (ആൽഫബെറ്റ്), ഇന്റൽ തുടങ്ങിയ ടെക് ഭീമൻമാര്‍ ഇവിടെയാണ് ഉള്ളത്.

ലണ്ടന്‍
2000 ൽ ലണ്ടൻ കോടീശ്വരന്മാരുടെ കാര്യത്തിൽ ലോകത്തില്‍ ഏറ്റവും മുന്നിലായിരുന്നു, എന്നാൽ കഴിഞ്ഞ 20 വർഷമായി പട്ടികയിൽ നിന്ന് താഴേക്കാണ് ലണ്ടന്‍റെ പോക്ക്. ഇതൊക്കെയാണെങ്കിലും ബെൽഗ്രേവിയ, ചെൽസി, ഹാംപ്സ്റ്റെഡ്, നൈറ്റ്സ്ബ്രിജ്, മെയ്ഫെയർ, റീജന്റ്സ് പാർക്ക്, സെന്റ് ജോൺസ് വുഡ് എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും സമ്പന്നമായ താമസസ്ഥലങ്ങള്‍ ലണ്ടനിലുണ്ട്. ലണ്ടനിൽ 2,58,000 കോടീശ്വരന്മാരും 384 ശതകോടീശ്വരന്മാരും 36 ശതകോടീശ്വരന്മാരുമുണ്ട്.
സിംഗപ്പൂർ
സിംഗപ്പൂരിൽ നിലവിൽ 2,40,100 കോടീശ്വരന്മാരും 329 ശതകോടീശ്വരന്മാരും 27 ബില്യനർമാരുമുണ്ട്. മറ്റു രാജ്യങ്ങളില്‍നിന്നു കുടിയേറിയെത്തുന്ന കോടീശ്വരന്‍മാരുടെ എണ്ണം കൂടുതലാണ് സിംഗപ്പൂരില്‍.
ലൊസാഞ്ചലസ്
അമേരിക്കന്‍ നഗരമായ ലൊസാഞ്ചലസിൽ 2,05,400 കോടീശ്വരന്മാരും 480 ശതകോടീശ്വരന്മാരും 42 ബില്യനർമാരുമുണ്ട്. ലൊസാഞ്ചലസ് നഗരത്തിലും അടുത്തുള്ള ബെവർലി ഹിൽസിലും മാലിബുവിലും ഉള്ള ആളുകളുടെ സമ്പത്ത് കൂടി കണക്കിലെടുത്താണ് ഇത് തയാറാക്കിയത്. വിനോദം, മാധ്യമം, റിയൽ എസ്റ്റേറ്റ്, റീട്ടെയിൽ, ടെക്, ഗതാഗതം എന്നിവയാണ് ലൊസാഞ്ചലസിലെ പ്രധാന വ്യവസായങ്ങൾ.
ഹോങ്കോങ്
1,29,500 കോടീശ്വരന്മാരും 290 ശതകോടീശ്വരന്മാരും 32 ബില്യനർമാരുമാണ് ഹോങ്കോങ്ങിലുള്ളത്. കഴിഞ്ഞ ദശകത്തിൽ വളർച്ച മോശമായിരുന്നിട്ടും ഹോങ്കോങ് നഗരം ലോകത്തിലെ ഏറ്റവും മികച്ച സാമ്പത്തിക കേന്ദ്രങ്ങളിലൊന്നായി തുടരുന്നു. ഏഷ്യയിലെ സമ്പന്നരായ പല വ്യവസായികളും ഇവിടം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നവരാണ്. ഹോങ്കോങ് സ്റ്റോക്ക് മാർക്കറ്റ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റോക്ക് എക്സ്ചേഞ്ചുകളിലൊന്നായി തുടരുന്നു.

ബെയ്ജിങ്
ബെയ്ജിങിൽ ഏകദേശം 1,28,200 കോടീശ്വരന്മാരുണ്ട്, 354 ശതകോടീശ്വരന്‍മാരും ഇവിടെയുണ്ട്. ഈ ചൈനീസ് നഗരം ലോകത്തിലെ ഏറ്റവും വലിയ ചില കമ്പനികളുടെ ആസ്ഥാനമായും പ്രവർത്തിക്കുന്നു.
ഷാങ്ഹായ്
ഏകദേശം 1,27,200 കോടീശ്വരന്മാർ, 332 ശതകോടീശ്വരന്മാർ, 40 ബില്യനര്‍മാർ എന്നിവരുള്ള ഷാങ്ഹായ്, 2012 മുതൽ 2022 വരെയുള്ള കാലത്ത്, കോടീശ്വരന്‍മാരുടെ എണ്ണത്തില്‍ 72% വളർച്ച രേഖപ്പെടുത്തി. ചൈനയുടെ സാമ്പത്തിക കേന്ദ്രമായ ഷാങ്ഹായില്‍, ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റോക്ക് മാർക്കറ്റായ ഷാങ്ഹായ് സ്റ്റോക്ക് എക്സ്ചേഞ്ച് പ്രവര്‍ത്തിക്കുന്നു.

സിഡ്നി
1,26,900 കോടീശ്വരന്മാരും 184 ശതകോടീശ്വരന്മാരും 15 ബില്യണയര്‍മാരുമായി ഓസ്‌ട്രേലിയൻ നഗരമായ സിഡ്നിയും പട്ടികയിൽ ഇടം നേടി. ബെല്ലെവ്യൂ ഹിൽ, ഡാർലിങ് പോയിന്‍റ്, മോസ്മാൻ, പോയിന്‍റ് പൈപ്പർ, വോക്ലൂസ് എന്നിവയുൾപ്പെടെ ലോകത്തിലെ ഏറ്റവും സമ്പന്നമായ ചില താമസകേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. കഴിഞ്ഞ 20 വർഷമായി, സമ്പത്തിന്‍റെ കാര്യത്തില്‍ വലിയ വളര്‍ച്ച കൈവരിക്കാന്‍ സിഡ്നിക്കായി. 2040 ഓടെ സമ്പന്നരുടെ പട്ടികയില്‍ സിഡ്നി ആദ്യ അഞ്ചു സ്ഥാനത്തെത്തും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.