ADVERTISEMENT

അയോധ്യ രാമക്ഷേത്രത്തിൽ ജനുവരി 22ന് പ്രാണപ്രതിഷ്ഠ നടക്കുകയാണ്. അതിനു മുന്നോടിയായുള്ള ചടങ്ങുകൾ ആരംഭിച്ചു കഴിഞ്ഞു. പ്രാണ പ്രതിഷ്ഠ കഴിഞ്ഞാൽ അടുത്ത ദിവസം ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. നിരവധി ഭക്തരാണ് ശ്രീരാമന്റെ മണ്ണിലേക്ക് എത്താൻ കാത്തിരിക്കുന്നത്.

ഇന്ത്യയിലെ ഏറ്റവും വലിയ ക്ഷേത്രമെന്ന പ്രത്യേകതയോടെയാണ് അയോധ്യയിലെ രാമക്ഷേത്രം പണി കഴിപ്പിക്കപ്പെടുന്നത്. ക്ഷേത്രത്തിന്റെ രൂപഘടന തയാറാക്കിയത് അഹമ്മദാബാദിലെ വാസ്തുശിൽപികളായ ചന്ദ്രകാന്ത് സോംപുരയും മകൻ ആഷിഷ് സോംപുരയുമാണ്.‌‌ 28, 000 ചതുരശ്ര അടി വിസ്തൃതിയിൽ 161 അടി ഉയരത്തിലാണ് ക്ഷേത്ര നിർമാണം.

അയോധ്യ ശ്രീരാമക്ഷേത്രത്തിൽ നിർമാണജോലികൾ പുരോഗമിക്കുന്നു.
അയോധ്യ ശ്രീരാമക്ഷേത്രത്തിൽ നിർമാണജോലികൾ പുരോഗമിക്കുന്നു.

അതിപവിത്രമായ അടിസ്ഥാനം

ക്ഷേത്രത്തിന്റെ അടിത്തറയിൽ ഉപയോഗിച്ചിരിക്കുന്നത് ഝാൻസി, ബിത്തൂരി, ഹൽദിഘട്ടി, യമുനോത്രി, ചിത്തോർഗഡ്, സുവർണ്ണ ക്ഷേത്രം തുടങ്ങി 2587 പ്രദേശങ്ങളിൽ നിന്നുള്ള മണ്ണാണ്.

നൂറിലധികം ക്ഷേത്രങ്ങൾ നിർമിച്ചിട്ടുള്ള സോംപുര കുടുംബം

സോമനാഥ ക്ഷേത്രം ഉൾപ്പെടെ ലോകമെമ്പാടുമുള്ള 100 ലധികം ക്ഷേത്രങ്ങൾ രൂപകൽപന ചെയ്ത വാസ്തുശിൽപികുടുംബമാണ് സോംപുര കുടുംബം. മുഖ്യ വാസ്തുശിൽപി ചന്ദ്രകാന്ത് സോംപുരയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ മക്കളായ ആഷിഷിന്റെയും നിഖിലിന്റെയും പിന്തുണയോടെയാണ് ക്ഷേത്രത്തിന്റെ നിർമാണം. ക്ഷേത്രവാസ്തുവിദ്യയിൽ തലമുറകളായി കാത്തുസൂക്ഷിക്കുന്ന പാരമ്പര്യമുള്ള കുടുംബമാണ് സോംപുര.

ഇരുമ്പും ഉരുക്കും ഇല്ല; ക്ഷേത്രനിർമാണത്തിന് ശ്രീറാം ഇഷ്ടികകളും

ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത് പൂർണമായും കല്ലുകളിലാണ്. ഇരുമ്പോ ഉരുക്കോ ഉപയോഗിച്ചിട്ടില്ല. ക്ഷേത്രനിർമാണത്തിന് ഉപയോഗിച്ച ഇഷ്ടികകളിൽ 'ശ്രീറാം' എന്നെഴുതിയിട്ടുണ്ട്. രാമേശ്വരത്തെ രാമസേതു നിർമാണത്തെക്കുറിച്ചുള്ള ഐതിഹ്യത്തിന്റെ ഓർമയ്ക്കാണ് ഇത്.

രാജ്യാന്തര ആത്മീയ സൗഹൃദത്തിന്റെ അടയാളമായ മണ്ണ്

രാജ്യാന്തര ആത്മീയ സൗഹാർദത്തിന്റെ സൂചകമായി തായ്‌ലൻഡിൽ നിന്നുള്ള മണ്ണ് പ്രാണപ്രതിഷ്ഠാ ദിനത്തിനായി അയച്ചിട്ടുണ്ട്. ജനുവരി 22ന് രാം ലല്ലയുടെ അഭിഷേക ചടങ്ങിനായാണ് ഇത്. ഭൂമിശാസ്ത്രപരമായ അതിരുകൾക്ക് അപ്പുറം ശ്രീരാമപൈതൃകത്തിന്റെ സാർവത്രിക അനുരണനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. 

മൂന്ന് നിലകളിലായി 2.7 ഏക്കറിൽ പരന്നുകിടക്കുന്ന രാമക്ഷേത്രം

മൂന്ന് നിലകളിലായി 2.7 ഏക്കറിലായി പരന്നു കിടക്കുന്ന രാമക്ഷേത്രം ഭക്തർക്ക് ഒരു നവാനുഭവം ആയിരിക്കും സമ്മാനിക്കുക. മൂന്നു നിലകളിൽ താഴത്തെ നിലയിൽ ശ്രീരാമന്റെ ജീവിതം പൂർണമായും ചിത്രീകരിക്കുന്നു. ശ്രീരാമന്റെ ദർബാർ ആയി പണി കഴിപ്പിക്കപ്പെടുന്ന ഒന്നാമത്തെ നില ആയിരിക്കും ഇവിടേക്ക് എത്തുന്ന ഭക്തരെ ഏറ്റവും അധികം ആകർഷിക്കാൻ പോകുന്നത്. രാജസ്ഥാനിലെ ഭരത്പുരിൽ നിന്നുള്ള പിങ്ക് സാൻഡ് സ്റ്റോൺ ആയ ബൻസി പഹർപുർ ഉപയോഗിച്ചാണ് ദർബാർ ഹാൾ പണികഴിപ്പിച്ചിരിക്കുന്നത്. 360 അടി നീളവും 

235 അടി വീതിയും 161 അടി ഉയരവുമാണ് ക്ഷേത്രത്തിനുള്ളത്. മൂന്നു നിലകളുള്ള ക്ഷേത്രത്തിന് ആകെ 12 ഗേറ്റുകളാണ് ഉള്ളത്.

പുണ്യനദികൾ, തലമുറകളെ കാത്തിരിക്കുന്ന ചെമ്പ് തകിട്, നാഗർ വാസ്തുകല

ഓഗസ്റ്റ് അഞ്ചിന് നടന്ന അഭിഷേക ചടങ്ങിൽ ഇന്ത്യയിലെ 150 നദികളിൽ നിന്നുള്ള പുണ്യജലമായിരുന്നു ഉപയോഗിച്ചത്. കൂടാതെ വരും തലമുറയ്ക്കായി കരുതി വച്ചിരിക്കുന്ന ചെമ്പ് തകിടും രാമക്ഷേത്രത്തിന്റെ പ്രത്യേകതയാണ്. ഈ ടൈം കാപ്സ്യൂൾ ക്ഷേത്രത്തിന് താഴെ 2000 അടി താഴ്ചയിലാണ് അടക്കം ചെയ്തിരിക്കുന്നത്. ഈ ചെമ്പ് തകിടിൽ ക്ഷേത്രത്തെക്കുറിച്ച് പ്രധാനപ്പെട്ട വിവരങ്ങളും ശ്രീരാമനെക്കുറിച്ചും അയോധ്യയെക്കുറിച്ചുമുള്ള വിവരങ്ങളുമാണ് പതിച്ചിരിക്കുന്നത്. ക്ഷേത്രത്തിന്റെ സ്വത്വം വരും തലമുറയ്ക്കായി കാത്തുസൂക്ഷിക്കുന്നതിനു വേണ്ടിയാണ് ഇതെന്ന് ക്ഷേത്രനിർമാണത്തിന്റെ ചുമതലയുള്ള ട്രസ്റ്റ് ഭാരവാഹികൾ. നാഗർ ശൈലിയിലുള്ള 360 തൂണുകളാണ് ക്ഷേത്രത്തിലുള്ളത്. ക്ഷേത്രത്തിന്റെ ഭംഗി വർദ്ധിപ്പിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്നാണ് ഈ തൂണുകൾ.

English Summary:

Ayodhya Ram Temple, Travel Tips.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com