ADVERTISEMENT

അനിശ്ചിതത്വവും ആവേശവും സാഹസികതയും അല്‍പം കൂടുതലായിരിക്കും സോളോ യാത്രകളില്‍. എങ്കിലും യാത്രയുടെ കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള പൂര്‍ണമായ സ്വാതന്ത്ര്യം അനുഭവിക്കുന്നുണ്ട് ഒറ്റയ്ക്കുള്ള യാത്രികര്‍. പലപ്പോഴും ഇത് പകരം വയ്ക്കാനില്ലാത്ത അനുഭവങ്ങള്‍ സമ്മാനിക്കും. ശാരീരികമായ അസുഖങ്ങള്‍ സംഭവിച്ചാല്‍ ചിലപ്പോഴെങ്കിലും സ്വപ്‌നയാത്രകൾ തകിടം മറിയും. ചിലകാര്യങ്ങൾ ശ്രദ്ധിച്ചാൽ ഇത്തരം പ്രതിസന്ധികൾ അനായാസം മറികടക്കാം.

പ്രതീകാത്മക ചിത്രം. Image Credit: ilona titova/istockphotos
പ്രതീകാത്മക ചിത്രം. Image Credit: ilona titova/istockphotos

ആരോഗ്യവും സുരക്ഷയും ആദ്യം

തളര്‍ന്നിരിക്കുമ്പോള്‍ കൃത്യമായ തീരുമാനമെടുക്കാനുള്ള കഴിവും നമുക്ക് നഷ്ടപ്പെടാറുണ്ട്. യാത്രകളില്‍ നിങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കുമാണ് പ്രഥമ പരിഗണന നല്‍കേണ്ടത്. ഇതു രണ്ടും നഷ്ടമാവുന്നതു യാത്രയുടെ ലക്ഷ്യത്തെ തകര്‍ക്കും. ശാരീരികമായ ബുദ്ധിമുട്ട് തോന്നി തുടങ്ങുമ്പോള്‍ തന്നെ ആരോഗ്യവും സുരക്ഷയും നോക്കിയുള്ള തീരുമാനമെടുക്കുക.

Image Credit : JohnnyGreig / istockphoto
Image Credit : JohnnyGreig / istockphoto

വൈദ്യസഹായം

സോളോ യാത്രകള്‍ക്ക് തയാറെടുക്കുമ്പോള്‍ യാത്രക്കിടെ മികച്ച വൈദ്യ സഹായം ലഭ്യമാവുന്ന സ്ഥലങ്ങളെക്കുറിച്ചും ധാരണ വേണം. മുന്‍കൂട്ടി ധാരണയില്ലെങ്കില്‍ പോലും എവിടെ വച്ചാണോ അസുഖങ്ങള്‍ തുടങ്ങുന്നത് ആ സ്ഥലത്തെ ആശുപത്രികളെക്കുറിച്ചും മറ്റും അന്വേഷിച്ചു വയ്ക്കണം. അടിയന്തര ഘട്ടങ്ങളില്‍ ബന്ധപ്പെടേണ്ട ആശുപത്രിയുടേയും മറ്റും വിശദാംശങ്ങള്‍ കുറിപ്പായി സൂക്ഷിക്കുന്നതും നല്ലതാണ്. ഒറ്റയ്ക്കാണെങ്കിലും കൂട്ടായിട്ടാണെങ്കിലും യാത്രകള്‍ക്കു മുൻപ് ചെറിയൊരു ഫസ്റ്റ് എയ്ഡ് കിറ്റു കൂടി കരുതണം. നിങ്ങള്‍ക്കോ അല്ലെങ്കില്‍ മറ്റാര്‍ക്കെങ്കിലുമോ ഇത് ജീവന്‍ നല്‍കിയേക്കാം.

ഇന്‍ഷുറന്‍സ്

ദീര്‍ഘ യാത്രയ്ക്കൊരുങ്ങുമ്പോൾ ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നതു നല്ലതാണ്. ഇത് വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും നിങ്ങളെ രക്ഷിക്കും. നിങ്ങള്‍ പോവുന്ന സ്ഥലവും ചെയ്യാന്‍ ലക്ഷ്യമിടുന്ന കാര്യങ്ങൾ കൂടി പരിഗണിക്കുന്ന ഇന്‍ഷുറന്‍സാണ് എടുത്തിട്ടുള്ളതെന്ന് ഉറപ്പുവരുത്തുക. യാത്രക്കിടെ രോഗം വന്നാല്‍ ആശുപത്രിയില്‍ കഴിയേണ്ടി വന്നാല്‍ മരുന്നുകള്‍ കഴിക്കേണ്ടി വന്നാല്‍... ഒക്കെ ട്രാവല്‍ ഇന്‍ഷുറന്‍സ് നോക്കിക്കോളും.

Image Credit : ABIR ROY BARMAN / shutterstock
Image Credit : ABIR ROY BARMAN / shutterstock

അടുത്തവരെ അറിയിക്കണം

സോളോ ട്രിപ്പാണെന്നും പ്രിയപ്പെട്ടവര്‍ ദൂരെയാണെന്നും കരുതി അവരെ വിവരങ്ങള്‍ അറിയിക്കാതിരിക്കരുത്. കുടുംബത്തിലേയും സുഹൃത്തുക്കളിലേയും ഇത്തരം സംഭവങ്ങള്‍ അറിഞ്ഞാലും പരിഭ്രമിക്കാത്ത പ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കാന്‍ സാധിക്കുന്നവരോടു മാത്രം പറയാന്‍ ശ്രദ്ധിക്കണമെന്നു മാത്രം. വിവരങ്ങള്‍ വ്യക്തമായും വൈകാതെയും അറിയിക്കണം. നിങ്ങളുടെ വേണ്ടപ്പെട്ടവരുടെ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ക്കും നല്‍കണം. നിങ്ങളുടെ അസുഖത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ആശുപത്രി അധികൃതര്‍ വഴി ലഭിക്കുന്നതോടെ വേണ്ടപ്പെട്ടവര്‍ക്കും വ്യക്തത വരും. അറിയാത്ത സ്ഥലത്താണെങ്കിലും ആ പ്രദേശത്ത് ഏതെങ്കിലും പരിചയക്കാര്‍ ഉണ്ടാകാനുള്ള സാധ്യത തേടണം.

വെള്ളവും ഭക്ഷണവും

ഒറ്റയ്ക്ക് ആശുപത്രിയില്‍ കഴിയേണ്ടി വന്നാല്‍ നിങ്ങളുടെ ഭക്ഷണവും വെളളം കുടിക്കുന്നതുമൊക്കെ ശ്രദ്ധിക്കാന്‍ പ്രധാനമായും നിങ്ങള്‍ തന്നെയേ ഉണ്ടാവൂ. കൂട്ടിരിപ്പുകാരില്ലാത്ത അവസ്ഥയില്‍ സ്വന്തം ആരോഗ്യം സംരക്ഷിക്കാന്‍ വേണ്ട ഭക്ഷണം കഴിക്കേണ്ട ഉത്തരവാദിത്വം നിങ്ങള്‍ക്കുണ്ട്. ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കുന്നതു വഴി പെട്ടെന്ന് ആരോഗ്യസ്ഥിതി മെച്ചപ്പെടുകയും ചെയ്യും.

സമാധാനത്തോടെ ഇരിക്കൂ

സോളോ ട്രിപ്പിനിറങ്ങി മൊത്തം കുളമായെന്ന ചിന്ത വേണ്ട. ആദ്യമേ പറഞ്ഞതുപോലെ ഏറ്റവും പ്രധാനം ആരോഗ്യവും സുരക്ഷയുമാണ്. അല്ലാതെ യാത്ര പൂര്‍ത്തിയാക്കലല്ല. അതുകൊണ്ടുതന്നെ ആവശ്യമായ വിശ്രമം എടുത്ത് ആരോഗ്യം തിരികെ പിടിച്ചെന്ന് ഉറപ്പിച്ച ശേഷം മാത്രം യാത്ര തുടര്‍ന്നാല്‍ മതി. യാത്ര അവസാനിപ്പിക്കേണ്ടി വന്നാലും നിരാശ വേണ്ട. അടുത്ത തവണ കൂടുതല്‍ മികച്ച രീതിയില്‍ യാത്ര ചെയ്യാനുള്ള അവസരം കൂടിയാണ് ഈ അനുഭവം നല്‍കുക. 

English Summary:

How To Manage Things If You Get Sick While Traveling Alone

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com