ADVERTISEMENT

കടലിലേക്കു തള്ളിനില്‍ക്കുന്ന, പച്ചപ്പ്‌ നിറഞ്ഞ ഒരു കൂറ്റന്‍ പാറക്കെട്ടിനു മുകളിലായി നിർമിച്ച ഒരൊറ്റ വീട്. ചുറ്റും മനുഷ്യവാസമോ മറ്റു കെട്ടിടങ്ങളോ ഇല്ല. ഐസ്‌ലാൻഡിനു തെക്ക്, വെസ്റ്റ്മാൻ ദ്വീപുകൾക്കു വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന എല്ലിഡേ എന്ന ദ്വീപിലാണ് 'ലോകത്തിലെ ഏറ്റവും ഏകാന്തമായ വാസസ്ഥലം' എന്നു വിളിക്കപ്പെടുന്ന ഈ വീട് സ്ഥിതിചെയ്യുന്നത്. 

Image Credit : h0rdur/instagram
Image Credit : h0rdur/instagram

ഏകദേശം പതിനെട്ടോളം ദ്വീപുകള്‍ അടങ്ങുന്ന വെസ്റ്റ്‌മാന്‍ ദ്വീപസമൂഹത്തിലെ മൂന്നാമത്തെ വലിയ ദ്വീപാണ് എല്ലിഡേ. 110 ഏക്കർ വലിപ്പമുള്ള ഈ ദ്വീപില്‍ പഫിന്‍ എന്നറിയപ്പെടുന്ന നോർഡിക് പക്ഷികളല്ലാതെ വേറെ അധികം ജീവികളുമില്ല.

Image Credit : h0rdur/instagram
Image Credit : h0rdur/instagram

എല്ലിഡേ ഐലൻഡ് ലോഡ്ജിനെ "ബോൾ" എന്നു വിളിക്കുന്നു. വെളുത്ത പെയിന്‍റടിച്ച ഈ ചെറിയ വീടിന്‍റെ നിർമാണത്തെച്ചൊല്ലി പല കഥകളും നിലനില്‍ക്കുന്നുണ്ട്. ലോകവസാന സമയത്ത് അഭയം തേടാനായി ഒരു ശതകോടീശ്വരനാണ് വീട് നിർമ്മിച്ചതെന്നു കഥകളുണ്ട്. എന്നാല്‍, 1950 ൽ എല്ലിഡേ ഹണ്ടിങ് അസോസിയേഷൻ നിർമിച്ച ഒരു ഹണ്ടിങ് ലോഡ്ജാണ് ഇന്‍റര്‍നെറ്റില്‍ വൈറലായ ആ വീട്. പഫിനുകളെ വേട്ടയാടാന്‍ വേണ്ടി ദ്വീപില്‍ സ്ഥിരമായി അവര്‍ എത്താറുണ്ടായിരുന്നു. 

Image Credit : h0rdur/instagram
Image Credit : h0rdur/instagram

ലോഡ്ജിന് എതിർവശത്തുള്ള കുന്നിൽ ഒരു പഴയ സ്റ്റോറേജ് ഹട്ടും വർക്ക്ഷോപ്പും കൂടിയുണ്ട്. ഇവിടെ പഠനം നടത്തിയ ശാസ്ത്രജ്ഞരുടെ ഉപകരണങ്ങളും മറ്റും സൂക്ഷിക്കാനായി ഉപയോഗിച്ചതാവാം ഈ കെട്ടിടങ്ങള്‍ എന്നു കരുതപ്പെടുന്നു. 

Image Credit : h0rdur/instagram
Image Credit : h0rdur/instagram

ഇപ്പോള്‍ വിജനമാണെങ്കിലും  ഒരുകാലത്ത് അഞ്ച് കുടുംബങ്ങൾ ഇവിടെ താമസിച്ചിരുന്നു. അവസാനത്തെ കുടുംബം 1930 കളിൽ ദ്വീപ്‌ ഉപേക്ഷിച്ചുപോയി, അതിനുശേഷം ദ്വീപ് സ്ഥിര ജനവാസമില്ലാത്തതായി മാറി. സ്വകാര്യ ഹണ്ടിങ് ക്ലബിന്‍റെ ഉടമസ്ഥതയിലാണെങ്കിലും സന്ദർശകർക്കു വീട് സന്ദർശിക്കാൻ അനുവാദമുണ്ട്. വീട്ടിലെത്താൻ, അടുത്തുള്ള ദ്വീപുകളിൽ നിന്നു ബോട്ട് വഴി ആദ്യം ദ്വീപിലെത്തണം. ഐസ്‌ലാൻഡിക് കടലിലെ പല യാത്രകളും പോലെ, ഈ ദ്വീപിലേക്കുള്ള യാത്രയും തണുത്തുറഞ്ഞ താപനിലയും തിരമാലകളും ചിലപ്പോൾ വളരെ ഭയാനകമായേക്കാം. ദ്വീപിലെത്തിയാല്‍ തന്നെ, ദ്വീപിന്‍റെ കുത്തനെയുള്ള ഭാഗത്തേയ്ക്കു ചാടി, കയറില്‍ തൂങ്ങി വേണം പാറക്കെട്ടിനു മുകളിലെത്താന്‍. 

ദ്വീപില്‍ എത്തിക്കഴിഞ്ഞാല്‍ മഞ്ഞും പുല്‍മേടുകളും അതിരിടുന്ന പാറക്കെട്ടിനു മുകളിലൂടെ, വീട്ടിലേക്കു പോകാന്‍ ചെറിയ ഒരു നടത്തം. വീടിനു ചുറ്റുമായി കമ്പി കൊണ്ടു വേലി കെട്ടിയത് കണ്ടാല്‍ ആള്‍ത്താമസം ഉണ്ടെന്നു തെറ്റിധരിക്കാന്‍ സാധ്യതയുണ്ട്. ഉള്ളില്‍ ഒരു വീടിനു വേണ്ട എല്ലാ സൗകര്യങ്ങളും ഉണ്ട്. ഒരു സോഫ, ഒരു അടുപ്പ്, ഒരു വലിയ മേശയും നിരവധി കസേരകളും ഉള്ള ഒരു ഡൈനിങ് ഏരിയ എന്നിവയ്ക്ക് പുറമേ, പത്തോളം കിടക്കകളും തലയിണകളും ഉള്ള ഒരു കിടപ്പുമുറി ഏരിയയുണ്ട്. സിങ്ക്, ഷവർ, ടോയ്‌ലറ്റ്, കണ്ണാടി എന്നിങ്ങനെയുള്ള സൗകര്യങ്ങളോടു കൂടിയ ബാത്ത്‌റൂമും ഉണ്ട്.

സന്ദര്‍ശകരുടെ പേരും സന്ദർശന തീയതിയും രേഖപ്പെടുത്തുന്ന ഒരു പുസ്തകവുമുണ്ട് ഈ വീടിനുള്ളില്‍. ഇതില്‍ ആയിരക്കണക്കിന് ആളുകളുടെ പേരുണ്ട്. വീട്ടിലേക്കു വെള്ളം എത്തിക്കാന്‍ സൗകര്യമില്ല. മഴവെള്ളം സംഭരിച്ചാണ് വീട്ടിലെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നത്.

English Summary:

Loneliest House in the World

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com