ADVERTISEMENT

കോട്ടയത്തുനിന്ന് വണ്ടി വിട്ടാൽ പാലക്കാട്– കോയമ്പത്തൂർ– മേട്ടുപ്പാളയം വഴി ഊട്ടി. 321 കിലോമീറ്റർ. എളുപ്പമാന്നേ, കട്ടയ്ക്കുപിടിച്ചാൽ ഒരെട്ടരമണിക്കൂറിന്റെ യാത്ര. എന്നാൽ, ഗൂഗിൾ മാപ്പ് പറയുന്നതു വിട്ടിട്ട് മനസ്സു പറയുന്നതു കേട്ടാൽ, ഇപ്പോൾ ട്രെൻഡിങ്ങായ ഒരു റൂട്ടുണ്ട്. മസിനഗുഡി വഴി ഊട്ടിയിലേക്ക് ഒരു യാത്ര. കുറച്ച് ഓട്ടം കൂടുതലുണ്ടെങ്കിലും അത് വല്ലാത്തൊരു എക്സ്പീരിയൻസ് തന്നെയാണ്...

ഊട്ടി – മസനഗുഡി റോഡ് (ഫയൽ ചിത്രം)
ഊട്ടി – മസനഗുഡി റോഡ് (ഫയൽ ചിത്രം)

ലക്ഷ്യം മാത്രമല്ല മാർഗവും പ്രധാനം

∙ കോട്ടയത്തുനിന്നാകുമ്പോൾ കോയമ്പത്തൂർ റൂട്ടിനെക്കാൾ 30 കിലോമീറ്റർ കൂടുതലുണ്ട് മസിനഗുഡി വഴി ഊട്ടിക്ക്. അതുകൊണ്ടുതന്നെ ചില അതിമാനുഷിക കഥാപാത്രങ്ങളെപ്പോലെ നിന്നിടത്തുനിന്നു മാഞ്ഞിട്ട് ഡെസ്റ്റിനേഷനിൽ പ്രത്യക്ഷപ്പെടാൻ ഇഷ്ടപ്പെടുന്ന ചങ്കുകൾ കൂടെയുണ്ടെങ്കിൽ പറഞ്ഞുമനസ്സിലാക്കിയിട്ടുവേണം യാത്ര പുറപ്പെടാൻ. ലക്ഷ്യസ്ഥാനത്തെ മാത്രമല്ല, അങ്ങോട്ടുള്ള വഴിയും യാത്രയുമൊക്കെ ഇഷ്ടപ്പെടുന്നവർക്കുള്ളതാണ് ഈ റൂട്ട്.

ഊട്ടി (ഫയൽ ചിത്രം)
ഊട്ടി (ഫയൽ ചിത്രം)

അങ്കമാലിയിൽച്ചെന്ന് ഹൈവേയിൽ കയറി നേരെ കോയമ്പത്തൂരിലേക്കു കത്തിച്ചുവിടുന്നതുപോലെയല്ല. തൃശൂർ വഴിയാണെങ്കിൽ തൃശൂർ ടൗണും ഷൊർണൂരുമൊക്കെ കടന്നുവേണം മഞ്ചേരി, നിലമ്പൂർ വഴി നാടുകാണി ചുരം കയറാൻ. എറണാകുളത്തെത്തി തീരദേശപാത വഴി പോകാനാണെങ്കിൽ കൊടുങ്ങല്ലൂർ– ഗുരുവായൂർ വഴി പൊന്നാനിയിലെത്തി, മലപ്പുറം– മഞ്ചേരി– നിലമ്പൂർ വഴി നാടുകാണിയിലെത്താം. അവിടെനിന്നങ്ങോട്ടാണ് മസിനഗുഡി വഴിയുള്ള ഊട്ടി യാത്രയുടെ സുഖമറിയുന്നത്.

ഊട്ടി (ഫയൽ ചിത്രം)
ഊട്ടി (ഫയൽ ചിത്രം)

തെപ്പക്കാട്ടെ ജംഗിൾ സഫാരിയും ആനയൂട്ടും

∙ തെപ്പക്കാട്ടുനിന്ന് വലത്തേക്കാണു മസിനഗുഡി. ഏഴരക്കിലോമീറ്റർ. പക്ഷേ, തെപ്പക്കാട് അങ്ങനെ വിട്ടുകളയാനുള്ള സ്ഥലമല്ല. ഇവിടെയിറങ്ങിയാൽ തമിഴ്നാട് വനം വകുപ്പിന്റെ വാഹനത്തിൽ ജംഗിൾ സഫാരി നടത്താം. രാവിലെ 6 മുതൽ 9 വരെയും വൈകിട്ട് 3 മുതൽ 6 വരെയുമാണ് സഫാരി ടൈം. www.mudumalaitigerreserve.com എന്ന സൈറ്റിൽനിന്ന് ഓൺലൈനായോ തെപ്പക്കാട്ടെ ടിക്കറ്റ് സെന്ററിൽ നേരിട്ടെത്തിയോ ടിക്കറ്റ് എടുക്കാം. കാട്ടിലൂടെ ഒരു മണിക്കൂർ മിനിബസിൽ യാത്ര ചെയ്യാൻ ഒരാൾക്ക് 340 രൂപയാണു നിരക്ക്. ക്യാംപർ വാനിലോ ജിപ്സിയിലോ പ്രൈവറ്റായി കാടുചുറ്റണമെങ്കിൽ നിരക്ക് അൽപം കൂടും. 4,200 രൂപയാണ് വാഹനത്തിന്റെ വാടക. പിന്നെ, തലയൊന്നിന് 130 രൂപ വേറെയും നൽകണം.

മസനഗുഡി യാത്രയിലെ കാഴ്ച (ഫയൽ ചിത്രം)
മസനഗുഡി യാത്രയിലെ കാഴ്ച (ഫയൽ ചിത്രം)

ഇതിനു തൊട്ടടുത്താണ് തെപ്പക്കാട് ആനപ്പന്തി. ഓസ്കർ പുരസ്കാരം ലഭിച്ച ‘ദി എലിഫന്റ് വിസ്പറേഴ്സ്’ എന്ന ഹ്രസ്വചിത്രത്തിലൂടെ പ്രശസ്തരായ പാപ്പാൻ ബൊമ്മനും സഹായിയായ ഭാര്യ ബെല്ലിയും ജോലി ചെയ്തിരുന്ന ഈ ആനപ്പന്തിയിൽ രാവിലെയും വൈകിട്ടുമാണ് സഞ്ചാരികൾക്കു പ്രവേശനം. 30 രൂപയുടെ ടിക്കറ്റുണ്ട്. രാവിലെ എട്ടര മുതൽ ഒൻപതു വരെയും വൈകിട്ട് അഞ്ചര മുതൽ ആറു വരെയും ആനകൾക്ക് തീറ്റകൊടുക്കുന്നതും മറ്റും കാണാനാണു പ്രവേശനം. രണ്ടു കുട്ടിയാനകളുൾപ്പെടെ 28 ആനകളാണ് ഇവിടെയുള്ളത്.

മസനഗുഡി യാത്രയിലെ കാഴ്ച (ഫയൽ ചിത്രം)
മസനഗുഡി യാത്രയിലെ കാഴ്ച (ഫയൽ ചിത്രം)

ഒരു ദിവസം തങ്ങി, ഫ്രഷായിട്ട് യാത്ര തുടരാൻ പ്ലാനുണ്ടെങ്കിൽ വനംവകുപ്പിന്റെ തന്നെ താമസസൗകര്യവുമുണ്ട്. മുതുമല ടൈഗർ റിസർവിന്റെ ഔദ്യോഗിക വെബ്സൈറ്റിൽനിന്ന് ഇതും ബുക്ക് ചെയ്യാം. 2,220 രൂപ മുതലാണ് നിരക്ക് ആരംഭിക്കുന്നത്.

മസനഗുഡി യാത്രയിലെ കാഴ്ച (ഫയൽ ചിത്രം)
മസനഗുഡി യാത്രയിലെ കാഴ്ച (ഫയൽ ചിത്രം)

∙ ആനമറി പിന്നിട്ട് ഒന്നാം വളവിലെത്തുമ്പോൾ തന്നെ തണുപ്പായിത്തുടങ്ങും. അതുവരെയുള്ള യാത്രയുടെ ക്ഷീണം മറക്കുന്ന കാഴ്ചകളാണ് പിന്നീടങ്ങോട്ട്. നാടുകാണി വ്യൂ പോയിന്റിൽ നിന്നാൽ പച്ചവിരിച്ച താഴ്‌വരകളും പശ്ചിമഘട്ട മലനിരകളും കാണാം. പിന്നെ, തേൻപാറയും കല്ലളയും തണുപ്പൻചോലയും കടന്നാൽ നാടുകാണി ജംക്‌ഷൻ. ആനക്കൂട്ടത്തെ കാണാൻ സാധ്യതയുള്ള വഴിയാണിത്.

മസനഗുഡി യാത്രയിലെ കാഴ്ച (ഫയൽ ചിത്രം)
മസനഗുഡി യാത്രയിലെ കാഴ്ച (ഫയൽ ചിത്രം)

നാടുകാണിയിൽനിന്ന് വലത്തേക്കു തിരിഞ്ഞ് 12 കിലോമീറ്റർ പിന്നിട്ടാൽ ഗൂഡല്ലൂരെത്തും. ഭക്ഷണം കഴിക്കാനും മറ്റും സൗകര്യമുള്ള അത്യാവശ്യം വലിയ ടൗണാണ് ഗൂഡല്ലൂർ. ഇവിടെയിറങ്ങി ആരോടെങ്കിലും ഊട്ടിയിലേക്കുള്ള വഴി ചോദിച്ചാൽ നടുവട്ടം വഴിയുള്ള പതിവ് റൂട്ട് കാണിച്ചുതരും. നാടുകാണിയിൽനിന്ന് എത്തുമ്പോൾ ഗൂഡല്ലൂർ ടൗണിൽനിന്ന് വലത്തേക്കു തിരിഞ്ഞ് 50 കിലോമീറ്റർ ചുരം കയറിയുള്ള വഴിയാണിത്. പക്ഷേ, നമ്മുടെ റൂട്ട് അതല്ല. ഗൂഡല്ലൂരിൽനിന്ന് ഇടത്തേക്കു തിരിഞ്ഞ് വനയാത്രയൊക്കെ ആസ്വദിച്ച് മെല്ലെ ഊട്ടിയിലെത്താം.

ഊട്ടി (ഫയൽ ചിത്രം)
ഊട്ടി (ഫയൽ ചിത്രം)
ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിലെ ഫ്ലവർ ഷോ (ഫയൽ ചിത്രം)
ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിലെ ഫ്ലവർ ഷോ (ഫയൽ ചിത്രം)
ഊട്ടിയിലെ സെന്റ് സ്റ്റീഫൻസ് ചർച് (ഫയൽ ചിത്രം)
ഊട്ടിയിലെ സെന്റ് സ്റ്റീഫൻസ് ചർച് (ഫയൽ ചിത്രം)

ഇനിയൽപം കാടുകാണി

∙ഗൂ‍ഡല്ലൂരിൽനിന്ന് 6 കിലോമീറ്റർ പിന്നിട്ടാൽ തൊറപ്പള്ളിയായി. തമിഴ്നാട്ടിലെ മുതുമല വന്യജീവി സങ്കേതത്തിന്റെ കവാടമാണിവിടം. പിന്നെയങ്ങോട്ട് കാടാണ്. മാനും മയിലും ആനക്കൂട്ടവും കാട്ടുപോത്തുമൊക്കെ വഴിയരികിലൂടെ മേഞ്ഞുനടക്കുന്ന കാട്. വാഹനത്തിൽനിന്ന് ഇറങ്ങാതെ, പറഞ്ഞ വേഗത്തിൽ, പറഞ്ഞ സമയത്ത് കാടു കടക്കണമെന്നാണു നിയമം. കാട്ടുപോത്തും കരടിയും കടുവയുമൊക്കെ കൺമുന്നിൽപെട്ടാൽ ഭാഗ്യമാണ്. മാൻകൂട്ടവും കാട്ടാനകളുമൊക്കെ ഇവിടെ ഏതു ഹതഭാഗ്യനു മുന്നിലും പ്രത്യക്ഷപ്പെടും. 11 കിലോമീറ്റർ വനയാത്ര ആസ്വദിച്ച് തെപ്പക്കാട്ട് എത്തിയാൽ മസിനഗുഡിയിലേക്കു തിരിയാനുള്ള സ്ഥലമായി.

ഊട്ടി ഫ്ലവർ ഷോ (ഫയൽ ചിത്രം)
ഊട്ടി ഫ്ലവർ ഷോ (ഫയൽ ചിത്രം)

മസിനഗുഡിക്കു തിരിയാതെ ഇവിടെനിന്നു മൈസൂരു റൂട്ടിൽ മുന്നോട്ടുപോയാലും കാണാൻ ഒരുപാടുണ്ട്. കർണാടകയിലെ ബന്ദിപ്പൂർ വന്യജീവി സങ്കേതമാണ് തൊട്ടടുത്ത്. വീണ്ടും 17 കിലോമീറ്റർ വനയാത്ര ആസ്വദിക്കാം. മേൽകമനഹള്ളി ചെക്പോസ്റ്റ് കടന്നുവേണം വനത്തിൽനിന്നു പുറത്തിറങ്ങാൻ.
 

മനംനിറയ്ക്കും മസിനഗുഡി

തെപ്പക്കാട്ടുനിന്ന് മസിനഗുഡിയിലേക്കുള്ള 20 മിനിറ്റ് യാത്ര കിടിലമാണ്. കാടുപോലും അതുവരെയുള്ള പരുക്കൻ സ്വഭാവം വിട്ട് പച്ചപ്പണിഞ്ഞ് മനോഹരിയാകുന്നു. റോഡിനോടു ചേർന്നുള്ള ഭാഗം പുൽത്തകിടിപോലെ വിശാലമാണ്. മൃഗങ്ങളുണ്ടെങ്കിൽ എളുപ്പത്തിൽ കാണാം. കാടിനു നടുവിലൂടെ ചിത്രം വരച്ചതുപോലെ വളഞ്ഞുപുളഞ്ഞ് ടാർ റോഡ്.

ഇവയൊക്കെ കണ്ടുതീരുംമുൻപേ മസിനഗുഡിയെത്തും. ചെറിയൊരു ടൗണാണ് മസിനഗുഡിയെങ്കിലും ഹോട്ടലുകളും മറ്റു കടകളും എടിഎം കൗണ്ടറുമൊക്കെയുണ്ട്. മസിനഗുഡിയുടെ ഉൾഗ്രാമങ്ങൾ കാണാൻ പ്രൈവറ്റ് ജീപ്പിൽ സഫാരിക്കുള്ള സൗകര്യവും ഇവിടെയുണ്ട്. വഴിയരികിൽത്തന്നെ ജീപ്പുകൾ കാണാം. ഒരു മണിക്കൂർ ഓഫ് റോഡ് ജീപ്പ് യാത്രയ്ക്ക് 1,500 രൂപയാണു നിരക്ക്.6 പേർക്കുവരെ കയറാം. മസിനഗുഡി പിന്നിട്ടാൽ പിന്നെ ഏറെക്കുറെ വിജനമെന്നു പറയാവുന്ന വനപാതയാണ്. ഇടയ്ക്ക് ഒരു കഫേ കോഫി ഡേ ഔട്‌ലെറ്റുണ്ട്. അവിടെനിന്നങ്ങോട്ട് 30 കിലോമീറ്ററോളം 36 ഹെയർപിൻ വളവുകൾ കയറിയുള്ള ഊട്ടി യാത്രയാണ്. വലിയ തിരിവുകളും ഇറക്കവുമുള്ള റോഡായതിനാൽ ഊട്ടിയിൽനിന്ന് മസിനഗുഡിയിലേക്ക് ഈ റോഡ് വഴി വിനോദസഞ്ചാരികളെ പോകാൻ അനുവദിക്കില്ല.

എങ്കിലും നാട്ടുകാരുടെ വാഹനങ്ങൾ വന്നേക്കാം. സൂക്ഷിച്ചുപോകണമെന്നു ചുരുക്കം. കല്ലട്ടി ചുരം കയറിയുള്ള ഈ യാത്ര, റോഡ് ട്രിപ് ഇഷ്ടപ്പെടുന്നവർക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിക്കും. കാഴ്ചകണ്ട്, കുളിരുകൊണ്ട് ഊട്ടിയിലെത്തുമ്പോൾ നമ്മളും പറഞ്ഞുപോകും, മസിനഗുഡിവഴി ഊട്ടിയിലേക്കുള്ള യാത്ര, അതു വല്ലാത്തൊരനുഭവമാണെന്ന്.

ട്രാവൽ ടിപ്സ്

∙ പാലക്കാട്– മലപ്പുറം ജില്ലകളുടെ അതിർത്തിയായ പുലാമന്തോൾ പാലം അറ്റകുറ്റപ്പണിക്കായി അടച്ചിട്ടിരിക്കുകയാണ്. തൃശൂർ– പട്ടാമ്പി വഴി വരുന്നവർ ഇവിടെ വഴിതിരിഞ്ഞു പോകേണ്ടിവരും.

∙ മുതുമല, ബന്ദിപ്പൂർ വനമേഖലയിൽ രാത്രി 9 മുതൽ രാവിലെ 6 വരെ രാത്രിയാത്രാ നിരോധനമുണ്ട്. ഈ സമയം കണക്കാക്കിവേണം തൊറപ്പള്ളിയിലെത്താൻ.

∙ യാത്ര കൂടുതലും കാട്ടിലൂടെയായതിനാൽ ഓൺലൈൻ പേയ്മെന്റ് ആപ്പുകളെ വിശ്വസിച്ച് കാലിപ്പോക്കറ്റുമായി ഇറങ്ങരുത്. കയ്യിൽ പണം കരുതണം. ഗൂഡല്ലൂരിൽനിന്ന് പുറപ്പെടുമ്പോൾ വാഹനത്തിൽ ആവശ്യത്തിന് ഇന്ധനവും നിറയ്ക്കണം.

∙ മസിനഗുഡി– ഊട്ടി റോഡിൽ വൺവേ ട്രാഫിക് ആയതിനാൽ മടക്കയാത്ര നടുവട്ടം– ഗൂഡല്ലൂർ വഴിയോ, മേട്ടുപ്പാളയം– കോയമ്പത്തൂർ വഴിയോ പ്ലാൻ ചെയ്യണം.

English Summary:

Masinagudi via Ooty travel experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com