യാക്കോബിന്റെ കിണറ്റിൽ സഞ്ചാരികളെ കാത്തിരിക്കുന്ന അപകടവും ദുരൂഹതയും
Mail This Article
‘‘സമരിയായിലെ സിക്കാര്‍ എന്ന പട്ടണത്തില്‍ അവിടുന്ന് എത്തി. യാക്കോബ് തന്‍റെ മകന്‍ ജോസഫിനു നൽകിയ വയലിനടുത്താണ് ഈ പട്ടണം. യാക്കോബിന്‍റെ കിണര്‍ അവിടെയാണ്.’’ സമരിയാക്കാരി സ്ത്രീ വെള്ളം കോരാൻ എത്തിയ കിണർ. പഴയ നിയമം മുതൽ ബൈബിളിൽ പരാമർശിക്കപ്പെടുന്ന യാക്കോബിന്റെ കിണർ. വിശുദ്ധ നാട്ടിൽ ഇപ്പോഴും സംരക്ഷിക്കപ്പെടുന്ന ഈ കിണർ കാണാൻ നിരവധി തീർഥാടകരാണ് എത്താറുള്ളത്. എന്നാൽ, ഇതല്ലാതെയും ഒരു യാക്കോബിന്റെ കിണർ ഉണ്ട്; യുഎസിലെ ടെക്സസിൽ. വേനൽക്കാലത്ത് ഇവിടെത്തുന്ന സന്ദർശകരും ഇവിടുത്തെ താമസക്കാരും ഒരുപോലെ ആശ്വാസം കണ്ടെത്തുന്ന സ്ഥലമാണ് യാക്കോബിന്റെ കിണർ. സുഖകരമായ തണുപ്പും കിണറ്റിലെ തെളിഞ്ഞ വെള്ളവും വെള്ളത്തിനടിയിലെ കുളവുമെല്ലാം സഞ്ചാരികളെ ആകർഷിക്കുന്നു.
വെള്ളത്തിന്റെ കുളിരും തണുപ്പും തെളിച്ചവും കണ്ട് ഒന്നു മുങ്ങി നിവർന്നേക്കാം എന്നു തോന്നിയാൽ അത് നല്ലതല്ല. സ്ഫടികം പോലെ തെളിഞ്ഞ വെള്ളം നിങ്ങളുടെ മനം മയക്കുമെങ്കിലും കരുതിയിരിക്കുന്നതു നല്ലതാണ്. കാരണം, അത് അത്രയേറെ അപകടകരമാണ്. ടെക്സസിലെ ഈ കിണറിന് എങ്ങനെയാണ് യാക്കോബിന്റെ കിണർ എന്ന പേര് വന്നത് ? താപനില എത്ര ഉയർന്നാലും അതിൽ ഒരു വിരൽ മുക്കാൻ പോലും ചിലർ ധൈര്യപ്പെടാറില്ല. ആളുകൾ ഇത്രത്തോളം ഭയക്കാൻ ഈ കിണറ്റിൽ മറഞ്ഞിരിക്കുന്ന ദുരൂഹത എന്താണ് ?
ടെക്സസിലെ യാക്കോബിന്റെ കിണറിനെ കണ്ടെത്തൽ
1850 കളിലാണ് കുടിയേറ്റക്കാർ ഈ കിണർ കണ്ടെത്തിയത്. ഏകദേശം 12 അടി വ്യാസമാണ് ഇതിനുള്ളത്. കണ്ടെത്തുന്ന സമയത്ത് ഇത് ഒരു ഫൗണ്ടൻ പോലെ ആയിരുന്നു. ഏകദേശം അഞ്ച് അടി ഉയരത്തിലേക്ക് വെള്ളം തെറിക്കുമായിരുന്നു. ഇവിടെയുള്ളവർ അതിനെ കുടിവെള്ള സ്രോതസ് ആയി ഉപയോഗിക്കാൻ തുടങ്ങി. പിന്നീട് സോമില്ലിന് വേണ്ടി വൈദ്യുതി ഉൽപാദിപ്പിക്കാനും ആരംഭിച്ചു. ബൈബിളിൽ യാക്കോബിന്റെ കിണർ പലരുടെയും ദാഹം ശമിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ കുടിവെള്ള സ്രോതസായ ഈ കിണറിനും യാക്കോബിന്റെ കിണർ എന്ന പേര് നൽകുകയായിരുന്നു. കണ്ടെത്തിയതിനു ശേഷം ഇതുവരെ 4,500 അടി താഴ്ച വരെ പര്യവേക്ഷണത്തിന് വിധേയമാക്കിയിട്ടുണ്ട്. ടെക്സസിലെ പൂർണമായി മുങ്ങിയ രണ്ടാമത്തെ ഗുഹയാണ് ഇതെന്ന് ഇപ്പോൾ കരുതപ്പെടുന്നു. ശരാശരി 120 അടി ആഴമുള്ള ഇത് ഏകദേശം 80 ഏക്കറോളം വരുന്ന സംരക്ഷിത ഭൂമിയിലാണ്.
പാറക്കെട്ടുകൾക്കിടയിൽ നിന്നുള്ള ജലലഭ്യത
പാറക്കെട്ടുകൾക്കിടയിലെ ഉറവകളിൽനിന്നുള്ള ജലമാണ് യാക്കോബിന്റെ കിണറിലുള്ളത്. ഈ കിണർ തന്നെയാണ് ഇവിടെയെത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണം. മുങ്ങൽ വിദഗ്ദർ 100 അടിയോളം താഴ്ചയിൽ പര്യവേക്ഷണം നടത്തുകയും വെള്ളത്തിനടിയിലുള്ള ഗുഹയുടെ വഴികളിലൂടെ സാഹസികയാത്ര നടത്തുകയും ചെയ്യാറുണ്ട്. യാക്കോബിന്റെ കിണറ്റിൽ നീന്താൻ അനുമതി വാങ്ങണം. സ്വന്തം റിസ്കിൽ വേണം നീന്താനിറങ്ങേണ്ടത്. രാവിലെ 10 മുതൽ വൈകിട്ട ആറു മണി വരെ മാത്രമാണ് നീന്തലിന് അനുമതി. ഒരാൾക്ക് രണ്ടു മണിക്കൂർ മാത്രമാണ് അനുവദനീയമായ സമയം.
വിനോദത്തിനായുള്ള സ്കൂബ ഡൈവിങ് ഇവിടെ അനുവദനീയമല്ല. എങ്കിലും അപകടകരമായ ഈ കിണറിൽ സ്കൂബ ഡൈവിങ്ങിനു മുതിരുന്നവരുമുണ്ട്. ഇവിടെ സ്കൂബ ഡൈവിങ്ങിനു ശ്രമിച്ച പന്ത്രണ്ടോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഇക്കാരണം കൊണ്ടു തന്നെ ലോകത്തിലെ അപകടകരമായ ഡൈവിങ് സ്ഥലങ്ങളിൽ ഒന്നായാണ് ഇത് അറിയപ്പെടുന്നത്. 1979 ൽ ടെക്സസിൽ നിന്നുള്ള രണ്ട് യുവാക്കളാണ് ഡൈവിങ്ങിനിടെ മുങ്ങി മരിച്ചത്. മരിച്ചവരിൽ ഒരാളുടെ അവശിഷ്ടങ്ങൾ 1981ൽ കിണറ്റിൽനിന്ന് പുറംതള്ളപ്പെട്ടു. മറ്റൊരാളുടെ അവശിഷ്ടങ്ങൾ 2000 ത്തിൽ വീണ്ടെടുക്കുകയായിരുന്നു. ആഴം വളരെക്കൂടുതലാണെന്നതും ഗുഹയിലെ വഴികൾ വളരെ ഇടുങ്ങിയതാണെന്നതുമാണ് അപകടങ്ങളുടെ തീവ്രത വർദ്ധിപ്പിക്കുന്നത്.
കിണർ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ചില നിർദേശങ്ങൾ
മികച്ച നീന്തൽക്കാർ മാത്രം യാക്കോബിന്റെ കിണറിൽ നീന്താൻ ഇറങ്ങുക. അല്ലാത്ത പക്ഷം ഈ കിണറിൽ ഒന്നു മുങ്ങുന്നതിനെക്കുറിച്ചു പോലും ആലോചിക്കരുത്. കാരണം, അത് അപകടകരമാണ്. കിണറിൽ ഇറങ്ങുമ്പോൾ പാറകളിൽ തെന്നി വീഴാതിരിക്കാൻ വാട്ടർ ഷൂസ് ധരിക്കുക. ഇടുങ്ങിയ സ്ഥലങ്ങൾ ഉള്ളതിനാൽ വെള്ളത്തിൽ മുങ്ങരുത്. നിലവിൽ ഹെയ്സ് കൗണ്ടി പാർക്സ് ഡിപ്പാർട്ട്മെന്റ് ആണ് കിണറിന്റെ സംരക്ഷണ ചുമതല നിർവഹിക്കുന്നത്. അവരുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണം.