ADVERTISEMENT

2024-25 വര്‍ഷത്തെ യുനെസ്‌കോ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള സ്മാരകങ്ങളുടെ നാമനിർദേശം തുടങ്ങി. ഇക്കുറി ഇന്ത്യ ലോകത്തിനും യുനെസ്‌കോയ്ക്കും മുന്നിൽ അഭിമാനത്തോടെ അവതരിപ്പിക്കുന്നത് 'മറാഠാ മിലിറ്ററി ലാന്‍ഡ്‌സ്‌കേപ്‌സ് ഓഫ് ഇന്ത്യ'യാണ്. മറാഠ ഭരണാധികാരികള്‍ 17 മുതല്‍ 19 വരെ നൂറ്റാണ്ടുകളിൽ നിര്‍മിക്കുകയും വികസിപ്പിക്കുകയും ചെയ്ത തന്ത്രപ്രധാന കോട്ടകളാണ് ഇവ.

Salher. Image Credit:100/istockphoto
Salher. Image Credit:100/istockphoto

ഇന്ത്യയിലെ മറാഠാ സൈനിക ഭൂമികകള്‍ എന്ന പേരില്‍ 12 കോട്ടകളാണ് ഇന്ത്യ നിർദേശിച്ചത്. മറാഠാ സൈന്യത്തിന്റെ കരുത്തും കാര്യപ്രാപ്തിയും പ്രകടമാക്കുന്ന തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് ഈ കോട്ടകള്‍. മഹാരാഷ്ട്രയിലെ സല്‍ഹര്‍, ശിവ്‌നേരി, ലോഗഡ്, റൈഗഡ്, രാജ്ഗഡ്, പ്രതാപ്ഗഡ്, സുവര്‍ണദുര്‍ഗ്, പന്‍ഹാല, വിജയ്ദുര്‍ഗ്, സിന്ധുദുര്‍ഗ് എന്നിവയും തമിഴ്‌നാട്ടിലെ ഗിന്‍ഗീ കോട്ടയുമാണ് പട്ടികയിലുള്ള പന്ത്രണ്ടു കോട്ടകള്‍. സഹ്യാദ്രി മലനിരകള്‍, കൊങ്കണ്‍ തീരം, ഡെക്കാണ്‍ പീഠഭൂമി, പശ്ചിമഘട്ടം എന്നീ മേഖലകളിലാണ് ഈ കോട്ടകള്‍ സ്ഥിതി ചെയ്യുന്നത്. 

Shivneri fort, Junnar. Image Credit: Satish Parashar/istockphoto
Shivneri fort, Junnar. Image Credit: Satish Parashar/istockphoto

മഹാരാഷ്ട്രയില്‍ ആകെ 390 ലേറെ കോട്ടകളുണ്ടെങ്കിലും ഇന്ത്യയിലെ മറാഠാ സൈനിക ഭൂമികയെന്ന പേരില്‍ നല്‍കിയ അപേക്ഷയില്‍ സംസ്ഥാനത്തു നിന്നു 11 കോട്ടകള്‍ മാത്രമാണുള്ളത്. ഇതിലെ എല്ലാ കോട്ടകളും മറാഠാ ഭരണാധികാരികളുടെ പ്രതിരോധ മികവിന്റെ അടയാളങ്ങളാണ്. ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ സംരക്ഷിക്കുന്നവയാണ് ഇവയെല്ലാം. മലകളില്‍ മാത്രമല്ല സമതലങ്ങളിലും സമുദ്ര തീരങ്ങളിലും മറാഠാ ഭരണാധികാരികള്‍ കോട്ടകള്‍ നിര്‍മിച്ചിട്ടുണ്ട്. 

എഡി 1670 ൽ ഛത്രപതി ശിവജിയുടെ വരവോടെയാണ് മറാഠാ സാമ്രാജ്യം ഉദിച്ചുയര്‍ന്നത്. ഇന്നത്തെ മഹാരാഷ്ട്രയായ പടിഞ്ഞാറന്‍ ഡെക്കാന്‍ പീഠഭൂമിയില്‍ നിന്നുള്ള മറാഠി സംസാരിക്കുന്ന യോദ്ധാക്കളുടെ സംഘമായിരുന്നു മറാഠകള്‍. പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മുഗള്‍ സാമ്രാജ്യത്തിന്റെ പതനത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് മറാഠകളായിരുന്നു. 1818 വരെ മറാഠാ രാജവംശത്തിന്റെ ഭരണം തുടര്‍ന്നു. മറാഠാ സാമ്രാജ്യത്തിന്റെ സൈനിക മികവിന്റെ അവശേഷിപ്പുകളാണ് ഇന്നും തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്ന ഈ കോട്ടകള്‍. 

Shivneri fort, Junnar. Image Credit: Satish Parashar/istockphoto
Shivneri fort, Junnar. Image Credit: Satish Parashar/istockphoto

ലോക പൈതൃക പട്ടികയില്‍ സാംസ്‌കാരിക വിഭാഗത്തിനു കീഴിലാണ് ഇന്ത്യ മറാഠാ സാമ്രാജ്യത്തിന്റെ കോട്ടകളുടെ അപേക്ഷ നല്‍കിയിരിക്കുന്നത്. സവിശേഷ സാംസ്‌ക്കാരിക പാരമ്പര്യം അടയാളപ്പെടുത്തുന്ന കേന്ദ്രങ്ങളാവണം ഇതെന്ന നിര്‍ബന്ധം യുനെസ്‌കോയ്ക്കുണ്ട്. അതിനൊപ്പം നിര്‍മാണമികവും സാങ്കേതിക തികവും രാജ്യാന്തര തലത്തിലുള്ള പ്രാധാന്യവുമെല്ലാം യുനെസ്‌കോ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും. 

നിലവില്‍ 42 ലോക പൈതൃക കേന്ദ്രങ്ങളുള്ള നാടാണ് ഇന്ത്യ. ഇതില്‍ മഹാരാഷ്ട്രയ്ക്കും വലിയ പങ്കുണ്ട്. അജന്ത ഗുഹകള്‍, എല്ലോറ ഗുഹകള്‍, ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനസ് എന്നിവയെല്ലാം യുനെസ്‌കോ പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മറാഠാ കോട്ടകള്‍ കൂടി പട്ടികയില്‍ ലോക പൈതൃക പട്ടികയിലെത്തിയാല്‍ മഹാരാഷ്ട്രയുടെ വിനോദ സഞ്ചാര രംഗത്തിന് അത് കൂടുതല്‍ ഉണര്‍വു നല്‍കും.

English Summary:

India's Nomination for the UNESCO World Heritage List in 2024–2025: Maratha Military Landscapes.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com