ADVERTISEMENT

കടൽ തീരങ്ങൾ ആശ്വാസ കേന്ദ്രങ്ങളാണ്. കടൽക്കാറ്റേറ്റ്, കടലിന്റെ അനന്തതയിലേക്ക് നോക്കി വെറുതെയിരിക്കുമ്പോൾ ജീവിതം അത്രമേൽ പ്രിയപ്പെട്ടതാകുന്നു.  പക്ഷേ, ഈ പറയുന്ന കടൽത്തീരങ്ങൾ വൃത്തിയില്ലാത്തതാണെങ്കിലോ. സകല മൂഡും എതിലേ പോയെന്നു ചോദിച്ചാൽ മതി. എന്നാൽ കോഴിക്കോട് കാപ്പാട് ബീച്ചിൽ എത്തുന്നവർക്ക് അത്തരത്തിൽ യാതൊരു വിധ ആശങ്കളും ഉണ്ടാകില്ല. വൃത്തിയുള്ള ബീച്ചുകൾക്ക് ലഭിക്കുന്ന ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് വീണ്ടും കോഴിക്കോടുള്ള കാപ്പാട് ബീച്ചിന് ലഭിച്ചിരിക്കുകയാണ്.

കാപ്പാട് ബീച്ച്. ഫയൽ ചിത്രം (മനോരമ)
കാപ്പാട് ബീച്ച്. ഫയൽ ചിത്രം (മനോരമ)

മൂന്നുവർഷം മുൻപും കാപ്പാട് ബീച്ചിന് ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. പരിസ്ഥിതി സൗഹൃദ ബീച്ചുകൾക്കാണ് പ്രധാനമായും ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കറ്റ് നൽകുക. പരിസ്ഥിതിസൗഹൃദ തീരം എന്നതിനൊപ്പം തന്നെ തീരത്തെ ശുചിത്വവും സഞ്ചാരികൾക്കു ലഭ്യമാക്കുന്ന സുരക്ഷയും ശുദ്ധമായ ജലത്തിന്റെ ലഭ്യതയും പരിഗണിച്ചാണ് ഈ പുരസ്കാരം നൽകുന്നത്. കാപ്പാട് തീരം എപ്പോഴും വൃത്തിയുള്ളതാണ്. ഇതിനായി മുപ്പതോളം വനിതകൾ ഇവിടെ ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തകരും ശാസ്ത്രജ്ഞരും ഉൾപ്പെട്ട ജൂറിയാണ് സർട്ടിഫിക്കറ്റിനായി ബീച്ചുകൾ പരിശോധിക്കുക. ഡെന്മാർക്ക് ആസ്ഥാനമായുള്ള എൻ ജി ഒ ഫൌണ്ടേഷനായ  ഫൗണ്ടേഷൻ ഫോർ എൻവയൺമെന്റൽ എജ്യുക്കേഷൻ ആണ് ബ്ലൂഫ്ലാഗ് പുരസ്കാരം നൽകുന്നത്.

കാപ്പാട് ബീച്ച് - ചരിത്രപരമായ പ്രാധാന്യം

കേരളത്തിന്റെ ചരിത്രത്തിൽ വളരെ നിർണായകമായ സ്ഥാനമാണ് കാപ്പാട് ബീച്ചിന് ഉള്ളത്. ഏകദേശം 500 ലേറെ വർഷങ്ങൾക്കു മുൻപ് 1498 –ലാണ് പോർച്ചുഗീസ് പര്യവേക്ഷകനായ വാസ്കോ ഡ ഗാമ കാപ്പാട് ബീച്ചിൽ കപ്പലിറങ്ങിയത്. കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ ഗതി മാറ്റിയ ചരിത്രസംഭവം. ഈ ബീച്ചിലൂടെ ആയിരുന്നു കോഴിക്കോടിനു പ്രത്യേകിച്ച് മലബാറിന് യൂറോപ്പുമായുള്ള സുഗന്ധവ്യഞ്ജന വ്യാപാരം തഴച്ചു വളർന്നത്.  അതുകൊണ്ട് കോഴിക്കോട് കാണാനെത്തുന്നവർ കാപ്പാട് ബീച്ച് കാണാതെ പോയാൽ അത് ചരിത്രപരമായ നഷ്ടം കൂടിയാണ്. ബീച്ചിന് സമീപമുള്ള പാറകളും ചെറിയ കുന്നുകളും കാപ്പാട് ബീച്ചിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു. സമീപത്ത് ചെറിയ കടകളുണ്ട്. ഇവിടെ മനോഹരമായ ചായയും ചെറുകടികളും ലഭിക്കും. ദേശാടനപക്ഷികൾ എത്തുന്ന സ്ഥലം കൂടിയാണ് കാപ്പാട്.

കാപ്പാട് ബീച്ച്. ഫയൽ ചിത്രം (മനോരമ)
കാപ്പാട് ബീച്ച്. ഫയൽ ചിത്രം (മനോരമ)

കാപ്പാടിലേക്കുള്ള വഴികൾ

കാപ്പാടിന് ഏറ്റവും സമീപമുള്ള റെയിൽവേ സ്റ്റേഷൻ കോഴിക്കോട് റെയിൽവേ സ്റ്റേഷൻ, കൊയിലാണ്ടി റെയിൽവേ സ്റ്റേഷൻ എന്നിവയാണ്. കോഴിക്കോടു നിന്ന് ഏകദേശം 18 കിലോമീറ്റർ ദൂരെയുള്ള കാപ്പാടിലേക്ക് അര മണിക്കൂർ സമയം കൊണ്ട് എത്തിച്ചേരാം. കൊയിലാണ്ടി റെയിൽവേ സ്റ്റേഷനിൽ നിന്ന് 10 കിലോമീറ്റർ ദൂരമാണ് കാപ്പാടിലേക്ക് ഉള്ളത്. നിരവധി പ്രൈവറ്റ് ബസുകളും ഈ റൂട്ടിൽ ലഭ്യമാണ്.  പ്രധാന ബസ് സ്റ്റാൻഡിൽ നിന്ന് തിരുവാങ്ങൂരിലേക്കുള്ള ബസിൽ കാപ്പാടിലേക്ക് എത്താവുന്നതാണ്.

കാപ്പാടിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്

വാസ്കോ ഡ ഗാമ കാപ്പാടിൽ കപ്പലിറങ്ങി എന്നതിൽ ചരിത്രകാരൻമാർക്ക് വ്യത്യസ്ത അഭിപ്രായമുണ്ട്. കാപ്പാടിൽ അല്ല, ഇവിടെ നിന്നു കുറച്ചു വടക്കോട്ട് മാറി പന്തലായനി കടപ്പുറത്താണ് ഗാമ 1498ൽ കപ്പലിറങ്ങിയതെന്നാണ് ചരിത്രകാരൻമാർ വാദിക്കുന്നത്. ഏതായാലും വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പാറക്കെട്ടുകളും കടൽത്തീരവും കാപ്പാട് തീരം സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാക്കി മാറ്റി. സമീപകാലത്തായി ഇവിടെ ഒരു സ്മാരകവും സ്ഥാപിക്കപ്പെട്ടു. 'വാസ്കോ ഡ ഗാമ ഇവിടെ കപ്പക്കടവിൽ 1498ൽ കപ്പൽ ഇറങ്ങി' എന്നാണ് ഈ സ്മാരകത്തിൽ കുറിച്ചിരിക്കുന്നത്. കെടിഡിസിയുടെ റിസോർട്ടും സ്വകാര്യ റിസോർട്ടും ഇവിടെ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നു.

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ബീച്ചിലേക്ക് സ്വാഗതം

ഇന്ത്യയിൽ ആകെ എട്ടു ബീച്ചുകൾക്കാണ്  ഏറ്റവും വൃത്തിയുള്ള ബീച്ചുകൾക്ക് നൽകുന്ന പുരസ്കാരമായ ബ്ലൂ ഫ്ലാഗ് പുരസ്കാരം ലഭിക്കുന്നത്. കേരളത്തിലെ കാപ്പാട് ആ പുരസ്കാരത്തിന് അർഹമായി എന്നത് മലയാളികൾക്കും അഭിമാനത്തിനും വക നൽകുന്നു. പരിസ്ഥിതി സൗഹൃദ സമീപനം, സൗരോർജത്തിന്റെ വിനിയോഗം, കാര്യക്ഷമമായ മാലിന്യ സംസ്കരണ രീതികൾ, പ്രാദേശിക ജൈവവൈവിധ്യം സംരക്ഷണം തുടങ്ങിയ വിവിധ ഘടകങ്ങൾ കണക്കിലെടുത്താണ് കാപ്പാടിന് അംഗീകാരം. ശിവരാജ് പുർ (ഗുജറാത്ത്), ഘോഗ്ല (ദിയു), പദുബിദ്രി (കർണാടക), റുഷിക്കൊണ്ട (ആന്ധ്രാപ്രദേശ്), ഗോൾഡൻ (ഒഡീഷ), രാധാനഗർ (ആൻഡമാൻ & നിക്കോബാർ ദ്വീപുകൾ) എന്നിവയാണ്  ബ്ലൂ ഫ്ലാഗ് സർട്ടിഫിക്കേഷൻ ലഭിച്ച ഇന്ത്യയിലെ മറ്റ് ബീച്ചുകൾ.

English Summary:

Kerala's Kappad Beach wins Blue Flag Certification: Here's why

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com