ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ ഒരിക്കലെങ്കിലും സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്നിടം
Mail This Article
ബാലി ഒരു വികാരമാണ്. ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ ഒരിക്കലെങ്കിലും സന്ദർശിക്കണമെന്ന് ആഗ്രഹിക്കുന്ന സ്ഥലം. ഹണിമൂൺ ഡെസ്റ്റിനേഷൻ, ഏറ്റവും തിരക്കേറിയ വിനോദസഞ്ചാരകേന്ദ്രം, അവധിക്കാല ഡെസ്റ്റിനേഷൻ അങ്ങനെ ബാലിയ്ക്ക് വിശേഷണങ്ങൾ ഏറെയാണ്. മനംനിറയ്ക്കുന്ന പ്രകൃതിവിസ്മയങ്ങളും ബീച്ചുകളും വെള്ളച്ചാട്ടങ്ങളും മാത്രമല്ല, മലഞ്ചെരുവുകളിൽ തട്ടുതട്ടായി കൃഷിചെയ്തിരിക്കുന്ന നെൽപ്പാടങ്ങൾ, കാടിനുള്ളിലെ താമസയിടങ്ങളും ലോകോത്തര സ്പാകളും ബാലിയുടെ സൗന്ദര്യത്തിന്റെ ഒരു ഭാഗം മാത്രമാണ്. എന്നാൽ ഈ വർണ്ണാഭമമായ സ്ഥലത്തിനു മറ്റൊരു മുഖമുണ്ട്. അത് ക്ഷേത്രങ്ങളുടെ ഒരു നീണ്ട നിരയാണ്. ബാലിയുടെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട് ഇവിടുത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങൾക്കും. ബാലിയിലെത്തി എവിടെ തിരിഞ്ഞുനോക്കിയാലും ഒരു ക്ഷേത്രം കാണാനാകും. കൂടുതലും ജലക്ഷേത്രങ്ങളാണ്, അതിൽ ഏറ്റവും പ്രശസ്തമയ ക്ഷേത്രത്തെക്കുറിച്ചാണ് ഇനി പറയാൻ പോകുന്നത്. ഇന്ദ്രൻ ഭൂമിയിലിറങ്ങിവന്ന് നിർമ്മിച്ച ക്ഷേത്രമാണിതെന്നാണ് ഐതിഹ്യം.
പുണ്യ നീരുറവയും അതിലെ കുളിയും
ഇന്തൊനീഷ്യയിലെ ഏറ്റവും തിരക്കേറിയ ജല ക്ഷേത്രങ്ങളിലൊന്നാണ് തീർത എംപുൽ. ബാലിനീസ് ഹിന്ദു സമൂഹം പവിത്രമായി കണക്കാക്കുന്ന ഒരു ക്ഷേത്രമാണിത്. ഈ ക്ഷേത്രത്തിനുള്ളിൽ നിന്നും ഒഴുകുന്ന നിരവധി നീരുറവകളുണ്ട്, അവ ഇന്ദ്രദേവൻ സൃഷ്ടിച്ചതാണെന്നും അവിടെ കുളിക്കുന്നവരെ ശുദ്ധീകരിക്കാൻ കഴിയുന്ന അനുഗ്രഹീത ജലമാണതെന്നുമാണ് പ്രാദേശിക വിശ്വാസം. എന്നാൽ അവിടെയെത്തുന്ന ഏതൊരു സഞ്ചാരിയും ഈ നിരുറവകളിൽ കുളിയ്ക്കുകയും അനുഗ്രഹം തേടുകയും ചെയ്യുന്നു.
തീർത എംപുൽ ക്ഷേത്രം വിഷ്ണുവിന് സമർപ്പിച്ചിരിക്കുന്നതാണ്. ബാലിനീസ് ഭാഷയിൽ, തീർത എംപുൽ എന്നാൽ ഭൂമിയിൽ നിന്ന് ഒഴുകുന്ന വെള്ളം എന്നാണ് അർത്ഥമാക്കുന്നത്. തീർത്ഥ എംപുൽ ക്ഷേത്രത്തിൽ ശിവൻ, വിഷ്ണു, ബ്രഹ്മാവ്, ഇന്ദ്രൻ, ബത്തൂർ പർവതങ്ങൾ എന്നിവയെയും ആരാധിക്കുന്നുണ്ട്. ബാലിയിലെ ഏറ്റവും വിശുദ്ധമായ അഞ്ച് ക്ഷേത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്ന ഇവിടുത്തെ നീരുറവകൾ ഏറ്റവും വിശുദ്ധമായ ജലസ്രോതസ്സുകളിലൊന്നാണെന്നും കരുതപ്പെടുന്നു.
ക്ഷേത്രത്തിലെ നീരുറവകളാണ് ഏറ്റവും പ്രസിദ്ധമായത്. ഇവിടെ ആളുകൾ ക്യൂ നിന്നാണ് ഈ നീരുറവകളിൽ മുങ്ങുന്നത്. ഇവിടുത്തെ ആചാരങ്ങളെല്ലാം കൗതുകം നിറഞ്ഞതാണ്. ക്ഷേത്രത്തിനോടു ചേർന്നുള്ള രണ്ട് കുളങ്ങളിൽ ഒന്നിൽ പതിമൂന്ന് നീരുറവകൾ ഉണ്ട്. ആ വെള്ളത്തിൽ കുളിച്ചാൽ രോഗശാന്തിയടക്കമുള്ള അനുഗ്രഹങ്ങൾ ലഭിക്കുമെന്നാണ് പറയുന്നത്. ഇനി ഇവിടെ ചുമ്മാ അങ്ങ് ചെന്ന് മുങ്ങാനൊന്നും പറ്റില്ല. ബാലിനിസ് വിശ്വാസമനുസരിച്ചുള്ള എല്ലാ ചിട്ടകളും ചടങ്ങുകളും അനുഷ്ഠിച്ചുവേണം കുളത്തിലിറങ്ങാൻ. ഇറങ്ങും മുമ്പ് പച്ച നിറത്തിലുള്ള പരമ്പരാഗത ബാലിനിസ് വസ്ത്രമായ സരോംഗ്' ധരിക്കണം. അതിനുശേഷം സിംഹത്തിന്റെ ശിൽപ്പങ്ങളിൽ നിന്നും പുറത്തേയ്ക്ക് വരുന്ന നീരുറകളിലൊന്നിന്റെ താഴെ ചെന്നുനിന്ന് മുങ്ങി കുളിക്കുക.
926 എഡിയിൽ സ്ഥാപിതമായ തീർത എംപുൾ ഇന്നും സജീവമായി പ്രവർത്തിക്കുന്ന ചുരുക്കം ബാലി ക്ഷേത്രങ്ങളിലൊന്നാണ്. ബാലിയുടെ സാംസ്കാരിക ഹൃദയമായ ഗിയാൻയാർ റീജൻസിയിലെ ഉബുദിൽ നിന്ന് വളരെ അകലെയുള്ള തമ്പക്‌സിറിംഗ് പട്ടണത്തിനടുത്തുള്ള മനുകായ ഗ്രാമത്തിലാണ് തീർത എംപുൽ ഹോളി വാട്ടർ ടെമ്പിൾ സ്ഥിതി ചെയ്യുന്നത് . തമ്പക്‌സിറിംഗിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിന് തൊട്ടുതാഴെയാണി ക്ഷേത്രം. പ്രദേശവാസികൾക്ക് ഇത് ഒരു വിശുദ്ധ ആരാധനാലയമാണെങ്കിലും, ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾക്ക് ക്ഷേത്ര സൗന്ദര്യം അനുഭവിക്കാനും ശുദ്ധീകരണ ചടങ്ങുകളിൽ പങ്കെടുക്കാനും അവസരമുണ്ട്. 2017-ൽ, മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ, മിഷേൽ ഒബാമ, മക്കളായ മാലിയ, നതാഷ എന്നിവരുടെ ബാലി സന്ദർശനത്തിലെ തിരഞ്ഞെടുക്കപ്പെട്ട സൈറ്റുകളിൽ ഒന്നായിരുന്നു തീർത എംപുൾ. ഒരിക്കൽ ആരാധനാലയങ്ങളായി പണികഴിപ്പിച്ച ബാലിയുടെ പുരാതന സ്മാരകങ്ങൾ കാലക്രമേണ ക്ഷേത്രങ്ങൾ മാത്രമല്ല, മനോഹരമായ കലാസൃഷ്ടികളായും സ്റ്റാർ ടൂറിസ്റ്റ് കേന്ദ്രങ്ങളായും മാറി. പുര തീർത എംപുൽ അല്ലെങ്കിൽ ഹോളി വാട്ടർ ടെമ്പിൾ അത്തരത്തിലുള്ള ഒരു ക്ഷേത്രമാണ്, ഇത് പ്രദേശവാസികളും വിനോദസഞ്ചാരികളും ഒരുപോലെ സന്ദർശിക്കുന്ന ഇടമാണ്.