യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നിങ്ങൾ താമസിക്കുന്ന മുറിയിൽ ഒളിക്യാമറ ഉണ്ടെങ്കിൽ കണ്ടുപിടിക്കാം

Mail This Article
പുതിയ കാലത്ത് എല്ലാവരും ഏറ്റവുമധികം ഭയപ്പെടുന്നത് ഒളിക്യാമറയുടെ ഒളിഞ്ഞുനോട്ടത്തെയാണ്. 'യു ആർ അണ്ടർ സിസിടിവി സർവെയിലൻസ്' എന്നതു കണ്ട് സിസിടിവി ഉണ്ടെന്നു മനസ്സിലാക്കുന്നതു പോലെയല്ല ഒളിക്യാമറയുടെ കാര്യം. പെട്ടെന്നു കണ്ടുപിടിക്കാൻ കഴിയാത്ത സ്ഥലങ്ങളിലാകും ഒളിക്യാമറ. നമ്മുടെ സ്വകാര്യതയെ അത് ഒപ്പിയെടുക്കുന്നത് ആലോചിക്കാൻ കൂടി വയ്യല്ലേ. ഇതിനൊരു പരിഹാരം, നമ്മൾ താമസിക്കാൻ പോകുന്ന ഇടങ്ങളിൽ ക്യാമറയുടെ സാന്നിധ്യം ചില ടെക്നിക്കുകളിലൂടെ മനസ്സിലാക്കുക എന്നതാണ്.

ഹോട്ടൽ മുറികൾ, വാടക വീട് തുടങ്ങി ക്രൂസ് കപ്പലുകളിൽ വരെ വിവിധയിടങ്ങളിൽ ഒളിക്യാമറകൾ മറഞ്ഞിരിക്കാനുള്ള സാധ്യതയുണ്ട്. സ്പൈകാമുകൾ എന്നു വിളിക്കപ്പെടുന്ന ഈ ക്യാമറകൾ ചെറുതും കണ്ടെത്താൻ പ്രയാസമുള്ളതും ആയിരിക്കും. ക്ലോക്കുകൾ, എയർ ഫ്രഷ്നറുകൾ, വാട്ടർ ബോട്ടിലുകൾ, ടൂത്ത് ബ്രഷ് ഹോൾഡറുകൾ തുടങ്ങി പ്രതീക്ഷിക്കാത്ത ഇടങ്ങളിൽ ആയിരിക്കും പലപ്പോഴും ഒളിക്യാമറകൾ ഇടം പിടിക്കുക. അവ കണ്ടെത്താൻ വലിയ പ്രയാസം ആയിരിക്കും. ഇത്തരം ഒളിക്യാമറകളിൽ പകർത്തപ്പെടുന്ന ദൃശ്യങ്ങൾ ഉടമകൾക്ക് അവരുടെ ഫോണുകളിലേക്ക് നേരിട്ട് സ്ട്രീം ചെയ്യാൻ കഴിയും. ഇത്തരം വിഡിയോകൾ അശ്ലീല വെബ്സൈറ്റുകൾക്ക് വിറ്റ് കാശ് സമ്പാദിക്കുന്നവരും നിരവധിയാണെന്ന് സിംഗപ്പൂർ ആസ്ഥാനമായുള്ള ടെക് സേവന കമ്പനിയായ ഒഎംജി സൊല്യൂഷൻസ് സിഇഒ പീറ്റർ ടിജിയ പറഞ്ഞു.

മറഞ്ഞിരിക്കുന്ന ഒളിക്യാമറകൾ കണ്ടെത്താൻ ടിജിയയും സംഘവും നടത്തിയ ഒരു ശ്രമമാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്. ഒരു രാജ്യാന്തര മാധ്യമത്തിന്റെ സഹകരണത്തോടെ ആയിരുന്നു ഇത്. ഇതിനായി ഒരു വീട്ടിൽ 27 ഒളിക്യാമറകളാണ് സ്ഥാപിച്ചു. അതിനു ശേഷം വ്യത്യസ്ത രീതിയിൽ ഈ ഒളിക്യാമറകൾ കണ്ടെത്താൻ ശ്രമങ്ങൾ നടത്തി. അഞ്ച് തരത്തിലുള്ള പരിശോധനകളാണ് നടത്തിയത്.
ആദ്യ പരിശോധന നഗ്നനേത്രങ്ങൾ ഉപയോഗിച്ച്
സാധാരണ ഒരു പുതിയ സ്ഥലത്ത് ചെന്നാൽ നമ്മൾ ആ സ്ഥലം പരിശോധിക്കുന്നത് നമ്മുടെ കണ്ണുകൾ കൊണ്ടാണ്. ഇവിടെയും ആദ്യത്തെ പരിശോധന നഗ്നനേത്രങ്ങൾ കൊണ്ടായിരുന്നു. പരിശോധകൻ ഒരു മുറിയിൽ നിന്ന് മറ്റൊരു മുറിയിലേക്കു നടന്നെങ്കിലും സംശയകരമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ, 20 മിനിറ്റ് നേരത്തെ പരിശോധനയ്ക്ക് ശേഷം ക്ലോക്കിൽ ഒളിക്യാമറ ഘടിപ്പിച്ചിരിക്കുന്നത് കണ്ടെത്താൻ കഴിഞ്ഞു. ക്ലോക്കിലെ സമയം തെറ്റായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒളിക്യാമറ കണ്ടെത്തിയത്.

മൊബൈൽ ഫോൺ ഉപയോഗിച്ച് നടത്തിയ പരിശോധന
രണ്ടാമത്തെ ഘട്ടത്തിൽ മൊബൈൽ ഫോൺ ഉപയോഗിച്ച് ഒളിക്യാമറ കണ്ടെത്താനുള്ള ശ്രമമാണ് നടന്നത്. ഇതിനായി, പരിശോധന നടത്തുന്നയാൾ മൊബൈലിൽ ഫിംഗ് എന്ന ആപ് ഡൗൺലോഡ് ചെയ്തു. വൈഫൈ നെറ്റ്‌വർക്ക് ഉപയോഗിച്ച് ക്യാമറ കണ്ടെത്താനുള്ള ശ്രമമാണ് ഇത് നടത്തുന്നത്. കൂടാതെ മൊബൈലിന്റെ ഫ്ലാഷ് ലൈറ്റും ഓൺ ചെയ്തു. എന്നാൽ, ആപ് 22 ഡിവൈസുകൾ കണ്ടെത്തിയെങ്കിലും ഒരു ഒളിക്യാമറ പോലും കണ്ടെത്താൻ കഴിഞ്ഞില്ല. കാരണം, ക്യാമറ സ്ഥാപിച്ചവർ വേറൊരു വയർലെസ് നെറ്റ് വർക്ക് സ്ഥാപിക്കുകയും ക്യാമറകൾ അതിലേക്കു ബന്ധിപ്പിക്കുകയുമായിരുന്നു. അതേസമയം, മൊബൈലിന്റെ ഫ്ലാഷ് ലൈറ്റുകൾ ഒളിക്യാമറകൾ കണ്ടുപിടിക്കാൻ വളരെ സഹായിച്ചു. വൈഫൈ റിപ്പീറ്റർ, ഷർട്ട് ബട്ടൺ, ടെഡിബിയർ എന്നീ വസ്തുക്കളിൽ ഉണ്ടായിരുന്ന ക്യാമറകളാണ് മൊബൈൽ ഫ്ലാഷ് ഉപയോഗിച്ച് കണ്ടെത്തിയത്. കൂടുതൽ ഒളിക്യാമറകളും നിർമിച്ചിരിക്കുന്നത് ചൈനയിലാണെന്നും എന്നാൽ ചൈനയിൽ ഇതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും ടിജിയ വ്യക്തമാക്കി.

റേഡിയോ ഫ്രീക്വൻസി ഡിറ്റക്ടർ ഉപയോഗിച്ച്
സാധാരണ രീതിയിലുള്ള പരിശ്രമങ്ങൾ പരാജയപ്പെടുമ്പോൾ ആണ് കുറച്ചു കൂടി മെച്ചപ്പെട്ട രീതിയിൽ പരിശ്രമിക്കേണ്ടത്. നഗ്നനേത്രങ്ങൾ കൊണ്ടും മൊബൈൽ ഫ്ലാഷ് ഉപയോഗിച്ചും കണ്ടെത്താൻ കഴിയാതിരുന്ന ഒളിക്യാമറ കണ്ടെത്താൻ റേഡിയോ ഫ്രീക്വൻസി ഡിറ്റക്ടർ ആണ് അടുത്ത ഘട്ടത്തിൽ ഉപയോഗിച്ചത്. ഒളിക്യാമറയ്ക്ക് സമീപമെത്തിയാൽ ഈ ഡിറ്റക്ടർ ശബ്ദമുണ്ടാക്കും. എന്നാൽ, ഇത് ബീപ് ശബ്ദം പുറപ്പെടുവിക്കുമെങ്കിലും ക്യാമറ എവിടെയെന്ന് കണ്ടെത്താൻ സഹായകമാകില്ല. കാരണം, മുറിയിൽ എവിടെയെങ്കിലും ക്യാമറ ഉണ്ടെങ്കിൽ മുറിയിൽ വെറുതെ ഇരിക്കുകയാണെങ്കിലും അത് ബീപ് ശബ്ദം പുറപ്പെടുവിക്കും.
അടുത്തതായി ലെൻസ് ഡിറ്റക്ടർ
വില കുറഞ്ഞതും കൊണ്ടു നടക്കാൻ എളുപ്പമുള്ളതുമായ ഉപകരണമാണ് ലെൻസ് ഡിറ്റക്ടർ. ഉപയോഗിക്കാനും എളുപ്പമാണ്. ഈ ഡിവൈസ് ഒരു ഇൻഫ്രാറെഡ് ലൈറ്റ് പുറപ്പെടുവിക്കുകയും ക്യാമറയുള്ള സ്ഥലത്തിന് സമീപം ഒരു ചുവന്ന കുത്ത് പോലെ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇതിലെ പ്രധാന പ്രശ്നം, ഈ ഉപകരണം പ്രവർത്തിക്കണമെങ്കിൽ ക്യാമറ അതിന് സമീപത്ത് ആയിരിക്കണം.
അഡ്വാൻസ്ഡ് ലെൻസ് ഡിറ്റക്ടർ
ഏറ്റവും അവസാനമായി ഒളിക്യാമറകളെ കണ്ടെത്താൻ അഡ്വാൻസ് ലെൻസ് ഡിറ്റക്ടർ ആണ് ഉപയോഗിച്ചത്. ബൈനോക്കുലറുകളോട് സാമ്യമുള്ള ഇത് ക്യാമറ ലെൻസിൽനിന്ന് പ്രതിഫലിക്കുന്ന പ്രകാശത്തെയാണ് കാണിക്കുന്നത്. ദൂരെനിന്നു പ്രവർത്തിക്കുന്നു എന്നതാണ് ഈ ഉപകരണത്തിന്റെ ഗുണം. പ്രകാശമുള്ളതും ഇരുണ്ടതുമായ മുറികളിൽ ഇത് പ്രവർത്തിക്കുന്നു. ലെൻസിൽ കൂടി നേരെ നോക്കിയാൽ മാത്രമേ ക്യാമറ കാണാൻ കഴിയുകയുള്ളൂ. ഈ ഡിവൈസ് ഉപയോഗിച്ചുള്ള പരിശോധനയിൽ ഏകദേശം 11 ക്യാമറകളാണ് കണ്ടെത്താൻ കഴിഞ്ഞത്. എന്നിരുന്നാലും ഈ ഡിവൈസ് ഉപയോഗിച്ച് പരിശോധിക്കുമ്പോൾ എങ്ങനെ പരിശോധിക്കുന്നു എന്നുള്ളത് പ്രധാനമാണ്.
27 ഒളിക്യാമറകൾ സ്ഥാപിച്ച ഒരു മുറിയിൽ വിവിധ തരത്തിലുള്ള പരിശോധനകളിലൂടെ കണ്ടെത്താൻ കഴിഞ്ഞത് വെറും 17 ക്യാമറകൾ. ഇതിൽനിന്നു വ്യക്തമാകുന്നത് ഒളിക്യാമറകളെ കണ്ടെത്താനുള്ള സാങ്കേതികവിദ്യ ഏറെ വളരാനുണ്ട്. എന്നാൽ, ഒന്നിനും പിടി കൊടുക്കാതെ ഒളിക്യാമറകൾ ഒരു ഭീഷണിയായി വളരുകയും ചെയ്യുന്നു.