ADVERTISEMENT

വിനോദസഞ്ചാരം പ്രധാന വരുമാന മാർഗമായുള്ള രാജ്യങ്ങളിൽ ഒന്നാണ് തായ്‌ലൻഡ്. എന്നാൽ കോവിഡ് മഹാമാരി തായ്‌ലൻഡിന്റെയും ടൂറിസം മേഖലയിൽ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചത്. കോവിഡ് ഭീതിയിൽനിന്നു ലോകം മുക്തമായെങ്കിലും തായ്‌ലൻഡിലെ വിനോദ സഞ്ചാരമേഖലയിൽ അത് പ്രതിഫലിച്ചു തുടങ്ങിയിട്ടില്ല. അതുകൊണ്ട് രാജ്യത്തേക്കു കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ ശ്രമിക്കുകയാണ് തായ്‌ലൻഡ് സർക്കാർ. ഇതിന്റെ ഭാഗമായി, രാജ്യത്തെത്തുന്ന സഞ്ചാരികൾക്കായി മെഡിക്കൽ കവറേജ് സൗകര്യം ഒരുക്കിയിട്ടുണ്ട്. മന്ദഗതിയിലായ വിനോദസഞ്ചാര മേഖലയെ കൂടുതൽ സജീവമാക്കാൻ ഇത് ഉപകരിക്കുമെന്നാണ് പ്രതീക്ഷ.

Phi Phi Islands-Thailand, Image : vuk8691/istockphoto
Phi Phi Islands-Thailand, Image : vuk8691/istockphoto

മരണം സംഭവിച്ചാൽ പത്തുലക്ഷം തായി ബാറ്റ്

പുതിയ പദ്ധതി അനുസരിച്ച്, അപകടം സംഭവിച്ചാൽ മെഡിക്കൽ കവറേജിന്റെ ഭാഗമായി 14,000 യു എസ് ഡോളർ സഞ്ചാരിക്കു ലഭിക്കും.  മരിച്ചാൽ ഏകദേശം 37,270 യുഎസ് ഡോളർ നഷ്ടപരിഹാരത്തുക കുടുംബത്തിനു ലഭിക്കും. സ്ഥിരമായി അംഗവൈകല്യമുണ്ടാകുകയോ അവയവം നഷ്ടപ്പെടുകയോ ചെയ്താൽ 300,000 തായി ബാറ്റ് ആണ് നഷ്ടപരിഹാരമായി ലഭിക്കുക. സംഭവം നടന്നു 15 ദിവസത്തിനുള്ളിൽ വിദേശ വിനോദസഞ്ചാരികൾക്ക് ചികിത്സച്ചെലവ് ക്ലെയിം ചെയ്യാം. ക്ലെയിം ചെയ്താൽ 15 ദിവസത്തിനുള്ളിൽ നഷ്ടപരിഹാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പോസ്റ്റൽ ആയോ ഇ-മെയിൽ ആയോ അപേക്ഷിക്കാവുന്നതാണ്. മെഡിക്കൽ കവറേജിന് അപേക്ഷിക്കുന്ന വിദേശ വിനോദ സഞ്ചാരികൾ പ്രൊവിൻഷ്യൽ ടൂറിസം ആൻഡ് സ്പോർട്സ് ഓഫിസുകളിലോ ബാങ്കോക്ക് വിമാനത്താവളത്തിലെ ടൂറിസ്റ്റ് അസിസ്റ്റൻസിലോ ആണ് രേഖകൾ സമർപ്പിക്കേണ്ടത്. 

സഞ്ചാരികളെ ആകർഷിക്കാൻ മെച്ചപ്പെട്ട സുരക്ഷയും സാമ്പത്തിക പരിരക്ഷയും

രാജ്യത്തെ വിനോദസഞ്ചാര മേഖലയുടെ പുനരുജ്ജീവനത്തിന് ഈ പുതിയ നീക്കത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. സഞ്ചാരികൾക്കായി മെച്ചപ്പെട്ട സുരക്ഷാ നടപടികളാണ് ഒരുക്കിയിരിക്കുന്നത്. മെച്ചപ്പെട്ട സുരക്ഷയും സാമ്പത്തിക പരിരക്ഷയും ഉറപ്പു വരുത്തുന്നതിലുടെ കൂടുതൽ ആളുകൾ എത്തുമെന്നാണ് കരുതുന്നത്.  ഈ വർഷം ജനുവരി ഒന്നിന് ആരംഭിച്ച തായ്‌ലൻഡ് ട്രാവലർ സേഫ്റ്റി സ്കീം ഓഗസ്റ്റ് 31 വരെയാണ്. രാജ്യത്തേക്ക് എത്തുന്ന സഞ്ചാരികൾക്ക് ശ്രദ്ധയും പരിചരണവും ഉറപ്പു വരുത്താനാണ് ഈ പദ്ധതിയെന്ന് ടൂറിസം മന്ത്രി സുദവൻ വാങ്സുഫകിജ്കോസോൾ പറഞ്ഞു. സഞ്ചാരികൾക്ക് തായ്‌ലൻഡ് ട്രാവലർ സേഫ്റ്റി വെബ്സൈറ്റ് വഴി സ്കീമിൽ എൻറോൾ ചെയ്യാവുന്നതാണ്.

യുവത്വത്തെ ആകർഷിക്കുന്ന തായ്‌ലൻഡ്

യാത്ര ഇഷ്ടപ്പെടുന്ന, ലോകം മുഴുവനുമുള്ള ചെറുപ്പക്കാരെ ഒരുപോലെ ആകർഷിക്കുന്ന രാജ്യമാണ് തായ്‌ലൻഡ്. മനോഹരമായ ബീച്ചുകളും ആകർഷകമായ സംസ്കാരവും സാഹസിക വിനോദങ്ങളുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകർഷിക്കുന്നത്. തായ്‌ലൻഡ് ട്രാവലർ സേഫ്റ്റി സ്കീം പോലുള്ള സംരംഭങ്ങളിലൂടെ പുതിയ യാത്രക്കാരെ ആകർഷിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അവധിക്കാലം അടിപൊളി ആയി ആഘോഷിക്കാൻ ആഗ്രഹിക്കുന്നവരെയും ശാന്തമായി ചെലവഴിക്കാൻ ഇഷ്ടപ്പെടുന്നവരെയും ഒരുപോലെ ആകർഷിക്കുക എന്നതാണ് സർക്കാർ ലക്ഷ്യം വയ്ക്കുന്നത്.

മെഡിക്കൽ കവറേജ് ലഭിക്കും, പക്ഷേ നിബന്ധനകളുണ്ട്

വിനോദ സഞ്ചാരികൾക്ക് മെഡിക്കൽ കവറേജിന് ചില നിബന്ധനകളുണ്ട്. അശ്രദ്ധ മൂലമുണ്ടാകുന്ന അപകടങ്ങൾ, കരുതിക്കൂട്ടിയുള്ള അപകടങ്ങൾ, നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ മൂലമുണ്ടാകുന്ന അപകടങ്ങൾ എന്നിവ മെഡിക്കൽ കവറേജിൽനിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. 

2024 ൽ തായ്‌ലൻഡ് ലക്ഷ്യമിടുന്നത് മൂന്നരക്കോടി സഞ്ചാരികളെ

കഴിഞ്ഞവർഷം തായ്‌ലൻഡിൽ ആകെ എത്തിയ സഞ്ചാരികൾ 2.8 കോടി ആണ്. മുൻ വർഷത്തെ അപേക്ഷിച്ച് ഇത് കൂടുതൽ ആയിരുന്നു. 2022ൽ ആകെ 1.1 കോടി സഞ്ചാരികൾ ആയിരുന്നു തായ്‌ലൻഡിൽ എത്തിയത്. എന്നാൽ, കോവിഡ് മഹാമാരി എത്തുന്നതിനു തൊട്ടു മുമ്പത്തെ വർഷമായ 2019ൽ തായ്‌ലൻഡിലേക്ക് നാലു കോടി സഞ്ചാരികൾ ആയിരുന്നു എത്തിയത്. ഇതുമായി താരതമ്യം ചെയ്യുമ്പോൾ, നിലവിൽ രാജ്യത്തേക്ക് എത്തുന്ന സഞ്ചാരികൾ വളരെ കുറവാണ്. 2024ൽ മൂന്നരക്കോടി സഞ്ചാരികളെ എങ്കിലും രാജ്യത്ത് എത്തിക്കാനാണ് തായ്‌ലൻഡ് ശ്രമിക്കുന്നത്. ഇതിൽ നിന്ന് 55 ബില്യൺ യു എസ് ഡോളർ വരുമാനമാണ് തായ്‌ലൻഡ് പ്രതീക്ഷിക്കുന്നത്.

തായ്‌ലൻഡ് യാത്രയിൽ മെഡിക്കൽ കവറേജ് ആനുകൂല്യം ലഭിക്കണമെന്നുള്ളവർ ഓഗസ്റ്റ് 31ന് മുൻപു യാത്ര നടത്തണം.

English Summary:

Thailand announces medical coverage.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com