കീശ കാലിയാകാതെ യാത്ര ചെയ്യാന്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം
Mail This Article
യാത്രകള്‍ വലിയ പണച്ചെലവുള്ള ഏര്‍പ്പാടാണെന്ന ധാരണ പലര്‍ക്കുമുണ്ട്. അതുകൊണ്ട് ഭൂരിഭാഗം ആളുകളും യാത്രകള്‍ നീട്ടിവയ്ക്കും. പോകുന്ന സ്ഥലത്തെക്കുറിച്ചും എന്തിനാണ് പോകുന്നതെന്നതിനെക്കുറിച്ചും എന്തൊക്കെ കാണണം, എവിടെ താമസിക്കണം എന്നതിനെക്കുറിച്ചുമെല്ലാം ധാരണയും കൃത്യമായ ആസൂത്രണവുമുണ്ടെങ്കിൽ സാമ്പത്തിക ബാധ്യതയുണ്ടാകാതെ യാത്ര ചെയ്യാം. കീശ കാലിയാവാതെ യാത്ര ചെയ്യാന്‍ സഹായിക്കുന്ന ചില സൂത്രങ്ങള്‍ നോക്കാം. Read More : ഈ വർഷത്തെ നീണ്ട അവധികൾ നേരത്തേ അറിയാം; യാത്രകൾ തീരുമാനിക്കാം ...
പ്ലാനിങ്
യാത്രകളില്‍ പ്ലാനിങ് വളരെ പ്രധാനമാണ്. യാത്രയ്ക്ക് പ്രായോഗികമായി തോന്നുന്ന ബജറ്റ് നിശ്ചയിക്കുക. യാത്രയുടേയും താമസത്തിന്റേയും ഭക്ഷണത്തിന്റേയും ഷോപ്പിങ്ങിന്റെയുമെല്ലാം ചെലവുകള്‍ ഉള്‍പ്പെടുത്തണം. യാത്രയ്ക്കിടെ അടിയന്തര സാഹചര്യം എന്തെങ്കിലും നേരിടേണ്ടി വന്നാല്‍ അതിനായി കുറച്ച് തുക കൂടുതലായി കരുതണം. കൃത്യമായ ബജറ്റ്, യാത്രയ്ക്കിടെ വ്യക്തതയോടെ തീരുമാനങ്ങളെടുക്കാന്‍ നിങ്ങളെ സഹായിക്കും.
ലക്ഷ്യ സ്ഥാനത്തെക്കുറിച്ച് വിശദമായി പഠിക്കണം. താമസ ചെലവുകളും യാത്രയ്ക്കു വേണ്ടി വരുന്ന ചെലവുകളും എവിടെയെങ്കിലും പ്രവേശിക്കണമെങ്കില്‍ അതിനുള്ള ടിക്കറ്റ് തുകയുമെല്ലാം മനസ്സിലാക്കിവയ്ക്കണം. ട്രാവല്‍ ആപ്പുകളുടെയും വെബ് സൈറ്റുകളുടേയും സേവനം ഇതിനായി ഉപയോഗിക്കാം..
സീസണ്‍ വേണ്ട
ബജറ്റ് ട്രാവലിങ്ങാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ സീസണ്‍ ഒഴിവാക്കിയാല്‍ത്തന്നെ വലിയൊരു തുക ലാഭിക്കാം. അപ്പോഴും നിങ്ങള്‍ ഏതു ലക്ഷ്യത്തിനാണ് പോകുന്നതെന്ന ധാരണ വേണം. മണാലിയില്‍ മഞ്ഞുകാണാന്‍ വേനല്‍ക്കാലത്തു പോയിട്ടു കാര്യമില്ലല്ലോ. മഞ്ഞില്ലെങ്കിലും ഹിമാലയന്‍ ഗ്രാമങ്ങളില്‍ ആപ്പിള്‍ കായ്ക്കുന്ന കാലവും ട്രക്കിങ്ങിന് അനുയോജ്യമായ കാലവുമെല്ലാം ഓഫ് സീസണ്‍ പരിധിയില്‍ പെടും. പൊതുവേയുള്ള ലക്ഷ്യങ്ങളേക്കാള്‍ നിങ്ങളുടെ സ്വന്തം ലക്ഷ്യങ്ങള്‍ തിരിച്ചറിഞ്ഞ് അതിന് അനുയോജ്യമായ സ്ഥലവും സമയവും തിരഞ്ഞെടുക്കുന്ന വേറിട്ട യാത്രകള്‍ ചെലവു കുറയ്ക്കും. സീസണ്‍ അല്ലെങ്കില്‍ വിമാനടിക്കറ്റും ഹോട്ടല്‍ മുറിയും മുതല്‍ ഭക്ഷണം വരെ കുറഞ്ഞ ചെലവില്‍ ലഭിക്കാന്‍ സാധ്യത ഏറെയാണ്.
തീയതിയില്‍ കടുംപിടുത്തം
യാത്രയ്ക്കായുള്ള ലക്ഷ്യസ്ഥാനവും സമയവും തീരുമാനിച്ചു കഴിഞ്ഞാല്‍ ഗൂഗിള്‍ ഫ്‌ളൈറ്റ്‌സ്, സ്‌കൈ സ്‌കാനര്‍ എന്നിങ്ങനെയുള്ള വെബ്‌സൈറ്റുകളുടെ സഹായത്തില്‍ വിമാന ടിക്കറ്റ് നിരക്കുകള്‍ താരതമ്യം ചെയ്യാം. കുറഞ്ഞ നിരക്കുള്ള ദിവസങ്ങളിലേക്ക് യാത്ര മാറ്റാന്‍ തയാറാവണം. തീയതിയുടെ കാര്യത്തില്‍ കടുംപിടുത്തം ഒഴിവാക്കുന്നതും ബജറ്റ് യാത്രകളെ സഹായിക്കും. ലക്ഷ്യ സ്ഥലത്തെ പ്രധാന വിമാനത്താവളം അല്ലാതെ അടുത്തുള്ള മറ്റേതെങ്കിലും വിമാനത്താവളവും തിരഞ്ഞെടുക്കാം. ഇതും ടിക്കറ്റ് നിരക്ക് കുറയ്ക്കും.
താമസം
യാത്രകളിലെ മറ്റൊരു പ്രധാന ചെലവ് താമസത്തിനുള്ളതാണ്. യൂത്ത് ഹോസ്റ്റലുകളെയും ഡോര്‍മിറ്ററികളെയും ആശ്രയിച്ചാല്‍ ഹോട്ടല്‍ മുറിയേക്കാള്‍ ചെലവ് കുറയും. ഇത്തരം സാഹചര്യങ്ങളില്‍ സമാന ചിന്താഗതിയുള്ള സുഹൃത്തുക്കളെയും ലഭിക്കും. സര്‍ക്കാര്‍ ഗെസ്റ്റ് ഹൗസുകളും ഹോം സ്‌റ്റേകളുമുണ്ടെങ്കില്‍ അതും നല്ല ഓപ്ഷനാണ്.
പൊതുഗതാഗതം
പൊതുഗതാഗതം തിരഞ്ഞെടുത്താല്‍ അതും ചെലവു കുറയ്ക്കും. മാത്രമല്ല ആരുടേയും കബളിപ്പിക്കലിനു വിധേയരാവാതെ ലക്ഷ്യസ്ഥാനത്തേക്കെത്താനുമാവും. ബസുകള്‍ മാത്രമല്ല ട്രെയിനുകളും മെട്രോകളുമെല്ലാം ഇതിനായി ഉപയോഗിക്കാം. ഏതു നാട്ടിലേക്കാണോ പോവുന്നത് അവിടെ പ്രചാരത്തിലുള്ള ട്രാന്‍സ്‌പോര്‍ട്ട് ആപ്പുകള്‍ ഏതെന്നു തിരിച്ചറിഞ്ഞ് ഡൗണ്‍ലോഡ് ചെയ്തു വയ്ക്കണം.
നാട്ടുകാരെ പോലെ ഭക്ഷണം
എവിടെ ചെന്നാലും സ്വന്തം ഭക്ഷണ മെനു വിട്ടൊരു കളിയില്ലെന്നു നിര്‍ബന്ധമുള്ളവരാണ് നിങ്ങളെങ്കില്‍ ബജറ്റ് യാത്രകള്‍ നിങ്ങള്‍ക്കു ചേര്‍ന്നതല്ല. ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കഷ്ണം തിന്നണം എന്ന പഴഞ്ചൊല്ല് ബജറ്റ് ട്രാവലിന്റെ അടിസ്ഥാന പാഠമാണ്. ഏതു നാട്ടിലാണോ ചെല്ലുന്നത് ആ നാട്ടുകാരെ പോലെ ഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. നല്ല, മിതമായ നിരക്കിലുള്ള ഭക്ഷണം ഉറപ്പിക്കാന്‍ ഇതു സഹായിക്കും. പ്രാദേശിക ഭക്ഷണങ്ങള്‍ രുചിച്ചു നോക്കാനുള്ള സാധ്യത പരമാവധി ഉപയോഗപ്പെടുത്തണം. തിരക്കുള്ള ചെറിയ ഭക്ഷണശാലയായിരിക്കും തിരക്കില്ലാത്ത വലിയ ഭക്ഷണശാലയേക്കാള്‍ പലപ്പോഴും ഭക്ഷണകാര്യത്തില്‍ സുരക്ഷിതം.
സൗജന്യ കാഴ്ചകള്‍
ഏതു നാട്ടിലും സൗജന്യമായോ വളരെ കുറഞ്ഞ നിരക്കിലോ ടിക്കറ്റ് നല്‍കുന്ന മ്യൂസിയങ്ങളും മറ്റുമുണ്ട്. മാത്രമല്ല നിങ്ങള്‍ പോവുന്ന സ്ഥലത്തിന് എന്നൊക്കെയാണ് അവധിയെന്നും എപ്പോഴാണ് പ്രവൃത്തി സമയമെന്നും മുന്‍കൂട്ടി അറിഞ്ഞിരിക്കണം. മലകയറ്റവും സൈക്കിള്‍ യാത്രയും പ്രാദേശിക പാര്‍ക്കിലേക്കുള്ള യാത്രയുമെല്ലാം നിങ്ങളുടെ യാത്രയെ കുറഞ്ഞ ചെലവില്‍ പരമാവധി ആസ്വദിക്കാന്‍ സഹായിക്കും. പ്രാദേശിക ആഘോഷങ്ങളും അവയുടെ സമയവും മനസ്സിലാക്കി വയ്ക്കുക. നിങ്ങള്‍ പോവുന്ന സമയത്ത് പ്രാദേശിക ആഘോഷങ്ങളുണ്ടെങ്കില്‍ ആസ്വദിക്കാന്‍ വിട്ടുപോവരുത്.
ആത്മാര്‍ഥമായി ആഗ്രഹിക്കുന്നവര്‍ക്കു മുന്നില്‍ എന്നും തുറന്നു കിടക്കുന്ന വാതിലുകളാണ് യാത്രകളുടേത്. കൃത്യമായ ആസൂത്രണവും ശരിയായ സമീപനവുമെല്ലാം നിങ്ങളുടെ യാത്രകള്‍ സുന്ദരവും ചെലവു കുറഞ്ഞതുമാക്കും.