നാഷനല്‍ പാര്‍ക്കുകളിൽ സന്ദർശകരുടെ എണ്ണം കൂടുന്നു...

Mail This Article
കഴിഞ്ഞ വര്‍ഷം നാഷനല്‍ പാര്‍ക്ക് സര്‍വീസ് സൈറ്റുകൾ സന്ദര്‍ശിച്ചവരുടെ വിശദമായ പട്ടിക പുറത്തുവിട്ട് യുഎസ്. എന്‍പിഎസിനു (നാഷനല്‍ പാര്‍ക്ക് സര്‍വീസ്) കീഴിലുള്ള 400 ലേറെ സൈറ്റുകളില്‍ 32.55 കോടിയിലേറെ പേരാണ് സന്ദര്‍ശകരായെത്തിയത്. 2022നെ അപേക്ഷിച്ച് സന്ദര്‍ശകരുടെ എണ്ണത്തില്‍ 1.3 കോടി അഥവാ നാലു ശതമാനത്തിന്റെ വര്‍ധനവുണ്ടായിട്ടുണ്ട്. അതേസമയം, കോവിഡിന് മുമ്പ് 2016ല്‍ രേഖപ്പെടുത്തിയ 33.09 കോടിയെന്ന റെക്കോർഡ് മറികടക്കാനും സാധിച്ചിട്ടില്ല.
‘‘ഹവായ്‌യിലെ കലോകോ ഹൊനോകൊഹാവു നാഷനല്‍ ഹിസ്‌റ്റോറിക് പാര്‍ക്ക് മുതല്‍ സൗത്ത് കാരോലൈനയിലെ കോണ്‍ഗരീ നാഷനല്‍ പാര്‍ക്ക് വരെ, നമ്മുടെ ചരിത്രം പഠിക്കാനും അറിയാനും കൂടുതല്‍ സന്ദര്‍ശകരെത്തുന്നുണ്ട്’’ – എന്നായിരുന്നു സന്ദര്‍ശകരുടെ കണക്കുകള്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ നാഷനല്‍ പാര്‍ക്ക് സര്‍വീസ് ഡയറക്ടര്‍ ചുക് സാംസ് പറഞ്ഞത്.

കൂടുതല്‍ സന്ദര്‍ശകരെത്തിയ എന്‍പിഎസ് കേന്ദ്രങ്ങള്‍
മലനിരകളാല്‍ സമ്പന്നമായ, ഏതു കാലത്തും സുന്ദരമായ കാഴ്ചകളുള്ള, പ്രകൃതിഭംഗി നിറഞ്ഞ ബ്ലൂ റിഡ്ജ് പാര്‍ക്ക്‌വേയാണ് കൂടുതല്‍ സന്ദര്‍ശകരെത്തിയ എന്‍പിഎസ് കേന്ദ്രങ്ങളിൽ ഒന്നാം സ്ഥാനത്തുള്ളത്. ആകെ കാഴ്ചക്കാരില്‍ 5.15 ശതമാനം ബ്ലൂ റിഡ്ജ് പാര്‍ക്ക് വേ കാണാനെത്തിയവരായിരുന്നു. ആദ്യ പത്തിൽ പുതിയതായി ഇടംപിടിച്ചത് അരിസോണയിലും യുട്ടായിലുമായി കിടക്കുന്ന ഗ്ലെന്‍ കാന്യന്‍ എന്‍ആര്‍എയാണ്. 2022ല്‍ ആദ്യ പത്തിലുണ്ടായിരുന്ന, വാഷിങ്ടൻ ഡിസിയിലെ വിയറ്റ്‌നാം വെറ്ററന്‍സ് മെമ്മോറിയല്‍ പന്ത്രണ്ടാം സ്ഥാനത്തേക്കിറങ്ങി.
2023ല്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെത്തിയ എന്‍പിഎസ് കേന്ദ്രങ്ങള്‍ അറിയാം.
1 ബ്ലൂ റിഡ്ജ് പാര്‍ക്ക്‌വേ (1.67 കോടി).
2 ഗോള്‍ഡന്‍ ഗേറ്റ് നാഷനല്‍ റിക്രിയേഷന്‍ ഏരിയ (1.49 കോടി).
3 ഗ്രേറ്റ് സ്‌മോക്കി മൗണ്ടന്‍സ് നാഷനല്‍ പാര്‍ക്ക് (1.33 കോടി).
4 ഗേറ്റ്‌വേ നാഷനല്‍ റിക്രിയേഷനല്‍ പാര്‍ക്ക് (87 ലക്ഷം).
5 ഗള്‍ഫ് ഐലന്റ്‌സ് നാഷനല്‍ സീഷോര്‍ (82 ലക്ഷം).
6 ലിങ്കൻ സ്മാരകം (80 ലക്ഷം).
7 ജോര്‍ജ് വാഷിങ്ടൻ മെമ്മോറിയല്‍ പാര്‍ക്ക്‌വേ (73.9 ലക്ഷം).
8 നാചെസ് ട്രേസ് പാര്‍ക്ക്‌വേ (67.8 ലക്ഷം).
9 ലേക്ക് മീഡ് നാഷനല്‍ റിക്രിയേഷന്‍ ഏരിയ (57.9 ലക്ഷം).
10 ഗ്ലെന്‍ കാന്യന്‍ നാഷനല്‍ റിക്രിയേഷന്‍ ഏരിയ (52 ലക്ഷം).

അമേരിക്കയിലെ ദേശീയ പാര്‍ക്കുകളും സ്മാരകങ്ങളും മറ്റു ചരിത്ര സംരക്ഷണ കേന്ദ്രങ്ങളും വിനോദ- പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളുമെല്ലാം നാഷനല്‍ പാര്‍ക്ക് സര്‍വീസിനു കീഴിലാണ്. ദേശീയ പാര്‍ക്കുകളുടെ മാത്രം പ്രത്യേക പട്ടികയും എന്‍പിഎസ് പുറത്തുവിട്ടിട്ടുണ്ട്. ഗ്രേറ്റ് സ്‌മോക്കി മൗണ്ടന്‍സ് നാഷനല്‍ പാര്‍ക്കാണ് ഈ പട്ടികയില്‍ ഒന്നാമതുള്ളത്. 2023ലെ ആദ്യ പത്തില്‍ പുതിയതായി ഇടം കണ്ടെത്തിയത് ഒമ്പത് പത്ത് സ്ഥാനങ്ങളിലുള്ള ജോഷ്വ ട്രീ നാഷനല്‍ പാര്‍ക്കും ഒളിംപിക് നാഷനല്‍ പാര്‍ക്കുമാണ്. 2022 പട്ടികയിലുണ്ടായിരുന്ന ഒഹിയോയിലെ കുയാഹോഗ താഴ്‌വരയും മോണ്ടാനയിലെ ഗ്ലേസിയറും ആദ്യപത്തില്‍ നിന്നും പുറത്തായി. ആകെ എന്‍പിഎസ് കേന്ദ്രങ്ങളിലെ സന്ദര്‍ശകരുടെ എണ്ണവുമായി താരതമ്യം ചെയ്യുമ്പോള്‍ 28 ശതമാനമാണ് ദേശീയ പാര്‍ക്കുകള്‍ മാത്രം സന്ദര്‍ശിക്കാനെത്തിയത്.
1 ഗ്രേറ്റ് സ്‌മോക്കി മൗണ്ടന്‍സ് നാഷനല്‍ പാര്‍ക്ക് (1.33 കോടി).
2 ഗ്രാന്‍ഡ് കാന്യണ്‍ നാഷനല്‍ പാര്‍ക്ക് (47.3 ലക്ഷം).
3 സിയോണ്‍ നാഷനല്‍ പാര്‍ക്ക് (46.2 ലക്ഷം).
4 യെല്ലോസ്‌റ്റോണ്‍ നാഷനല്‍ പാര്‍ക്ക് (45 ലക്ഷം).
5 റോക്കി മൗണ്ടന്‍സ് നാഷനല്‍ പാര്‍ക്ക് (41.1 ലക്ഷം).
6 യോസ്‌മൈറ്റ് നാഷനല്‍ പാര്‍ക്ക് (38.9 ലക്ഷം).
7 അകാഡിയ നാഷനല്‍ പാര്‍ക്ക് (38.7 ലക്ഷം).
8 ഗ്രാന്‍ഡ് ടെടണ്‍ നാഷനല്‍ പാര്‍ക്ക് (34.1 ലക്ഷം).
9 ജോഷ്വ ട്രീ നാഷനല്‍ പാര്‍ക്ക് (32.7 ലക്ഷം).
10 ഒളിംപിക് നാഷനല്‍ പാര്‍ക്ക് (29.4 ലക്ഷം).
പല ദേശീയ പാര്‍ക്കുകളിലും സീസണ്‍ അല്ലാത്ത സമയത്തും സന്ദര്‍ശകര്‍ക്കു കുറവുണ്ടായില്ലെന്നും എന്‍പിഎസ് റിപ്പോര്‍ട്ട് പറയുന്നുണ്ട്. 20 ദേശീയ പാര്‍ക്കുകളില്‍ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതല്‍ സന്ദര്‍ശകര്‍ 2023ലുണ്ടായി. അത്രമേല്‍ പ്രസിദ്ധമല്ലാത്ത ഇഡാഹോയിലേയും വാഷിങ്ടനിലേയും മിനിഡോക്ക നാഷനല്‍ ഹിസ്‌റ്റോറിക് സൈറ്റ് 18,358 പേര്‍ സന്ദര്‍ശിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്തെ ഒരു കോണ്‍സൻട്രേഷന്‍ ക്യാംപായിരുന്നു ഇത്. ഇതുപോലെ വലിയ തോതില്‍ പ്രസിദ്ധമല്ലാത്ത കേന്ദ്രങ്ങളിലേക്കു പോലും കൂടുതലായി സന്ദര്‍ശകരെത്തുന്നതിലുള്ള സന്തോഷവും എന്‍പിഎസ് വാര്‍ത്താക്കുറിപ്പില്‍ ചുക് സാംസ് പ്രകടിപ്പിക്കുന്നുണ്ട്.