ADVERTISEMENT

ദക്ഷിണേന്ത്യയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ധനുഷ്‌കോടിക്കും രാമേശ്വരത്തിനും സവിശേഷ സ്ഥാനമുണ്ട്. 1914 ലാണ് മണ്ഡപത്തെയും രാമേശ്വരത്തെയും ബന്ധിപ്പിച്ചുകൊണ്ട് കടല്‍പാലം വരുന്നത്. നൂറ്റാണ്ടിലേറെ പഴക്കമുള്ള, രണ്ടു കിലോമീറ്ററിലേറെ നീളമുള്ള പാമ്പന്‍ പാലം രാജ്യത്തെ ഏറ്റവും നീളമുള്ള കടല്‍പാലമാണ്. കാലപ്പഴക്കം മൂലം അറ്റകുറ്റപ്പണികള്‍ അസാധ്യമായതോടെയാണ് പഴയ പാമ്പന്‍ പാലത്തിന് സമാന്തരമായി പുതിയ പാമ്പന്‍ പാലത്തിന്റെ പണി ആരംഭിച്ചത്. വൈകാതെ രാജ്യത്തെ ആദ്യ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് പാലമായ പാമ്പന്‍ പാലത്തിന്റെ പണി പൂര്‍ത്തിയാവും. 

<Digimax S600 / Kenox S600 / Digimax Cyber 630>
പാമ്പൻ പാലം

നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പാലമാണ് പാമ്പന്‍ പാലം. 1915 ല്‍ തുറന്നുകൊടുത്ത ഈ പാലത്തിലൂടെയാണ് സിലോണിലേക്ക് (ഇപ്പോഴത്തെ ശ്രീലങ്ക) ഇന്ത്യയില്‍ നിന്നുള്ള യാത്രികര്‍ പോയിരുന്നത്. ഇന്ന് രാമേശ്വരം വരെയാണ് തീവണ്ടിയെങ്കില്‍ അന്ന് ധനുഷ്‌കോടി വരെ തീവണ്ടി എത്തിയിരുന്നു. ധനുഷ്‌കോടിയില്‍നിന്നു 16 കിലോമീറ്റര്‍ മാത്രമാണ് ശ്രീലങ്കയിലേക്കുള്ള ദൂരം. 

എന്നാല്‍ 1964 ഡിസംബര്‍ 22 നുണ്ടായ ചുഴലിക്കാറ്റ് ധനുഷ്‌കോടിയെ വീണ്ടെടുക്കാനാവാത്തവിധം കശക്കിയെറിഞ്ഞുകളഞ്ഞു. അന്ന് 115 യാത്രികരുള്ള ഒരു ട്രെയിന്‍ പോലും കടലെടുത്തു, പട്ടണവും റോഡും റെയിൽവേപ്പാളവും നശിച്ചു. പാമ്പന്‍ പാലത്തിനും സാരമായ കേടുപാടുകള്‍ സംഭവിച്ചെങ്കിലും കപ്പലുകള്‍ വരുമ്പോള്‍ തുറക്കുന്ന ഭാഗത്തിന് തകരാറുണ്ടായില്ല. പ്രതീക്ഷിച്ചതിലും വേഗത്തില്‍ 46 ദിവസം കൊണ്ട് പാമ്പന്‍ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ തീര്‍ത്താണ് ഇ.ശ്രീധരന്‍ ശ്രദ്ധേയനാവുന്നത്. 

1988 ല്‍ റെയില്‍വേ ട്രാക്കിനു സമാന്തരമായി റോഡു വഴിയുള്ള പാലം വരുന്നതു വരെ രാമേശ്വരത്തുള്ളവര്‍ക്ക് വന്‍കരയുമായുള്ള ഏകബന്ധം ഈ പാമ്പന്‍ പാലമായിരുന്നു. ഇന്നും പാമ്പന്‍ പാലമെന്ന എന്‍ജിനീയറിങ് വിസ്മയം രാമേശ്വരത്തും ധനുഷ്‌കോടിയിലും എത്തുന്നവരെ ആകര്‍ഷിക്കുന്നു. പുതിയ പാമ്പന്‍ പാലത്തിന്റെ നിർമാണം 2019 നവംബറില്‍ പ്രഖ്യാപിച്ചപ്പോള്‍, 2022 മാര്‍ച്ചില്‍ പൂര്‍ത്തിയാക്കാമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ കോവിഡിന്റെ വരവ് പാലത്തിന്റെ നിര്‍മാണം വൈകിപ്പിച്ചു. 535 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പാമ്പന്‍ പാലത്തിന്റെ നിര്‍മാണം റെയില്‍വേ വികാസം നിഗം ലിമിറ്റഡിന്റെ നേതൃത്വത്തില്‍ അതിവേഗത്തില്‍ പുരോഗമിക്കുകയാണ്. 

രാമേശ്വരം തീര്‍ഥാടകര്‍ക്കും ധനുഷ്‌കോടിയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതായിരിക്കും പുതിയ പാമ്പന്‍ പാലം. പഴയ പാലത്തേക്കാള്‍ മൂന്നു മീറ്റര്‍ ഉയരം കൂടുതലുണ്ട് പുതിയ പാമ്പന്‍ പാലത്തിന്റെ തൂണുകള്‍ക്ക്. രാജ്യത്തെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് കടല്‍പാലമാണ് പാമ്പന്‍ പാലമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍പഴ്‌സൻ അറിയിച്ചിട്ടുണ്ട്. 

ട്രെയിന്‍ നിയന്ത്രണ സംവിധാനങ്ങളുമായി ബന്ധിപ്പിച്ചാണ് വെര്‍ട്ടിക്കല്‍ ലിഫ്റ്റ് സംവിധാനം പ്രവര്‍ത്തിക്കുക. ബോട്ടുകളും കപ്പലുകളും കടന്നു പോകുമ്പോൾ പാലം കുത്തനെ ഉയര്‍ത്തുകയും ട്രെയിന്‍ പോവേണ്ട സമയത്ത് താഴ്ത്തുകയും ചെയ്യും. പാമ്പന്‍ പാലത്തിന്റെ നടുവിലായുള്ള 72.5 മീറ്റര്‍ ഭാഗമാണ് ഇങ്ങനെ ഉയര്‍ത്തുക. 22 മീറ്റര്‍ വരെ ഉയരമുള്ള കപ്പലുകള്‍ക്ക് പാലത്തിനടിയിലൂടെ കടന്നു പോവാനാവും. 18.3 മീറ്റര്‍ അകലത്തിലുള്ള 100 തൂണുകളും നടുവിലായി 63 മീറ്ററുള്ള നാവിഗേഷന്‍ സ്പാനുമാണ് പുതിയ പാലത്തിലുള്ളത്. പുതിയ പാമ്പന്‍ പാലത്തിന്റെ പണി പൂര്‍ത്തിയാവുന്നതോടെ പാമ്പന്‍ ദ്വീപിലേക്കുള്ള യാത്രകള്‍ കൂടുതല്‍ എളുപ്പവും സുരക്ഷിതവുമാവും.

English Summary:

Pamban Bridge, India's First Vertical Lift Indian Railways Bridge Nears Completion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com