ADVERTISEMENT

വിദേശയാത്രകളില്‍ ഒഴിവാക്കാനാവാത്ത തിരിച്ചറിയല്‍ രേഖയാണ് പാസ്‌പോര്‍ട്ട്. അവധി ആഘോഷം, ജോലി, പഠനം എന്നിങ്ങനെ വിദേശയാത്രകള്‍ എന്തു ലക്ഷ്യത്തിനുമാവട്ടെ, കാലാവധിയുള്ള പാസ്‌പോര്‍ട്ട് നിര്‍ബന്ധമാണ്. ഒരിക്കല്‍ പാസ്‌പോര്‍ട്ട് എടുത്തതുകൊണ്ട് മാത്രം നിങ്ങള്‍ക്ക് എല്ലാക്കാലവും തടസങ്ങളില്ലാതെ വിദേശ യാത്ര നടത്താനാവില്ല. അതിന് കാലാവധി തീരും മുമ്പേ പാസ്‌പോര്‍ട്ട് പുതുക്കുകയും വേണം. ഇന്ത്യയില്‍ പൊതുവേ പത്തു വര്‍ഷമാണ് പാസ്‌പോര്‍ട്ടിന്റെ കാലാവധി. 

കാലാവധിയുടെ അവസാന വര്‍ഷം തന്നെ പാസ്‌പോര്‍ട്ട് പുതുക്കാം. ഇനി കാലാവധി കഴിഞ്ഞാലും പാസ്‌പോര്‍ട്ട് പുതുക്കാനായി മൂന്നു വര്‍ഷം വരെ സമയമുണ്ട്. കാലാവധി തീരുന്നതിന് ഒൻപതു മാസം മുൻപു പാസ്‌പോര്‍ട്ട് പുതുക്കുന്നതാണ് ഉചിതമെന്നാണ് കരുതപ്പെടുന്നത്. കാരണം പിന്നെയും വൈകിയാല്‍ ആറുമാസമെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ട് വേണമെന്ന രാജ്യങ്ങളുടെ പൊതു വീസ മാനദണ്ഡം പാലിക്കാന്‍ സാധിക്കാതെ വന്നേക്കാം. 

പ്രായപൂര്‍ത്തിയാകാത്തവരുടെ പാസ്‌പോര്‍ട്ട് നിയമങ്ങളില്‍ വ്യത്യാസമുണ്ട്. 18 വയസ്സിന് താഴെയുള്ളവര്‍ക്ക് അഞ്ചു വര്‍ഷത്തേക്കാണ് പാസ്‌പോര്‍ട്ട് അനുവദിക്കുക. അഞ്ചു വര്‍ഷം അല്ലെങ്കില്‍ 18 വയസ്സ്, ഏതാണോ ആദ്യം അവസാനിക്കുന്നത് അപ്പോള്‍ പാസ്‌പോര്‍ട്ട് പുതുക്കണം. 15 വയസ്സിനും 18 വയസ്സിനും ഇടയില്‍ പ്രായമുള്ളവര്‍ക്ക് പത്തു വര്‍ഷം കാലാവധിയില്‍ പാസ്‌പോര്‍ട്ട് എടുക്കാനുള്ള ഓപ്ഷനും ലഭ്യമാണ്. 

പാസ്‌പോര്‍ട്ട് പുതുക്കാന്‍ വേണ്ട രേഖകള്‍

താഴെ നല്‍കുന്ന രേഖകള്‍ പാസ്‌പോര്‍ട്ട് പുതുക്കാന്‍ ആവശ്യമാണ്

1. നിങ്ങളുടെ പാസ്‌പോര്‍ട്ട്. 

2. പാസ്‌പോര്‍ട്ടിന്റെ ആദ്യത്തെയും അവസാനത്തെ രണ്ടു പേജുകളുടെയും പകര്‍പ്പ്. 

3. ഇസിആര്‍ (Emigration Check Required)/ നോണ്‍ ഇസിആര്‍ പേജുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍. 

4. അഡ്രസ് പ്രൂഫ്. 

5. കാലാവധി കാണിക്കുന്ന പാസ്‌പോര്‍ട്ട് പേജിന്റെ പകര്‍പ്പ്.

6. ക്രിമിനൽ കേസുകൾ പോലുള്ളവ നേരിടുന്നവർക്കും വളരെ അത്യാവശ്യ ഘട്ടങ്ങളിലും താൽക്കാലികമായി ഷോർട്ട് വാലിഡിറ്റി പാസ്‌പോർട്ട് (എസ്‌വിപി) നൽകാറുണ്ട്. സാധാരണ ഇത് ഒരു വർഷത്തേക്കാണ് നൽകുന്ന പതിവുള്ളത്. പാസ്‌പോർട്ട് പുതുക്കുന്ന സമയത്ത്, എന്തു കാരണം കൊണ്ടാണോ എസ്‌വിപി നിങ്ങൾക്ക് അനുവദിച്ചത് ആ കാരണം ഇല്ലാതായി എന്നു കാണിക്കുന്ന രേഖകൾ ഹാജരാക്കണം. 

പാസ്‌പോര്‍ട്ട് പുതുക്കുന്നതിന് ഈ രേഖകള്‍ക്കൊപ്പം നിശ്ചിത ഫീസ് കൂടി നല്‍കേണ്ടതുണ്ട്. പ്രായപൂര്‍ത്തിയായവര്‍ക്ക് പത്തുവര്‍ഷത്തേക്ക് പാസ്‌പോര്‍ട്ട് പുതുക്കാന്‍ 36 പേജിന് 1,500 രൂപയാണ് അപേക്ഷാ ഫീസ്. തത്ക്കാലിൽ ലഭിക്കാൻ  2,000 രൂപ അധിക ഫീസ് നല്‍കണം. ഇനി 60 പേജാണെങ്കില്‍ പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് 2,000 രൂപയായി ഉയരും. 18 വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് അഞ്ച് വര്‍ഷം കാലാവധിയില്‍ പാസ്‌പോര്‍ട്ട് എടുക്കാന്‍ ഫീസ് ആയിരം രൂപയും തത്ക്കാലിൽ ലഭിക്കാൻ  2,000 രൂപ അധിക ഫീസും നല്‍കണം. ഇനി 15-18 പ്രായക്കാര്‍ക്കുള്ള 10 വര്‍ഷത്തെ പാസ്‌പോര്‍ട്ടെങ്കില്‍ പാസ്‌പോര്‍ട്ട് ഫീസ് 1,500 രൂപയായി ഉയരും. 

ഓണ്‍ലൈനായ് അപ്പോയ്മെന്റ് തീയതിയും സമയവും എടുത്ത ശേഷം അടുത്തുള്ള പാസ്‌പോര്‍ട്ട്  സേവാ കേന്ദ്രത്തിൽ എത്തി പാസ്പോർട്ട് പുതുക്കാം. ആദ്യം പാസ്‌പോര്‍ട്ട് സേവാ വെബ് സൈറ്റ് എടുക്കണം. സൈറ്റില്‍ റജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ലോഗിന്‍ ഐഡി എടുക്കണം. ഈ ലോഗിന്‍ ഉപയോഗിച്ച് പോര്‍ട്ടലിലേക്ക് പ്രവേശിച്ച ശേഷം അപ്ലൈ ഫോര്‍ എ ന്യൂ പാസ്‌പോര്‍ട്ട്/ റീ ഇഷ്യൂ ഓഫ് പാസ്‌പോര്‍ട്ട് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യണം. ശേഷം ആവശ്യപ്പെടുന്ന വിവരങ്ങളെല്ലാം നല്‍കിയെന്ന് ഉറപ്പു വരുത്തിയ ശേഷം പേമെന്റ് ആന്‍ഡ് ഷെഡ്യൂളിങ് ഓഫ് അപ്പോയിന്‍മെന്റ് തിരഞ്ഞെടുക്കണം. 

വെബ് സൈറ്റില്‍ നല്‍കിയിട്ടുള്ള പേമെന്റ് രീതികള്‍ ഉപയോഗപ്പെടുത്തി പണം അടയ്ക്കുക. പൂര്‍ണമായും വിവരങ്ങള്‍ നല്‍കിയ ഫോം സബ്മിറ്റു ചെയ്യുക. ഇതിനു ശേഷം പ്രിന്റ് ദ് അപ്ലിക്കേഷന്‍ റെസീപ്റ്റ് എന്ന ഓഫ്ഷനില്‍ ക്ലിക്ക് ചെയ്ത് പ്രിന്റെടുക്കാം. അതില്‍ പറഞ്ഞിരിക്കുന്ന ദിവസത്തിലും സമയത്തും അടുത്തുള്ള പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തില്‍ വേണ്ട രേഖകള്‍ സഹിതം ഹാജരായി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാം. 

Image Credit : Ground Picture /shutterstock
Image Credit : Ground Picture /shutterstock

ഇനി ഡിജി യാത്ര, ഇ പാസ്‌പോര്‍ട്ട്, ഇ വിസ, ഇ ടിക്കറ്റ്...

യാത്രകളും ഇനി ഡിജിറ്റലാവുകയാണ്. പ്രത്യേകിച്ച് രേഖകളൊന്നുമില്ലാതെ കയ്യും വീശി വിമാനത്താവളങ്ങളിലേക്കു വിദേശയാത്രയ്ക്കായി പോകാന്‍ സാധിക്കുന്ന കാലവും വിദൂരമല്ല. അടുത്തിടെയാണ് കടലാസു രഹിത വീസയുടെ പൈലറ്റ് പദ്ധതി അമേരിക്കന്‍ ഭരണകൂടം വിജയകരമായി പൂര്‍ത്തിയാക്കിയത്. ഇതു നിലവില്‍ വരുന്നതോടെ വീസ സ്റ്റാംപ് ചെയ്യുന്നതും പാസ്‌പോര്‍ട്ടില്‍ പതിക്കുന്നതും അടക്കമുള്ള പരമ്പരാഗത രീതികള്‍ ഇല്ലാതെയാവും. ഡിജി യാത്ര, ഇ പാസ്‌പോര്‍ട്ട്, ഇ വീസ, ഇ ടിക്കറ്റ് എന്നിങ്ങനെ യാത്രകള്‍ കൂടുതല്‍ കൂടുതല്‍ കടലാസു രഹിതവും എളുപ്പവുമാകുകയാണ്. 

ഡബ്ലിനിലേക്കു പോയ യുഎസ് നയതന്ത്ര സംഘമാണ് ആദ്യമായി കടലാസു രഹിത വീസയുമായി യാത്ര ചെയ്തത്. ഇക്കാര്യം അമേരിക്കന്‍ ഡപ്യൂട്ടി അസിസ്റ്റന്റ് സ്റ്റേറ്റ് സെക്രട്ടറി തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പദ്ധതി രാജ്യാന്തര തലത്തിൽ വ്യാപിപ്പിക്കണമെങ്കില്‍ ഒന്നര വര്‍ഷമെങ്കിലും എടുക്കും. അത് സാധ്യമായാല്‍ അമേരിക്കന്‍ വീസ നേരിട്ട് ഹാജരാക്കേണ്ട ആവശ്യമുണ്ടാവില്ല. വീസകള്‍ ആപ്ലിക്കേഷന്‍ വഴിയോ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ വഴിയോ പരിശോധിക്കും. 

Image Credit : Vinokurov Kirill/shutterstock
Image Credit : Vinokurov Kirill/shutterstock

ഇ വീസ

കംബോഡിയ, കെനിയ, ഓസ്‌ട്രേലിയ എന്നിങ്ങനെ നിരവധി രാജ്യങ്ങള്‍ ഇ വീസ നല്‍കുന്നുണ്ട്. പാസ്‌പോര്‍ട്ട് കൈവശം വച്ചുകൊണ്ടുതന്നെ വിശദാംശങ്ങള്‍ ഇ മെയില്‍ വഴി അയച്ചു കൊടുത്ത് വീസ പുതുക്കാന്‍ സഞ്ചാരികള്‍ക്ക് സാധിക്കും. എന്നാല്‍ ആദ്യമായി ഒരു രാജ്യത്തേക്ക് ഇ വീസ എടുക്കുമ്പോള്‍ നടപടിക്രമങ്ങളൊക്കെ സമാനമാണ്. പല രാജ്യങ്ങളുടേയും വീസ ലഭ്യമാവാന്‍ നിയമപ്രകാരമുള്ള അഭിമുഖത്തിന് വ്യക്തികള്‍ ഹാജരാവേണ്ടി വരും. ആദ്യമായി അപേക്ഷിക്കുന്നവരാണെങ്കില്‍ ഇ വീസയാണെങ്കിലും അല്ലെങ്കിലും നടപടികള്‍ ഏതാണ്ട് തുല്യമാണ്. മുൻപ് പേപ്പറിലാണ് വീസ അനുവദിച്ചിരുന്നതെങ്കില്‍ ഇ വീസയില്‍ പേപ്പറില്ലാതെയാണെന്ന വ്യത്യാസം മാത്രം. വീസ പുതുക്കുമ്പോള്‍ ഇ വീസയില്‍ കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാണ്. 

നിങ്ങള്‍ക്ക് ഏതു രാജ്യത്തേക്കാണോ പോക്ണ്ടത് ആ രാജ്യം നിശ്ചിത സമയത്തേക്ക് നല്‍കുന്ന യാത്രാ-താമസ അനുമതിയാണ് വീസ. അതാതു രാജ്യങ്ങളുടെ എംബസികള്‍ വഴിയാണ് ഈ യാത്രാ രേഖ ലഭിക്കുന്നത്. നിലവില്‍ വീസ ലഭിക്കണമെങ്കില്‍ കടലാസില്‍ അപേക്ഷയും അനുബന്ധ രേഖകളും പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും സഹിതം അപേക്ഷിക്കണം. ഈ ജോലികളെല്ലാം ഓണ്‍ലൈനായും ഡിജിറ്റലായും ചെയ്യാന്‍ ഇ വീസ സഹായിക്കും. 

Image Credit : one photo/shutterstock
Image Credit : one photo/shutterstock

ഇലക്ട്രോണിക് വീസ(ഇ വീസ) അല്ലെങ്കില്‍ ഇലക്ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍(ഇടിഎ) സംബന്ധിച്ച വിവരങ്ങള്‍ ഡിജിറ്റലായി സൂക്ഷിക്കും. ഒപ്പം നിങ്ങളുടെ പാസ്‌പോര്‍ട്ട് നമ്പറുമായി ഈ വിവരങ്ങള്‍ ബന്ധിപ്പിച്ചിരിക്കുകയും ചെയ്യും. ഇ വീസയില്‍ പ്രത്യേകം സ്റ്റിക്കര്‍ പതിപ്പിക്കുകയോ പാസ്‌പോര്‍ട്ട് സ്റ്റാമ്പ് ചെയ്യുകയോ വേണ്ടി വരുന്നില്ല. സര്‍ക്കാരുകളുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയോ ചുമതലപ്പെട്ട വീസ സേവന ദാതാക്കള്‍ വഴിയോ ഇ വീസ സ്വന്തമാക്കാം. ഓസ്‌ട്രേലിയ, കൊളംബിയ, ജോര്‍ജിയ, മൊറോക്കോ, മലേഷ്യ, റഷ്യ, സിംഗപ്പൂര്‍ എന്നിങ്ങനെ നിരവധി രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്ക് ഇ വീസ അനുവദിക്കുന്നുണ്ട്. 

ഡിജിറ്റല്‍ പാസ്‌പോര്‍ട്ട്

ഇന്ത്യയില്‍ വൈകാതെ വരുമെന്ന് പ്രതീക്ഷിക്കുന്ന ഇ പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് ഇതിനകം തന്നെ നടപ്പാക്കിയ രാജ്യങ്ങളുണ്ട്. ഫിന്‍ലന്‍ഡാണ് ഡിജിറ്റല്‍ പാസ്‌പോര്‍ട്ട് ലോകത്താദ്യമായി നടപ്പാക്കിയ രാജ്യം. ലണ്ടന്‍, മാഞ്ചസ്റ്റര്‍, എഡിന്‍ബറോ എന്നിവിടങ്ങളിലേക്കോ അവിടെ നിന്നോ ഫിന്‍എയറില്‍ യാത്ര ചെയ്യുന്ന ഫിന്‍ലന്‍ഡ് പൗരന്മാര്‍ക്കാണ് ഇ പാസ്‌പോര്‍ട്ട് ഉപയോഗിക്കാൻ സാധിക്കുന്നത്.

യാത്രികരുടെ ബയോമെട്രിക് വിവരങ്ങള്‍ അടക്കം ഇ പാസ്‌പോര്‍ട്ടില്‍ ശേഖരിച്ചിരിക്കും. ആവശ്യമുള്ള സമയത്തും സ്ഥലങ്ങളിലും ഈ വിവരങ്ങള്‍ ഒത്തു നോക്കും. പലപ്പോഴും യാത്രികര്‍ പോലും ഇക്കാര്യം അറിയണമെന്നില്ല. യാത്രകളെ കൂടുതല്‍ അനായാസവും വേഗത്തിലുമാക്കാന്‍ ഇ പാസ്‌പോര്‍ട്ട് സഹായിക്കും. പല വിമാനത്താവളങ്ങളും ഇ പാസ്‌പോര്‍ട്ടുള്ളവര്‍ക്ക് വളരെ എളുപ്പം സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കാനുള്ള സൗകര്യം നല്‍കുന്നുണ്ട്. 

ഇന്ത്യക്കു പുറമേ അമേരിക്ക, യു.കെ, പോളണ്ട്, ദക്ഷിണ കൊറിയ എന്നിങ്ങനെ നിരവധി രാജ്യങ്ങള്‍ പാസ്‌പോര്‍ട്ട് ഡിജിറ്റലാക്കാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോവുന്നുണ്ട്. 2021ല്‍ സിംഗപ്പൂര്‍ ഹെല്‍ത്ത്‌സെര്‍ട്‌സ് എന്ന പേരില്‍ ഒരു ഡിജിറ്റല്‍ ഹെല്‍ത്ത് പാസ്‌പോര്‍ട്ട് അവതരിപ്പിച്ചിരുന്നു. കോവിഡ് പരിശോധനാ വിവരങ്ങളും വാക്‌സിനേഷന്‍ വിവരങ്ങളും സൂക്ഷിക്കാന്‍ സഹായിക്കുന്നതായിരുന്നു ഇത്. 

ഇന്ത്യയുടെ 'ഡിജി യാത്ര'

അനായാസവും വേഗത്തിലുമുള്ള യാത്രയ്ക്കുവേണ്ടി സിവില്‍ വ്യോമയാന മന്ത്രാലയമാണ് ഡിജി യാത്രാ പ്രോഗ്രാം ആരംഭിച്ചത്. വിമാനത്താവളങ്ങളിലെ പരിശോധനകള്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് എളുപ്പമാക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണിത്. റെയില്‍വേ ടിക്കറ്റുകള്‍ എളുപ്പം ബുക്ക് ചെയ്യുന്നതിന് യുടിഎസ് മൊബൈല്‍ ആപ്ലിക്കേഷനും തുടങ്ങി. റിസര്‍വ് ചെയ്യാത്ത റെയില്‍വേ ടിക്കറ്റുകള്‍ എടുക്കുന്നതിനും പ്ലാറ്റ്‌ഫോം, സീസണ്‍ ടിക്കറ്റുകള്‍ എടുക്കുന്നതിനും ഈ ആപ്പ് സഹായിക്കും. ഇന്ത്യന്‍ റെയില്‍വേ അവതരിപ്പിച്ച അണ്‍റിസര്‍വ്ഡ് ടിക്കറ്റിങ് സിസ്റ്റം ആന്‍ഡ്രോയിഡ്, വിന്‍ഡോസ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. 

Image Credit: ArtWell/shutterstock
Image Credit: ArtWell/shutterstock

യുടിഎസ് വഴി പ്ലാറ്റ്‌ഫോം ടിക്കറ്റ് ബുക്കു ചെയ്യണമെങ്കില്‍ റെയില്‍വേ സ്‌റ്റേഷന്റെ രണ്ടു കിലോമീറ്റര്‍ ചുറ്റളവില്‍ ആപ് ഉപയോഗിക്കുന്ന ഉപകരണം ഉണ്ടാവണം. മൂന്ന്, ആറ്, 12 മാസത്തേക്കു വേണ്ട സീസണ്‍ ടിക്കറ്റുകള്‍ ഇതുവഴി എടുക്കാനാവും. കഴിഞ്ഞ ഏപ്രില്‍ മുതല്‍ നവംബര്‍ വരെയുള്ള കണക്കുകള്‍ പ്രകാരം സെന്‍ട്രല്‍ റെയില്‍വേക്കു കീഴിലുള്ള അഞ്ചു ഡിവിഷനുകളില്‍ 14.76 കോടി യാത്രികര്‍ യു.ടി.എസ് മൊബൈല്‍ ഉപയോഗിക്കുകയും ഇതുവഴി 161 കോടി രൂപ വരുമാനമുണ്ടാവുകയും ചെയ്തു. ഇതേ കാലയളവില്‍ മുംബൈ ഡിവിഷനില്‍ 14.44 കോടി യാത്രികര്‍ യു.ടി.എസ് ആപ് ഉപയോഗിക്കുകയും ഇതുവഴി  155.86 കോടി വരുമാനമുണ്ടാവുകയും ചെയ്തു.

എന്താണ് വീസയും പാസ്‌പോര്‍ട്ടും തമ്മിലുള്ള വ്യത്യാസം?

വിദേശയാത്രയ്ക്കു പോകുന്നവര്‍ക്ക് അത്യാവശ്യം വേണ്ട രണ്ടു രേഖകളാണ് വീസയും പാസ്‌പോര്‍ട്ടും. തികച്ചും വ്യത്യസ്ത ലക്ഷ്യങ്ങള്‍ക്കുവേണ്ടി വ്യത്യസ്ത സര്‍ക്കാര്‍ സംവിധാനങ്ങളാണ് ഇത് അനുവദിക്കുന്നത്. ഇവയുടെ ഉപയോഗത്തിലും വ്യത്യാസമുണ്ട്. എന്താണ് വീസയും പാസ്‌പോര്‍ട്ടും തമ്മിലുള്ള വ്യത്യാസം? എന്തിനുവേണ്ടിയാണ് ഈ നിര്‍ണായക യാത്രാരേഖകള്‍ ഉപയോഗിക്കുന്നത്?

പാസ്‌പോര്‍ട്ട്

വിദേശത്തേക്കുള്ള വാതിലെന്ന് ഒറ്റവാക്കില്‍ പാസ്‌പോര്‍ട്ടിനെ വിശേഷിപ്പിക്കാം. സര്‍ക്കാരുകള്‍ പൗരന്മാര്‍ക്കുവേണ്ടി അനുവദിക്കുന്ന യാത്രാ രേഖയാണിത്. ഇതിന്റെ ഉടമസ്ഥന്റെ വ്യക്തിവിവരങ്ങളും പൗരത്വവും സാക്ഷ്യപ്പെടുത്തുന്ന രേഖ കൂടിയാണ് പാസ്‌പോര്‍ട്ട്. രാജ്യാന്തരതലത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടിട്ടുള്ള പൗരത്വ രേഖയാണ് പാസ്‌പോര്‍ട്ട്. 

രാജ്യാന്തര അതിര്‍ത്തികള്‍ കടക്കണമെങ്കില്‍ പാസ്‌പോര്‍ട്ട് അത്യാവശ്യമാണ്. വ്യക്തിയുടെ പേര്, ജനനത്തീയതി, ചിത്രം, പ്രത്യേക തിരിച്ചറിയല്‍ നമ്പര്‍ എന്നിവയും പാസ്‌പോര്‍ട്ടില്‍ ഉണ്ടായിരിക്കും. നിങ്ങള്‍ക്ക് പാസ്‌പോര്‍ട്ട് ഉണ്ടെന്നു കരുതി വിദേശ രാജ്യങ്ങളിലേക്ക് സഞ്ചരിക്കാന്‍ അനുമതിയുണ്ടാവില്ല. വിദേശ രാജ്യങ്ങളിലേക്കു പോവുമ്പോള്‍ ഉപയോഗിക്കാവുന്ന തിരിച്ചറിയല്‍ രേഖ മാത്രമാണ് പാസ്‌പോര്‍ട്ട്. 

Read More : ഈ മൂന്നു പേര്‍ക്ക് പാസ്‌പോര്‍ട്ടില്ലാതെ ഏതു രാജ്യത്തേക്കും യാത്ര ചെയ്യാം

എല്ലാ പാസ്‌പോര്‍ട്ടിനും എക്‌സ്പയറി ഡേറ്റ് ഉണ്ടായിരിക്കും. യാത്രകള്‍ക്കു മുമ്പ് പാസ്‌പോര്‍ട്ടിന്റെ കാലാവധി ഉറപ്പുവരുത്തണം. ഭൂരിഭാഗം രാജ്യങ്ങളിലേക്കും പ്രവേശനം അനുവദിക്കണമെങ്കില്‍ ആറു മാസമെങ്കിലും കാലാവധിയുള്ള പാസ്‌പോര്‍ട്ട് വേണമെന്ന കാര്യം മറക്കരുത്. 

വീസ

പുറത്തുനിന്നുള്ള യാത്രികര്‍ക്ക് തങ്ങളുടെ രാജ്യത്തിലേക്ക് കടക്കാനും പുറത്തുപോവാനും താമസിക്കാനും രാജ്യത്തിന്റെ ഭരണകൂടങ്ങള്‍ നല്‍കുന്ന ഔദ്യോഗിക അനുമതിയാണ് വീസ. ജോലി, യാത്ര, പഠനം എന്നിങ്ങനെ വിവിധ ആവശ്യങ്ങള്‍ക്ക് വീസ അനുവദിക്കാറുണ്ട്. രാജ്യങ്ങള്‍ക്ക് അനുസരിച്ച് വീസക്ക് വേണ്ടി വരുന്ന രേഖകളിലും മാറ്റങ്ങളുണ്ടാവും. ചില രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് മറ്റു ചില രാജ്യങ്ങള്‍ സൗജന്യ വീസ അനുവദിക്കാറുണ്ട്. 

എല്ലാ വീസയിലും കാലാവധി പ്രത്യേകം പരാമര്‍ശിക്കാറുണ്ട്. അപേക്ഷയില്‍ തീരുമാനമെടുക്കാനുള്ള സമയം, ഫീസ്, ആവശ്യമുള്ള രേഖകള്‍ എന്നിങ്ങനെ നിരവധി കാര്യങ്ങളില്‍ ഓരോ രാജ്യത്തേയും വീസകളില്‍ വ്യത്യാസം വരാറുണ്ട്. ചില രാജ്യങ്ങള്‍ ഇ വീസയും വീസ ഓണ്‍ അറൈവലും അനുവദിക്കാറുണ്ട്.

English Summary:

Passport Renewal Process, How to Renew Your Passport in India.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com