ADVERTISEMENT

കടലിനടിയില്‍ മുങ്ങിപ്പോയെന്ന് കരുതപ്പെടുന്ന പൗരാണിക നഗരമായ ദ്വാരകയിലേക്കൊരു യാത്ര പോയാലോ. ഇതു സാധ്യമാക്കാന്‍ ഇന്ത്യയിലെ ആദ്യത്തെ സബ്മറീന്‍ ടൂറിസം ദ്വാരകയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗുജറാത്ത്. ഹൈന്ദവവിശ്വാസങ്ങളും പുരാണങ്ങളുമായി ചേര്‍ന്നു കിടക്കുന്ന ദ്വാരകയിലേക്ക് സബ്മറീനില്‍ യാത്രപോവാനുള്ള അവസരമാണ് ഇതുവഴി ലഭിക്കുന്നത്. ഒരേസമയം സാഹസിക സഞ്ചാരികളേയും തീര്‍ഥാടകരേയും ആകര്‍ഷിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്ന പദ്ധതിയാണിത്. 

മാസഗോണ്‍ ഡോക് ലിമിറ്റഡുമായി(എംഡിഎല്‍) സഹകരിച്ചാണ് ഗുജറാത്ത് സര്‍ക്കാര്‍ ദ്വാരകയിലെ സബ്മറീന്‍ ടൂറിസം അവതരിപ്പിക്കുന്നത്. ഈ വര്‍ഷം ദീപാവലിക്കു മുമ്പായി പദ്ധതി പൂര്‍ത്തിയാക്കാനാണ് ശ്രമം. ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളിലേക്കു നടത്തുന്ന സബ്‌മെര്‍സിബിള്‍ യാത്രകളാണ് ഇങ്ങനെയൊരു പദ്ധതിക്ക് പ്രചോദനമായത്. ഏതാണ്ട് 100 മീറ്റര്‍ വരെ ആഴത്തില്‍ സബ്മറീനില്‍ യാത്രികര്‍ക്ക് പോവാനാവും. സബ്മറീനിലെ കണ്ണാടികളിലൂടെ ചുറ്റുമുള്ള കാഴ്ചകള്‍ ആസ്വദിക്കാനാവും. 

ശ്രീകൃഷ്ണന്റെ നിര്‍ദേശപ്രകാരം വിശ്വകര്‍മാവ് നിര്‍മിച്ച നഗരമാണ് ദ്വാരകയെന്നാണ് ഹൈന്ദവ പുരാണങ്ങളില്‍ പറയുന്നത്. പിന്നീട് യാദവ വംശം ഹസ്തിനപുരിയിലേക്കു മാറുകയും ദ്വാരക നഗരം സമുദ്രത്തില്‍മുങ്ങിപ്പോവുകയും ചെയ്തുവെന്നാണ് മഹാഭാരതം പറയുന്നത്. ഇന്ന് ഗുജറാത്തിലെ ജാംനഗര്‍ ജില്ലയില്‍ ഉള്‍പെട്ട പട്ടണമാണ് ദ്വാരക. ദ്വാരകയിലുള്ള ദ്വാരകാധീശ ക്ഷേത്രം ഹൈന്ദവആരാധനാലയങ്ങളില്‍ പ്രധാനമാണ്. 

ഒരേസമയം 30 പേര്‍ക്ക് കയറാവുന്ന സബ്മറീനായിരിക്കും കടലിനടിയിലെ യാത്രക്കായി നിര്‍മിക്കുക. പരമാവധി 35 ടണ്‍ വരെ ഭാരം വഹിക്കാന്‍ ശേഷിയുണ്ടാവും. യാത്രികരുടെ ഇരിപ്പിടങ്ങള്‍ പുറം കാഴ്ചകള്‍ കാണാനാവുന്ന കണ്ണാടി ജാലകങ്ങള്‍ക്കg സമീപമാവും സജ്ജമാക്കുക. കടലിനടിയിലെ കാഴ്ചകളും സമുദ്ര ജീവികളേയും കാണാന്‍ ഈ യാത്രക്കിടെ സാധിക്കും.

ഇപ്പോള്‍ ഗുജറാത്തിലുള്ള ദ്വാരക ഹൈന്ദവ തീര്‍ഥാടക നഗരമാണെങ്കിലും ശ്രീകൃഷ്ണന്റെ കാലത്തുണ്ടായിരുന്ന ദ്വാരക നഗരം കടലിനടിയിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. 2001ല്‍ നടത്തിയ പഠനങ്ങളില്‍ ഗുജറാത്തിന് പടിഞ്ഞാറ് കടലില്‍ 40 മീറ്റര്‍ ആഴത്തില്‍ നിന്നും ദ്വാരക നഗരത്തിന്റേതെന്നു കരുതുന്ന അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കാലപ്പഴക്കവും ഉദ്ഭവവും സംബന്ധിച്ച് വിവാദങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും എല്ലാക്കാലത്തും കടലിനടിയിലെ ദ്വാരക ഗവേഷകരേയും വിശ്വാസികളേയും ഒരുപോലെ ആകര്‍ഷിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ സബ്മറീന്‍ ടൂറിസം വഴി ദ്വാരകയെ കൂടുതല്‍ അറിയാനുള്ള അവസരമാണ് ഗുജറാത്ത് ഒരുക്കുന്നത്. മിത്തും സാഹസികതയും സാഹസികതയും ഒത്തു ചേര്‍ന്നതായിരിക്കും ദ്വാരകയിലേക്കുള്ള സബ്മറീന്‍ യാത്ര. 

English Summary:

India's First Submarine Tourism to Explore Underwater Dwarka City in Gujarat.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com