ഇത് ഇന്ത്യയിൽ ആദ്യം; സഞ്ചാരികളെ ആകർഷിക്കാൻ അന്തർജല മെട്രോയുമായി കൊൽക്കത്ത

Mail This Article
ഇന്ത്യയിൽ ആദ്യമായി അന്തർജല മെട്രോയുമായി കൊൽക്കത്ത. നഗരഗതാഗത മേഖലയിൽ വലിയ മാറ്റമാണ് അന്തർജല മെട്രോ കൊണ്ടു വരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് ആറിനാണ് അണ്ടർവാട്ടർ മെട്രോ ഉദ്ഘാടനം ചെയ്തത്. ഏതായാലും കൊൽക്കത്ത അണ്ടർവാട്ടർ മെട്രോ ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ നഗര ഗതാഗതത്തിൽ ഒരു പുതിയ യുഗത്തിനാണ് രാജ്യത്ത് തുടക്കം കുറിച്ചിരിക്കുന്നത്. സമയം ലാഭിക്കാനും ഗതാഗതകുരുക്ക് ഒഴിവാക്കാനും അണ്ടർ വാട്ടർ മെട്രോ സഹായിക്കും.
ചരിത്രം ഹൂഗ്ലി നദിയിൽ വഴിമാറിയപ്പോൾ
രാജ്യത്തെ എൻജിനിയറിങ് വിസ്മയത്തിന്റെ ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് ഹൂഗ്ലി നദിക്കടിയിലെ അന്തർജല മെട്രോ. 16.6 കിലോമീറ്റർ ദൂരത്തിലാണ് മെട്രോ ടണലാണ് ഈ സംരംഭത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കേന്ദ്രം. കേവലം ഒരു ഗതാഗത മാർഗം എന്നതിന് അപ്പുറത്തേക്ക് നിരവധി കാര്യങ്ങളാണ് ഈ അന്തർജല മെട്രോയിൽ നിഷിപ്തമായിരിക്കുന്നത്. കൊൽക്കത്തയിലെ ഗതാഗതക്കുരുക്കിനും വായു മലിനീകരണത്തിനുമുള്ള ഒരു പരിഹാരം കൂടിയാണ് ഇത്. കൂടുതൽ സുസ്ഥിരമായ, കാര്യക്ഷമമായ നഗര അന്തരീക്ഷമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.
ഹൗറ - കൊൽക്കത്ത നഗരങ്ങളെ ബന്ധിപ്പിക്കുന്ന മെട്രോ
പശ്ചിമ ബംഗാളിലെ ഹൗറ, കൊൽക്കത്ത നഗരങ്ങളെ ബന്ധിപ്പിക്കുന്ന പാതയാണ് പുതിയ അന്തർജല മെട്രോ. ആറ് സ്റ്റേഷനുകളാണ് കൊൽക്കത്തയെയും ഹൗറയെയും ബന്ധിപ്പിക്കുന്ന ഈ മെട്രോ പാതയിലുള്ളത്. ഇതിൽ തന്നെ മൂന്നെണ്ണം ഭൂമിക്കടിയിലാണ്. നഗരത്തിലെ തിരക്കേറിയ ഭാഗങ്ങൾ ഉൾക്കൊള്ളുന്നതാണ് ഈ സ്റ്റേഷനുകൾ. അതുകൊണ്ടു തന്നെ യാത്രക്കാർക്ക് ഇത് വലിയ രീതിയിലുള്ള തിരക്ക് കുറവ് ലഭ്യമാക്കാൻ സഹായിക്കുന്നു.
രാജ്യത്തെ ഏറ്റവും ആഴമേറിയ മെട്രോ സ്റ്റേഷനായി ഹൗറ
നിരവധി പ്രത്യേകതകൾ ആണ് കൊൽക്കത്തയിലെ അന്തർജല മെട്രോ സ്റ്റേഷന് ഉള്ളത്. ഇന്ത്യയിലെ ഒരു നദിയുടെ താഴെയുള്ള മെട്രോ സ്റ്റേഷൻ എന്നതു മാത്രമല്ല ഇതിന്റെ പ്രത്യേകത. രാജ്യത്തെ ഏറ്റവും ആഴമുള്ള മെട്രോ സ്റ്റേഷൻ എന്ന ബഹുമതിയും ഹൗറ സ്റ്റേഷന് സ്വന്തമാണ്. 32 മീറ്റർ താഴെയാണ് ഈ സ്റ്റേഷൻ. ഹൂഗ്ലി നദിയുടെ താഴെയായി സ്ഥിതി ചെയ്യുന്ന 4.8 കിലോമീറ്റർ ദൂരം വ്യാപിച്ചു കിടക്കുന്ന ഈ ഭാഗം ഈസ്റ്റ് - വെസ്റ്റ് മെട്രോ ഇടനാഴിയുടെ പ്രധാനപ്പെട്ട ഭാഗമാണ്.
ഹൂഗ്ലി നദിയുടെ താഴെയുള്ള തുരങ്കത്തിലൂടെ വിജയകരമായി ട്രെയിൻ ഓടിച്ചു കൊണ്ട് 2023 ഏപ്രിലിൽ കൊൽക്കത്ത മെട്രോ ചരിത്രത്തിലെ ഒരു നാഴികക്കല്ല് സ്വന്തമാക്കി. ഇന്ത്യയുടെ ഗതാഗത ചരിത്രത്തിലെ തന്നെ ഒരു വലിയ നേട്ടമായിരുന്നു ഇത്. നൂതനമായ ഓട്ടോമാറ്റിക് ട്രെയിൻ ഓപ്പറേഷൻ കാര്യക്ഷമത ഉറപ്പു വരുത്തുന്നു. മോട്ടോർമാൻ ഒരു ബട്ടൺ അമർത്തുമ്പോൾ ട്രെയിൻ സ്വയം അടുത്ത സ്റ്റേഷനിലേക്ക് നീങ്ങുന്നു.
45 സെക്കൻഡിനുള്ളിൽ അന്തർജല മെട്രോ 520 മീറ്റർ ദൂരം സഞ്ചരിക്കും. ഇത്രയും ദൂരം സഞ്ചരിക്കുന്നതിനാൽ തടസമില്ലാത്തതും സമയക്ഷമയുള്ളതുമായ ഗതാഗതവും ഇത് വാഗ്ദാനം ചെയ്യുന്നു. നിലവിൽ കിഴക്ക് - പടിഞ്ഞാറ് മെട്രോ ഇടനാഴി 16.6 കിലോമീറ്റർ ആണ് വ്യാപിച്ചു കിടക്കുന്നത്. ഹൂഗ്ലി നദി തുരങ്കം ഉൾപ്പെടെയുള്ളവ 10.8 കിലോമീറ്റർ ഭൂഗർഭത്തിലാണ് സ്ഥിതി ചെയ്യുന്നത്.
ഹൂഗ്ലി നദിക്ക് താഴെയുള്ള ടണലിലൂടെ മെട്രോ പോകുമ്പോൾ ഡ്രൈവർ ഇക്കാര്യം യാത്രക്കാരെ അറിയിക്കും. പെട്ടെന്ന് പുറത്തേക്ക് നോക്കുന്ന യാത്രക്കാർ ഒരു നിമിഷം അമ്പരക്കും. കാരണം, ടണലിൽ ഒരുക്കിയിരിക്കുന്ന പ്രത്യേകമായ പ്രകാശ സംവിധാനവും മീനുകളും പെയിന്റിങ്ങുകളും വെള്ളത്തിനടിയിലാണെന്ന് ആളുകളെ തോന്നിപ്പിക്കും.