വാഗമണ്ണിൽ പാരാഗ്ലൈഡിങ് ഫെസ്റ്റിവലിന് തുടക്കം; വീണ്ടും അപകടം
Mail This Article
സാഹസിക വിനോദസഞ്ചാരത്തെ സംസ്ഥാനത്തെ പ്രധാന ടൂറിസമാക്കി വളർത്തുമെന്നു മന്ത്രി പി.എ.മുഹമ്മദ് റിയാസ്. വാഗമണ്ണിൽ തുടങ്ങിയ രാജ്യാന്തര പാരാഗ്ലൈഡിങ് ഫെസ്റ്റിവൽ ഓൺലൈനായി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വാഴൂർ സോമൻ എംഎൽഎ അധ്യക്ഷത വഹിച്ചു. 17 വരെയാണു ഫെസ്റ്റിവൽ. ഉദ്ഘാടന പരിപാടിയിൽ കലക്ടർ ഷീബാ ജോർജ്, സബ് കലക്ടർ ഡോ. അരുൺ എസ്.നായർ, ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് അമ്മിണി തോമസ് എന്നിവർ പ്രസംഗിച്ചു.
ആർക്കും കാണാം
രാവിലെ 10 മുതൽ 5 വരെയാണു ഫെസ്റ്റിവലിന്റെ ഭാഗമായുള്ള മത്സരങ്ങൾ. വാഗമണ്ണിലെ അഡ്വഞ്ചർ പാർക്കിലേക്കുള്ള 25 രൂപയുടെ ടിക്കറ്റെടുത്ത് സഞ്ചാരികൾക്കും കാഴ്ചകൾ ആസ്വദിക്കാം. അക്രോബാറ്റിക് ഫ്ലൈ, ഫ്രീ ഫ്ലൈ തുടങ്ങിയ സാഹസിക ഇനങ്ങളുമുണ്ടാകും. കാറ്റിന്റെ വേഗമനുസരിച്ച് മത്സരത്തിന്റെ സമയക്രമത്തിൽ മാറ്റമുണ്ടാകും.
വീണ്ടും അപകടം
കോലാഹലമേട്ടിൽ പാരാഗ്ലൈഡിങ് നടത്തി ലാൻഡിങ് ചെയ്യുന്നതിനിടെ രണ്ടാം ദിവസവും അപകടം. പരുക്കേറ്റ ആന്ധ്ര സ്വദേശി ഭരത്തിനെ(37) കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ഹിമാചൽ സ്വദേശിക്കു പരുക്കേറ്റിരുന്നു.