ADVERTISEMENT

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ നാലു ലക്ഷത്തിലേറെ ഇന്ത്യക്കാരാണ് വിനോദ സഞ്ചാരികളായി ഓസ്‌ട്രേലിയയിലെത്തിയത്. ഇക്കഴിഞ്ഞ ജനുവരിയില്‍ മാത്രം 26,200 ഇന്ത്യക്കാരാണ് ഓസ്‌ട്രേലിയയിലേക്കു വിനോദ സഞ്ചാരികളായെത്തിയതെന്നു ടൂറിസം ഓസ്‌ട്രേലിയ അറിയിച്ചു. ഓസ്‌ട്രേലിയയിലേക്ക് ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന രാജ്യങ്ങളുടെ പട്ടികയില്‍ 2019 ല്‍ ഒമ്പതാം സ്ഥാനത്തായിരുന്ന ഇന്ത്യ ഇപ്പോള്‍ അഞ്ചാം സ്ഥാനത്താണ്. 

australia
Australia, red sand unpaved road and 4x4 at sunset, Francoise Peron, Shark Bay. Image Credit : iacomino FRiMAGES/shutterstock

കോവിഡിനു മുമ്പ് 2019 ജനുവരിയില്‍ 24,700 ഇന്ത്യന്‍ സഞ്ചാരികള്‍ യാത്രികരായി ഓസ്‌ട്രേലിയയിലെത്തിയിരുന്നെങ്കില്‍ ഇക്കഴിഞ്ഞ ജനുവരിയില്‍ 6.07 ശതമാനം വര്‍ധിച്ചാണ് 26,200 ലേക്കെത്തിയത്.  '2023 ഫെബ്രുവരി മുതല്‍ 2024 ജനുവരി വരെ 4,02,200 ഇന്ത്യന്‍ വിനോദ സഞ്ചാരികള്‍ ഓസ്‌ട്രേലിയയിലേക്കെത്തി ' ഇന്ത്യ, ഗള്‍ഫ്- ടൂറിസം ഓസ്‌ട്രേലിയ കണ്‍ട്രി മാനേജര്‍ നിശാന്ത് കാശിക്കര്‍ വാര്‍ത്താ ഏജന്‍സി പിടിഐയോടു പറഞ്ഞു. 'വിമാന യാത്രാ സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചതും അയ്യായിരത്തിലേറെ ഓസീ സ്‌പെഷലിസ്റ്റ് ഏജന്റുകളുമെല്ലാം ചേര്‍ന്നാണ് ഈ നേട്ടം സാധ്യമാക്കിയത്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ന്യൂഡല്‍ഹി, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളില്‍ നിന്നും ഓസ്‌ട്രേലിയയിലേക്ക് ഇപ്പോള്‍ പ്രതിവാരം 28 വിമാനങ്ങളുണ്ട്. 2019 ല്‍ ഇത് വെറും എട്ടു വിമാന സര്‍വീസുകളായിരുന്നു. വിമാന സര്‍വീസുകളിലുണ്ടായ വര്‍ധന ഓസ്‌ട്രേലിയയെ ഒരു ട്രാവല്‍ ഡെസ്റ്റിനേഷന്‍ എന്ന നിലയില്‍ കാണുന്നതിന് സഞ്ചാരികളെ സഹായിച്ചു. വീസ അപേക്ഷ നല്‍കുന്നതും അനുവദിക്കുന്നതുമെല്ലാം കൂടുതല്‍ വേഗത്തിലും അനായാസവുമാക്കിയതും യാത്രികരെ ആകര്‍ഷിച്ചു. 

കോവിഡിനു ശേഷം ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികളുടെ ട്രെന്‍ഡ് വലിയ രീതിയില്‍ മാറിയിട്ടുണ്ടെന്നും നിശാന്ത് പറയുന്നുണ്ട്. കൂടുതല്‍ ചെറുപ്പക്കാര്‍ ഇപ്പോള്‍ വിദേശ യാത്രകള്‍ തിരഞ്ഞെടുക്കുന്നുണ്ട്. ആഘോഷങ്ങളില്‍ പങ്കെടുക്കാനും കായിക മത്സരങ്ങള്‍ കാണാനും കണ്‍സെര്‍ട്ടുകള്‍ കാണാനുമെല്ലാം ഇപ്പോള്‍ ഓസ്‌ട്രേലിയയിലേക്കു പറക്കുന്ന ഇന്ത്യക്കാരുണ്ടെന്നും നിശാന്ത് കൂട്ടിച്ചേര്‍ക്കുന്നു. 

'ഇന്ത്യക്കാരായ വിനോദ സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് വ്യക്തമായ സൂചനയാണ്. ഞങ്ങള്‍ ഏറെ വില മതിക്കുന്ന സഞ്ചാരികളാണ് ഇന്ത്യയിലേത്. ഓസ്‌ട്രേലിയയുടെ സവിശേഷമായ ഭൂമിശാസ്ത്ര പ്രത്യേകതകളും വന്യജീവികളും സംസ്‌ക്കാരങ്ങളുമെല്ലാം അടുത്തറിയാന്‍ എത്തുന്ന ഇന്ത്യന്‍ യാത്രികരുടെ എണ്ണം കൂടുകയാണ്. ഇനിയങ്ങോട്ടുള്ള സമയത്തും ഇന്ത്യയില്‍ നിന്നുള്ള ഈ അനുകൂല പ്രതികരണം തുടരുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ' നിശാന്ത് കാരിക്കര്‍ പറഞ്ഞു.

English Summary:

Australian Shores Beckon: Over 400,000 Indian Tourists Make the Journey Down Under in a Year.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com