ADVERTISEMENT

ന്നും മനുഷ്യരെത്തിയിട്ടില്ലാത്ത സ്ഥലങ്ങളുണ്ട് നമ്മുടെ ഭൂമിയില്‍. അതിലൊന്നാണ് വിദൂര സമുദ്രത്തിലെ പോയിന്റ് നിമോ എന്നറിയപ്പെടുന്ന പ്രദേശം. മനുഷ്യസാന്നിധ്യത്തിന്റെ സാധ്യതകളില്ലാത്തതിനാല്‍ കാലാവധി കഴിഞ്ഞ കൃത്രിമ ഉപഗ്രഹങ്ങളും മറ്റും അവസാനയാത്രക്കൊടുവില്‍ അന്തിമവിശ്രമത്തിനെത്തുന്ന പസഫിക് സമുദ്ര ഭാഗം. ഏറ്റവും അടുത്തുള്ള മനുഷ്യ സാന്നിധ്യം 408 കിലോമീറ്റര്‍ മുകളില്‍ ആകാശത്ത് വല്ലപ്പോഴും പ്രത്യക്ഷപ്പെടുന്ന രാജ്യാന്തര ബഹിരാകാശ സ്റ്റേഷനാണ്. അങ്ങനെയുള്ള പോയിന്റ് നിമോയിലേക്കുള്ള യാത്ര വിജയകരമായി പൂർത്തികരിച്ച സന്തോഷത്തിലാണ് ബ്രിട്ടിഷ് സഞ്ചാരിയും വ്യവസായിയുമായ ക്രിസ് ബ്രൗൺ. 

point-nemo-mm-travel

അറുപത്തിരണ്ടു വയസ്സുള്ള ക്രിസ് ബ്രൗണും മുപ്പത്തിരണ്ടുകാരൻ മകന്‍ മൈക്കും ചേര്‍ന്നാണ് പോയിന്റ് നിമോയിലേക്ക് മാര്‍ച്ച് 12 ന് യാത്ര ആരംഭിച്ചത്. മാർച്ച് 20 ന് ലക്ഷ്യസ്ഥാനത്ത് എത്തുകയും ചെയ്തു. ചിലിയിലെ പ്യൂര്‍ട്ടോ മൗണ്ടില്‍ നിന്ന് ഹാന്‍സ് എക്‌സ്‌പ്ലോറര്‍ എന്ന ആഡംബര യാച്ചിലാണ് ക്രിസ് ബ്രൗണിന്റേയും മൈക്കിന്റേയും യാത്ര. അന്റാര്‍ട്ടിക്കയിലേക്കു സഞ്ചാരികളേയും കൊണ്ടു പോവുന്ന യാച്ചാണ് ഹാന്‍സ് എക്‌സ്‌പ്ലോറര്‍. അന്റാര്‍ട്ടിക്കയിലേക്കുള്ള യാത്രയ്ക്കിടെ പോയിന്റ് നിമോയുടെ നൂറു കണക്കിനു കിലോമീറ്റര്‍ അകലത്തിലൂടെ ഈ യാച്ച് പോവാറുമുണ്ട്. 

 Image Credit : chrisbrownexplores/instagram
Image Credit : chrisbrownexplores/instagram

കരയില്‍ നിന്നും ഏറ്റവും അകലെയുള്ള സമുദ്രഭാഗമായാണ് പോയിന്റ് നിമോ അറിയപ്പെടുന്നത്. ഏറ്റവും അടുത്തുള്ള കരഭാഗമായ പിറ്റ്കയേണ്‍ ദ്വീപുകളിലേക്ക് 2,688 കിലോമീറ്ററാണ് ദൂരം. മനുഷ്യവാസമുള്ള കര തേടി പോയാല്‍ ന്യുസീലാന്‍ഡിലെ വെല്ലിങ്ടണും ചിലിയിലെ കണ്‍സെപിയണുമാണ് ഏറ്റവും അടുത്തുള്ളത്. രണ്ട് പ്രദേശങ്ങളിലേക്കും പോയിന്റ് നിമോയില്‍ നിന്നും 4000 കിലോമീറ്റര്‍ യാത്ര ചെയ്യണം. 

Read Also :ആരും അമ്പരക്കുന്ന ഭൂമിയിലെ നിഗൂഢ സ്ഥലം, ഏറ്റവും അടുത്തുള്ള മനുഷ്യർ ബഹിരാകാശത്ത്!

ഇത്രമേല്‍ ഒറ്റപ്പെട്ട സ്ഥലമായതിനാല്‍ ബഹിരാകാശത്തു നിന്നുള്ള മാലിന്യങ്ങള്‍ ഭൂമിയില്‍ പതിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലമായും പോയിന്റ് നിമോയെ വര്‍ഷങ്ങളായി കരുതുന്നുണ്ട്. 1971 മുതല്‍ ഏകദേശം 260 ബഹിരാകാശ മാലിന്യങ്ങള്‍ പോയിന്റ് നിമോയില്‍ പതിച്ചിട്ടുണ്ട്. റഷ്യയുടെ മിർ സ്പേസ് സ്റ്റേഷൻ പോലെ പല രാജ്യങ്ങളുടെയും ബഹിരാകാശ വാഹനങ്ങളുടെ ശവപ്പറമ്പാണ് പോയിന്റ് നീമോ. 7.2 ഡിഗ്രി സെൽഷ്യസാണ് ശരാശരി താപനില. ജൂൾസ് വേൺ എന്ന ഫ്രഞ്ച് സാഹിത്യകാരന്റെ ‘20,000 ലീഗ്സ് അണ്ടർ ദ് സീ’ എന്ന കഥയിലെ ക്യാപ്റ്റൻ നീമോ എന്ന കഥാപാത്രത്തിൽ നിന്നാണ് സ്ഥലത്തിന് ഈ പേര് ലഭിച്ചത്. ഭാവിയില്‍ കാലാവധി തീരുന്ന രാജ്യാന്തര ബഹിരാകാശ നിലയവും പോയിന്റ് നിമോയില്‍ തന്നെ അന്ത്യ വിശ്രമത്തിനെത്തും. സാറ്റലൈറ്റുകളുടെ ശ്മശാനമെന്ന വിളിപ്പേരും സ്വാഭാവികമായും പോയിന്റ് നിമോക്കുണ്ട്. 

 Image Credit : chrisbrownexplores/instagram
Image Credit : chrisbrownexplores/instagram

ഭൂമിയിലെ മനുഷ്യവാസ പ്രദേശങ്ങളില്‍ നിന്നും ഏറ്റവും ഒറ്റപ്പെട്ട സ്ഥലമാണ് പോയിന്റ് നിമോയെന്ന് 1992ലാണ് ഒരു സര്‍വേ എന്‍ജിനീയര്‍ കണക്കുകൂട്ടി പറയുന്നത്. ഇന്നുവരെ ഒരു മനുഷ്യനും പോയിന്റ് നിമോയെന്നു കണക്കുകൂട്ടിയ കൃത്യം സ്ഥലത്തുകൂടെ പോയിട്ടില്ലെന്നാണ് സമുദ്ര വിദഗ്ധര്‍ പറയുന്നത്. ഇതു തന്നെയാണ് ബ്രൗണിനെ പോയിന്റ് നിമോയിലേക്ക് ആകര്‍ഷിച്ചതും. 

ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ട എട്ട് പ്രദേശങ്ങളിലെത്തുന്ന ആദ്യത്തെ മനുഷ്യനാവുകയാണ് ബ്രൗണിന്റെ ലക്ഷ്യം. അന്റാര്‍ട്ടിക്ക, ഓഷ്യാനിയ, ആഫ്രിക്ക, വടക്കേ അമേരിക്ക, ദക്ഷിണ അമേരിക്ക എന്നീ സ്ഥലങ്ങള്‍ ഇതിനകം തന്നെ ബ്രൗണ്‍ കീഴടക്കി കഴിഞ്ഞു. ആഫ്രിക്കയിലേക്കും അന്റാര്‍ട്ടിക്കയിലേക്കും നടത്തിയ യാത്രകളോളം അപകടം നിറഞ്ഞതാണ് പോയിന്റ് നിമോയിലേക്കുള്ള യാത്രയെന്നു ബ്രൗണ്‍ കരുതുന്നില്ല. അതേസമയം കപ്പല്‍ചാലുകളില്‍ നിന്നും ഏറെ അകലെയുള്ള പോയിന്റ് നിമോയിലേക്കുള്ള യാത്രയ്ക്കിടെ എന്തെങ്കിലും പ്രതിസന്ധിയുണ്ടായാല്‍ സഹായം ലഭിക്കാന്‍ ദിവസങ്ങള്‍ കാത്തിരിക്കേണ്ടി വരുമെന്നത് വെല്ലുവിളാണെന്നും ബ്രൗണ്‍ സമ്മതിക്കുന്നുണ്ട്.

English Summary:

Point Nemo - the Oceanic Pole of Inaccessibility - bagged on Wednesday 20th March 2024.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com