മിന്നലടിച്ച് സൂപ്പര്‍ഹീറോ ആകുമോ? ശ്രീലങ്കന്‍ കടല്‍ക്കാഴ്ചയുമായി ടൊവിനോ!

Mail This Article
മലയാളികളുടെ സ്വന്തം സൂപ്പര്‍ഹീറോ ആണ് മിന്നല്‍ മുരളി. ആ കഥാപാത്രത്തെ അനശ്വരമാക്കിയ നടന്‍ ടൊവിനോ തോമസിന് ഇന്ത്യ മുഴുവന്‍ ആരാധകരുണ്ട്. ഈയിടെ ശ്രീലങ്കയില്‍ നിന്നും കടലില്‍ മിന്നലടിക്കുന്ന ചിത്രം നടന്‍ പങ്കുവച്ചു. ഇതിനടിയില്‍ നിറയെ ആരാധകരുടെ തമാശനിറഞ്ഞ കമന്‍റുകള്‍ നിറഞ്ഞു. മിന്നല്‍ മുരളി തോറിനെ കണ്ടപ്പോള്‍ എന്നാണ് ഒരു ആരാധകന്‍ കുറിച്ചത്. വിഡിയോ ഇട്ട ശേഷം കടലമ്മ കൊണ്ടുപോയി എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. ‘ഇയാള്‍ ശരിക്കും മിന്നൽ അടിച്ചു സൂപ്പർ ഹീറോ ആവുമെന്നാണു തോന്നുന്നത്...’ എന്ന് മറ്റൊരു കമന്‍റും കാണാം.

ശ്രീലങ്കയില്‍ നിന്നും വേറെയും ഒട്ടേറെ കാഴ്ചകള്‍ നടന്‍ പങ്കുവച്ചിട്ടുണ്ട്. മിരിസ്സ ബീച്ചിലെ ഡോള്‍ഫിനുകളുടെ ദൃശ്യങ്ങളാണു വിഡിയോയില്‍. തെക്കൻ തീരത്തെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖമാണ് മിറിസ്സ, ട്യൂണ, മുള്ളറ്റ്, സ്നാപ്പർ, ബട്ടർഫിഷ് എന്നിവയ്ക്ക് പേരുകേട്ടതാണ് ഇവിടം. കൊളംബോയിൽ നിന്ന് ഏകദേശം 150 കിലോമീറ്റർ തെക്ക്, സമുദ്രനിരപ്പിൽ നിന്ന് 4 മീറ്റർ ഉയരത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്. സഞ്ചാരികളുമായി സൗഹൃദം പുലര്‍ത്തുന്ന ഡോള്‍ഫിനുകള്‍ക്കു പുറമേ, തിമിംഗലങ്ങളെയും ഇവിടെ കാണാം.

മതാര നഗരത്തില്‍ നിന്നുള്ള ചിത്രവും ടൊവിനോ പോസ്റ്റ് ചെയ്തിട്ടുണ്ട്. ശ്രീലങ്കയിലെ ഒരു പ്രധാന വാണിജ്യ കേന്ദ്രമായ മതാര കൊളംബോയിൽ നിന്ന് 160 കിലോമീറ്റർ അകലെയാണ് സ്ഥിതിചെയ്യുന്നത്.
ആധുനിക ബുദ്ധക്ഷേത്രമായ പരവി ദുപാത, വേരഗംപിത രാജമഹാ വിഹാരായ ക്ഷേത്രം, മതര ബോധിയ, മാത്തറ കോട്ട, ഡച്ച് റിഫോംഡ് ചർച്ച്, നക്ഷത്ര കോട്ട, ഓൾഡ് ന്യൂപ് മാർക്കറ്റ്, സെന്റ് മേരീസ് ചർച്ച് തുടങ്ങിയ ഒട്ടേറെ വിനോദസഞ്ചാര ആകര്‍ഷണങ്ങള്‍ ഇവിടെയുണ്ട്. ഇതുകൂടാതെ കിരലഗമ ഗ്രാമത്തില്‍ നിന്നും കുടുംബത്തോടൊപ്പം എടുത്ത ചിത്രവും ടൊവിനോ പോസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യക്കാരുടെ എക്കാലത്തെയും പ്രിയപ്പെട്ട യാത്രാ കേന്ദ്രമാണ് ശ്രീലങ്ക. ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ മുത്ത് എന്നറിയപ്പെടുന്ന ഈ ദ്വീപ് രാഷ്ട്രത്തിന്‍റെ ആകർഷകമായ ബീച്ചുകളും സമ്പന്നമായ സാംസ്കാരിക പൈതൃകവുമെല്ലാം ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. ഇന്ത്യൻ പൗരന്മാർക്ക് ഓണ്‍ അറൈവല്‍ വീസ, ഇ വീസ എന്നിങ്ങനെയുള്ള സൗകര്യങ്ങളും ശ്രീലങ്ക നല്‍കുന്നുണ്ട്. താരതമ്യേന ചെലവു കുറഞ്ഞതായതിനാല്‍ ബാക്ക്പാക്കർമാർക്കും ബജറ്റ് യാത്രക്കാർക്കും ഏറെ അനുയോജ്യമാണ് ശ്രീലങ്കന്‍ യാത്ര.
ജാഫ്ന, യാല നാഷണൽ പാർക്ക്, സിഗിരിയ, നുവാര ഏലിയ, ഉദവാലവെ നാഷണൽ പാർക്ക്, രാവണ വെള്ളച്ചാട്ടം, ദംബുള്ള ഗുഹാക്ഷേത്രം, അരുഗം ബേ, ഗാലെ തുടങ്ങിയവ ലോകമെങ്ങുമുള്ള സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ശ്രീലങ്കന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. ശ്രീലങ്കയുടെ തെക്കുഭാഗത്തുള്ള ബീച്ചുകള്‍, ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്ങിനും പ്രസിദ്ധമാണ്.
ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും ശ്രീലങ്കയിലേക്കു ഫ്ലൈറ്റുകൾ ലഭ്യമാണ്. എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ്, വിസ്താര ഉൾപ്പെടെയുള്ള വിമാനക്കമ്പനികളെല്ലാം ഇവിടേക്കു സര്‍വീസ് നടത്തുന്നുണ്ട്. ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്കു ശ്രീലങ്ക ഇ-വീസ നല്‍കി വരുന്നുണ്ട്. മുപ്പതു ദിവസം വരെയാണ് കാലാവധി.