ADVERTISEMENT

ചില പാട്ടുകൾ വെറുതെ ഒന്ന് കേട്ടാൽ മതി. അപ്പോൾ തന്നെ ഒരു ബുള്ളറ്റിൽ കയറി എങ്ങോട്ടെങ്കിലും പോകാൻ തോന്നും. കൈയിൽ കാശില്ലെങ്കിലും സ്വപ്നത്തേരിലേറി എങ്കിലും ഒരു യാത്ര പോകാൻ തോന്നും. പാട്ട് മാത്രമല്ല സിനിമകളും. മലയാളത്തിൽ നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ചാർളി അങ്ങനെയങ്ങനെ എത്ര സിനിമകൾ. യാത്രയെ സ്നേഹിക്കാനും യാത്ര ചെയ്യാൻ പ്രേരിപ്പിച്ചതുമായ ചിത്രങ്ങൾ. ടെസയായും ചാർളിയായും എത്ര പേരാണ് വീടു വിട്ടിറങ്ങിയത്. തൃശൂർ പൂരം കാണാൻ വണ്ടി കയറിയവരും മീശപ്പുലിമലയിൽ മഞ്ഞ് വീഴുന്നത് കാണാൻ മല കയറിയവരും ആ മനോഹരമായ ഓർമകൾ മറന്നിട്ടുണ്ടാകില്ല. സർവൈവൽ ത്രില്ലർ ആയിരുന്നെങ്കിലും മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമ കണ്ടിറങ്ങിയവർ നേരെ പോയത് കൊടൈക്കനാലിലേക്ക് ആയിരുന്നു.

പുതിയ കാഴ്ചകളും പുതിയ അനുഭവങ്ങളും സമ്മാനിക്കുന്നതാണ് ഓരോ യാത്രകളും. അതുപോലെ തന്നെയാണ് യാത്ര പ്രമേയമായി എത്തുന്ന സിനിമകളും. വ്യത്യസ്തമായ കാഴ്ചകളും അനുഭവങ്ങളുമാണ് ഇത്തരത്തിലുള്ള സിനിമകൾ കാഴ്ചക്കാർക്ക് സമ്മാനിക്കുന്നത്. യാത്രകളെ സ്നേഹിക്കുന്നവരെ ഹരം പിടിപ്പിക്കുന്ന ചിത്രമാണ് 2007ൽ പുറത്തിറങ്ങിയ ഇൻറ്റു ദ വൈൽഡ്. യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ഇത്. അതുപോലെ യാത്രാപ്രേമികളെ കീഴടക്കിയ കുറച്ച് സിനിമകൾ ഇതാ.

ക്രിസ്റ്റഫറിന്റെ കഥ പറഞ്ഞ ഇൻറ്റു ദ വൈൽഡ്

യഥാർത്ഥ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ഇൻറ്റു ദ വൈൽഡ്. യാത്ര ആസ്പദമാക്കി ഒരുങ്ങിയിട്ടുള്ള ചിത്രങ്ങളിൽ ഏറ്റവും മനോഹരമായ ചിത്രമെന്ന് വേണമെങ്കിൽ ഇൻറ്റു ദ വൈൽഡിനെ വിശേഷിപ്പിക്കാം. സീൻ പെൻ സംവിധാനം ചെയ്ത ചിത്രം അമേരിക്കൻ സാഹസികനായ ക്രിസ് മ്ക്ൻഡിൽസിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ്. ലോകത്തിന്റേതായ എല്ലാ സുഖങ്ങളും ഉപേക്ഷിച്ച്  ഇറങ്ങിത്തിരിക്കുകയും കാട്ടിലേക്ക് പോകുകയും അവിടെ ഉപേക്ഷിക്കപ്പെട്ട ഒരു ബസിൽ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. മരിക്കുന്നതിന് തൊട്ടുമുമ്പ് ക്രിസ് തന്റെ ഡയറിയിൽ കുറിച്ചത് തന്റെ ജീവിതം സന്തോഷകരമായിരുന്നെന്നും ദൈവത്തിന് നന്ദിയുണ്ടെന്നും ആയിരുന്നു. 

Chris sitting by the bus out in the Alaskan Bush
Chris sitting by the bus out in the Alaskan Bush

ദ ഡാർജിലിങ് ലിമിറ്റഡ്

2007ൽ പുറത്തിറങ്ങിയ ചിത്രമാണ് ദ ഡാർജിലിങ് ലിമിറ്റഡ്. മൂന്ന് സഹോദരങ്ങൾ ഇന്ത്യയിലൂടെ നടത്തുന്ന ഒരു ട്രെയിൻ യാത്രയാണ് ചിത്രത്തിൽ പ്രധാനമായും കാണിക്കുന്നത്. വെസ് ആൻഡേഴ്സൺ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രധാനമായും മൂന്ന് സഹോദരങ്ങളുടെ കഥയാണ് പറയുന്നത്. അച്ഛന്റെ ശവസംസ്കാര ചടങ്ങുകൾക്ക് ശേഷം ഇവർ മൂന്നുപേരും കണ്ടിട്ടില്ല. ഹിമാലയത്തിലെ ഒരു ക്രിസ്ത്യൻ കോൺവെന്റിലുള്ള അമ്മയെ തേടിയാണ് ഇവരുടെ യാത്ര. 

The Darjeeling Limited
The Darjeeling Limited

ഈറ്റ് പ്രേ ലവ്

ഹോളിവുഡ് താരം ജൂലിയ റോബർട്സ് നായികയായി എത്തിയ ചിത്രമാണ് ഈറ്റ് പ്രേ ലവ്. അമേരിക്കൻ ബയോഗ്രഫിക്കൽ റൊമാന്റിക് ഡ്രാമയാണ് ചിത്രം. എലിസബത്ത് ഗിൽബർട് എന്ന എഴുത്തുകാരിയുടെ ഓർമക്കുറിപ്പിനെ ആധാരമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ജൂലിയ റോബർട്സ് ആണ് ചിത്രത്തിൽ എലിസബത്ത് ഗിൽബർട് ആയി എത്തുന്നത്. സമ്മിശ്ര പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചതെങ്കിലും ബോക്സ് ഓഫീസിൽ ഇത് നേട്ടമുണ്ടാക്കി. സ്വയം കണ്ടെത്താനായി എലിസബത്ത് നടത്തുന്ന യാത്രകൾ ആണ് ചിത്രത്തിൽ. ഇറ്റലി, ഇന്ത്യ, ബാലി തുടങ്ങി എലിസബത്ത് എന്ന ലിസിന്റെ യാത്രയ്ക്കൊപ്പമാണ് സിനിമയുടെ സഞ്ചാരം.

Eat Pray Love
Eat Pray Love

ദ മോട്ടോർസൈക്കിൾ ഡയറീസ്

2004ൽ പുറത്തിറങ്ങിയ സ്പാനിഷ് ചിത്രമായ ദ മോട്ടോർസൈക്കിൾ ഡയറീസ് പറയുന്നത് ഏണസ്റ്റോ ചെഗുവേരയും സുഹൃത്ത് ആൽബർട്ടോ ഗ്രാനാഡോയും തെക്കേ അമേരിക്കയിലൂടെ നടത്തിയ യാത്രയാണ്.  ഇരുപത്തിമൂന്നാം വയസിൽ ചെഗുവേര നടത്തിയ യാത്രയെക്കുറിച്ചുള്ളതാണ് ചിത്രം. വാൾട്ടർ സാല്ലസ് സംവിധാനം ചെയ്ത ചിത്രത്തിന് ജോസ് റിവേറ ആയിരുന്നു തിരക്കഥ ഒരുക്കിയത്. തങ്ങൾ നടത്തിയ യാത്രയെക്കുറിച്ച് ചെ ഗുവേര മോട്ടോർസൈക്കിൾ ഡയറീസ് എന്ന പേരിൽ ഒരു പുസ്തകം എഴുതിയിരുന്നു. ആ പുസ്തകത്തെ ആസ്പദമാക്കിയാണ് സിനിമയും ഒരുക്കിയിരിക്കുന്നത്. മനോഹരമായ ഒരു യാത്ര തന്നെയാണ് സിനിമ പ്രേക്ഷകന് നൽകുന്നത്.

the-motorcycle-diaries
The Motorcycle Diaries

ലോസ്റ്റ് ഇൻ ട്രാൻസ്​ലേഷൻ

വിദേശരാജ്യത്ത് യാതൊരു പരിചവുമില്ലാതെ എത്തിയാൽ എങ്ങനെ ഉണ്ടായിരിക്കും എന്ന് വ്യക്തമാക്കി തരുന്ന ചിത്രമാണ് ലോസ്റ്റ് ഇൻ ട്രാൻസ് ലേഷൻ. 2003ലാണ് ചിത്രം പുറത്തിറങ്ങിയത്. ഏകാകിയായ ഒരു അമേരിക്കൻ നടനും യുവതിയും  തമ്മിലുള്ള അപൂർവ സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. സോഫിയ കൊപ്പോളയാണ് ചിത്രത്തിന്റെ സംവിധാനവും തിരക്കഥയും. ടോക്കിയോ ആണ് ചിത്രത്തിന് പശ്ചാത്തലമാകുന്നത്. 

Lost in Translation
Lost in Translation

ദ ബീച്ച്

ഡാന്നി ബോയിൽ സംവിധാനം ചെയ്ത് 2000ൽ പുറത്തിറങ്ങിയ അഡ്വൈഞ്ചർ ഡ്രാമയാണ്  ദ ബീച്ച്. 1996ൽ ഇതേ പേരിൽ പുറത്തിറങ്ങിയ അലക്സ് ഗാർലൻഡിന്റെ പുസ്തകത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ലിയനാർഡോ ഡികാപ്രിയോ ആണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നത്. ജനവാസമില്ലാത്ത ഒരു ദ്വീപിലേക്ക് നടത്തുന്ന യാത്രയാണ് ഇത്. ദ്വീപിലേക്കുള്ള യാത്രയിലും എത്തിപ്പെട്ടതിനു ശേഷവും നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിൽ പരാമർശിക്കുന്നത്.

The beach
The beach

വൈൽഡ്

2014ൽ ജീൻ മാർക്ക് വല്ലി സംവിധാനം ചെയ്ത ചിത്രമാണ് വൈൽഡ്. 2012ൽ പുറത്തിറങ്ങിയ 'വെൽഡ് ഫ്രം ലോസ്റ്റ് ടു ഫൌണ്ട് ഓൺ ദ പസിഫിക് ക്രെസ്റ്റ് ട്രെയിൽ' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വ്യക്തിപരമായി ജീവിതത്തിൽ ഉണ്ടായ ദുരിതങ്ങളെ മറികടന്ന് മുന്നോട്ട് പോകാനാണ് ചെറിൽ തനിച്ച് യാത്ര ചെയ്യുന്നത്. ആ യാത്രയിൽ ഉണ്ടാകുന്ന വ്യത്യസ്തമായ സംഭവങ്ങളാണ് ഈ സിനിമയ്ക്ക് പശ്ചാത്തലമാകുന്നത്.

Wild
Wild
English Summary:

The Films Guaranteed to Ignite Your Travel Desires – Don't Watch If You Hate Adventure!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com