ADVERTISEMENT

യാത്രികര്‍ക്കു കൂടുതല്‍ മികച്ച യാത്രാനുഭവം നല്‍കാന്‍ ഒരുങ്ങുകയാണ് ഇന്ത്യയിലെ മുന്‍ നിര എയര്‍ലൈനായ ഇന്‍ഡിഗോ. വിമാനയാത്രയ്ക്കിടെ യാത്രികര്‍ക്ക് ഇന്‍ ഫ്‌ളൈറ്റ് എന്റര്‍ടെയിന്‍മെന്റ് സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് ഇന്‍ഡിഗോ അറിയിച്ചിരിക്കുന്നത്. തുടക്കത്തില്‍ ഡല്‍ഹി- ഗോവ റൂട്ടിലാണ് യാത്രികര്‍ക്ക് വിനോദ പരിപാടികള്‍ ആസ്വദിക്കാനാവുക. 

അടുത്ത മൂന്നു മാസം ഡല്‍ഹി - ഗോവ പാതയിലെ ഇന്‍ഡിഗോ വിമാനങ്ങളില്‍ യാത്രികര്‍ക്കു വ്യത്യസ്തങ്ങളായ വിനോദ പരിപാടികള്‍ യാത്രയ്ക്കിടെ ആസ്വദിക്കാനാവും. ഇന്‍ഡിഗോ ആപ് വഴിയാണ് സേവനം ലഭ്യമാക്കുക. വിമാനം പറന്നുയര്‍ന്നു നിശ്ചിത ഉയരത്തിലെത്തിയ ശേഷമായിരിക്കും വിനോദപരിപാടികള്‍ ലഭ്യമാക്കുക. വിനോദ പരിപാടികള്‍ യാത്രികര്‍ക്കു നല്‍കുന്നതു പ്രായോഗികമാണോ എന്നു പരീക്ഷിച്ചറിയാനാണ് മൂന്നുമാസത്തെ സമയം ഉപയോഗിക്കുക. സുരക്ഷ കൂടി പരിഗണിച്ച് ഈ മൂന്നു മാസ കാലയളവിനു ശേഷം മാത്രമേ കൂടുതല്‍ റൂട്ടുകളിലേക്ക് ഇന്‍ ഫ്‌ളൈറ്റ് എന്റര്‍ടൈന്‍മെന്റ് പരിപാടികള്‍ വ്യാപിപ്പിക്കുകയുള്ളൂ. യാത്രികര്‍ക്കു സ്വന്തം ഹെഡ് ഫോണുകള്‍ ഉപയോഗിച്ചു വിനോദ പരിപാടികള്‍ സ്‌ക്രീനില്‍ ആസ്വദിക്കാനാവും. 

വിജയകരമാണെന്നു കണ്ടാല്‍ മുഴുവന്‍ ഇന്‍ഡിഗോ വിമാനങ്ങളിലേക്കും ഇന്‍ ഫ്‌ളൈറ്റ് എന്റര്‍ടൈന്‍മെന്റ് പരിപാടികള്‍ ലഭ്യമാക്കും. ഏതാണ്ട് 350 വിമാനങ്ങളില്‍ പ്രതിദിനം 2,000 യാത്രകള്‍ നടത്തുന്ന എയര്‍ലൈനാണ് ഇന്‍ഡിഗോ. യാത്രികരുടെ യാത്രാനുഭവം കൂടുതല്‍ മികച്ചതാക്കുകയെന്ന ലക്ഷ്യത്തിലാണ് ഇന്‍ഡിഗോ പുതിയ വിനോദ പരിപാടികള്‍ അവതരിപ്പിച്ചിരിക്കുന്നത്. 

യാത്രികരുടെ താല്‍പര്യങ്ങളും ഇഷ്ടങ്ങളും മാറുന്നുവെന്ന തിരിച്ചറിവില്‍ കൂടിയാണ് വിനോദ പരിപാടികള്‍ ഉള്‍പ്പെടുത്താന്‍ ഇന്‍ഡിഗോ ശ്രമിക്കുന്നത്. ഡല്‍ഹിക്കും ഗോവയ്ക്കും ഇടയിലെ എല്ലാ വിമാനങ്ങളിലും ഇന്‍ ഫ്‌ളൈറ്റ് എന്റര്‍ടൈന്‍മെന്റ് പരിപാടികള്‍ ലഭ്യമാക്കും. ഏകദേശം രണ്ടു മണിക്കൂറും 25 മിനിറ്റുമാണ് ഡല്‍ഹി - ഗോവ വിമാനയാത്രക്കായി എടുക്കുക. നോണ്‍സ്‌റ്റോപ് ഫ്‌ളൈറ്റുകള്‍ക്ക് 5,353 രൂപയാണ് ഇന്‍ഡിഗോ ഈടാക്കുന്ന ടിക്കറ്റ് നിരക്ക്. ഡോര്‍ സ്‌റ്റെപ് ബാഗേജ്, ഇന്‍ ഫ്‌ളൈറ്റ് മീല്‍സ് എന്നിവയടക്കമുള്ള അധിക സേവനങ്ങളും ഇന്‍ഡിഗോ യാത്രികര്‍ക്ക് നല്‍കുന്നുണ്ട്. 

ഇന്‍ ഫ്‌ളൈറ്റ് എന്റര്‍ടൈന്‍മെന്റ്

വിമാനയാത്രകളിലെ വിരസത കുറയ്ക്കാനും കൂടുതല്‍ യാത്രികരെ ആകര്‍ഷിക്കാനുമാണ് എയര്‍ലൈനുകള്‍ ഇന്‍ ഫ്‌ളൈറ്റ് എന്റര്‍ടൈന്‍മെന്റുകള്‍ നല്‍കുന്നത്. ആദ്യ കാലങ്ങളില്‍ വലിയ സ്‌ക്രീനുകളില്‍ യാത്രികര്‍ക്കെല്ലാം കാണും വിധമായിരുന്നു പരിപാടികള്‍ കാണിച്ചിരുന്നത്. 1985ലാണ് ആദ്യമായി ഓരോ യാത്രികര്‍ക്കും പ്രത്യേകം ഓഡിയോ പ്ലെയര്‍ നല്‍കിയത്. നോയിസ് ക്യാന്‍സെലിങ് ഹെഡ് ഫോണുകള്‍ 1989 ല്‍ അവതരിപ്പിക്കപ്പെട്ടു. ഇന്‍ ഫ്‌ളൈറ്റ് എന്റര്‍ടൈന്‍മെന്റ് കൂടി കണക്കിലെടുത്താണ് ഇന്നു വിമാനങ്ങളുടെ കാബിന്‍ രൂപകല്‍പന ചെയ്യുന്നത്. 

പാട്ടു കേള്‍ക്കാനും വിഡിയോ ഗെയിം കളിക്കാനും സിനിമ കാണാനുമെല്ലാം ഇന്നു വിമാനയാത്രികര്‍ക്ക് മുന്നിലെ സ്‌ക്രീന്‍ വഴി സാധിക്കും. വിമാനത്തില്‍ ആദ്യമായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത് എമിറേറ്റ്‌സ് (2008) ആയിരുന്നു. വിര്‍ജിന്‍ ഓസ്‌ട്രേലിയ, ചൈന എയര്‍ലൈന്‍സ്, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് തുടങ്ങിയ എയര്‍ലൈനുകളില്‍ യാത്രികര്‍ക്ക് അധിക പണം നല്‍കി കൊണ്ട് വൈ ഫൈ സേവനങ്ങള്‍ ഉപയോഗിക്കാനാവും.

English Summary:

IndiGo Introduces In-Flight Entertainment on Delhi-Goa Flights

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com