ഉംറ വീസ നയത്തിൽ മാറ്റം വരുത്തി സൗദി അറേബ്യ; ഹജിനുള്ള അപേക്ഷകൾ 29 വരെ

Mail This Article
തീർഥാടനത്തിന്റെ സമയത്തിലേക്കാണു മുസ്‌ലിം സമുദായത്തിൽ ഉൾപ്പെട്ടവർ പ്രവേശിക്കുന്നത്. ചിലർ ഉംറ നിർവഹിക്കുന്നതിനും മറ്റും ചിലർ ഹജ് നിർവഹിക്കുന്നതിനുമായി സൗദിയിലേക്ക് പോകുന്ന തിരക്കിലാണ്. ഹജ് നിർവഹിക്കുന്നതിനും ഉംറ നിർവഹിക്കുന്നതിനും പോകാൻ ആഗ്രഹിക്കുന്നവർ വീസ എടുക്കേണ്ടത് ആവശ്യമാണ്. എന്നാണോ വീസ പുറപ്പെടുവിക്കുന്നത് അന്നുമുതൽ മൂന്നുമാസം അഥവാ 90 ദിവസമാണ് വീസ കാലാവധിയെന്ന് സൗദിയിലെ ഹജ്, ഉംറ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഉംറ വീസയ്ക്ക് 90 ദിവസം അഥവാ മൂന്നുമാസം കാലാവധി ഉണ്ടെങ്കിലും ടൂറിസ്റ്റ് വീസയും ഉംറ വീസയും തമ്മിൽ കാര്യമായ ചില വ്യത്യാസങ്ങളുണ്ട്. സൗദി ടൂറിസ്റ്റ് വീസയുടെ കാലാവധിയും 90 ദിവസം അഥവാ മൂന്നു മാസം ആണ്. എന്നാൽ, ഈ വീസ ഉപയോഗിച്ച് ഒന്നിലധികം തവണ നമുക്ക് സൗദിയിലേക്കു പ്രവേശിക്കാവുന്നതാണ്. അതേസമയം, ഉംറ വീസ ഉപയോഗിച്ച് ഒരു തവണ മാത്രമാണ് സൗദിയിലേക്ക് പ്രവേശിക്കാൻ കഴിയുകയുള്ളൂ. ഉംറ വീസയുടെ കാലാവധിയും 90 ദിവസമാണ്. വീസ നിയമത്തിലെ പുതിയ മാറ്റം വരാനിരിക്കുന്ന ഹജ് സീസണിനോട് അനുബന്ധിച്ചാണ്.
പഴയ വീസ നിയമം അനുസരിച്ചാണെങ്കിൽ ഉംറ വീസയുടെ മൂന്നു മാസത്തെ കാലാവധി ആരംഭിക്കുന്നത് സൗദിയിൽ പ്രവേശിക്കുന്ന അന്നു മുതലാണ്. എന്നാൽ, പുതുക്കിയ ഉംറ വീസ നിയമം അനുസരിച്ച് വീസ ഇഷ്യു ചെയ്ത അന്നുമുതലാണ് വീസയുടെ മൂന്നു മാസത്തെ കാലാവധി. ഉംറ വീസയുള്ള ഒരാൾക്ക് രാജ്യത്ത് പ്രവേശിച്ച് ഉംറ അനുഷ്ഠിക്കാൻ സാധിക്കും.
ഉംറ വീസ എന്തിനൊക്കെ ഉപയോഗിക്കാം ?
ഉംറ വീസ ലഭിച്ചിട്ടുള്ളയാൾ വീസ നിയമങ്ങൾ കൃത്യമായി പാലിക്കേണ്ടതുണ്ട്. ഉംറ വീസ ഒരിക്കലും ദുരുപയോഗം ചെയ്യരുത്. കൂടാതെ വീസയുടെ കാലാവധി കഴിയുന്നതിനു മുൻപ് സൗദി അറേബ്യയിൽ നിന്നു മടങ്ങേണ്ടതുമാണ്. തീർഥാടനവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അല്ലാതെ ജോലി സംബന്ധമായ കാര്യങ്ങൾക്കായോ മറ്റ് എന്തെങ്കിലും പ്രവർത്തനങ്ങൾക്കായോ ഉംറ വീസ ഉപയോഗിക്കരുതെന്നും കർശനമായി നിർദ്ദേശിക്കുന്നു.
ഹജ്ജും ഉംറയും ഒന്നു തന്നെയാണോ?
ഹജ്ജും ഉംറയും ഒന്നു തന്നെയാണെന്ന് കരുതുന്ന ചിലരെങ്കിലും ഉണ്ടാകും. എന്നാൽ, ഇത് രണ്ടും ഒന്നല്ല. ഹജ്ജും ഉംറയും തീർഥാടനം തന്നെയാണെങ്കിലും എല്ലാ വർഷവും ഹജ് നിർവഹിക്കുന്നതിന് ഒരു പ്രത്യേക സമയമുണ്ട്. ഈ വർഷം ജൂൺ 14 മുതൽ 19 വരെയാണ് ഹജ് സീസൺ. ഹജ് എല്ലാ മുസ്‌ലിംകളും ജീവിതത്തിൽ ഒരിക്കലെങ്കിലും നിർബന്ധമായും നിർവഹിക്കേണ്ട ഒന്നാണ്. എന്നാൽ, ഉംറ ഇസ്ലാമിക് കലണ്ടർ അനുസരിച്ച് വർഷത്തിൽ എപ്പോൾ വേണമെങ്കിലും നിർവഹിക്കാവുന്നതാണ്. സൗദി ടൂറിസ്റ്റ് വീസയിൽ വിനോദസഞ്ചാരവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടാതെ കുടുംബക്കാരെ സന്ദർശിക്കുന്നതും ഉംറ നിർവഹിക്കുന്നതും വരെ ഉൾപ്പെടുത്തിയിട്ടുണ്ട്. എന്നാൽ, ടൂറിസ്റ്റ് വീസയിൽ എത്തുന്നവർക്ക് ഹജ് നിർവഹിക്കാൻ കഴിയില്ല.
ഉംറ വിസയിൽ എത്തിയാലും ഹജ് നിർവഹിക്കാൻ കഴിയില്ല. ഹജ് നിർവഹിക്കണമെങ്കിൽ സൗദിയുടെ ഹജ് വീസ തന്നെ കരസ്ഥമാക്കേണ്ടതാണ്. 2024ലെ ഹജിനുള്ള വീസകൾ നൽകുന്നത് ഏപ്രിൽ 29ന് അവസാനിക്കും.