sections
MORE

കുറഞ്ഞ ചെലവിൽ മാലദ്വീപ് സന്ദർശിക്കാം

HIGHLIGHTS
  • വളരെ കുറഞ്ഞ ചെലവിൽ ആസ്വദിക്കാന്‍ കഴിയുന്ന ഒരു രാജ്യമാണിത്
  • കുറഞ്ഞ ചെലവിൽ താമസിക്കാവുന്ന അതിഥി മന്ദിരങ്ങളും ഇവിടെയുണ്ട്
177774842
SHARE

യാത്രാപ്രേമികളെല്ലാം ഒരിക്കലെങ്കിലും പോകാൻ ആഗ്രഹിക്കുന്ന രാജ്യമാണ് മാലദ്വീപ്. അറബികടലിൽ സ്ഥിതി ചെയ്യുന്ന കൊച്ചു കൊച്ചു ദ്വീപുകളുടെ സംഗമമായ മാലദ്വീപിലേക്കുള്ള  യാത്ര ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സുഗമമാണ്. സങ്കീർണമായ വീസ നടപടികളൊന്നും തന്നെയില്ലാതെ ചെന്നെത്താനും വളരെ കുറഞ്ഞ ചെലവിൽ ആസ്വദിക്കാനും കഴിയുന്ന ഒരു രാജ്യമാണിത്. സിനിമാതാരങ്ങളടക്കമുള്ളവർ സ്ഥിരമായി അവധിയാഘോഷിക്കാൻ എത്തുന്ന മാലദ്വീപിലേയ്ക്ക് ഒരു യാത്ര പോയാലോ?

വിനോദസഞ്ചാരമാണ് മാലദ്വീപിലെ പ്രധാന വരുമാന മാർഗം അതുകൊണ്ടു തന്നെ ധാരാളം കൗതുക കാഴ്ചകളൊരുക്കിയാണ് ദ്വീപുകളെല്ലാം സഞ്ചാരികളെ വരവേൽക്കുന്നത്. എല്ലാ ബീച്ചുകൾക്കു സമീപവും കടലിന്റെ മനോഹര കാഴ്ചകളൊരുക്കുന്ന താമസസ്ഥലങ്ങളും ജലകേളികളുമൊക്കെയുണ്ട്. വെള്ളത്തിന് മുകളിൽ നിൽക്കുന്ന തരത്തിലാണ് ഇവിടുത്തെ പല അതിഥി മന്ദിരങ്ങളുടെയും റിസോർട്ടുകളുടെയും നിർമാണം. ഇന്ത്യയിൽ നിന്നുള്ളവരെ സംബന്ധിച്ചു ഏറെ പുതുമ പകരുന്ന ഒരു കാഴ്ചയാണത്. വളരെ കുറഞ്ഞ ചെലവിൽ താമസിക്കാൻ കഴിയുന്ന അതിഥി മന്ദിരങ്ങളും അത്യാഢംബര സൗകര്യങ്ങളെല്ലാമുള്ള  മുന്തിയ റിസോർട്ടുകളും മാലദ്വീപിൽ സുലഭമാണ്. കയ്യിലുള്ള പണത്തിനനുസരിച്ചു താല്പര്യം പോലെ അവ താമസത്തിനായി തെരെഞ്ഞെടുക്കാം. 

പണച്ചെലവ് കുറഞ്ഞ താമസ സൗകര്യങ്ങൾ കണ്ടെത്തുന്നത് പോലെ തന്നെ ചെലവ് കുറയ്ക്കാനുള്ള മറ്റൊരു മാർഗമാണ് ലോക്കൽ ഫെറികളെ യാത്രയ്ക്കായി ആശ്രയിക്കുക എന്നുള്ളത്. റിസോർട്ടുകളിലേക്കാണ് പോകേണ്ടതെങ്കിൽ ഫെറികൾ ലഭിക്കുകയില്ല, സ്പീഡ് ബോട്ടുകളാണ് ശരണം. പക്ഷെ, ഈ സ്പീഡ് ബോട്ടുകൾ ഈടാക്കുന്ന തുക വളരെ കൂടുതലാണ്. തദ്ദേശീയരായ മത്സ്യത്തൊഴിലാളികളെ ആശ്രയിച്ചാൽ ഇതിനും പരിഹാരമുണ്ട്. വളരെ കുറഞ്ഞ തുകയിൽ റിസോർട്ടിന് സമീപത്തെത്താൻ മത്സ്യത്തൊഴിലാളികളുടെ ബോട്ടുകൾ സഹായിക്കും. 

രുചിനിറഞ്ഞ ഭക്ഷണം വിളമ്പുന്ന ഒരു രാജ്യം കൂടിയാണ് മാലദ്വീപ്. ചൂരയാണ് ഇവരുടെ ഭക്ഷണത്തിലെ പ്രധാന വിഭവം. താമസസ്ഥലങ്ങൾ തെരഞ്ഞെടുക്കുമ്പോൾ പ്രഭാത ഭക്ഷണം കൂടി ഉൾപ്പെട്ടിട്ടുള്ള പാക്കേജുകൾ തെരെഞ്ഞെടുക്കുകയാണെങ്കിൽ ഭക്ഷണത്തിനു വേണ്ടി വേറെ റെസ്റ്റോറന്റുകളെ ആശ്രയിക്കേണ്ടി വരികയില്ല. ഫുലിദൂ പോലുള്ള ചെറിയ ദ്വീപുകളിൽ ഭക്ഷ്യശാലകൾ വളരെ കുറവാണ്. അതുകൊണ്ടു തന്നെ അവിടുത്തെ എല്ലാ ഭക്ഷ്യശാലകളിലും ഒരേ നിരക്കുതന്നെയാണ് ഈടാക്കുന്നത്.  എന്നാൽ മാഫുഷി പോലുള്ള വലിയ ദ്വീപുകളിൽ നിരവധി റെസ്റ്റോറന്റുകളുണ്ട്. നമ്മുടെ കയ്യിലുള്ള പണത്തിനനുസരിച്ചുള്ള ചെറു ഭക്ഷ്യശാലകളെ ഭക്ഷണത്തിനായി തെരെഞ്ഞെടുക്കാവുന്നതാണ്. ചോറും മീൻകറിയുമൊക്കെ ഉൾപ്പെട്ടിട്ടുള്ള ഇവിടുത്തെ ഭക്ഷണം നമ്മുടെ നാട്ടിലെ വിഭവങ്ങളോടു സാദൃശ്യമുള്ളതാണ്. 

529132420

ബീച്ചുകളിലെ ഡൈവിംഗ്, സ്‌നോർക്ലിങ് പോലുള്ള വിനോദങ്ങൾക്കു പണമധികം ചെലവാകുമെങ്കിലും എല്ലാ പാക്കേജുകളെയും കുറിച്ച് ചോദിച്ചറിഞ്ഞതിനു ശേഷം മാത്രം പണം മുടക്കുന്നതാണ് ഉചിതം. മികച്ച കാഴ്ചകളും അനുഭവങ്ങളും സമ്മാനിക്കുന്നവയാണ് ഈ വിനോദങ്ങളെല്ലാം. കടലിനടിയിലെ സുന്ദരമായ കാഴ്ചകൾ അനുഭവവേദ്യമാക്കുന്ന സ്‌നോർക്ലിങ്, സഞ്ചാരികൾക്കു പുത്തൻ അനുഭവമായിരിക്കുമെന്നത് തീർച്ചയാണ്. പണമല്പം മുടക്കിയാലും ഇവയെല്ലാം ആസ്വദിക്കേണ്ടവ തന്നെയാണ്. 

മനോഹരമാണ് മാലിദ്വീപിലെ ബീച്ചുകളെല്ലാം. വൃത്തിയേറിയ, പഞ്ചാരമണൽ വിരിച്ച ബീച്ചുകളെല്ലാം സന്ദർശകരെ വളരെയധികം ആകർഷിക്കും. തിരക്കേറിയ ബീച്ചുകളും വളരെ കുറച്ചു സഞ്ചാരികൾ മാത്രമെത്തുന്ന ബീച്ചുകളും ഇവിടെ നിരവധിയുണ്ട്. ഇവയുടെയെല്ലാം പ്രധാന പ്രത്യേകത, ഈ ബീച്ചുകളെല്ലാം വളരെ സുന്ദരമായും വൃത്തിയോടെയും പരിപാലിക്കപ്പെടുന്നുണ്ട് എന്നതു തന്നെയാണ്. 1200 ഓളം കൊച്ചു കൊച്ചു ദ്വീപുകൾ ചേർന്നതാണ് മാലദ്വീപ്. അതിൽ തന്നെ ആൾതാമസമുള്ളവ 200 എണ്ണം മാത്രമേയുള്ളു. ഈ 200 ആൾതാമസമുള്ള ദ്വീപുകളിൽ 50 എണ്ണത്തിൽ മാത്രമേ അതിഥികൾക്കു താമസ സൗകര്യമൊരുക്കുന്നവയുള്ളു. എല്ലാ ദ്വീപുകളും ഒരേ പോലെയായിരിക്കുമെന്ന മുൻവിധിയോടെ സമീപിക്കേണ്ട ഒരു രാജ്യമല്ല മാലദ്വീപ്. വേറിട്ട കാഴ്ചകളൊരുക്കുന്നവയാണ് മാലദ്വീപിലെ ഓരോ ദ്വീപുകളും. അതുകൊണ്ടു തന്നെ സന്ദർശിക്കാൻ കഴിയുന്ന ദ്വീപുകളെല്ലാം സന്ദർശിക്കേണ്ടതാണ്. 

30 ഓളം അതിഥിമന്ദിരങ്ങളുള്ള മാഫുഷിയാണ് ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്ന ദ്വീപ്. വളരെ ശാന്തമായ ദ്വീപാണ് ഫുലിദൂ. സർഫിങ്ങിനോട് താല്പര്യമുള്ളവർക്കു സന്ദർശിക്കാവുന്ന ഒരു ദ്വീപാണ് ഗുറൈധൂ. നാളികേരവും പഞ്ചസാരയുമൊക്കെ ചേർന്ന രുചികരമായ മാലദ്വീപിയൻ സ്പെഷ്യൽ ചോക്ലേറ്റുകൾ ലഭിക്കുന്ന ദ്വീപുകൂടിയാണ് ഗുറൈധൂ. ഓരോ ദ്വീപുകളും സഞ്ചാരികൾക്കു സമ്മാനിക്കുക വേറിട്ട കാഴ്ചകളും വേറിട്ട അനുഭവങ്ങളുമാണ്. 

കാലാവസ്ഥയുടെ കാര്യത്തിലും ഈ ദ്വീപുകൾ തമ്മിൽ വലിയ സാദൃശ്യമൊന്നുമില്ല. പ്രവചനാതീതമാണ് ഓരോ ദ്വീപിലെയും കാലാവസ്ഥ. ഒക്ടോബര് മാസത്തിലാണ് ഇവിടെ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തുന്നത്. ആ സമയങ്ങളിൽ താമസത്തിനും ഭക്ഷണത്തിനുമൊക്കെ ഇരട്ടി പണം വരെ ഈടാക്കാറുണ്ട്. അതുകൊണ്ടു തന്നെ സീസണുകൾ ഒഴിവാക്കിയുള്ള യാത്രയായിരിക്കും പോക്കറ്റ് കാലിയാകാതിരിക്കാനുള്ള മികച്ച മാർഗം. ഓഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളൊക്കെ മാലദ്വീപ് സന്ദർശിക്കുന്നതിനു യോജിച്ച സമയമാണ്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA