sections
MORE

ഉക്രെയ്‌നിൽ അവശേഷിക്കുന്ന 'ഒരേയൊരു' ലെനിൻ!

കീവ് നഗരത്തിലെ  മിഖായ്‌ ലോവ്സ്‌കയ സ്‌ക്വയർ :വിവിധ ദൃശ്യങ്ങൾ 
SHARE

ഉക്രെയ്ൻ ഡയറി :അദ്ധ്യായം 9 

ചെർണോബിൽ എക്‌സ്‌ക്ലൂഷൻ സോൺ എന്നറിയപ്പെടുന്ന, ഏറ്റവുമധികം ആണവികിരണമുള്ള പ്രദേശത്തുകൂടി ഞങ്ങളുടെ വാൻ തിരികെ കീവിലേക്കു മടങ്ങവേ, 'ചുവന്നകാട്' ( Red Forest) എന്നറിയപ്പെടുന്ന വിസ്തൃതമായ വനപ്രദേശം കണ്ടു. ആണവ വികിരണമേറ്റ് ഇലകൾ ചുവന്നുപോയ വൃക്ഷങ്ങളാണ് ഈ കാട്ടിലുള്ളത്. അവിടെ വാൻ നിർത്തി ഏതാനും ചിത്രങ്ങളെടുത്തു. എന്നിട്ട് ഗീഗർ മെഷീനൊന്ന് മണ്ണിനോട് ചേർത്തുവച്ചു. നീണ്ട അലാറത്തോടെ മെഷീൻ പ്രഖ്യാപിച്ചു: 58.3 യൂണിറ്റ്! മനുഷ്യശരീരത്തിന് താങ്ങാവുന്ന ആണവ വികിരണം വെറും 0.31 യൂണിറ്റാണ്. പാവം വൃക്ഷങ്ങൾ! വർഷങ്ങളേറെ കഴിഞ്ഞിട്ടും വർധിത വികിരണമേറ്റ്  ചുവന്ന ഇലകളുമായി കാലം കഴിക്കാനാണ് അവയുടെ വിധി.

lenin
.ഉക്രെയ്നിൽ  അവശേഷിക്കുന്ന ലെനിന്റെ ഒരേയൊരു പ്രതിമ 

വനപ്രദേശത്തു നിന്ന് വീണ്ടും വാൻ നീങ്ങവേ അടുത്ത കാഴ്ചയെത്തി: ലെനിന്റെ പ്രതിമ. വഴിയോരത്ത്, സന്ദർശകരെ നിർന്നിമേഷനായി നോക്കി നിൽക്കുന്ന ലെനിന്റെ പ്രതിമയ്ക്ക് എന്താണ് പ്രത്യേകത എന്നു ചോദിച്ചാൽ, ഇത് ഉക്രെയ്‌നിൽ അവശേഷിക്കുന്ന ഒരേയൊരു ലെനിൻ പ്രതിമയാണ് എന്നാണുത്തരം. സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന രാജ്യമാണല്ലോ ഉക്രെയ്ൻ.

സ്വാഭാവികമായും ഇവിടെ ഏറ്റവുമധികം ആദരിക്കപ്പെടേണ്ട വ്യക്തികളിലൊരാളാണ് സഖാവ് ലെനിൻ. പക്ഷേ, സോവിയറ്റ് യൂണിയനിൽ നിന്ന് വിട്ടുമാറി സ്വതന്ത്രമായ മറ്റേതൊരു രാഷ്ട്രത്തെയും പോലെ തന്നെ പഴയ കമ്യൂണിസ്റ്റു നേതാക്കളെയെല്ലാം ഉക്രെയ്‌നും വെറുക്കുന്നു. ദാരിദ്ര്യവും അടിമത്തവും നിറഞ്ഞ സോവിയറ്റ് നാളുകൾ ഓർക്കാൻ പോലും ആരും ഇഷ്ടപ്പെടുന്നില്ല. മുമ്പ് ജോർജ്ജിയ, ഉസ്‌ബെക്കിസ്ഥാൻ, കസാഖ്സ്ഥാൻ, കിർഗിസ്ഥാൻ തുടങ്ങിയ മുൻ സോവിയറ്റ് അംഗരാജ്യങ്ങളിൽ പോയപ്പോഴും കമ്മ്യുണിസത്തോടുള്ള വെറുപ്പ് കാണാൻ കഴിഞ്ഞു.. മാർക്‌സിസം, കമ്യൂണിസം എന്നൊക്കെ കേൾക്കുമ്പോൾ ചെകുത്താൻ കുരിശ് കണ്ട ഭാവമാണ് ജനങ്ങളുടെ മുഖത്ത്. 

ukraine-trip-2
കീവ് നഗരത്തിലെ  മിഖായ്‌ ലോവ്സ്‌കയ സ്‌ക്വയർ : ദൃശ്യങ്ങൾ

ഉക്രെയ്‌നിന്റെ കാര്യത്തിൽ, സോവിയറ്റ് യൂണിയൻ ശിഥിലമായിത്തുടങ്ങി എന്നു മനസ്സിലായപ്പോൾ തന്നെ ജനങ്ങൾ സോവിയറ്റ് നേതാക്കളുടെ പ്രതിമകൾ തച്ചുടച്ചു തുടങ്ങി. സ്വാതന്ത്ര്യം നേടിയ വർഷമായ 1990ൽത്തന്നെ 2000 ലെനിൻ പ്രതിമകൾ ജനങ്ങൾ തകർത്തു. 'ലെനിനോ പാഡ്' എന്നാണ് പ്രതിമ തകർക്കലിന് ജനം നൽകിയ പേര്. 'ലെനിന്റെ വീഴ്ച' എന്നർത്ഥം. 1990കളിൽ ആകെ 550 ലെനിൻ സ്മാരകങ്ങൾ ഉണ്ടായിരുന്നത്രെ, ഉക്രെയ്‌നിൽ.

അടുത്ത പത്തുവർഷത്തിനുള്ളിൽ 600 ലെനിൻ പ്രതിമകൾ കൂടി നാമാവശേഷമാക്കി, നാട്ടുകാർ. എന്നിട്ടും പല കവലകളിലും ലെനിൻ മൺമറയാൻ കൂട്ടാക്കാതെ ധാർഷ്ട്യത്തോടെ നിലകൊണ്ടു. ആ നില്പ് കണ്ട് സഹിക്കവയ്യാതെ ജനങ്ങൾ 'ലെനിനോ പാഡ്' ശക്തമാക്കി. 2013ൽ 552 ഉം 2014ൽ 700ഉം പ്രതിമകൾ അടിച്ചുടയ്ക്കപ്പെട്ടു. 

കീവ് നഗരത്തിലെ  മിഖായ്‌ ലോവ്സ്‌കയ സ്‌ക്വയർ :വിവിധ ദൃശ്യങ്ങൾ
കീവ് നഗരത്തിലെ  മിഖായ്‌ ലോവ്സ്‌കയ സ്‌ക്വയർ : ദൃശ്യങ്ങൾ

2015 മെയ് 15ന് ഉക്രെയ്ൻ പ്രസിഡണ്ട് പെഡ്രോ പൊരോഷെൻകോ ഒരു ബിൽ  പാസ്സാക്കി. ആറുമാസത്തിനുള്ളിൽ സോവിയറ്റ് ഭരണത്തിന്റെ ബാക്കിപത്രമായി ഉക്രെയ്‌നിലുള്ള എല്ലാ സ്മാരകങ്ങളും നിർമ്മാർജ്ജനം ചെയ്യാൻ ബില്ലിൽ വ്യവസ്ഥയുണ്ടായിരുന്നു. (രണ്ടാം ലോകമഹായുദ്ധ കാലത്തെ സ്മാരകങ്ങളെ മാത്രം ബില്ലിൽ നിന്ന് ഒഴിവാക്കി) കമ്യൂണിസവുമായി ബന്ധപ്പെട്ട ഒരു കാര്യവും രാജ്യത്ത് അവശേഷിക്കരുതെന്ന് ബില്ലിൽ വ്യക്തമാക്കിയിരുന്നു.ബില്ലിന്റെ ചുവടുപിടിച്ച് ബാക്കിയുണ്ടായിരുന്ന 1320 ലെനിൻ സ്മാരകങ്ങൾ കൂടി തകർക്കപ്പെട്ടു. 2017 ഓഗസ്റ്റ് ആയപ്പോഴേക്കും ഉക്രെയ്ൻ 'ലെനിൻ വിമുക്ത'മായി എന്നു പറയാം. 

പക്ഷേ ഉള്ളിൽ വിപ്ലവവീര്യം സൂക്ഷിക്കുന്ന ലെനിനെ  പൂർണമായും തകർക്കാനാവുമോ? ഇല്ല. ലെനിന്റെ ഒരു പ്രതിമ മാത്രം ഇപ്പോഴും കമ്യൂണിസ്റ്റ് വിരുദ്ധരുടെ കണ്ണിൽ പെടാതെ ഒളിവിൽ കഴിയുന്നുണ്ട്.. അതാണ് ഇവിടെ, ഒരു ചെർണോബിലിന്റെ പാതയോരത്തായി ഞങ്ങൾ കണ്ടുകൊണ്ടിരിക്കുന്നത്.

ukraine-trip4
കീവ് നഗരത്തിലെ  മിഖായ്‌ ലോവ്സ്‌കയ സ്‌ക്വയർ : ദൃശ്യങ്ങൾ

രണ്ടാൾപൊക്കമുള്ള ലെനിന്റെ പ്രതിമ സ്ഥാപിച്ചിരിക്കുന്നത് മാർബിൾ പാകിയ പ്ലാറ്റ്‌ഫോമിലാണ്. വർഷങ്ങളായി അറ്റകുറ്റപ്പണിയൊന്നും നടത്താത്തതു മൂലം ലെനിന്റെ ശരീരകാന്തിയൊക്കെ മങ്ങി. 'എന്തുകൊണ്ടാണ് ഈയൊരു ലെനിനെ മാത്രം നിങ്ങൾ വെറുതെ വിട്ടത്?'-പ്രതിമയ്ക്കു മുന്നിൽ  ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ഞാൻ ഗൈഡിനോടു ചോദിച്ചു. 'ലോകത്തിലെ ഏറ്റവും വലിയ ദുരന്തം നടന്ന സ്ഥലമല്ലേ ഇത് , ഈ മനുഷ്യന്റെ പ്രതിമ സ്ഥാപിക്കാൻ ഏറ്റവും പറ്റിയ സ്ഥലവും ഇതു തന്നെയല്ലേ?' - അവൻ യാതൊരു 'മയ'വുമില്ലാതെ പറഞ്ഞു. കമ്യൂണിസത്തെയും മാർക്‌സിസത്തെയും ലോകത്തിലെ ഏറ്റവും വലിയ ദുരന്തമായാണ് അവൻ ഉൾപ്പെടെയുള്ള ഉക്രെയ്ൻകാർ കാണുന്നത്. അവരെ കുറ്റംപറയാൻ പറ്റില്ല, അനുഭവമാണല്ലോ ഏറ്റവും വലിയ ഗുരു!

കീവ്  നഗരത്തിലെ പൂക്കൾ വിൽക്കുന്ന ഒരു ഷോപ്പ്
കീവ്  നഗരത്തിലെ പൂക്കൾ വിൽക്കുന്ന ഒരു ഷോപ്പ്

ചെർണോബിലിൽ നിന്ന് കീവ് നഗരത്തിലേക്കുള്ള യാത്രയിൽ, ഞാനും നിയാസും തുടർന്നുള്ള യാത്രയുടെ പ്ലാനിങ്ങിലായിരുന്നു. ഇനി ലിവീവ്,ഒഡേസ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കാനുണ്ട്. കീവ് നഗരവും കണ്ടുതീർന്നിട്ടില്ല. മറ്റു രണ്ടിടങ്ങളിലും പോയി വന്നിട്ട്, അവസാനത്തെ  ണ്ടുദിവസങ്ങൾ വീണ്ടും കീവിൽ ചെലവഴിക്കാൻ ഏകകണ്‌ഠേന തീരുമാനമായി. അങ്ങനെയെങ്കിൽ നാളെ രാവിലെ ലിവീവിലേക്ക് പുറപ്പെടാം.

തുടർന്ന് ലിവീവിലെത്താനുള്ള മാർഗ്ഗങ്ങൾ ഗൂഗിളിൽ പരതി. കീവിൽ നിന്ന് 550 കി.മീ ദൂരമുണ്ട് ലിവീവിലേക്ക്. ട്രെയിനിൽ എട്ടുമണിക്കൂർ. ടാക്‌സിയിൽ ഏതാണ്ട് അത്ര തന്നെ സമയം വേണം. ബസിനാകട്ടെ, 10 മണിക്കൂറെങ്കിലുമെടുക്കും, 550 കി.മീ. താണ്ടാൻ. ടാക്‌സിക്ക് 5000 രൂപയോളവും ബസ്സിന് 3000 രൂപയോളവും നിരക്കുണ്ട്. ട്രെയിനാണ് ലാഭകരം.1500 രൂപയേയുള്ളു ടിക്കറ്റ് നിരക്ക്. പക്ഷേ രാത്രിയിലേ ട്രെയിനുള്ളു.

എങ്കിൽ വിമാന നിരക്കൊന്ന് നോക്കാമെന്നായി. ഉക്രെയ്ൻ ഇന്റർനാഷണൽ എയർലൈൻസിന്റെ വിമാനം ലിവീവിലേക്ക് പറക്കുന്നുണ്ട്. ഒരു മണിക്കൂർ പത്തുമിനുട്ടുകൊണ്ട് ലക്ഷ്യസ്ഥാനത്തെത്തും. ടിക്കറ്റ് നിരക്ക് 5400 രൂപ. മറ്റു പല സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ വിമാനയാത്രയാണ് അഭികാമ്യമെന്ന് ഞങ്ങൾക്കു തോന്നി. ലിവീവ് ചുറ്റി കണ്ട ശേഷം  നിന്ന് ഒഡേസയിലേക്ക് റോഡ് മാർഗം പോകാം. ആ യാത്രയിൽ  ഉക്രെയ്നിന്റെ വലിയൊരു ഭാഗം കണ്ടുതീർക്കാൻ കഴിയും.

വിമാന ടിക്കറ്റ് ബുക്ക് ചെയ്തു. പിറ്റേന്ന് രാവിലെ 11 മണിക്ക് പുറപ്പെടുന്ന വിമാനം 12.10ന് ലിവീവിലെത്തും. അന്നു രാത്രി ഹോട്ടലിലെത്തി അല്പനേരം വിശ്രമിച്ച ശേഷം കീവ് നഗരത്തിലൂടെ നടക്കാനിറങ്ങി. നഗരത്തിലെ പ്രധാന ചത്വരമായ മിഖായ്‌ ലോവ്സ്‌കയ സ്‌ക്വയറിൽ ജനത്തിരക്കിന്, ഈ എട്ടുമണി രാത്രിയിലും, ഒരു കുറവുമില്ല. കാമുകികാമുകന്മാരും കുട്ടികളടങ്ങുന്ന കുടുംബങ്ങളും ഒറ്റയാൻമാരുമെല്ലാം പലവിധ ലീലകളിലേർപ്പെട്ടുകൊണ്ട്, സ്‌ക്വയറിലുണ്ട്. ചുറ്റുമുള്ള റെസ്റ്റോറന്റുകളും ബിയർ പാർലറുകളുമെല്ലാം നിറഞ്ഞു കവിഞ്ഞ് ജനമുണ്ട്.

കീവ് നഗരത്തിലെ  മിഖായ്‌ ലോവ്സ്‌കയ സ്‌ക്വയർ : ദൃശ്യങ്ങൾ

യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേതെന്നപോലെ തന്നെ, ഉക്രെയ്‌നിലും രാത്രി ദൃശ്യം മനോഹരമാണ്. നഗരത്തെ ഏറ്റവുമധികം സുന്ദരമാക്കുന്ന രീതിയിലുള്ള പ്രകാശ വിന്യാസമാണ് ഇവിടെയുള്ളത്. പഴയ കെട്ടിടങ്ങൾ പ്രത്യേക സംവിധാനത്തിലൂടെ പ്രകാശഭരിതമാക്കും. നിരത്തുകളിലും പ്രകാശം അഭൗമ ഭംഗിയൊരുക്കും. നമ്മുടെ നാട്ടിലേതു പോലെ വെള്ളിവെളിച്ചമല്ല, ബൾബുകൾ ചൊരിയുന്നത്. പഴമയ്ക്കു ചേരുംവിധം നേർത്ത സെപ്പിയ നിറമാണ് പ്രകാശത്തിന്, ഇതെല്ലാം കൂടി ചേരുമ്പോൾ പെട്ടെന്ന് നമ്മൾ 18-ാം നൂറ്റാണ്ടിൽ എത്തിപ്പെട്ടതുപോലെ തോന്നും. രാത്രി എട്ടുമണിക്കു തന്നെ ട്രാഫിക് ലൈറ്റുകളടക്കം ഓഫ് ചെയ്യുന്ന നമ്മുടെ നാട്ടിൽ ജീവിക്കുന്നവർക്ക് രാത്രി സൗന്ദര്യമൊന്നും ആസ്വദിക്കാൻ യോഗമില്ല.

അല്പനേരം മിഖായ്‌ ലോവ്‌സ്‌കയ സ്‌ക്വയറിൽ ഇരുന്ന് നഗരഭംഗി ആസ്വദിച്ച ശേഷം അടുത്തുകണ്ട ടർക്കിഷ് റെസ്റ്റോറന്റിലേക്ക് കയറി. ഏതൊരു ടർക്കിഷ് റെസ്റ്റോറന്റും പോലെ തന്നെ ഉൾഭാഗം തനി അറേബ്യനാണ്. കടംനിറമുള്ള കാർപ്പെറ്റും മേശവിരികളും ഹുക്ക പുകയുന്ന ഗന്ധവുമൊക്കെയുള്ള ഇന്റീരിയർ. എന്നാൽ പുറത്ത് ഒരു ഓപ്പൺ എയർ ഏരിയയുണ്ട്. അവിടെയിരുന്നാൽ നഗരം കണ്ടുകൊണ്ട് ആഹാരം കഴിക്കാം. ഞങ്ങൾ ഓപ്പൺ എയറിൽ സ്ഥാനം പിടിച്ചു. സചിത്ര മെനു വന്നു. വിലയെല്ലാം കത്തിയാണ്. പക്ഷേ നല്ല വിശപ്പുണ്ട്. കമ്പിൽ കുത്തി ചുട്ടെടുക്കുന്ന ഷാഷ്‌ലിക്കാണ് കണ്ണിൽ പെട്ടത്. മട്ടൺ ഷാഷ്‌ലിക്കും ദോശപോലെ തോന്നിക്കുന്ന നാലെസ് നീകെയും ഓർഡർ ചെയ്തു. 'നീകോ ഞാ ച' എന്ന സിനിമാ പേരു പോലെ ഉച്ചരിക്കുന്ന നാലെസ്‌ നീകെ എനിക്കിഷ്ടമായില്ല. ചീസും മുട്ടയുമൊക്കെ കൂടി കൊളസ്‌ട്രോളിന്റെ കൂടാക്കി മാറ്റിയിരിക്കുകയാണ് ഈ ഉക്രെയ്‌നിയൻ ദോശയെ. എന്നാൽ ഷാഷ്‌ലിക്ക് 'പൊളിച്ചു'! ഇടത്തരം വലിപ്പമുള്ള മട്ടൺ കഷണങ്ങൾ കമ്പിൽ കുത്തി കൽക്കരി ഗ്രില്ലിൽ വെച്ച് ചുട്ടെടുത്ത് ഫ്രെഷ് സലാഡിനൊപ്പം മേശപ്പുറത്തെത്തുമ്പോൾ സസ്യാഹാരി പോലും ഒന്നു കൊതിച്ചുപോകും.

രാത്രി പത്തുമണിയായി. നിരത്തിൽ തിരക്ക് വർദ്ധിച്ചു വരുന്നതേയുള്ളു. സ്‌ക്വയറിലും ആൾത്തിരക്കിന് കുറവില്ല. സ്വർണവർണമാർന്ന ഉക്രെയ്‌നിയൻ സുന്ദരിമാർ വഴിവിളക്കിന്റെ പ്രഭാപൂരത്തിൽ കൂടുതൽ സുന്ദരിമാരാകുന്ന ജാലവിദ്യ നോക്കിക്കണ്ട് ഞങ്ങൾ കുറെ നേരം കൂടി സ്‌ക്വയറിൽ ഇരുന്നു. പിന്നെ ഊബർ പിടിച്ച് മുറിയിലെത്തി കിടന്നുറങ്ങി. പിറ്റേന്നു രാവിലെ വീണ്ടും ഊബറിൽ കയറി എയർപോർട്ടിലെത്തി. വിസയ്ക്ക് വേണ്ടി 12 മണിക്കൂറിലേറെ കാത്തിരുത്തി മക്കാറാക്കിയ എയർപോർട്ടാണല്ലോ എന്നാലോചിച്ചപ്പോൾ ദേഷ്യം വന്നു. സ്വയം ദേഷ്യപ്പെടാമെന്നല്ലാതെ വേറെ കാര്യമൊന്നുമില്ലല്ലോ. അതുകൊണ്ട് പഞ്ചപുച്ഛമടക്കി ഉക്രെയ്ൻ ഇന്റർനാഷണൽ എയർലൈൻസിന്റെ എംബ്രായർ വിമാനത്തിൽ കയറിയിരുന്നു. ഒരു മണിക്കൂറിനു ശേഷം ലീവിവ് എയർപോർട്ടിൽ ലാൻഡ് ചെയ്യുന്നതായി അറിയിപ്പു വന്നു. പച്ചപ്പുപുതച്ച കൃഷിയിടങ്ങൾക്കു മേലേ കൂടി താണു പറന്ന് വിമാനം ലിവീസ് എയർപോർട്ടിൽ നിലം തൊട്ടു.

ഡാനിലോ ഹലിസ്‌കി ഇന്റർനാഷണൽ എയർപോർട്ട് എന്നാണ് ലിവീവ്  എയർപോർട്ടിന്റെ ഔദയോഗിക നാമം. പേരിന്റെയത്ര ഗാംഭീര്യമൊന്നുമില്ല എയർപോർട്ടിന്. മണിക്കൂറിൽ 1000 യാത്രക്കാരെ കൈകാര്യം ചെയ്യാൻ പറ്റുന്ന എയർപോർട്ടാണിത്. ലിവീവ് ഒരു വിനോദസഞ്ചാര കേന്ദ്രമായതു കൊണ്ടും പോളണ്ടിന്റെ അതിർത്തിയിൽ നിന്ന് 70 കി.മീ അകലെ മാത്രമായതുകൊണ്ടും വിദേശ വിനോദ സഞ്ചാരികൾ ധാരാളമായി ഇവിടെ  എത്തുന്നുണ്ട്. അതുകൊണ്ടുതന്നെ തുർക്കി, ഓസ്ട്രിയ, റോം, ജർമ്മനി, ലണ്ടൻ, ജോർജ്ജിയ എന്നിവിടങ്ങളിലേക്കൊക്കെ ലിവീവിൽ നിന്ന് വിമാന സർവീസുണ്ട്. 

(തുടരും)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA