ADVERTISEMENT

 

ശാന്ത സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപുരാഷ്ട്രമായ ന്യൂസിലൻഡ് യാത്രാപ്രിയരുടെ ഇഷ്ടരാജ്യങ്ങളിലൊന്നാണ്. മനോഹരമായ ഭൂപ്രദേശങ്ങൾ, മലനിരകൾ, ബീച്ചുകൾ, അഗ്‌നിപർവ്വതങ്ങൾ, തടാകങ്ങൾ തുടങ്ങി ഒരു സഞ്ചാരിയുടെ അഭിരുചികൾക്കനുസരിച്ചുള്ള എല്ലാ വിഭവങ്ങളും കൊണ്ട് സമ്പന്നമാണ് ആ രാജ്യം. ന്യൂസിലൻഡിലേക്ക് യാത്ര തിരിക്കുന്നതിനു മുൻപ് ആ രാജ്യത്തെക്കുറിച്ചു കൂടുതലറിഞ്ഞു വെയ്ക്കുന്നതു യാത്ര കൂടുതൽ ആസ്വാദ്യകരമാക്കാം. 

 

450492613

പ്രധാനമായും രണ്ടു ദ്വീപുകളാണ് ന്യൂസിലൻഡിലുള്ളത്. വടക്കൻ ദ്വീപ്, തെക്കൻ ദ്വീപ് എന്നിങ്ങനെയാണ് അവ അറിയപ്പെടുന്നത്. കൂടാതെ ഈ ദ്വീപുകൾക്കു ചുറ്റുമായി ധാരാളം കുഞ്ഞൻ ദ്വീപുകൾ വേറെയുമുണ്ട്. അവയിൽ പ്രധാനികളാണ് സ്റ്റിവാർട്ട് ദ്വീപും വെയ്കെ ദ്വീപും. 2,60,000 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്‌തീർണമുള്ള ഈ കുഞ്ഞൻ രാജ്യം വർഷത്തിലെ ഏതുസമയത്തും സന്ദർശിക്കാം. ഇന്ത്യൻ പാസ്‌പോർട്ടും മതിയായ രേഖകളും ക്രിമിനൽ പശ്ചാത്തലവുമില്ലെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ന്യൂസീലൻഡിലേക്കുള്ള സന്ദർശന വിസ ലഭിക്കും.   

 

ഓരോ ഋതുക്കളിലും വ്യത്യസ്തവും ആകർഷകവുമായ കാഴ്ചകൾ കൊണ്ടാണ് ന്യൂസിലൻഡ് അതിഥികളെ സ്വീകരിക്കുന്നത്. എങ്കിലും ഡിസംബർ മുതൽ ഫെബ്രുവരി വരെയുള്ള വേനൽക്കാലത്താണ് അവിടെ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത്. ഈ സമയത്തു പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളിലെല്ലാം  നല്ല തിരക്ക് അനുഭവപ്പെടാറുണ്ട്. ഇത് മുൻകൂട്ടി കണ്ടു യാത്രകൾക്കു പദ്ധതികൾ തയാറാക്കണം. അതുപോലെ തന്നെ ഫ്ലൈറ്റ് ടിക്കറ്റുകളുടെ ലഭ്യതയെ കുറിച്ചു അറിഞ്ഞുവെയ്ക്കുന്നതു യാത്രാതടസങ്ങൾ ഒഴിവാക്കാൻ സഹായിക്കും.

newziland1

 

കൂടാതെ, ആ സമയങ്ങളിൽ നിരക്കുകളിൽ വലിയ വർധനയുണ്ടാകാറുണ്ട്. അതുകൂടി മുൻപിൽ കണ്ടുകൊണ്ടു വേണം വേനൽക്കാലങ്ങളിൽ  യാത്രയ്‌ക്കൊരുങ്ങാൻ. പണം കൂടുതൽ ചെലവാക്കാൻ താൽപര്യമില്ലെങ്കിൽ സീസൺ സമയത്തെ യാത്ര ഒഴിവാക്കുന്നതാണ് ഉചിതം. മാർച്ച് മുതൽ മെയ് വരെയുള്ള സമയത്തു സീസൺ ആണെങ്കിലും വലിയ തിരക്കനുഭവപ്പെടാറില്ല, മാത്രമല്ല, താപനില വളരെ കുറവുമായിരിക്കും. ഈ സമയങ്ങളിൽ വലിയ ധനനഷ്ടം കൂടാതെ ന്യൂസിലൻഡിലെ കാഴ്ചകൾ കാണാം.

newsiland2

 

ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള സമയത്തു കഠിനമായ തണുപ്പാണ്, താപനില മൂന്നു ഡിഗ്രി വരെ താഴാറുണ്ട്. തണുപ്പിനോട് പ്രിയമുള്ളവരാണെങ്കിൽ ആ സമയങ്ങൾ സന്ദർശനത്തിനു ഉചിതമാണ്. സെപ്തംബര് മുതൽ നവംബര് വരെയുള്ള കാലങ്ങളിൽ താപനില ഉയരാൻ തുടങ്ങും. സുഖകരമായ കാലാവസ്ഥയും മനോഹരമായ പ്രകൃതിയും ആ സമയങ്ങളിൽ സന്ദർശകരെ വശീകരിയ്ക്കുന്ന ന്യൂസിലൻഡിലെ കാഴ്ചയാണ്. 

 

രാജ്യം മുഴുവൻ നിരവധി ആകർഷകമായ കാഴ്ചകൾ കൊണ്ടു സമ്പന്നമായതിനാൽ എല്ലായ്‌പ്പോഴും ഒരിടത്തു നിന്നും മറ്റൊരിടത്തേയ്ക്കു യാത്രകൾ ആവശ്യമായി വരും. ധാരാളം ബസ് ടൂർ പാക്കേജുകൾ ലഭ്യമാണ്. ചെലവ് കുറവുള്ളതു നോക്കി തെരെഞ്ഞെടുക്കുന്നതാണ് ഉത്തമം. ധാരാളം സ്ഥലങ്ങളും കാഴ്ചകളും കാണാൻ ഈ പാക്കേജുകൾ വഴി സാധിയ്ക്കും. ബസ് യാത്രകൾക്കാണ് നിരക്ക് കുറവ്. ഒരിടത്തു നിന്നും മറ്റൊരിടത്തേയ്ക്കുള്ള യാത്രകൾക്കു ബസിനെ ആശ്രയിക്കുന്നതു ചെലവ് കുറയ്ക്കാൻ സഹായിക്കും.

 

അതുപോലെ തന്നെ സഞ്ചാരികളെ ഉദ്ദേശിച്ചുകൊണ്ടുള്ള ബസ് ടൂറുകൾ ലഭ്യമാണ്. ഭക്ഷണവും താമസവും വരെ ഉൾപ്പെട്ടിട്ടുള്ള ഇത്തരം ടൂറുകൾ ഒരു സഞ്ചാരിയെ സംബന്ധിച്ചു വളരെ ഉപകാരപ്രദമാണ്. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം സന്ദർശിക്കാം കൂടെ താമസ സ്ഥലങ്ങളും ഭക്ഷ്യശാലകളും അന്വേഷിച്ചു നടക്കേണ്ടതായും വരുകയില്ല എന്നതാണ് ഈ ബസ് ടൂറുകൾ ഉപയോഗപ്പെടുത്തിയാലുള്ള മേന്മ. ഇത്തരം ടൂർ പാക്കേജുകൾ തിരഞ്ഞെടുക്കുമ്പോൾ അവ ലാഭകരമാണോ എന്നുകൂടി പരിശോധിക്കേണ്ടതാണ്. ഒരു ദ്വീപിൽ നിന്നും മറ്റൊരു ദ്വീപിലേക്കു ഫ്ലൈറ്റുകൾ ലഭ്യമാണ്. കൂടാതെ, ട്രെയിൻ സർവീസുകളുമുണ്ട്. ട്രെയിൻ യാത്രകൾ കുറച്ചുകൂടി ആകർഷകമാണ്. ദ്വീപുകളുടെ സൗന്ദര്യമാസ്വദിച്ചു കൊണ്ടുള്ള ആ യാത്രകൾ ഒരിക്കലും മുഷിപ്പിക്കുകയില്ല. 

 

താമസ സ്ഥലങ്ങൾ വളരെ കുറഞ്ഞ ചെലവിൽ ലഭിക്കുന്ന ഒരു രാജ്യം കൂടിയാണ് ന്യൂസീലൻഡ്. ഹോസ്റ്റലുകൾ, മോട്ടലുകൾ, ഹോളിഡേ പാർക്കുകൾ, ക്യാമ്പുകൾ തുടങ്ങിയവയെല്ലാം കുറഞ്ഞ ചെലവിൽ താമസമൊരുക്കുന്ന ഇടങ്ങളാണ്. ഇത്തരം സ്ഥലങ്ങൾ തെരഞ്ഞെടുക്കുന്നത് ധനച്ചെലവ് കുറയ്ക്കാൻ സഹായിക്കും. വളരെ വ്യത്യസ്തമായ ഭക്ഷണം വിളമ്പുന്ന റസ്റ്റോറന്റുകൾ ന്യൂസിലൻഡിന്റെ പ്രത്യേകതയാണ്.

 

മാംസാഹാരങ്ങളും സസ്യാഹാരങ്ങളുമെല്ലാം ഉൾപ്പെടുന്ന ഭക്ഷണങ്ങൾ ലഭ്യമാണ്. അന്നാട്ടിലെ പരമ്പരാഗതമായ ഭക്ഷണങ്ങൾ രുചിച്ചു നോക്കാൻ താല്പര്യമുണ്ടെങ്കിൽ സഞ്ചാരികൾക്കു ആ അവസരങ്ങൾ ഉപയോഗപ്പെടുത്താവുന്നതാണ്. ചെറിയ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന ഭക്ഷ്യശാലകൾ തേടികണ്ടുപിടിച്ചു ഭക്ഷണം കഴിക്കുന്നതു ധനനഷ്ടത്തിൽ നിന്നും രക്ഷപ്പെടാനുള്ള ഒരു വഴിയാണ്.  ഭക്ഷണത്തിനു പണമധികം ചെലവാക്കാനില്ലെങ്കിൽ സൂപ്പർ മാർക്കറ്റുകളിൽ നിന്നും ഭക്ഷ്യസാധനങ്ങൾ വാങ്ങി ഉപയോഗിക്കാവുന്നതാണ്. ഭക്ഷണം പാകം ചെയ്തു കഴിക്കാൻ താല്പര്യമുള്ളവർക്കു അതിനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുക്കുന്ന ഹോസ്റ്റലുകളുണ്ട്. ബജറ്റ് സഞ്ചാരികൾക്കു ആ മാർഗവും പരീക്ഷിക്കാവുന്നതാണ്. 

 

ബേ ഓഫ് ഐലൻഡിലെ ബീച്ചുകൾ, ഓക്‌ലാൻഡിലെ  അഗ്നിപർവതങ്ങൾ,  ടോങ്ഗാരിറോ ദേശീയോദ്യാനം, സാഹസിക വിനോദങ്ങളായ വൈറ്റ് വാട്ടർ റാഫ്റ്റിങ്, സ്കൈ ഡൈവിങ്, ബങ്കി ജമ്പ്, വൈൽഡ് ലൈഫ് ആസ്വദിക്കാനുള്ള അവസരങ്ങൾ തുടങ്ങിയവയെല്ലാം സഞ്ചാരികൾക്കായി ന്യൂസിലൻഡ് ഒരുക്കിയിരിക്കുന്ന കാഴ്ചകളാണ്. വ്യക്തമായി ആസൂത്രണം ചെയ്തു, ബുദ്ധിപൂർവം പണം ചെലവഴിച്ചാൽ വലിയ നഷ്ടം കൂടാതെ കണ്ടുമടങ്ങാവുന്ന ഒരു രാജ്യമാണ് ന്യൂസിലൻഡ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com