ADVERTISEMENT

ഓരോ യാത്രകളും സഞ്ചാരിക്ക് നൽകുന്നത് യാത്രാനുഭവങ്ങൾ മാത്രമല്ല. വിലമതിക്കാനാവാത്ത ബന്ധങ്ങളും അറിവുകളും കൂടിയാണ്. രണ്ടു വർഷം മുൻപ് ഒരു യാത്രാമധ്യേ പരിചയപ്പെട്ട സൗത്താഫ്രിക്കൻ സുഹൃത്തുക്കളിൽ നിന്നാണ് ബൊളീവിയയിലെ സലാർ ദി യുനി (Salar de Uyuni) എന്ന സ്ഥലത്തെ കുറിച്ചും ആ രാജ്യത്തിന്റെ വൈവിധ്യവും മനോഹരവുമായ ഭൂപ്രകൃതിയെ കുറിച്ചും ആദ്യം അറിഞ്ഞത്. അവരുടെ യാത്രാ ചിത്രങ്ങൾ കണ്ട നിമിഷം മനസ്സിൽ ഈ യാത്രയും കയറിപ്പറ്റി. അന്ന് തന്നെ അവരിൽ നിന്നും ബൊളീവിയൻ യാത്രയെക്കുറിച്ച് അത്യാവശ്യ കാര്യങ്ങളെല്ലാം ചോദിച്ചു മനസ്സിലാക്കി. 

ലോകത്തിലെ തന്നെ ഏറ്റവും വൈവിധ്യമാർന്ന ചരിത്രവും സംസ്കാരങ്ങളും നിലനിന്നിരുന്ന ഭൂവിഭാഗം. വ്യത്യസ്ഥത നിറഞ്ഞ മലകളും താഴ്‍വാരങ്ങളും ലഗൂണുകളും കൊണ്ട് സുന്ദരമായ പ്രകൃതിയും അപൂർവമായ ജന്തു ജീവജാലങ്ങളെകൊണ്ട് അനുഗൃഹീതമായ പ്രദേശവുമാണ് സൗത്ത് അമേരിക്ക. അധികം ആരും എത്തിപ്പെടാത്തതുകൊണ്ടു തന്നെ ഇപ്പോഴും ആ സംസ്കാരവും സൗന്ദര്യവും ഏതാണ്ട് അതേ രൂപത്തിൽ തന്നെ നമുക്ക് അവിടെ ദർശിക്കാൻ കഴിയും. ബൊളീവിയയോടൊപ്പം. അമേരിക്കൻ ഐക്യനാടുകൾ, ചിലെ, പെറു, കൊളംബിയ, മെക്സിക്കോ എന്നീ രാജ്യങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള ഒരു വലിയ യാത്രയാണ് ലക്ഷ്യം. അധികം ആരും എത്തിപ്പെടാത്ത സ്ഥലങ്ങൾ ആയതിനാൽ വിവരങ്ങളും നിർദ്ദേശങ്ങളും കണ്ടെത്താൻ കുറച്ചു ബുദ്ധിമുട്ടി. ഏതാണ്ട് രണ്ടു മാസത്തോളം എടുത്തു വളരെ വിശദമായ പ്ലാൻ തയാറാക്കി. 

bolivia-trip

പ്ലാൻ –എ

ചിലെയിൽ നിന്നും റോഡ് മാർഗം ബൊളീവിയ യാത്ര ആണ് ആദ്യം പ്ലാൻ ചെയ്തത്. സൗത്ത് അമേരിക്കയിലെ തന്നെ ഏറ്റവും മനോഹരവും പ്രകൃതി രമണീയവുമായ ലഗൂണുകൾ, മരുഭൂമികൾ, അഗ്നിപർവതങ്ങൾ എന്നിവ പിന്നിട്ടു കൊണ്ടുള്ള നാലു ദിവസം നീണ്ടു നിൽക്കുന്ന ഒരു യാത്രാ മാർഗം. എന്നാൽ, അന്വേഷണങ്ങളിൽ നിന്നു ചിലെ– ബൊളീവിയ റോഡ് മാർഗം മുറിച്ചു കടക്കാൻ പാസ്പോർട്ടിൽ സ്റ്റാംപ് ചെയ്ത ബൊളീവിയൻ വീസ ആവശ്യമാണെന്ന വിവരം ലഭിച്ചു. വീസ എടുക്കാനായി (ബൊളീവിയൻ എംബസി UAE യിൽ ഇല്ലാത്തതിനാൽ) ഡൽഹി എംബസിയുമായി ബന്ധപ്പെട്ടപ്പോൾ ഇറാനിൽ പോയി വീസ എടുക്കാൻ ആവശ്യപ്പെട്ടു. യാത്ര കുടുംബവുമായിട്ടു ആയതു കൊണ്ട് ഇറാനിലോ ഡൽഹിയിലോ പോയി വീസ എടുക്കുക എന്നത് പ്രായോഗികമല്ലാത്തതിനാൽ പ്ലാൻ എ ഒഴിവാക്കി. 

bolivia-trip3

യാത്രയിൽ മാറ്റങ്ങൾ വരുത്തി. ചിലെ ഒഴിവാക്കി പകരം കൊളംബിയയിൽ നിന്നു വിമാന മാർഗം ബൊളീവിയയിലേക്കു യാത്ര പുനഃക്രമീകരിച്ചു. ബൊളീവിയയിൽ ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വീസ കിട്ടുന്ന രണ്ടു വിമാനത്താവളങ്ങളാണുള്ളത്. ലാ പാസും (La Paz) സാന്റാ ക്രൂസും (Santa Cruz). ഞങ്ങൾക്ക് പോകേണ്ടതിന് അടുത്തും സൗകര്യപ്രദവും ലാ പാസ് ആയിരുന്നു. കൊളംബിയയിലെ ബൊഗോട്ട എയർപോർട്ടിൽ നിന്നും ‍ഞങ്ങൾ ബൊളീവിയയിലെ ലാപാസ് വിമാനത്താവളത്തിൽ ലാൻഡ് ചെയ്തു. എയർപോർട്ടിൽ വീസ ഓൺ അറൈവൽ കൗണ്ടറിൽ നിന്ന് അഞ്ചു മിനിറ്റ് കൊണ്ട് 30 ദിവസത്തെ ബൊളീവിയൻ വീസ സ്റ്റാംപ് ചെയ്തു തന്നു. ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന രാജ്യാന്തര വിമാനത്താവളമാണ് ലാപാസിലെ എൽ ആൾട്ടോ. 13,320 അടി ഉയരത്തിൽ ആണ് ഇതിന്റെ സ്ഥാനം. ഇവിടെ നിന്ന് യൂനി (Uyuni)യിലേക്കാണ് അടുത്ത ഫ്ലൈറ്റ്. അതിന് ആറു മണിക്കൂർ കാത്തിരിക്കണം. 

പുറത്തിറങ്ങിയ ഉടനെ ശക്തിയായ തലവേദനയും തലകറക്കവും അനുഭവപ്പെട്ടു. ഇത്രയും ഉയരത്തിൽ ഓക്സിജന്റെ അളവ് കുറവായതു കൊണ്ടുള്ള ആൾടിട്യൂഡ് (Altitude Sickness) സിക്ക്നെസിന്റെ ലക്ഷണം. എയർപോർട്ടിൽ ഉള്ള ഫാർമസിയിൽ ചെന്നപ്പോൾ മരുന്ന് തന്നു. പക്ഷേ, അത് 24 മണിക്കൂർ മുൻപെങ്കിലും കഴിച്ചാലേ ഫലം ലഭിക്കൂ. തൊട്ടടുത്ത കഫെറ്റിരിയയിൽ പോയി കൊക്കോ വെള്ളം കുടിച്ചാൽ െചറിയ ആശ്വാസം കിട്ടും എന്ന് ഫാർമസിസ്റ്റ് പറഞ്ഞു. നേരെ പോയി അത് വാങ്ങി കുടിച്ചു. (കൊക്കോ ചെടിയുടെ ഇല വെള്ളത്തിൽ തിളപ്പിച്ച് ഉണ്ടാക്കുന്നതാണ് കൊക്കോ ഡ്രിങ്ക്. വല്യ മാറ്റം ഒന്നും ഇല്ലെങ്കിലും ചെറിയ ഒരു ആശ്വാസം.) വൈകുന്നേരത്തോടെ 40 പേർക്ക് കയറാവുന്ന ഒരു ചെറിയ വിമാനത്തിൽ ഞങ്ങൾ യുനിയിലേക്ക് തിരിച്ചു. ഉദ്ദേശം ഒരു മണിക്കൂറിനുള്ളിൽ അവിടെ എത്തി, നേരെ ഹോട്ടലിലേക്ക്. ഹോട്ടലിന്റെ റിസപ്ഷനിൽ ‘‘കൊക്കോ വെള്ളം’’ വച്ചിട്ടുണ്ട്.

എവിടെയും, ചെ, നോ ഇംഗ്ലീഷ്

അത്യാവശ്യം അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള ഒരു ചെറിയ വില്ലേജ് ആണ് യുനി. സലാറി (salar) ലേക്ക് വരുന്ന സഞ്ചാരികളെ അടിസ്ഥാനമാക്കിയുള്ള കച്ചവടവും ഉപ്പ് സംഭരണവുമാണ് ഇവിടത്തെ പ്രധാന ബിസിനസ്സ്. ചെക്ക് ഇൻ ചെയ്ത ശേഷം ഭക്ഷണം കഴിക്കാനുള്ള സ്ഥലം അന്വേഷിച്ചു പുറത്തേക്ക് ഇറങ്ങി. 

നമ്മുടെ നാട്ടിലെ പോലെ തന്നെ ചെറിയ വീതികുറഞ്ഞ റോഡുകൾ ഇരുവശവും ചെറിയ കടകൾ, വീടുകൾ. ബൊളീവിയക്കു വേണ്ടി ജീവൻ വെടിഞ്ഞ കമ്യൂണിസ്റ്റ് ഇതിഹാസം ‘‘ചെഗുവേരയുെട’’ പല രീതിയിലുള്ള പെയിന്റിങ്ങുകളാണ് റോഡിന്റെ ഇരുവശത്തുമുള്ള മതിലുകൾ നിറയെ. പത്തു മിനിറ്റ്  നടന്നു പ്രധാന കവലയിൽ എത്തി. വല്യ ഫൂഡ് ഓപ്ഷൻ ഒന്നും ഇവിടെ ഇല്ല. പീറ്റ്സ ഉണ്ടാക്കുന്ന ഒരു ഹോട്ടൽ കണ്ടു പിടിച്ചു. കടയുടെ ഉടമസ്ഥൻ തന്നെയാണ് പീറ്റ്സ ഉണ്ടാക്കുന്നത്. വെജിറ്റേറിയൻ പീറ്റ്സ പറഞ്ഞ ശേഷം ചെഗുവേരയെക്കുറിച്ച് അന്വേഷിക്കാം എന്ന് കരുതി കട ഉടമയോടു തിരക്കി. പുള്ളിക്ക് ഇംഗ്ലീഷ് ഒന്നും അറിയില്ല. അവസാനം ആ ശ്രമം ഉപേക്ഷിച്ചു. പീറ്റ്സ കഴിച്ചു തിരിച്ചു ഹോട്ടലിലേക്ക് മടങ്ങി. 

സലാറിലേക്ക്.....

bolivia-trip4

രാവിലെ 9 മണിയോടെ തന്നെ ബുക്ക് ചെയ്തിരുന്ന വണ്ടിയുമായി ഡ്രൈവർ ഹോട്ടലിൽ എത്തി. വാഹനം മുൻകൂട്ടി ബുക്ക് ചെയ്യണം എന്ന് നിർബന്ധം ഒന്നും ഇല്ല. ഇവിടെയുള്ള ഏതാണ്ട് എല്ലാവർക്കും ടൂർ കമ്പനിയും വാഹനവും ഉണ്ട്. വാഹനം കിട്ടാൻ ബുദ്ധിമുട്ടില്ല. എന്നാൽ, വാഹനത്തിന്റെ കണ്ടീഷൻ, ഡ്രൈവറുടെ പരിചയം, സലാറിൽ ചെലവഴിക്കുന്ന സമയം എന്നിവയ്ക്കൊന്നും യാതൊരു ഉറപ്പുമുണ്ടാവില്ല. ഞങ്ങളുടേത് മൂന്നു ദിവസത്തെ യാത്ര ആയതിനാലും 15800 അടി അധികം ഉയരത്തിൽ ഉള്ള റോഡുകളിലൂടെ യാത്ര ചെയ്യേണ്ടതിനാലും അത്യാവശ്യം റിവ്യൂ ഉള്ള, ഓക്സിജൻ ടാങ്ക്, സാറ്റലൈറ്റ് ഫോൺ തുടങ്ങിയ സൗകര്യങ്ങളൊക്കെ വാഹനത്തിൽ ലഭ്യമായ ഒരു കമ്പനി ആദ്യമേ സെലക്ട് ചെയ്തു. എനിക്ക് പോവേണ്ട സ്ഥലങ്ങൾ അവരോട് പറഞ്ഞ് ബുക്ക് ചെയ്തിരുന്നു. 

ഞങ്ങൾ യാത്ര ആരംഭിച്ചു. നിസ്സാൻ 4x4 പട്രോൾ ആണ് വാഹനം. യുനി ടൗണിൽ നിന്ന് ഏകദേശം 45 മിനിറ്റ് യാത്രയുണ്ട് സലാറിലേക്ക്. ഞങ്ങളുടെ ഡ്രൈവർ സില്‍വിയോക്കു സ്പാനിഷ് മാത്രമേ അറിയൂ. എനിക്കാണെങ്കിൽ സ്പാനിഷ് ആകെ അറിയാവുന്നതു മൂന്നു വാക്ക്. ഗൂഗിൾ ട്രാൻസ്‍ലേറ്റർ വച്ചാണ് ആശയവിനിമയം. സിൽവിയോ വളരെ ഫ്രണ്ട്‍ലി ആയിരുന്നു. ആദ്യം തന്നെ വിഷമിപ്പിക്കുന്ന വാർത്തയാണ് സില്‍വിയോ തന്നത്. കഴിഞ്ഞ രണ്ടു മൂന്നു ദിവസം തുടർച്ചയായി മഴ പെയ്തു സലാറിൽ വെള്ളം കയറി കിടക്കുന്നതിനാലും ഇന്നും മഴയുടെ സാധ്യത ഉള്ളതിനാലും എന്റെ ലിസ്റ്റ് പ്രകാരമുള്ള എല്ലാ സ്ഥലങ്ങളിലും പോകാൻ പറ്റുമോ എന്ന് ഉറപ്പില്ല. എന്നാലും പരമാവധി പോകാൻ പറ്റുന്നിടത്തെല്ലാം എത്തിക്കാം എന്ന ഉറപ്പു തന്നു. 

ട്രെയിനുകളുടെ ശവപ്പറമ്പ്

യാത്ര തുടങ്ങി, ‘‘Train Cemetry’’ എന്നറിയപ്പെടുന്ന സ്ഥലത്തേക്കാണ് ആദ്യ യാത്ര. വാഹനം പ്രധാന റോഡിലേക്ക് പ്രവേശിച്ചു. പ്രധാന റോഡുകൾ എല്ലാം നല്ല രീതിയിൽ ടാർ ചെയ്തവയാണ്. റോഡിന്റെ രണ്ടു വശത്തും നീണ്ടു കിടക്കുന്ന പാടങ്ങൾ. കിൻവ (quinoa) എന്നറിയപ്പെടുന്ന വിളയാണ് പ്രധാന കൃഷി. അരിക്കും ഗോതമ്പിനും പകരം ഉപയോഗിക്കുന്ന ഇവരുടെ പ്രധാനപ്പെട്ട ഭക്ഷണമാണ് ഇത്. ഇതിനു പുറമെ ചോളം, ഉരുളക്കിഴങ്ങ് എന്നിവയും കൃഷി ചെയ്യുന്നുണ്ട്.  നമ്മുടെ നാട്ടിലെ ആടിന്റെ / ചെമ്മരിയാടിന്റെ വിഭാഗത്തിൽപ്പെട്ട ‘ലാമ’ എന്നു വിളിക്കുന്ന മൃഗങ്ങൾ ധാരാളമായി പുല്ലു മേഞ്ഞു നടക്കുന്നത് കാണാം. കാണാൻ നല്ല ഭംഗിയുള്ള ഇവ ഒന്ന് രണ്ടു തവണ കൂട്ടത്തോടെ ഞങ്ങളുടെ വാഹനത്തിനു മുന്നിലൂടെ റോഡ് മുറിച്ചു കടന്നു. 

ഏകദേശം 30 മിനിറ്റ് കൊണ്ട് ‘‘Train Cemetry’’ എത്തി. പഴയ ട്രെയിനുകളുടെ ശവപ്പറമ്പാണ് സ്ഥലം. പൊതുവെ കുറവാണെങ്കിലും ചൈനക്കാർ തന്നെ അവിടെയും കൂടുതൽ. പൊട്ടി പൊളിഞ്ഞതും തുരുമ്പെടുത്തതുമായ ട്രെയിൻ  ബോഗികളുടെ മുകളിൽ കയറി ഡാൻസും ചിത്രങ്ങൾ എടുക്കലും തകർക്കുന്നു. ഏകദേശം 10–12 ട്രെയിനുകളുടെ എൻജിനുകൾ, ടയറുകൾ, ബോഗികൾ, മറ്റു പാർട്സുകൾ എന്നിവ പലയിടത്തായി ചിതറി കിടക്കുന്നു. ബ്രിട്ടീഷുകാർ 1800 കളിൽ നിർമിച്ച റെയിൽ പാതയും ട്രെയിനുകളുമാണ് ഈ കാണുന്നത്. ഇന്നത്തെ ചിലെയുമായി കണക്ട് ചെയ്തെടുക്കുന്ന ധാതുക്കളും അയിരുകളും കൊണ്ടു പോകാൻ വേണ്ടിയായിരുന്നു ഈ ട്രെയിനുകൾ ഉപയോഗിച്ചിരുന്നത്. എന്നാൽ, 1890 കളിൽ ഉണ്ടായ യുദ്ധത്തോടെ ബൊളീവിയ ചിലെയിൽ നിന്നും ഒറ്റപ്പെട്ടു. മൈനിങ് വ്യവസായം തകർന്നു. അറ്റകുറ്റ പണികളുടെ അഭാവം മൂലം ട്രെയിനുകളും ട്രാക്കുകളും കേടു വരുകയും ഈ സ്ഥലം ഉപയോഗശൂന്യമാവുകയും ചെയ്തു. ഏകദേശം അര മണിക്കൂർ അവിടെ ചെലവഴിച്ച ശേഷം ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി. 

വെറും ഉപ്പു പാടമല്ല സലാർ

ദൂരെ ‘‘സലാർ’’ ദൃശ്യമായി തുടങ്ങി...ലോകത്തിലെ ഏറ്റവും വലിയ ഉപ്പു പാടമാണ് ‘‘Salaar De Uyunni’’ എന്നറിയപ്പെടുന്ന യുനിയിലെ ഉപ്പു പാടം. ഏകദേശം 10,500 ചതുരശ്ര കിലോമീറ്റർ ആണ് ഇതിന്റെ വിസ്തൃതി. 11 ബില്യൺ ടൺ ഉപ്പാണ് ഇവിെട കൂടി കിടക്കുന്നത്. സലാർ ഒരു ഉപ്പു പാടം മാത്രമല്ല, വരുന്ന തലമുറയുടെ ഊർജാവശ്യങ്ങൾക്കു ഉതകുന്ന ലോകത്തിലെ ലിഥിയം നിക്ഷേപത്തിന്റെ പകുതിയിൽ കൂടുതലും ഒളിഞ്ഞു കിടക്കുന്നതു സാലറിന്റെ അടിത്തട്ടിലാണ്.

ഭാവിയിലെ ക്രൂഡ് ഓയിൽ എന്ന് വിശേഷിപ്പിക്കാവുന്ന ലിഥിയം ഉപയോഗിച്ചാണ് ഇപ്പോഴുള്ള ഏതാണ്ട് എല്ലാത്തരം ബാറ്ററികളും നിർമിക്കുന്നത്. ഇലക്ട്രിക് കാറുകളുടെ ആവിർഭാവത്തോടെ ലിഥിയത്തിന്റെ ആവശ്യകതയിൽ വൻ വർധന രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്ത 10 വർഷത്തിനുള്ളിൽ ലിഥിയത്തിന്റെ വിലയിൽ സ്ഫോടനാത്മകമായ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. സൗത്ത് അമേരിക്കയിലെ പാവപ്പെട്ട രാജ്യമായ ബൊളീവിയയുടെ ലിഥിയം നിക്ഷേപത്തിന്റെ ഭാവിയിലെ മൂല്യം മനസ്സിലാക്കി അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ ലിഥിയം വേർതിരിച്ചെടുക്കാനുള്ള സഹായവുമായി ഇപ്പോൾ ബൊളീവിയയുടെ പുറകെയാണ്. ചൈന അവരുടെ ഒരു പ്ലാന്റ് ഇതിനകം അവിടെ സ്ഥാപിച്ച് പ്രവർത്തനവും തുടങ്ങി. അമേരിക്കൻ ബഹിരാകാശ ഏ‍ജൻസി ഉപഗ്രഹങ്ങൾ കാലിബ്രേറ്റ് ചെയ്യാൻ സലാർ ആണ് റഫറൻസ് ആയി ഉപയോഗിക്കുന്നത്.

ഉപ്പു പാടത്തിനു നടുവിലേക്ക്

ഞങ്ങളുടെ വാഹനം ടാർ റോഡിൽ നിന്നു മണ്ണും ചെളിയും നിറഞ്ഞ വഴിയിലേക്ക് ഇറങ്ങി. സിൽവിയോ വളരെ കഷ്ടപ്പെട്ട് വാഹനം നിയന്ത്രിക്കുന്നുണ്ടായിരുന്നു. പണി മുടക്കിയതും ചെളിയിൽ പുതഞ്ഞതുമായ കുറെ വാഹനങ്ങൾ വഴി നീളെ കാണാം. ഏകദേശം പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ വാഹനം പൂർണമായും വെള്ളത്തിലേക്ക് ഇറങ്ങി യാത്ര തുടങ്ങി.  ഏതാണ്ട് 7–8 മിനിറ്റ് ഇഞ്ച് ആഴത്തിൽ നാലു ചുറ്റും മഞ്ഞയും ചുവപ്പും കലർന്ന വെള്ളം മാത്രം. വഴി എങ്ങോട്ടെന്ന് ഞങ്ങൾക്ക് ഒരു പിടിയും ഇല്ല. എന്നാൽ, സിൽവിയോയ്ക്കു നല്ല നിശ്ചയം.

വേഗം കൂടിയാൽ ഉപ്പു വെള്ളം കയറി വാഹനത്തിന്റെ പാർട്സുകൾ നാശമാകും എന്നുള്ളതുകൊണ്ട് വളരെ പതുക്കെയാണ് യാത്ര. വീണ്ടും ഒരു 10 മിനിറ്റ് കഴിഞ്ഞതോടെ ഞങ്ങൾ സലാറിൽ പ്രവേശിച്ചു. ഏകദേശം രണ്ട് ഇഞ്ച് തെളിഞ്ഞ വെള്ളത്തിനു താഴെ വെള്ള നിറത്തിൽ ഉപ്പുപാടം തെളിഞ്ഞു കാണാം അതിനു മുകളിലൂടെ ഞങ്ങൾ യാത്ര തുടർന്നു. ഏതാണ്ട് 10 മീറ്ററിലധികം കനം ഉണ്ട്. ഈ ഉപ്പു പാളികൾക്ക്. അതുകൊണ്ടു പേടിവേണ്ട. ചുറ്റിനും ഞങ്ങളെപ്പോലെ ഒരുപാടു വാഹനങ്ങൾ നിരയായി വരുന്നുണ്ട്.

ഉപ്പു പാടത്തിന്റെ നടുവിലേക്ക് പോകണം എന്ന് ഞാൻ സിൽവിയയോട് ആവശ്യപ്പെട്ടു. ‘‘നടുവിലെത്താൻ ഇനിയും രണ്ടു മുതൽ മൂന്നു മണിക്കൂർ വരെ യാത്ര വേണ്ടി വരും. ഇടയ്ക്ക് വെള്ളം കൂടിയ സ്ഥലം ഉണ്ടെങ്കിലോ മഴ പെയ്തു സലാറിൽ വെള്ളം കൂടിയാലോ യാത്ര മുടങ്ങും...’’ സിൽവിയോ പറഞ്ഞു. റിസ്ക് എടുക്കാൻ തീരുമാനിച്ചു.  ആകാശം മേഘാവൃതമായിരുന്നു പോരാത്തതിന് തലേദിവസം രാത്രി മഴയും പെയ്തിരുന്നു. വഴിയിൽ കുടുങ്ങിയാൽ, അന്നത്തെ ബാക്കി യാത്രയും പിറ്റേന്നത്തെ യാത്രയും മുടങ്ങും. സിൽവിയോ ഓഫിസിൽ വിളിച്ചു ഫോൺ എനിക്കു തന്നു. ഞാൻ എന്റെ ആവശ്യം അറിയിച്ചു. ബാക്കി യാത്രയുടെ ഉത്തരവാദിത്തം ഞാനേറ്റു. അതോടെ സില്‍വിയോയെ എന്റെ വഴിക്കു കിട്ടി. നേരെ ഉപ്പു പാടത്തിന്റെ നടുവിലേക്ക്. ഏകദേശം മൂന്നു മണിക്കൂർ കഴിഞ്ഞപ്പോൾ ചുറ്റും അനന്തമായി പരന്നു കിടക്കുന്ന ഉപ്പു പാടത്തിൽ എത്തിച്ചേർന്നു....

ആകാശം ഭൂമിയെ തൊട്ട്....

മനോഹരമായ ഉപ്പുപാടത്തിൽ ഒരു സ്ഥലത്തു സിൽവിയോ വാഹനം നിർത്തി. ഞങ്ങൾ പുറത്തേക്കു ഇറങ്ങി. ആകാശം തെളിഞ്ഞു സൂര്യനും കുറച്ചു മേഘങ്ങളും മാത്രം. താഴെ വെള്ളം വളരെ കുറവ്. ആകാശത്തിന്റെ പ്രതിബിംബം വെള്ളത്തിൽ. ആകാശം ഭൂമിയിലേക്ക് ഇറങ്ങി വന്നോ എന്ന് തോന്നും. ഏതു ദിശയിലേക്കു നോക്കിയാലും ഒരേ കാഴ്ച. അനന്തമായി കിടക്കുന്ന ആകാശവും താഴെ അതിന്റെ പ്രതിബിംബവും. സലാറിന്റെ കണ്ണെത്താ ദൂരത്തോളം ഞങ്ങളൊഴികെ മറ്റാരുമില്ല. തികച്ചും മറ്റൊരു ലോകത്ത് എത്തിപ്പെട്ട പ്രതീതി.

സൂര്യപ്രകാശം കൂടുതൽ ആയതിനാൽ മുഖത്ത് Sun Cream ഇടാനും Sun Glass ഉപയോഗിക്കാനും സിൽവിയോ നിർദേശിച്ചു. ഫൊട്ടോഗ്രാഫർമാരുടെ സ്വർഗം എന്നാണ് ഈ സ്ഥലം അറിയപ്പെടുന്നത്. കലാവാസനയുള്ളവർക്കു വളരെ മനോഹരമായ ചിത്രങ്ങൾ പകർത്താൻ കഴിയും (തിരികെ ഉള്ള യാത്രയിൽ, ഒരു ചൈനീസ് വിവാഹം സലാറിൽ വച്ച് നടക്കുന്നത് കാണാൻ ഇടയായി. ഫൊട്ടോഗ്രാഫർമാരും വിഡിയോഗ്രാഫർമാരുമായി ഒരു വല്യ നിര തന്നെ അവർക്കൊപ്പം ഉണ്ടായിരുന്നു.)

ഉച്ചഭക്ഷണം കഴിഞ്ഞപ്പോഴേക്കും ആകാശം മൂടിക്കെട്ടി വന്നു. മഴ തുടങ്ങി...തിരിച്ചു പോയില്ലേൽ പണി കിട്ടും എന്ന് സിൽവിയോ മുന്നറിയിപ്പ് തന്നു. അടുത്ത ആഗ്രഹം സൂര്യാസ്തമനം കാണണം എന്നതാണ്. പക്ഷേ അവിടെ നിന്ന് അസ്തമനം കണ്ടാൽ രാത്രി കുടുങ്ങി പോകും എന്നുറപ്പായതിനാൽ തിരിച്ചു യാത്ര ആരംഭിച്ചു. പകുതി വഴി എത്തിയപ്പോൾ ഞാൻ സിൽവിയോയെ വീണ്ടും ശല്യപ്പെടുത്തി. അസ്തമനം കാണാനുള്ള ആഗ്രഹം അറിയിച്ചു. അസ്തമനം കാണാൻ ഏഴു മണിവരെ നിൽക്കുന്നത് പ്രായോഗികമല്ല എന്ന് സിൽവിയോ പറഞ്ഞു. ഉച്ചയ്ക്ക് കണ്ട മനോഹാരിത സൂര്യാസ്തമനത്തിൽ ഇരട്ടിക്കും എന്ന് ഉറപ്പായതിനാൽ പിറ്റേ ദിവസത്തെ പ്ലാൻ മാറ്റാൻ ഞാൻ തീരുമാനിച്ചു. സിൽവിയോ സമ്മതിച്ചു. വീണ്ടും  യാത്ര ആരംഭിച്ചു, ഉപ്പു പാടത്തിന്റെ പടിഞ്ഞാറേ ദിശയിലേക്ക് മഴ മാറി വരുന്നേ ഉള്ളൂ. ആറു മണിയോടെ സൂര്യാസ്തമനം കാണാൻ പറ്റുന്ന സ്ഥലത്തു എത്തി. പക്ഷേ ഞങ്ങളുെട പ്രതീക്ഷകളെ തകിടം മറിച്ചു കൊണ്ടു കാർമേഘങ്ങൾ കൂടി കൂടി വന്നു. സൂര്യൻ പൂർണമായി മറഞ്ഞു. നിരാശരായി തിരികെ ഹോട്ടലിലേക്ക്. 

ഏകാന്തതയിലെ സൂര്യോദയം

വെളുപ്പിനെ സൂര്യോദയം കാണാൻ വഴിയുണ്ടോ എന്നായി പിന്നെ അന്വേഷണം. വെളുപ്പിനെ മൂന്നുമണിക്ക് സൂര്യോദയം കാണാൻ സലാറിലേക്കു പോകാൻ സിൽവിയോ സമ്മതിച്ചു. രാത്രി എട്ടു മണിയോടെ ഞങ്ങൾ സലാറിന്റെ എതിർഭാഗത്തുള്ള ഹോട്ടലിൽ എത്തി. മേൽക്കൂര ഒഴിച്ച് ബാക്കി എല്ലാം ഉപ്പിനാൽ നിർമിതമായ എന്നാൽ നല്ല സൗകര്യവുമുള്ള ഹോട്ടൽ. തറ, തൂണുകൾ, ചുവരുകൾ, ഇരിപ്പിടം എന്നു വേണ്ട കട്ടിൽ വരെ ഉണ്ടാക്കിയിരിക്കുന്നത് ഉപ്പു വച്ച്. എല്ലാം വളരെ മനോഹരമായ രീതിയിൽ ഡിസൈനോട് കൂടിയാണ് നിർമിച്ചിരിക്കുന്നത്. അവിടെ ഉള്ള ഏതാണ്ട് എല്ലാ ഹോട്ടലുകളും ഇതേ രീതിയിൽ തന്നെയാണ് നിർമിച്ചിരിക്കുന്നത് എന്ന് പിന്നീട് മനസ്സിലായി. കാരണം അവിടെ പൊതുവേയുള്ളത് ഉപ്പുകലർന്ന മണ്ണും ഉപ്പും മാത്രമാണ്. 

രാവിലെ മൂന്നു മണിക്ക് തന്നെ പറഞ്ഞ പോലെ സിൽവിയോ എത്തി. ഹോട്ടലിനു പുറത്ത് ഇറങ്ങിയപ്പോൾ തന്നെ സന്തോഷമായി. വളരെ തെളിഞ്ഞ ആകാശം, മേഘങ്ങൾ തരിമ്പു പോലും ഇല്ല. നക്ഷത്രങ്ങൾ, ഗ്യാലക്സി എന്നിവയെല്ലാം കണ്ണുകൊണ്ടു തന്നെ വ്യക്തമായി കാണാം. ഞങ്ങൾ വീണ്ടും സലാറിലേക്കു യാത്ര തുടങ്ങി. ഒന്നു രണ്ടു തവണ ഏതാണ്ട് വഴിയിൽ നിന്നു പോകുന്ന അവസ്ഥ ആയെങ്കിലും സിൽവിയോ അതെല്ലാം തരണം ചെയ്തു വണ്ടി സലാറിലേക്ക് എത്തിച്ചു. തലേ ദിവസത്തെപോലെയല്ല. ചുറ്റിനും മറ്റൊരു വാഹനവും ഇല്ല. സലാറിനു നടുവിൽ ആകെ സഞ്ചരിക്കുന്നത് ഞങ്ങളുടെ വണ്ടിയും നക്ഷത്രങ്ങളും മാത്രം. ഏകദേശം ഒരു മണിക്കൂർ യാത്ര ചെയ്തു സിൽവിയോ ഞങ്ങളെ സൂര്യോദയം കാണാൻ പറ്റിയ സ്ഥലത്തെത്തിച്ചു. പുറത്തെ അസഹ്യമായ തണുപ്പും കാറ്റും വക വയ്ക്കാതെ ഞാൻ പുറത്തേക്കിറങ്ങി. 

ഭൂമിക്കു നടുവിൽ ഞങ്ങളുടെ കാർ ഒഴികെ ചുറ്റിനും മറ്റൊന്നും ഇല്ല. ആകാശം നിറയെ നക്ഷത്രങ്ങൾ. ഗാലക്സിയുടെ ചിത്രങ്ങൾ എടുത്തു സൂര്യോദയവും പ്രതീക്ഷിച്ചു നിൽപ് തുടങ്ങി. ആറു മണിയോടെ കണ്ണുകൾക്ക് വിശ്വസിക്കാൻ ആവാത്ത വിധത്തിൽ ആകാശത്തിന്റെ നിറം മാറി തുടങ്ങി. സൂര്യൻ ഉദിക്കുന്ന ദിക്കിൽ ചെറിയ ചുവപ്പു കലർന്ന മഞ്ഞ നിറം ചുറ്റിനും ഇരുണ്ട നീലാകാശം അതിൽ മിന്നി തിളങ്ങി നക്ഷത്രങ്ങൾ. ഇതിലെല്ലാം ഉപരി മനോഹരമായ ഈ ദൃശ്യത്തിന്റെ പ്രതിഫലനം തൊട്ടുതാഴെ സലാറിൽ. ഓരോ നിമിഷം കഴിയുന്തോറും മാറിക്കൊണ്ടിരിക്കുന്ന നിറക്കൂട്ടുകളുടെ മനോഹാരിത പറഞ്ഞറിയിക്കാൻ പറ്റില്ല. സൂര്യൻ ഉദിച്ചു നക്ഷത്രങ്ങൾ കണ്ണിൽ നിന്നും മറയുന്നതു വരെ അവിടെ നിന്നു. 

ചില കാര്യങ്ങൾ  പറഞ്ഞോ, എഴുതിയോ ചിത്രങ്ങളിലൂടെയോ ഫലിപ്പിക്കാൻ പറ്റില്ല. സലാറും അത്തരമൊന്നാണ്. ഏറ്റവും നല്ല ചിത്രങ്ങൾ മനസ്സിൽ മാത്രം പതിയുന്ന കാഴ്ച.

അറിയാം

സൗത്ത് അമേരിക്കയിലെ ചെലവ് വളരെ കുറഞ്ഞ രാജ്യമാണ് ബൊളീവിയ. ഭക്ഷണം, താമസം എന്നിവയ്ക്കെല്ലാം ചെലവ് കുറവാണ്. നാട്ടിൽ നിന്നും ഇങ്ങോട്ടേക്കുള്ള വിമാന ടിക്കറ്റിന് മാത്രമാണ് കാശ് കൂടുതൽ. ലാപാസ്, സാന്റാക്രൂസ് എന്നീ വിമാനത്താവളങ്ങളിൽ ഇന്ത്യക്കാർക്ക് ഓൺ അറൈവൽ വീസ ലഭിക്കും.

ബൊളീവിയയിൽ നിന്നു തിരിച്ചു പോകുന്ന ദിവസം മുതൽ കുറഞ്ഞത് ആറുമാസം സാധുതയുള്ള പാസ്പോർട്ട്. അതിന്റെ കോപ്പി. ബൊളീവിയയിൽ താമസിക്കാൻ പോകുന്ന ഹോട്ടലിന്റെ ബുക്കിങ്/അല്ലെങ്കിൽ ടൂർ ഓപ്പറേറ്ററുടെ ബുക്കിങ് പേപ്പർ, ബൊളീവിയയിൽ നിന്നു തിരിച്ചു പോകുന്ന വിമാന ടിക്കറ്റ്, സാമ്പത്തിക സ്ഥിതി കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്മെന്റ്  അല്ലെങ്കിൽ കൈവശം ചെലവാക്കാനുള്ള പണം, Yellow Fever വാക്സിനേഷൻ എടുത്ത സർട്ടിഫിക്കറ്റ്, എന്നിവയാണ് വീസ ലഭിക്കാൻ ആവശ്യമായ രേഖകൾ. 60 അമേരിക്കൻ ഡോളറിനു തുല്യമായ ബൊളീവിയൻ കറൻസി ആണ് ഇന്ത്യൻ പാസ്പോർട്ടുള്ള ഒരാളുടെ വീസ ഫീസ് (പോകുന്നതിനു മുന്നേ നാട്ടിലെ എംബസി വഴി വീസ എടുത്താൻ ഇന്ത്യക്കാർക്കു വീസ ഫീസ് ഇല്ല).

ലാപാസിൽ നിന്നും യുനിയിലേക്ക് ബസ് മാർഗവും ഫ്ലൈറ്റ് വഴിയും പോകാൻ കഴിയും. ബസ് യാത്രയ്ക്ക് വളരെ ചെലവ് കുറവാണ്. 15 അമേരിക്കൻ ഡോളർ മുതൽ ടിക്കറ്റ് ലഭിക്കും. വൈകുന്നേരം യാത്ര പുറപ്പെട്ടാൽ രാവിലെ യുനിയിൽ എത്താം. ഫ്ലൈറ്റ് യാത്ര ചെലവ് കൂടുതലാണ്. വർഷത്തിൽ മഴക്കാലം ഒഴിച്ച് എപ്പോൾ വേണമെങ്കിലും സലാർ സന്ദർശിക്കാം. വേനൽക്കാലത്തു തികച്ചും വ്യത്യസ്തമായ കാഴ്ചകളാണ് സലാർ നൽകുന്നത്. സലാറിലെ പ്രശസ്തമായ Mirror Reflection കിട്ടുന്നത് മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ്. കാലാവസ്ഥ ഇതിനു പ്രധാനമാണ്. മഴ അധികമായാൽ സലാറിൽ വെള്ളം കൂടി മിറർ ഇഫക്റ്റ് ഇല്ലാതാവും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com