ADVERTISEMENT
Seychelles

മധുവിധു യാത്രകൾ പോലെത്തന്നെ ബേബിമൂൺ യാത്രകളും ഇപ്പോൾ സാധാരണമാണ്. യാത്രകൾ പോകാൻ വളരെയധികം താൽപര്യമുള്ളവരാണെങ്കിലും ഗർഭിണിയായിരിക്കുന്ന അവസ്ഥയിൽ യാത്രകൾ പോകുന്നവർ വളരെ വിരളമാണ്. എന്നാലിപ്പോൾ ആ പതിവുകൾക്കൊക്കെ വലിയ മാറ്റങ്ങളാണ് നമ്മുടെ നാട്ടിൽ വന്നുകൊണ്ടിരിക്കുന്നത്. ഗർഭാവസ്ഥയിൽ യാത്രകൾക്കു പോകുന്ന നിരവധി ദമ്പതികൾ ഇന്നുണ്ട്. ഗർഭിണിയാണെന്ന പരിഗണന നൽകികൊണ്ട്, വരുന്ന അതിഥികൾക്കു എല്ലാ സൗകര്യങ്ങളും ഒരുക്കികൊടുത്തു വിനോദസഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി രാജ്യങ്ങളുമുണ്ട്. അത്തരത്തിൽ   അതിഥികളെ കാത്തിരിക്കുന്ന നോർത്ത് ഐലൻഡ് ദ്വീപിലേക്ക് ഒരു ബേബിമൂൺ യാത്ര പോകാം.

ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന 115 ദ്വീപുകളുടെ സംഗമമാണ് സെയ്‌ഷെൽസ് എന്ന രാജ്യം. ആഫ്രിക്കൻ വൻകരയിൽ നിന്നു അധികം ദൂരെയല്ലാതെ സ്ഥിതി ചെയ്യുന്ന ഈ ദ്വീപുകൾ സഞ്ചാരികൾ തേടിച്ചെല്ലുന്ന സ്വപ്നഭൂമികളിലൊന്നാണ്. മധുവിധു ആഘോഷിക്കാനും ഇപ്പോൾ ബേബിമൂൺ യാത്രകൾക്കും നിരവധി ദമ്പതികളാണ് സെയ്‌ഷെൽസിലെ പല പല ദ്വീപുകളിൽ എത്തിച്ചേരുന്നത്. അതിൽ തന്നെ കാഴ്ചയിൽ അതിസുന്ദരമായ, ബേബിമൂൺ യാത്രകൾക്കു എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുള്ള സെയ്‌ഷെൽസിലെ ഒരു ദ്വീപാണ് നോർത്ത് ഐലൻഡ്.

683845178

സെയ്‌ഷെൽസിലെ പ്രധാന ദ്വീപുകളിലൊന്നായ മാഹിയിൽ നിന്നും 30 കിലോമീറ്റർ അകലെയായാണ് നോർത്ത് ഐലൻഡ് സ്ഥിതി ചെയ്യുന്നത്. മുഖത്തിടുന്ന പൗഡർ തോറ്റുപോകുന്ന തരത്തിലുള്ള മണൽത്തരികളും പവിഴപ്പുറ്റുകളും തെങ്ങുകളും നീലജലത്തിന്റെ ശോഭയും തുടങ്ങി ഇവിടുത്തെ മനോഹരമായ പ്രകൃതി ആദ്യകാഴ്ചയിൽ തന്നെ സഞ്ചാരികളെ കോരിത്തരിപ്പിക്കും.

മാഹി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും 15 മിനിറ്റ് യാത്ര ചെയ്താൽ ഈ ദ്വീപിലെത്തി ചേരാം. ആഡംബര സൗകര്യങ്ങളെല്ലാം ഒരുക്കിയിട്ടുള്ള 11 വില്ലകളാണ് ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നത്. ഓരോ വില്ലകളും 450 മീറ്റർ സ്‌ക്വയർ വിസ്തീർണമുള്ളതാണ്. അതിഥികളുടെ താൽപര്യത്തിനനുസരിച്ചു ഭക്ഷണം പാകം ചെയ്തു തരാനായി പാചകക്കാരുടെ സേവനങ്ങൾ ലഭ്യമാണ്. രുചികരമായ ഭക്ഷണം തയാറാക്കി നൽകും ഓരോ വില്ലകളിലുമുള്ള പാചക വിദഗ്ധർ. അന്നാട്ടിലെ നാടൻ ആഹാരം മുതൽ എല്ലാത്തരം ഭക്ഷ്യവിഭവങ്ങളും ലഭ്യമാണ്. ഗർഭിണികൾക്ക്‌ ലഘുവായതും ആരോഗ്യദായകവുമായ ജ്യൂസുകൾ, സ്മൂത്തികൾ തുടങ്ങിയവയെല്ലാം സമയാസമയങ്ങളിൽ ലഭിക്കും. കടലിന്റെ സൗന്ദര്യവും ആസ്വദിച്ചു കൊണ്ട് ഭക്ഷണം രുചിക്കുന്നത് അതിസുന്ദരമായ അനുഭവമാണ്. കൂടാതെ എല്ലാത്തരം ഭക്ഷണവും തയാറാക്കി നൽകുന്ന റെസ്റ്റോറന്റുകളും നോർത്ത് ഐലൻഡിൽ കാണാൻ കഴിയുന്നതാണ്. താല്പര്യമുള്ളവർക്ക് അവയും പരീക്ഷിക്കാവുന്നതാണ്.

സ്പാകളിൽ സമയം ചെലവഴിക്കാനും അതിഥികൾക്ക് അവസരമുണ്ട്. ശരീരത്തിനും മനസിനും ഉണർവ് നൽകുന്ന തരത്തിലുള്ള പരിചരണങ്ങൾ ഇവിടെ നിന്നും ലഭിക്കുന്നതാണ്. ഗർഭിണികളായവർക്കു ഉപകാരപ്രദമാകുന്ന തരത്തിലുള്ള പരിചരണമാർഗങ്ങൾ സ്പാ തെറാപ്പിസ്റ്റിന്റെ നിർദേശങ്ങളോടെ ചെയ്തു കൊടുക്കുന്നതാണ്.

ഗർഭിണികളായവരെ മുന്നിൽ കണ്ടുകൊണ്ടു വളരെ സുഖകരവും സുരക്ഷിതവുമായ താമസ സൗകര്യങ്ങളാണ് ഓരോ വില്ലകളിലും ഒരുക്കിയിരിക്കുന്നത്. വലുപ്പം കൂടിയ ബെഡും സുഖകരമായി കിടക്കാനുള്ള സൗകര്യങ്ങളുമൊക്കെയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com