sections
MORE

കുറഞ്ഞ ചെലവിൽ കുടുംബവുമൊത്ത് പോകാൻ പറ്റിയ രാജ്യം

HIGHLIGHTS
  • ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്ന്
Wat Arun night view Temple in bangkok, Thailand
SHARE

വെള്ളമേഘങ്ങളും പച്ചനിലങ്ങളും താണ്ടിയെത്തിയൊരു പെർഫെക്ട് ലാൻഡിങ്.. എയർ ഏഷ്യയുടെ വിമാനം നാല് മണിക്കൂർ നീണ്ട യാത്രയ്ക്കൊടുവിൽ ബാങ്കോക്കിലെ ഡോൺ മുവാങ് വിമാനത്താവളത്തിലെത്തിയിരിക്കുന്നു.  വിമാനം ഇറങ്ങിയ പാടെ ടൂറിസ്റ്റുകൾക്കൊപ്പം  ഓൺ അറൈവൽ വി സ സെൻറ്ററിലേക്കായിരുന്നു ഓട്ടം.

എന്നിട്ടും വമ്പൻ ക്യൂവിന്റെ ഏറെ പുറകിലേ സ്ഥാനം കിട്ടിയുള്ളൂ. ഓൺ അറൈവൽ വിസ ഫോം നെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്തു പൂരിപ്പിച്ച് രണ്ടു പാസ്പോർട് സൈസ് ഫോട്ടോയും ഒട്ടിച്ച് കൊടുക്കേണ്ട കാര്യമേയുള്ളൂ  ഈ ക്യൂവിന്റെ മുന്നിലാകാൻ. ഇതൊന്നും മുൻകൂട്ടി പ്ലാൻ ചെയ്യാത്ത ഒരു ഷോർട് നോട്ടീസ്  ഠമാർ പടാർ  ട്രിപ്പ്‌ ആയതിനാൽ അച്ചടക്കത്തോടെ ക്യൂ പാലിച്ച് നിന്നു. മുന്നിലിപ്പോൾ ഒന്നുമാത്രമേയുള്ളൂ  ഞങ്ങളെ സ്വാഗതം ചെയ്യാൻ കാത്തുനിൽക്കുന്ന തായ്‌ലന്‍ഡിന്റെ സൗന്ദര്യം

thailand-travel5

ത്രില്ലിങ് തായ്‌ലൻഡ്

ഔദ്യോഗിക ടാക്സി സ്റ്റാൻഡിൽ 50 തായ് ബാത്ത് സർ ചാർജായി നൽകി യാത്രയുടെ  സാരഥിയെ കണ്ടെത്തി. ഒരു തായ് വല്യപ്പച്ചൻ. മെട്രോ ട്രെയിൻ എവിടെപ്പോയാൽ കിട്ടും? എങ്ങനെ കണക്ട് ചെയ്യുന്നു? തുടങ്ങിയ ഞങ്ങളുടെ നിർത്താതെയുള്ള ചോദ്യങ്ങൾ കേട്ട് അയാൾ കണ്ണുമിഴിച്ചിരുന്നു. തായ് ഭാഷയല്ലാതെ മറ്റൊന്നുമറിയാത്ത അ യാൾ മെട്രോ ട്രെയിനെന്നു കേട്ടപ്പോൾ പല്ലില്ലാത്ത മോണ കാട്ടി ചിരിക്കാൻ തുടങ്ങി. ഒരു രക്ഷയുമില്ലാതെ വന്നപ്പോൾ ആംഗ്യഭാഷ കാണിച്ചു നോക്കി., കുച്ച് കുച്ച് തീവണ്ടിയൊക്കെ ആംഗ്യം കാണിച്ച് മനസ്സിലാക്കിക്കാൻ ശ്രമിച്ചെങ്കിലും  നിരാശയായിരുന്നു ഫലം.

thailand-travel4

ഇന്ത്യയെക്കാളും രണ്ടര  മണിക്കൂർ മുന്നോട്ടാണ് തായ്‌ലൻഡ് സമയം. മലായ് പെനിൻസുലയുടെ മൂന്നിൽ രണ്ടു ഭാഗവും അപഹരിച്ച സുന്ദര ഭൂമി. യാത്ര തുടർന്നു. ദൂരെ ബാങ്കോക്കിന്റെ അംബര ചുംബികൾ ദൃശ്യമായി തുടങ്ങി. ആയുതേയ നഗരം കത്തിയെരിഞ്ഞപ്പോൾ തലസ്ഥാനപ്പട്ടം കിട്ടിയ നഗരം. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്ന്. ചാവോഫ്രെയ നദിയുടെ അഴിമുഖത്തു സ്ഥിതി ചെയ്യുന്ന കിഴക്കിന്റെ പ്രിയ വെനീസ്. ഖേയോ സാൻ റോഡ്, ചാവോ ഫ്രെയ റിവർ സൈഡ്, സയാം തുടങ്ങി എവിടെ വേണമെങ്കിലും താമസിക്കാൻ തിരഞ്ഞെടുക്കാം.

ലോക്കലും ഗ്ലോബലുമായ മുഖങ്ങൾ സൂക്ഷിക്കുന്നതും നഗര ഹൃദയത്തിൽക്കൂടി കടന്നു പോകുന്നതുമായ  സുഖുംവിത്ത്‌ റോഡിനോട് ചേർന്നായിരുന്നു ഞങ്ങൾ താമസിക്കുന്ന ഹോട്ടൽ. യാത്രാക്ഷീണത്തിൽ ഒന്നു മയങ്ങി.  പിറ്റേന്ന് തായ്‌ലൻഡിലെ ആദ്യപ്രഭാതം. അനവധി വിഭവങ്ങൾ നിറഞ്ഞ ബ്രേക്ഫാസ്റ്റ്‌ കൗണ്ടറിനു മുന്നിൽ ആശ്ചര്യപ്പെട്ട് നിന്നു. എവിടെ നിന്ന് തുടങ്ങിയാൽ ഒരു നല്ല ഫുൾ സ്റ്റോപ്പ് ഇടാൻ പറ്റും എന്നുള്ള സ്ഥിരം കൺഫ്യൂഷൻ! മുന്നിൽ നിരന്നിരിക്കുന്നത് എണ്ണിയാൽ തീരാത്ത തായ് രുചികൾ.

പച്ചക്കറികള്‍, സീഫുഡ്സ്, അരി എന്നിവ കൊണ്ട് ഉണ്ടാക്കിയ ജാപ്പനീസ് സുഷി, നൂഡിൽസും അനേകം കടൽ വിഭവങ്ങളും ചേർന്ന ക്യൂ റ്റ്യു സൂപ്പ്, പപ്പായ ചേർന്ന ഗ്രീൻ സാല ഡ്, റെഡ് പോർക്ക് നൂഡിൽ സൂപ്പ്. തേങ്ങാപ്പാലും മാങ്ങയും കസ്റ്റാർഡ് ആപ്പിളും ചേർന്ന ഡെസേർട്ടുകൾ വിവിധ രുചികളുടെ നീണ്ട നിര..

ടോം, നിന്റെ ആ ചിരി ചതിയുടേതായിരുന്നോ?

ഏകാധിപത്യ ഭരണഘടനയുള്ള ഈ രാജ്യം. രാമപരമ്പരയിലെ രാജാക്കന്മാർ ഭരിച്ചു പോരുന്നു. വീതിയുള്ള നിരത്തിലുടനീളം തായ് രാജാവും രാജകുമാരിയും നിറഞ്ഞ ഹോർഡിങ്ങുകൾ. ഭരണപരമായി ഉപദേശകന്റെ റോൾ മാത്രമേയുള്ളുവെങ്കിലും രാജാവിനോടുള്ള  തായ് ജനതയുടെ സ്‌നേഹം അപാരമാണ്. റോഡിൽ കൂടി ടുക്ക് ടുക്ക് (തായ് ഓട്ടോ)കളുടെ പ്രവാഹം. കുഞ്ഞിക്കണ്ണുകൾ ചിമ്മിത്തുറന്ന് ചിരിച്ചു കൊണ്ട് ടുക്ക് ടുക്കുമായി വന്ന ഒരാൾ ഞ ങ്ങളെ "ഐ ആം ടോം ക്രൂസ്എ ന്ന് പറഞ്ഞ് ഓട്ടോയിലേക്കു ക്ഷണിച്ചു. 

ആകെമൊത്തം’ കൊള്ളാം എന്നു തോന്നിയെങ്കിലും അങ്ങനെയല്ലെന്ന് അയാൾ പിന്നീട് തെളിയിച്ചു. ടോം മുറി ഇംഗ്ലീഷിൽ ബാങ്കോക്കിനെ പറ്റി ഒട്ടും അറിവില്ലാതെ സംസാരിക്കാൻ തുടങ്ങി. അധികം വൈകാതെ വണ്ടി  ഒരു തായ് സിൽക്ക് ഷോപ്പിന്റെ മുന്നിൽ നിർത്തി. ഞങ്ങളെ അവിടെ കയറ്റിയേ ടോം അടങ്ങൂ. കമ്മിഷനാണ് പുള്ളിയുടെ പ്രധാന വരുമാനം. കടയ്ക്കുള്ളിൽ നേർത്ത സൗഹൃദച്ചിരിയുമായി നോർത്ത് ഇന്ത്യക്കാരായ ഷോപ്പുടമകൾ. തായ് സിൽക്ക് നമ്മുടെ റോ സിൽക്കിലും ഫിനിഷിങ് ഉള്ളതാണ് .മനോഹരമായ കളർ ഷേഡുകൾ. ഒപ്പം നല്ല ഉഗ്രൻ പ്രൈസ് ടാഗും. ഒന്നും വാങ്ങാതെ കടയിൽനിന്നിറങ്ങിയ ഞങ്ങളെ കണ്ട് ടോമിന്റെ മുഖം മാറി. ഇറങ്ങേണ്ട സ്ഥലത്തു നിന്നും കുറെ അകലെ മാറി ഞങ്ങളെ ഇറക്കി വിട്ടാണ്  അയാൾ പകരം വീട്ടിയത്. പറഞ്ഞുറപ്പിച്ച തുകയിൽ നിന്നും 50 ബാത്ത് കുറച്ചു കൊടുത്തു ഞങ്ങളും മാതൃകയായി. അതിനുള്ള നന്ദി ഗൂഗിൾ മാപ്പിനിരിക്കട്ടെ.

thailand-travel6

പരിനിർവാണയിലേക്കു പ്രവേശിക്കുന്ന ശയനബുദ്ധനെ കാണുക എന്നതാണ് ഇനി ഞങ്ങളുടെ ലക്‌ഷ്യം.

വാറ്റ് ഫോ എന്ന സ്ഥലത്തെത്തി.വാറ്റ്എ ന്നാൽ തായ്‌ഭാഷയിൽ ബുദ്ധക്ഷേത്രം എന്നർഥം. എട്ട് ഏക്കറിലായി പരന്നു കിടക്കുന്നക്ഷേത്രസമുച്ചയം. രാമ ഒന്നാമന്റെ കാലത്തെ നിർമിതി. പാരമ്പര്യ തായ് മസാജിന്റെ ആസ്ഥാനം കൂടിയാണ് വാറ്റ് ഫോ. 160 അടി നീളവും,15 അടി ഉയരവുമുള്ള സുവർണ നിറമാർന്ന റിക്ലൈനിങ് ബുദ്ധ. ആ മതിൽക്കെട്ടിനുള്ളിൽ തന്നെ ആയിരത്തിലേറെ ബുദ്ധപ്രതിമകളുണ്ട്. മനോഹരമായ കൊത്തുപണികളോടു കൂടിയ ശിൽപ്പവിസ്മയങ്ങൾ.  ചുവരുകളിൽ നിറയെ ആലേഖനം ചെയ്തിരിക്കുന്ന രാമകഥകൾ. വാസ്തുവിദ്യയുടെ മാന്ത്രികത നിറയുന്ന വർണഗോപുരങ്ങൾ...

ക്യാമറകൾ കൊതി തീരെ കണ്ണടച്ചു തുറക്കുന്നു. പ്രധാന ആകർഷണമായ ഗ്രാൻറ് പാലസ് അടച്ചിട്ടത് കാരണം അടുത്ത യാത്ര വാറ്റ് അരുണിലേക്കാണ്. നദിയിലേക്കു തുറക്കുന്ന തടി വീടുകൾ താണ്ടി, ഒരു പഴയ മാർക്കറ്റിനുള്ളിൽ കൂടി നടന്നു. ഒരു ലോങ് ടെയിൽ ബോട്ടിൽ കയറി ചാവോ ഫ്രെയ നദി മുറിച്ച് കടന്ന് ഞങ്ങൾ പടിഞ്ഞാറൻ തീരത്തുള്ള വാറ്റ് അരുണിലെത്തി. ആദ്യ സൂര്യവെളിച്ചം വീഴുന്നുവെന്ന വിശ്വാസം ആണത്രേ ഇതിന് അരുൺ എന്ന പേര് വരാൻ കാരണം. ഗോപുരങ്ങൾ വർണ സുന്ദരം.

കടൽകക്കകൾ, മറ്റു സീ ഷെൽസ് ഇവയൊക്കെ ഉപയോഗിച്ച് ഭംഗിയായി അലങ്കരിച്ച മേൽക്കൂരകൾ. ഇവിടുത്തെ ക്ഷേത്രങ്ങൾ കൂടുതലും ബുദ്ധിസ്റ്റ് വാസ്തു വിദ്യയിലാണ് നിർമിച്ചിരിക്കുന്നത്. മേൽക്കൂരകൾക്കു പല വിതാനങ്ങൾ. രാജകീയ ഗൃഹങ്ങൾക്കു നാലു മേൽക്കൂരകൾ വരെയുണ്ട്. ഒരുപാട് കൈകളുള്ള വിഷ്ണു ശിവ ഗണേശ ബിംബങ്ങൾ. തായ് കരകൗശല വിദ്യയും പ്രധാനമായും ബുദ്ധമതത്തിൽ അധിഷ്ഠിതമാണ്. ഒപ്പം പാരമ്പര്യ ആയുതേയ ശൈലി, ശ്രീലങ്കൻ സ്വാധീനം  ഇവയും ദർശിക്കാം. ആ കാശത്തിലേക്കുയർന്നു നിൽക്കുന്ന അലങ്കരിച്ച സ്തൂപങ്ങൾ തങ്ങളുടെ രാജകീയതയുടെ ഉത്തുംഗ ഭാവമായി ഇവർ കരുതുന്നു. ബുദ്ധനെക്കൂടാതെ ധാരാളം ഇമേജറികൾ ശില്പങ്ങളിൽ ഉണ്ട്.രാക്ഷസന്മാർ, കുരങ്ങന്മാർ, അപ്സരസ്സുകൾ, ചന്ദ്രനെ വിഴുങ്ങുന്ന രാഹു, വ്യാളീമുഖങ്ങൾ, ഗരുഡന്റെ കൊക്കിനെ അനുസ്മരിപ്പിക്കുന്ന കൊമ്പുകൾ തുടങ്ങി വാസ്തുവിദ്യയുടെ മനോഹരമായ ആവിഷ്കാരങ്ങൾ.

ചാവോെഫ്രയാനദിയുടെ തീരത്ത്

രണ്ടാം ദിനം ചാവോഫ്രെയ നദിയും അതിന്റെ കരകളും തടിവീടുകളും പുരാതന മാർക്കറ്റുകളും ആയിരുന്നു ലക്ഷ്യം. ബാങ്കോക്കിന്റെ സിരകളിലെ ജീവരക്തമാണ് ചാവോഫ്രയ. തായ് സംസ്കാരത്തിലും രാജാധിപത്യത്തിലുമൊക്കെ ഈ നദിക്കു പ്രത്യേക സ്ഥാനമുണ്ട്. കനാലുകളും അതിന്റെ പിരിവുകളും ഉൾനാടൻ ജലഗതാഗതവും മനോഹരമായ ദൃശ്യങ്ങളാണ്. നദീതീരത്തെ വളരെ വ്യത്യസ്തമായ ഒരു വിനോദകേന്ദ്രമാണ്. ഏഷ്യാറ്റിക് റിവർ സ്‌ക്വയർ. ബാങ്കോക്കിന്റെ പുതിയ ശ്രദ്ധാകേന്ദ്രങ്ങളിലൊന്ന്. തായ്‌ലൻ‌ഡിന്റെ പ്രാചീനകാല രാജ്യാന്തര കവാടമായിരുന്നു ഇത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ തായ് രാജാക്കന്മാർ ഡെന്മാർക്കുമായി വ്യാപാരത്തിലേർപ്പെട്ടിരുന്ന വാണിജ്യ തുറമുഖം. ഇന്നിത് ഒന്നാന്തരം ഓപ്പൺ എയർ നൈറ്റ് ഷോപ്പിങ് മാൾ ആണ്. മൂന്നാം ദിനം യാത്ര ബാങ്കോക്കിൽ നിന്നും പട്ടായയിലേക്ക്. പിന്നിടാനുള്ളത് വെറും 150 കിലോമീറ്റർ. ഉച്ചവെയിൽ കനക്കുമ്പോഴാണ് ഞങ്ങൾ പട്ടായയിലെത്തിയത്. പോകും വഴികളെല്ലാം സുന്ദരം. വമ്പൻ കെട്ടിടങ്ങൾ, കൃഷിസ്ഥലങ്ങൾ, ജലാശയങ്ങൾ, കൂറ്റൻ ബുദ്ധപ്രതിമകൾ. ജീവിതച്ചെലവ് താരതമ്യേന കുറഞ്ഞ നഗരമാണ് പട്ടായ.സിൻസിറ്റിയെന്ന തായ്‌ലൻഡിന്റെ പേര് മാറാത്തതിൽ പട്ടയയ്ക്കുള്ള പങ്ക് വളരെ വലുതാണ്

ആദ്യം കണ്ട ഷോപ്പിൽ നിന്നും ഒരു ടർക്കിഷ് ഡോണർ കബാബ് കഴിച്ചു എനർജി വീണ്ടെടുത്തു ഞങ്ങൾ നടക്കാൻ തുടങ്ങി. അറുപതുകളിലെ മീൻപിടുത്ത ഗ്രാമം ഇപ്പോൾ സെക്സ് ടൂറിസത്തിന്റെ ആസ്ഥാനമാണ്1960 കളിൽ വിയറ്റ്‌നാം യുദ്ധത്തിൽ പങ്കെടുത്ത അമേരിക്കൻ പട്ടാളം വിശ്രമത്തിനായി തിരഞ്ഞെടുത്ത നഗരങ്ങളാണ് ഇവ രണ്ടും. പട്ടായയിലെ കടൽത്തീരം ആഹ്ലാദിക്കുന്ന ഒരു ജനതയുടെ സമ്മേളനമാണ്. പാട്ടായയിലെ വോക്കിങ് സ്ട്രീറ്റ് ഒരു വ്യത്യസ്തമായ അനുഭവമാണ് ഷോകേസിനുള്ളിൽ നിൽക്കുന്ന പാവകളെപ്പോലെ ശരീരം മാത്രമായ സ്ത്രീകൾ. അവരുടെ ഇടനിലക്കാർ. സംഗീതത്തോടെ നമ്മെ എതിരേൽക്കുന്ന ഭക്ഷണശാലകൾ.പബ്ബുകളുടെയും ബാറുകളുടെയും ലൈവ് ഡി. ജെ. പാർട്ടികളുടെയും നഗരമാണ് രാത്രിയിലെ ബാങ്കോക്ക്. തെരുവോര ഭക്ഷണ ശാലകളിലെ കൊതിപ്പിക്കുന്ന മണം ആഹാരപ്രേമികളെ ആഹ്ലാദത്തിലാഴ്ത്തും.

തായ് വിഭവങ്ങൾ

പല ഫ്‌ളേവറുകളുടെ സമസന്തുലനമാണ് തായ് വിഭവങ്ങൾ. ബേക്കിങ്ങിലും സ്‌ലോ ബോയ്‌ലിങ്ങിലും ഗ്രില്ലിങ്ങിലുമാണ് ഇവരുടെ രുചിപ്പെരുമകൾ. തായ് ഗ്രീൻ കറി വളരെ രുചികരമായ ഒരു വിഭവമാണ്. തേങ്ങാപ്പാലും മുളയുടെ തളിരിലയും തുളസിയിലയും ലെമൺ ഗ്രാസും നാരകയിലകളും അരച്ച് ചേർത്ത പച്ചക്കുരുമുളകും പിന്നെ പേരറിയാത്ത അനേകം സുഗന്ധ ദ്രവ്യങ്ങളും ചിക്കനും ചേർന്ന അപൂർവ രുചിക്കൂട്ട്. ജംഗ് ജൂഡ് എന്നറിയപ്പെടുന്ന ക്ലിയർ സൂപ്പിൽ ടോഫുവും മിൻസ് ചെയ്ത പോർക്കും പാഴ്‌സലി ഇലകളും ചേർന്ന ഹൃദ്യമായ ഗന്ധം. തായ്‌ലൻഡിന്റെ ദേശീയ ഫലമായ ഡുറിയാന്റെ പഴുത്ത ഗന്ധം നിറഞ്ഞ തെരുവോരങ്ങൾ.

മിക്ക ഷഡ്പദങ്ങളെയും ഉണക്കി വച്ചിരിക്കുന്ന കിയോസ്‌ക്കുകൾ. ബാംബൂ സ്റ്റിക്കുകളിൽ ഭംഗിയായി ഡിസ്പ്ലേ ചെയ്തിരിക്കുന്ന തായ് ചിക്കൻ സതായ്. ഈ രാജ്യം ആഹാരത്തിന്റെ കാര്യത്തിൽ എത്രകണ്ട് ഡെഡിക്കേറ്റഡ് ആണ്. തിരികെപ്പോരാൻ സമയമായി. ഇനി ഇവിടുത്തെ ഷോപ്പിങ് വിസ്മയം സ്വന്തമാക്കാനുള്ള ദിനം. ചതുഛക് വീക്കെൻഡ് മാർക്കറ്റ്, സയാം സ്‌ക്വയർ, MBK മാൾ  ഇവയെല്ലാം കയ്യിലവശേഷിക്കുന്ന അവസാന തായ് ബാതും ഒഴുക്കിക്കളയാനുള്ള സ്ഥലങ്ങളാണ്. തിരികെ എയർപോർട്ടിലേക്ക് മെട്രോ തിരഞ്ഞെടുത്തപ്പോൾ പറ്റിക്കൽ വീരന്മാരായ ടാക്സിക്കാർക്കെതിരെയുള്ള അതിജീവനത്തിന്റെ കഥ കൂടിയായി ഈ യാത്ര.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA