ADVERTISEMENT

അമർചിത്രകഥകളിലെ ദൃശ്യമാണോയിതെന്ന്  ഒറ്റനോട്ടത്തിൽ തെറ്റിദ്ധരിച്ചുപോകും ജർമനിയിലെ റാക്കോഫ്ബ്രെക്കി പാലം കണ്ടാൽ.  കുതിരപ്പുറത്തുവരുന്ന രാജകുമാരൻ ദുഷ്ടനായ രാക്ഷസനിൽ നിന്നും രാജകുമാരിയെയും കൊണ്ട് രക്ഷപ്പെട്ടു പോകുന്ന ചിത്രത്തിന്റെ പശ്ചാത്തലത്തിൽ നാം കണ്ടത് ഇതുപോലെയുള്ള ഒരു പാലമായിരുന്നു. ചുറ്റിലും പലവർണങ്ങളിലുള്ള ചെടികളും പൂവുകളും. അതിമനോഹരമായ കാഴ്ച എന്നുതന്നെ ആരും പറഞ്ഞുപോകും ഈ സുന്ദരമായ പാലവും അതിന്റെ ചുറ്റിലുമുള്ള പ്രകൃതിയും കണ്ടാൽ. ഏതോ ചിത്രകാരന്റെ ഭാവനപോലെ തന്നെ സുന്ദരമായ കാഴ്ച.

റാക്കോഫ്ബ്രെക്കി പാലത്തിന് പിശാചിന്റെ പാലം എന്നൊരു പേരുകൂടിയുണ്ട്.  മുത്തശ്ശിക്കഥകളിലെ രാക്ഷസന്മാരുടെ താവളത്തിന്റെ സമീപമുള്ള പാലത്തിന്റെ ചെറിയൊരു ഛായ എവിടെയോ തോന്നുന്നതു കൊണ്ടാണോയെന്തോ പിശാചിന്റെ പാലം എന്നാണ് റാക്കോഫ്ബ്രെക്കി അറിയപ്പെടുന്നത്. ജർമനിയിലെ സാക്‌സോണിയിലെ ഒരു ചെറുപാർക്കിലാണ് ഈ പാലം നിർമിച്ചിരിക്കുന്നത്. ക്രോമിലോ എന്നാണ് ആ പാർക്കിന്റെ പേര്.

മധ്യകാലത്ത് യൂറോപ്പിൽ ഇത്തരത്തിലുള്ള നിരവധി പാലങ്ങൾ നിര്മിക്കപ്പെട്ടിരുന്നു. 1860 ലാണ് റാക്കോഫ്ബ്രെക്കി പാലത്തിന്റെ പണി പൂർത്തിയാക്കിയത്. പൂർണമായും മനുഷ്യനിർമിതമായ ഈ പാലം കരിങ്കല്ല് കൊണ്ടാണ് നിർമിച്ചിട്ടുള്ളത്. കാഴ്ചയ്ക്കു ഏറെ മനോഹരമായ ഒരു ആർച്ച് ഈ പാലത്തിനു നടുവിൽ, തടാകത്തിനു മുകളിലായുണ്ട്. റാക്കോഫ്ബ്രെക്കിയുടെ പ്രധാനാകര്ഷണവും ഈ  ആർച്ച് തന്നെയാണ്. വസന്ത, ശരത്ക്കാലങ്ങളിൽ ക്രോമിലോ പാർക്ക് സന്ദർശിക്കുന്നതാണ് ഉചിതം. അന്നേരങ്ങളിൽ ഈ തടാകത്തിനും ചുറ്റിലുമുള്ള മരങ്ങൾക്കും ചെടികൾക്കുമൊക്കെ അസാധാരണമായ സൗന്ദര്യമാണ്. മനോഹരമായ ഫോട്ടോകൾ എടുക്കാനും ആ സമയത്തെ സന്ദർശനം കൊണ്ട് സാധിക്കും.

539121576

റാക്കോഫ്ബ്രെക്കി പാലത്തിന്റെ സൗന്ദര്യം അകലെനിന്നും കാണാം എന്നല്ലാതെ, അതിലൂടെ നടക്കാം എന്ന മോഹമൊന്നും വേണ്ട. 158 വർഷത്തെ പഴക്കം പാലത്തിനെ ക്ഷയോന്മുഖമാക്കിയതുകൊണ്ടു തന്നെ  സംരക്ഷണത്തിന്റെ ഭാഗമായി, പാലത്തിനു മുകളിലൂടെയുള്ള നടത്തം അധികൃതർ പൂർണമായും നിരോധിച്ചിരിക്കുകയാണ്.

ബെർലിനിൽ നിന്നും 164 കിലോമീറ്ററാണ് ക്രോമിലോ പാർക്കിലേക്കുള്ള ദൂരം. ചെറിയൊരു തുക പ്രവേശന ഫീസ് നൽകിയാൽ മാത്രമേ പാർക്കിലേക്ക് കടക്കാൻ അനുമതി ലഭിക്കുകയുള്ളു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com