sections
MORE

മനസ്സ് വിഷമിപ്പിച്ച തായ്‍‍ലൻഡ്: നടി സോന നായരുടെ യാത്രാ വിശേഷങ്ങൾ

HIGHLIGHTS
  • ലക്ഷദ്വീപ് കപ്പൽ യാത്ര ശരിക്കും അദ്ഭുതപ്പെടുത്തി
sona%20nair%20trip4
SHARE

മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലും തിളങ്ങുന്ന സോന നായർ മലയാളികൾക്ക് പ്രിയങ്കരിയാണ്. കഥാപാത്രത്തിന് അനുയോജ്യമായ അഭിനയം കാഴ്ചവയ്ക്കാനുള്ള മികവും സോന നായർക്ക് സ്വന്തമാണ്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽക്കൊട്ടാരം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രലോകത്തിൽ തുടക്കകാരിയായി. തുടർന്ന് സീരിയലുകളിലും സിനിമകളിലും സജീവമായി. അഭിനയത്തെ പ്രണയിക്കുന്ന പോലെ സോനക്ക് മറ്റൊരു പ്രണയം കൂടിയുണ്ട്. 'യാത്രകൾ'. ഒഴിവ് സമയം യാത്രകൾ പോകാനാണ് താരത്തിന് പ്രിയം. ഇഷ്ടപ്പെട്ട യാത്രകളെ കുറിച്ച് പറയുമ്പോൾ വാചാലയാകും. സോന യാത്രാ വിശേഷങ്ങൾ മനോരമ ഒാൺലൈനിൽ പങ്കുവയ്ക്കുന്നു.

sona-nair-trip

'തിരക്കുള്ള ജീവിതത്തിൽ നിന്നും മനസ്സിനെ സ്വസ്ഥമാക്കാൻ യാത്ര പോകണം. അതു ക്ഷേത്രങ്ങളായാലും ഹിൽസ്റ്റേഷനായാലും ഞാൻ ഹാപ്പിയാണ്. കുടുംബവുമൊത്ത് ആദ്യം യാത്ര പ്ലാൻ ചെയ്യുന്നത് കൊല്ലൂർ മൂകാംബികയിലേക്കാണ്. അമ്മയുടെ സന്നിധിയിലേക്കുള്ള ആ യാത്രയ്ക്ക് ഇന്നും മുടക്കം വരുത്തിയിട്ടില്ല. ജീവിതത്തിലെ ഇത്രയേറെ അനുഗ്രഹങ്ങൾ നൽകിയ മൂകാംബിക അമ്മയെ മറക്കാനാവില്ല. ഇൗശ്വരാനുഗ്രഹം കൊണ്ടുമാത്രമാണ് എനിക്ക് ജീവിതത്തിൽ ഇത്രയും നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചത്.' - സോന നായർ പറയുന്നു.

യാത്രകൾ പുസ്തകം പോലെയാണ് ഓരോ പുസ്തകങ്ങളും നൽകുന്ന വായനാനുഭവം വ്യത്യസ്തമാണ്. അതുപോലെയാണ് യാത്രകളും. ഒരോ രാജ്യത്തിനും പലമുഖങ്ങളാണ്. സംസ്കാരം, ജീവിത രീതി, ഭക്ഷണം ,ഭാഷ അങ്ങനെ നീളും. ജോലിയുടെ ഭാഗമായി ഒരുപാട് യാത്രകൾ ചെയ്യുവാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. വിദേശവും സ്വദേശവുമൊക്ക കറങ്ങിയിട്ടുണ്ട്. എവിടേക്കുള്ള യാത്രയായാലും മൂന്നുനാലു ദിവസം താമസിച്ചുള്ള യാത്രയാണ് ഏറെ ഇഷ്ടം. പോകുന്ന സ്ഥലത്തിന്റെ സംസ്കാരവും രുചിഭേദങ്ങളും ആളുകളെയുമൊക്കെ അറിയാനും പഠിക്കാനും സാധിക്കണമെങ്കില്‍ കുറച്ചു ദിവസം അവിടെ താമസിക്കണം. കാഴ്ചകൾ മാത്രം ആസ്വദിച്ചുള്ള യാത്ര എനിക്കത്ര ഇഷ്ടമല്ല. പോകുന്ന സ്ഥലത്തെകുറിച്ച് പഠിക്കണം.

sona-nair-trip2

അമേരിക്ക, സിംഗപ്പൂർ, ലണ്ടൻ അങ്ങനെ ഒരുപാട് വിദേശരാജ്യങ്ങളിലേക്ക് യാത്ര പോയിട്ടുണ്ട്. സിംഗപ്പൂരിലെ രാത്രിയാത്രയാണ് എനിക്ക് ഏറെ ഇഷ്ടം. മിഡ് നൈറ്റ് ഷോപ്പുകളും രാത്രികാല കാഴ്ചകളുമൊക്കെ രസകരമാണ്.

ബാലി എനിക്കിഷ്ടം

ബാലിയിലേക്കുള്ള യാത്ര ഒരുപാട് ഇഷ്ടമാണ്. ഹിന്ദു ഫീലാണ് അവിടുത്തെ ഒാരോ കാഴ്ചകൾക്കും. 'ദൈവങ്ങളുടെ ദ്വീപ്' എന്നറിയപ്പെടുന്ന ബാലി സഞ്ചാരികളുടെ ഇഷ്ടയിടങ്ങളിലൊന്നാണ്. കടലോര വിനോദകേന്ദ്രമായ കുട്ട ബീച്ച്, കടലിൽ പാറപ്പുറത്ത് നിൽക്കുന്ന ക്ഷേത്രമായ തനാ ലോട്ട്, ഉലുവത്ത് ക്ഷേത്രം, കൽഗുഹകൾ, സെമിൻയാക് ടൗൺഷിപ്പ്, കിന്താമണി അഗ്നി പർവതം, ബാലിയിലെ പരമ്പരാഗത കൈവേലകളുടെ ഗ്രാമമായ ഉബുദ് വില്ലേജ്, ജിംബാരൻ ബേ, കാടിനു നടുവിലെ സെകുംപൂൾ വെള്ളച്ചാട്ടം, അഗുംഗായ് റായ് മ്യൂസിയം, മങ്കി ഫോറസ്റ്റ്, തീർഥഗംഗ വാട്ടർ പാലസ് എന്നിവ കാണാം. ഇവിടെ ഇരുചക്ര വാഹനങ്ങളോ കാറോ വാടകയ്ക്ക് എടുത്ത് സ്വയം ഡ്രൈവ് ചെയ്യാം. ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് മതിയാകും. ടാക്സി വളരെ കുറഞ്ഞ നിരക്കിൽ ലഭിക്കും.

504985756

തായ്‍‍ലൻഡ്, ബാങ്കോക്ക് സെക്സ് ടൂറിസം

മനസ്സ് വിഷമിച്ച യാത്രയായിരുന്നു തായ്‍‍ലാൻഡ്, ബാങ്കോക്ക് ട്രിപ്പ്. ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം ഒരുക്കിയിരിക്കുന്ന നാടാണ് തായ്‍‍ലാൻഡും ബാങ്കോക്കും. അവിടുത്തെ നയനമനോഹരമായ കാഴ്ചകളൊക്കെയും എനിക്ക് ഇഷ്ടപ്പെട്ടു. പക്ഷേ മനസ്സുനൊന്ത കാഴ്ചയായിരുന്നു അവിടുത്തെ സ്ത്രീകളുടെ ജീവിത രീതി. ജീവിക്കാൻ വേണ്ടി വേഷമണിയുന്ന സ്ത്രീകൾ. സ്വന്തം ജീവിതവും ശരീരവും വിറ്റ് ജീവിക്കുന്നവർ. എന്നുതന്നെ പറയാം. അവിടുത്തെ ബാറുകളിലും തെരുവുകളിവുമൊക്കെ കാണാമായിരുന്നു. സെക്‌സ് ടൂറിസം എന്നാല്‍ തായ്‌ലന്‍ഡില്‍ അത്ര മോശം കാര്യമല്ല! എന്നിരുന്നാലും സ്ത്രീകളുടെ ജീവിതരീതി കണ്ടപ്പോൾ വിഷമം തോന്നി.

തിരക്കേറിയ ബീച്ചുകൾ, നഗരകാഴ്ചകൾ, മ്യഗശാലകൾ, മനോഹരമായ താഴ്‍‍വരകൾ, രുചിയുളള ഭക്ഷണം, നല്ല താമസം എന്തിന് കുറഞ്ഞ ചെലവിൽ ഷോപ്പിങ്ങിന് പറ്റിയ സ്ഥലവും കൂടിയാണ്  തായ്‍‍ലൻഡ്. മിക്ക സഞ്ചാരികളും ടൂർ പാക്കേജ് ബുക്കിങ്ങിലൂടെയാണ് തായ്‍‍ലൻഡ് യാത്രയ്ക്കൊരുങ്ങുന്നത്. താമസവും ഭക്ഷണവും കാഴ്ചകളും തായ്‍ലൻഡിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളും ഉൾപ്പടെയുള്ള ടൂർ പാക്കേജ് ചെലവ് കുറയ്ക്കാനും സഹായിക്കും.

ലക്ഷദ്വീപ് കപ്പൽ യാത്ര ശരിക്കും അദ്ഭുതപ്പെടുത്തി

ഇക്കഴിഞ്ഞ ഇടയ്ക്കാണ് ലക്ഷദ്വീപ് യാത്ര നടത്തിയത്. കടലിനൊടൊപ്പം കഴിഞ്ഞ അഞ്ചുനാൾ ശരിക്കും വിസ്മയിപ്പിച്ചു. കടലിന് ഇത്രയും ഭംഗിയുണ്ടോയെന്നും തോന്നിപ്പോയി. കാരണം ഉൾക്കടലിലേക്ക് കപ്പൽ പോകുന്തോറും കടലിന്റെ നീലനിറം മാറി പച്ചയാകും വാക്കുകളിൽ വർണിക്കാനാവില്ല ആ സൗന്ദര്യത്തെ. ഇടയ്ക്ക് ചില ദ്വീപുകളിൽ നിർത്തിയിരുന്നു. കവരത്തിയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. ശാന്തത, ശുദ്ധവായു, മലിനമാകാത്ത പ്രകൃതി ഇതു മൂന്നും ഒരു പോലെ ചേർന്നു നിൽക്കുന്ന ഇടം പോലെയാണ് കവരത്തി. ലക്ഷദ്വീപിൽ സ‍ഞ്ചാരികൾക്ക് പ്രവേശനമുള്ള ചുരുക്കം ദ്വീപുകളിൽ ഒന്നുകൂടിയാണിത്. നമ്മുടെ നാട്ടിൽ കാണുന്ന കടലോരങ്ങളിൽ നിന്നും വ്യത്യസ്തമാണ് ഇവിടുത്തെ ബീച്ചുകൾ.

Lakshadweep

നീല ജലവും പഞ്ചാരമണൽത്തരികളുമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രത്യേകത. ജലവിനോദങ്ങൾക്ക് ലക്ഷദ്വീപിൽ ഏറ്റവും പ്രാധാന്യം നല്കുന്ന ദ്വീപാണ് കവരത്തി. സ്കൂബാ ഡൈവിങ്ങ് മുതൽ സ്നോർക്കലിങ്ങ്, വാട്ടർ സ്കീയിങ്ങ്, പാരാസെയ്ലിങ്ങ്, ജെറ്റ് സ്കീയിങ്ങ്, വാട്ടർ ബൈക്ക്, വിൻഡ് സർഫിങ്ങ് തുടങ്ങിയവ ആസ്വദിക്കാൻ മറ്റു ദ്വീപിനേക്കാള്‍ സഞ്ചാരികൾ കവരത്തിയെയാണ് ആശ്രയിക്കുന്നത്. കവരത്തി ഒരുപാട് ഇഷ്ടപ്പെട്ടു.

kavarathi-6

അവിടെ തീയറ്ററുകളും മറ്റുമില്ല. എന്നിരുന്നാലും ഞാൻ അവിടെ എത്തിയപ്പോൾ നല്ല സ്വീകരണമായിരുന്നു അവർ നൽകിയത്. ഒരുപാട് സന്തോഷം തോന്നി എനിക്ക്. മറ്റൊരു ആകർഷണം അവിടുത്തെ കേര വൃക്ഷങ്ങളായിരുന്നു. എനിക്ക് തോന്നുന്നത് നമ്മുടെ കേരളത്തിനെക്കാൾ കേരവൃക്ഷങ്ങൾ കവരത്തിയിൽ  ഉണ്ടെന്നാണ്. ഇടതൂർന്ന് നിൽക്കുന്ന കേരവൃക്ഷങ്ങളും അതിന്റെ ചുവട്ടിൽ വീണ് ഉണങ്ങിയ തേങ്ങകളും. ആർക്കുവേണ്ടാതെ കിടക്കുന്നു. ശരിക്കും വിസ്മയിപ്പിച്ചു അവിടുത്തെ ഒാരോ കാഴ്ചകളും.

ഫാമിലി ട്രിപ്പ്

മുമ്പ് പറഞ്ഞതുപോലെ കുടുംബവുമൊത്ത് ആദ്യം യാത്ര പോകുന്നത് കൊല്ലൂർ മൂകാംബികയിലേക്കാണ്. ക്ഷേത്രദർശനം കഴിഞ്ഞ് കുടജാദ്രി പോകും. മൂകാംബിക ക്ഷേത്രം കുടജാദ്രിയുടെ താഴ്‌വരയിലാണ് സ്ഥിതി ചെയ്യുന്നത്. കുടജാദ്രിയിലേക്ക് പോകാൻ ഏക വാഹന മാർഗം ജീപ്പാണ്. ജീപ്പിൽ കയറി സാഹസിക യാത്രയ്ക്കൊരുങ്ങുമ്പോൾ മലമുകളിലാണ് റോഡ് ഉണ്ട് എന്നൊന്നും കരുതരുത്.

പൊന്മുടി പോലെയോ മൂന്നാർ പോലെയോ ചെന്നെത്താൻ പറ്റുന്ന ഒരു സ്ഥലമല്ല കുടജാദ്രി. ഇവിടേക്ക് യാത്ര പുറപ്പെടുന്നവർക്ക് അൽപം വിശ്വാസവും സാഹസികതയും ആവശ്യമാണ്. കുടജാദ്രി മലയിലെ അതിമനോഹര ദൃശ്യങ്ങൾ അതുവരെയുള്ള യാത്ര ദുരിതങ്ങളെ പൂർണമായി തുടച്ചുമാറ്റി. മുകളിലേക്ക് കയറുന്നതിന്റെ തുടക്കത്തിൽ തന്നെ ഒരു ഭദ്രകാളി ക്ഷേത്രമുണ്ട്. വനപ്രദേശത്തിലൂടെ മുന്നോട്ടു നടന്ന് ഗണേശ ഗുഹയും കണ്ട് ആദിശങ്കരന്റെ സർവജ്ഞാനപീഠവും സന്ദർശിച്ചു. മനസ്സുനിറക്കുന്ന കാഴ്ചകളായിരുന്നു.

sona-nair-trip3

അദ്ഭുതമായി ചിത്രമൂല

ഇരുപതു മീറ്ററോളം നീളമുള്ള പാറയിടുക്കാണു ചിത്രമൂല. അവിടെയും പോകാനുള്ള ഭാഗ്യം എനിക്കുണ്ടായി. ഇവിടെ ശിവലിംഗം സ്ഥാപിച്ച് ആദിശങ്കരൻ പൂജിച്ചാരാധിച്ചു. ചിത്രമൂലയിലെ പീഠത്തിൽ ഒരാൾക്ക് കാലുനീട്ടി നിവർന്നിരിക്കാനും കിടക്കാനുമുള്ള സ്ഥലമുണ്ട്. മലയുടെ ചെരിവിലെ ദ്വാരമായതിനാൽ വെയിലും മഴയുമേൽക്കില്ല. പാറയിൽ അള്ളിപ്പിടിച്ചു വേണം ഇവിടെ കയറിപ്പറ്റാൻ. മരത്തടി കൂട്ടിച്ചേർത്തൊരു ഏണി പാറയിൽ കെട്ടിവച്ചിട്ടുണ്ട്. അതിലൂടെയാണ് ആളുകൾ പീഠത്തിൽ കയറുന്നത്. ഏണിയുടെ അറ്റത്തെത്തിയാലും ബാക്കിയുള്ള രണ്ടു പടവുകൾ പാറയുടെ വിള്ളലിൽ പിടിച്ചു കയറണം. ഇവിടെയിരുന്നു നേരേ നോക്കിയാൽ കൊടുംകാട്, അതിനപ്പുറത്തു നാലഞ്ചു മലകൾ. അതിലൊന്നാണു ശൃംഗേരി. ആ കാഴ്ചകളൊക്കെയും മനസ്സിൽ മായാതെ ഉണ്ട്.

സ്വപ്നയാത്ര

ഇനിയും ഒരുപാട് ഇടങ്ങൾ കാണാനും പഠിക്കാനുമുണ്ട്. എന്നിരുന്നാലും ചിത്രങ്ങളിലുടെയും വി‍ഡിയോയിലൂടെയും കണ്ട സ്വിറ്റ്സർലാന്‍ഡിന്റെ മനോഹാരിത നേരിട്ട് അനുഭവിക്കണമെന്നുണ്ട്. മഞ്ഞുപെയ്യുന്ന രാജ്യങ്ങളൊക്കെയും എനിക്ക് ഇഷ്ടമാണ്. യാത്രയെ ഒരുപാട് സ്നേഹിക്കുന്നയാളാണ് ഞാൻ. മരിക്കുന്നതിന് മുമ്പ് ഇൗ ഭൂമിയിലെ കാണാകാഴ്ചകളൊക്കെയും സ്വന്തമാക്കണം എന്നാണ് ആഗ്രഹം. നറുപുഞ്ചിരിയോടെ സോന പറഞ്ഞു നിർത്തി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA