sections
MORE

ഭൂമിയിലെ സ്വർഗം ഇവിടെയാണ്

487525618
SHARE

സ്ഥലം സ്വീഡനിലെ ജോങ്കോപിങ് നഗരം. ഞാനും സുഹൃത്തുക്കളായ ജോസും ജോണും യാത്രാബാഗുകൾ ഒരുക്കി ഇറങ്ങുകയാണ്. ഞങ്ങൾ മൂന്നുപേരും സ്വീഡനിലെ യങ് ഷൗപിങ് സർവകലാശാലയിൽ വിവിധ ബാച്ചുകളിൽ പഠിക്കുന്ന, ഒരേ അപാർട്മെന്റിൽ അന്തിയുറങ്ങുന്ന ചങ്ങാതിമാരാണ്. ഈ ഭൂഗോളത്തിലെമ്പാടും കറങ്ങുക, അതിരുകളില്ലാത്ത സൗഹൃദം വളർത്തുക, സാഹസികതകൾക്കുള്ള അവസരങ്ങൾ കളയാതിരിക്കുക ഇങ്ങനെ ചില സ്വപ്നങ്ങൾ ഞങ്ങൾക്കു പൊതുവായിട്ടുണ്ട്. അതിലേക്കുള്ള ആദ്യ യാത്രയുടെ തുടക്കത്തിലാണ് ഇപ്പോൾ.

സർവകലാശാലയിലെ വിദ്യാർഥി യൂണിയൻ സംഘടിപ്പിക്കുന്ന ഒരു രാജ്യാന്തരയാത്രയാണിത്. ബാൾടിക് കടൽ കടന്ന് എസ്റ്റോണിയയിലെ ടാലിനിലേക്ക് ഒരു ക്രൂയിസ് കപ്പൽ യാത്ര. സാമ്പത്തികസ്ഥിതി മെച്ചമല്ലെങ്കിലും ജോസിന്റെ പ്രോത്സാഹനത്തെത്തുടർന്ന് ജോണിനെയും പ്രേരിപ്പിച്ച്, ഞങ്ങൾ മൂന്നുപേരുംകൂടി ടിക്കറ്റെടുത്തു.

Tallinn-trip3

എസ്റ്റോണിയയുടെ വടക്കേ അറ്റത്ത്, ഫിൻലൻഡ് ഉൾക്കടലിന്റെ തീരത്ത് സ്ഥിതിചെയ്യുന്ന ടാലിൻ ആ രാജ്യത്തിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്. അ വിടത്തെ ഓൾഡ് ടൗൺ ഭാഗം യുനെസ്കോയുടെ പൈതൃകനഗരങ്ങളുടെ പട്ടികയിൽപെടുന്നു.

വൈക്കിങ് ലൈനിൽ

തുറമുഖത്തെത്തിയപ്പോൾ പ്രവേശനകവാടത്തിൽ ബാക്ക്പാക്കുകളുമായി നിൽക്കുന്ന യുവതീയുവാക്കളുടെ വലിയ തിരക്ക്. ലഗേജുകളും യാത്രാരേഖകളും പരിശോധിച്ച് കപ്പലിൽ കയറിപ്പറ്റാൻ വരി നിൽക്കുകയാണ് ഏവരും. സുരക്ഷാപരിശോധനയോടൊപ്പം ഷെങ്കൻവിസയും പാസ്പോർട്ടും നോക്കി ഓരോരുത്തരെയായി പോർട്ടിനകത്തേക്ക് കയറ്റിവിട്ടു. ദാ മുന്നിൽ ഒരു മൂന്നു നില അദ്ഭുതം! അതിന്റെ വെള്ളി നിറം പൂശിയ ഗ്ലാസ്സുകളിൽത്തട്ടി പ്രതിഫലിക്കുന്ന സൂര്യപ്രകാശത്തിൽ ഞങ്ങളുടെ മുഖവും തിളങ്ങി. കപ്പലിന്റെ ലോബിയിലേക്കു കയറി മറ്റു യാത്രക്കാർക്കൊപ്പം മുന്നോട്ടു നടന്നു. ചുമപ്പും വെളുപ്പും നിറങ്ങൾ പെയിന്റടിച്ച ഉൾവശം. മേൽത്തട്ടുകളിൽ പെയിന്റിങ്ങുകളും വിലപിടിച്ച ലൈറ്റുകളും മറ്റും ക്രമീകരിച്ചിരിക്കുന്നു. ചുറ്റുപാടും കുറെ ആൾക്കാർ ഓടി നടക്കുന്നു. ചിലർ നോർഡിക് നാടോടിപ്പാട്ടു മൂളുന്നു. ആകെ ബഹളം.

Tallinn-trip1

‘‘കടലിൽ പലയിടത്തും പല നിയമങ്ങളായതിനാൽ കപ്പലിൽ മദ്യത്തിനു നികുതിയില്ല എന്നു കേട്ടിട്ടുണ്ട്. ഇവിടെ ഡ്യൂട്ടി ഫ്രീ ഷോപ്പ് ഉണ്ടോ എന്നു നോക്കണം.’’ ജോൺ ആവേശം കൊണ്ടു. എന്നാൽ ആദ്യം നമുക്കു പ്രധാന ഹാളിൽ ചെല്ലണം എന്നു ജോസ് ഓർമിപ്പിച്ചതനുസരിച്ച്, ഞങ്ങൾ അങ്ങോട്ടു നടന്നു.

Tallinn-trip2

ഹാൾ നിറഞ്ഞു തുടങ്ങിയിരുന്നെങ്കിലും സ്റ്റേജ് ഭംഗിയായി കാണാനാകുന്ന വിധം ഒരു സീറ്റ് ഞങ്ങൾക്കു കിട്ടി. വൈക്കിങ് ലൈൻ എന്ന ഈ ആഡംബരക്കപ്പലിലെ ആതിഥേയർ യാത്രയെപ്പറ്റി അത്യാവശ്യവിവരങ്ങൾ പങ്കുവയ്ക്കുകയായിരുന്നു ഈ മീറ്റിങ്ങിൽ. അര മണിക്കൂറോളം നീണ്ട ആ ചടങ്ങിൽനിന്നും മനസ്സിലാക്കിയ പ്രധാന കാര്യങ്ങൾ: ഡൈനിങ് ഹാളിൽ

എല്ലാവർക്കും ഇഷ്ടംപോലെ സൗജന്യഭക്ഷണം, ഒപ്പം ബിയറും വൈനും. 48 മണിക്കൂറും തുടർച്ചയായ പരിപാടികൾ–അക്രോബാറ്റിക് ഡാൻസ്, മാജിക് ഷോ, നാടകം തുടങ്ങിയവ. ഇതു കൂടാതെ ഏറ്റവും മുകളിലെ നിലയിൽ രണ്ടു മദ്യശാലകളും അവിടെ നിർത്താതെ പാട്ടും നൃത്തവും. ഒരു ഉദാഹരണത്തോടെയാണ് അവർ പ്രസംഗം അവസാനിപ്പിച്ചത്. ‘‘ഞങ്ങൾ കഴിഞ്ഞവർഷം ഈ യാത്ര സംഘടിപ്പിച്ചപ്പോൾ, അതായത് ഞങ്ങളുടെ പ ത്താമത്തെ യാത്രയിൽ, ഉണ്ടായ ഒരു സംഭവം നിങ്ങളുടെ ശ്രദ്ധയിൽപെടുത്താനാഗ്രഹിക്കുന്നു. അന്ന് യാത്രയ്ക്കിടയിൽ ഒരു ചെറുപ്പക്കാരൻ മരിച്ചു. കാരണം മറ്റൊന്നുമല്ല, അമിതമായ മദ്യപാനം. മദ്യപിച്ച് റൂമിൽ കിടന്ന അവൻ ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് ബോധരഹിതനായിപ്പോയി.’’ പെട്ടെന്ന് അവിടെയാകെ നിശ്ശബ്ദത പടർന്നു.

‘‘നിങ്ങൾ ചെറുപ്പക്കാർ ആഘോഷിക്കാനാണ് എത്തിയിരിക്കുന്നതെന്ന് ഞങ്ങൾക്കറിയാം. നിങ്ങൾ വിദ്യാർഥികളാണ്. സദാ ചുറുചുറുക്കോടെ, ആവേശത്തോടെ ഇരിക്കുക. പക്ഷേ, ആഘോഷങ്ങളിൽ ഉത്തരവാദിത്തം പുലർത്തുക. ധാരാളം വെള്ളം കുടിക്കുക. രണ്ടു പബ്ബുകൾക്കടുത്തും പ്രധാന ഹാളിലുമൊക്കെ ഞങ്ങളുടെ വോളന്റിയേഴ്സ് കുടിവെള്ളവുമായി കറങ്ങുന്നുണ്ടാകും. ഇടയ്ക്കൊക്കെ അവരുടെ പക്കൽനിന്നും ഒന്നോ രണ്ടോ ഗ്ലാസ് മേടിച്ചു കുടിക്കുക. അത്രമാത്രം.’’

‘‘നമ്മൾ അതോർത്തു പേടിക്കേണ്ട, കയ്യിൽ കാശില്ലല്ലോ! എന്തെങ്കിലുമൊരൽപം ലഹരി ചെല്ലണമെങ്കിൽ ബുഫെ ലഞ്ചിന്റെ സമയത്തേ സാധ്യതയുള്ളു.’’ ജോസ് ഓർമിപ്പിച്ചു. ഇന്ത്യൻ വിദ്യാർഥികളുടെ ഓരോരോ പ്രശ്നങ്ങളേ!


വിശന്നു പൊരിഞ്ഞവർ

താമസിയാതെ ആളുകൾ പിരിഞ്ഞു തുടങ്ങി, മിക്കവരും ഡൈനിങ് ഹാളിലേക്കാണ് പോയത്. ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള തരാതരം വിഭവങ്ങളുടെ നൂറുകണക്കിനു കൗണ്ടറുകൾ. ഞാൻ കോണ്ടിനെന്റൽ ഫിഷ് സലാഡിൽനിന്നാണ് തുടങ്ങിയത്, ചങ്ങാതിമാർ ഇതിനിടെ ആ ൾക്കൂട്ടത്തിൽ മറഞ്ഞിരുന്നു. എ ങ്കിലും ഇടയ്ക്ക് പറ്റാവുന്നത്ര ഭ ക്ഷണവുമെടുത്ത് മൂന്നു പേരും ഒത്തുകൂടി. ‘‘ഞാനൊരു സ്പെഷ ൽ നമുക്കായിട്ട് സംഘടിപ്പിച്ചിട്ടുണ്ട്. ആ കൗണ്ടർ 12 ലെ ജർമൻകാരിൽ ചിലർ പ്രധാന ബുഫെ ടേബിളിൽനിന്നും വൈനിന്റെ അഞ്ചുലീറ്റർ ബോട്ടിൽ കടത്തുന്നു. പിന്നെ ഞാനും മടിച്ചില്ല ഒന്നിങ്ങെടുത്തു, നമുക്കു മാത്രമായിട്ട്.’’ ഇതുംപറഞ്ഞ് ജോൺ മേശയ്ക്കടിയിൽ ഒളിപ്പിച്ചിരുന്ന ബോട്ടിലിൽ നിന്നും ഒരു ഗ്ലാസ് നിറച്ച് എനിക്കു നീട്ടി. ആൾക്കൂട്ടത്തിന്റെ ബഹളത്തിനിടയിൽ‌ ഞങ്ങളുടെ ചിയേഴ്സ് ആരും ശ്രദ്ധിച്ചില്ല. ചെറിയൊരു സമയം കൊണ്ട് ഞങ്ങളുടെ മേശപ്പുറത്ത് ഒഴിഞ്ഞ പ്ലേറ്റുകളുടെ കൂമ്പാരം ഉയർന്നതിനൊപ്പം ആ അഞ്ച്‌ ലീറ്റർ ബോട്ടിൽ കാലിയാകുകയും ചെയ്തു. വിശന്നു പൊരിഞ്ഞ മൂന്നു വിദ്യാർഥികളുടെ യഥാർഥ ആവേശം, അല്ലങ്കിൽ മൂന്നു മലയാളിക്കുടിയന്മാരുടെ തനിനിറം; നിങ്ങൾക്കിഷ്ടമുള്ളതു വിളിക്കാം.

കൂട്ടിനൊരു ജർമൻ

നാലാം നിലയിലായിരുന്നു ഞങ്ങളുടെ റൂമുകൾ. വൈകുന്നേരം കൂടുതൽ കാഴ്ചകളിലേക്ക് കടക്കുന്നതിനുമുൻപ് ഒന്നു വിശ്രമിക്കാമെന്നു തീരുമാനിച്ച് മുറിയിലേക്കു പോയി. ഇടത്തരം വലുപ്പമുള്ള മുറി, അറ്റാച്ച്ഡ് വാഷ് റൂം, രണ്ടു വശങ്ങളിലുമായി വലുപ്പമുള്ള രണ്ട് ക ട്ടിലുകളും. എന്റെ മുറിയിലെ സഹവാസിയായ ജർമൻകാരൻ നീൽസ് നേരത്തെ തന്നെ അവിടെ എത്തിയിരുന്നു. പ്രായം ഇരുപതുകഴിഞ്ഞിട്ടേയുണ്ടാകൂ.

സംസാരപ്രിയൻ. ആർക്കിടെക്റ്റ് ഡിഗ്രിക്കു പഠിക്കുകയാണ് സ്വീഡനിൽ. ഏഷ്യയിൽ ഇതിനകം മിക്കവാറും എല്ലാ രാജ്യങ്ങളിലും സഞ്ചരിച്ചെങ്കിലും ഇന്ത്യയിൽ‍ നീൽസ് എത്തിയിട്ടില്ല. അതിനാൽ ഒരു ഇന്ത്യക്കാരനുമായി സംസാരിക്കാൻ കാത്തിരിക്കുകയായിരുന്നു. പരസ്പരം പരിചയപ്പെട്ട ഉടനെ തന്റെ ബാക്ക്പാക്കിൽനിന്ന് ജാഗർമെയ്സ്റ്റർ എന്ന ജർമൻ മദ്യത്തിന്റെ ഒരു കുപ്പി എടുത്തുവച്ച് പുതിയ സൗഹൃദം ആഘോഷിക്കാൻ ക്ഷണിച്ചു. ഞങ്ങൾ ഇന്ത്യയെക്കുറിച്ചും അതിന്റെ വൈവിധ്യത്തെക്കുറിച്ചും മത–രാഷ്ട്രീയ–സാമൂഹിക വിശാലതകളെക്കുറിച്ചും കരിമീൻ പൊള്ളിച്ചതിനെപ്പറ്റിയും മനോഹരമായ സൂര്യാസ്തമയത്തെപ്പറ്റിയും കാലാവസ്ഥയെപ്പറ്റിയും ഒക്കെ ഇഞ്ചിയുടെ രുചിയുള്ള മദ്യം നുണഞ്ഞുകൊണ്ട് ചർച്ച ചെയ്തു.

തന്റെ അമ്മ തിരുവനന്തപുരത്ത് യോഗ പഠിക്കാൻ വന്നിരുന്നു എന്ന് ഓർത്ത നീൽസ് ഞാൻ ഇന്ത്യയിൽ തിരിച്ചെത്തിയശേഷം കേരളത്തിൽവച്ചു വീണ്ടും കണ്ടുമുട്ടണമെന്ന് ഉറപ്പിച്ചു പറഞ്ഞു. ഇതിനിടയിലെപ്പോഴോ റൂമിലേക്കു വന്ന ജോണും ജോസും അവരെക്കൂട്ടാതെ ഞാൻ മദ്യപിക്കുന്നതുകണ്ട് അദ്ഭുതപ്പെട്ടു എന്നുമാത്രമല്ല പരിഭവം കാണിക്കുകയും ചെയ്തു. ഭാഗ്യത്തിന് നീൽസ് അവരുമായും രണ്ടു പെഗ് പങ്കുവയ്ക്കാനുള്ള സന്മനസ്സ് കാട്ടി.


ക്രൂയിസ് കാഴ്ചകൾ

അൽപസമയംകൂടി സംസാരിച്ചിരുന്നശേഷം ഞങ്ങൾ മൂന്നാം നിലയിൽ ചെന്ന് ഒരു ഫ്രഞ്ചുസർകസ് കണ്ടു, പിന്നീട് ഒരു പബ്ബിലേക്കാണ് പോയത്. അവിടെ ’ക്രൂയിസിൽ ഉള്ളവർക്ക് പ്രവേശനം സൗജന്യം’ എന്നെഴുതി വച്ചിരുന്നു. നീൽസിന്റെ നേതൃത്വത്തിൽ ഞങ്ങൾ അങ്ങോട്ടേക്കു കടന്നു. അവിടെ ഒരു ഡി ജെ നടക്കുന്നു. സംഗീതത്തിനൊത്ത് നിറം മാറുന്ന ലൈറ്റുകൾ. ഒരു മൂലയിൽ ബാർ. ഡാൻസു ചെയ്യാൻ ആഗ്രഹിക്കാത്തവർക്ക് ഇരിക്കാൻ കസേരകൾ. ആദ്യത്തെ നിരയിൽ ഞങ്ങൾ നാലുപേരും സ്ഥാനംപിടിച്ചു. പക്ഷേ, പാട്ടും നൃത്തവും മുറുകിയതോടെ എനിക്കിരിപ്പുറച്ചില്ല. ഞാൻ ജോണിനെയും വിളിച്ച് ഡാൻസ് ഫ്ലോറിലേക്കു കയറി, ഞങ്ങളുടെ പിന്നാലെ മറ്റു രണ്ടുപേരും.

പിന്നീട്, രാത്രിയിലെപ്പോഴോ, മുറിയിൽ കിടക്കുകയാണെന്നു ഞാൻ തിരിച്ചറിഞ്ഞു, എഴുന്നേറ്റ് നോക്കിയപ്പോൾ സുഖമായുറങ്ങുന്ന നീൽസിനെ കണ്ടു. ടാലിൻ പ്രഭാതം അടുത്ത ദിവസം രാവിലെ ഫോണിലെ അലാറം കേട്ടാണ് ഉണർന്നത്. ക്രൂയിസ് ഇതിനകം ടാലിനിൽ എത്തിയിരുന്നു. ഞങ്ങൾക്കവിടെ കറങ്ങാൻ ഒരു ദിനം മുഴുവനുണ്ട്. ഞാൻ പുതച്ചുമൂടിക്കിടക്കുന്ന നീൽസിനെ വിളിച്ചു. ‘‘പ്രണോയ്, നിങ്ങളിറങ്ങിക്കോ ടാലിനിലേക്ക്. ഞാൻ പിന്നാലെ വരാം. ജാക്കറ്റെടുക്കാൻ മറക്കണ്ട, വെളിയിൽ‌ തണുപ്പുണ്ടാകും.’’ ക്ഷീണസ്വരത്തിൽ അവൻ പറഞ്ഞു.

ഞാൻ വസ്ത്രം മാറി ജോണിനെയും ജോസിനെയും വിളിക്കാനിറങ്ങി. അവരും ഉണർന്ന് തയാറായി ഇരിക്കുകയായിരുന്നു. ടാലിൻ നഗരത്തിന്റെ മാപ്പ് കപ്പലിലെ വൈഫൈ ഉപയോഗിച്ച് ഫോണിൽ ഓഫ് ലൈൻ മോഡിലേക്ക് സേവ് ചെയ്ത് ഞങ്ങൾ പുറത്തേക്കിറങ്ങി. പുറത്ത് താപനില 9 ഡിഗ്രി. തെളിഞ്ഞ ആകാശമെങ്കിലും തണുത്ത കാറ്റുണ്ട്. ഞങ്ങൾ മാപ്പെടുത്ത് നേരെ ഓൾഡ് ടൗണിലേക്കുള്ള വഴിയെ നടന്നു.


ടാലിൻ തെരുവുകളിലൂടെ

ടാലിൻ വളരെ മനോഹരമായ, നന്നായി സംരക്ഷിക്കപ്പെടുന്ന നഗരമാണ്. എസ്റ്റോണിയൻ സംസ്കാരത്തിൽ പഴയ സോവിയറ്റ് യൂണിയന്റെ ബന്ധങ്ങളുണ്ട്. കെട്ടിടനിർമാണശൈലിയും ജീവിതരീതിയുമൊക്കെ റഷ്യൻ സ്വാധീനത്തിന്റെ വ്യക്തമായ അടയാളങ്ങൾ കാട്ടുന്നു. റഷ്യൻ നമ്പർ പ്ലേറ്റുള്ള ആഡംബരവാഹനങ്ങൾ മുക്കിലും മൂലയിലും കാണാം. നഗരത്തിലൂടെ ഇഴഞ്ഞുനീങ്ങുന്ന ട്രാമുകൾ എല്ലായിടത്തുമുണ്ട്. തെരുവുകൾ വളരെ തിരക്കുപിടിച്ചതോ ആൾക്കൂട്ടത്താൽ തിങ്ങിനിറഞ്ഞതോ അല്ല. ഓൾഡ് ടൗണിൽ നന്നായി സംരക്ഷിച്ചിരിക്കുന്ന, പൂർണതയും ആധികാരികതയുമുള്ള ഹാൻസിയാറ്റിക് കെട്ടിട നിർമാണശൈലി കാ ണാം. എല്ലാ വീഥികളും രാജാവിന്റെ വാസസ്ഥാനമായിരുന്ന കോട്ടയിലേക്ക് നയിക്കുന്നു.

പഴയ റസ്റ്ററന്റുകളിൽ വിനോദസഞ്ചാരികൾക്കായി നിലവറകളിൽ ഇരുന്നു ഭക്ഷണം കഴിക്കാനുള്ള സംവിധാനങ്ങളുമുണ്ട്. ഞങ്ങൾ എല്ലാം കണ്ടും കേട്ടും തെരുവുകളിലൂടെ നടന്നു.

ഉച്ചഭക്ഷണം നിലവറയിൽ

എസ്റ്റോണിയൻ നാടോടിവേഷം ധരിച്ച മനുഷ്യർ സഞ്ചാരികളെ അടുത്തുള്ള ഷോപ്പുകളിലേക്കു കൂട്ടിക്കൊണ്ടു പോകുകയും അപ്പോഴുള്ള ഓഫറുകൾ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഉച്ചയൂണിനു സമയമായപ്പോൾ ഞങ്ങളൊരു ലക്ഷണമൊത്ത എസ്റ്റോണിയൻ റസ്റ്ററന്റിലേക്കു കയറി. അവിടത്തെ ചുമതലക്കാരൻ, നീണ്ട താടിയും തൊപ്പിയുമുള്ള ഒരു മാന്യൻ ഞങ്ങളെ അവരുടെ നിലവറയിലെ മദ്യശാലയിലേക്കു നയിച്ചു. അവരുടെ ഏറ്റവും നല്ല വൈനും ബിയറുമൊക്കെ സൂക്ഷിച്ചിരിക്കുന്ന ഒരു ചെറിയ മുറി.

വിനോദസഞ്ചാര സീസണി ൽ ടാലിൻ റസ്റ്ററന്റുകൾ ചെലവേറിയതാണ്. എന്നാൽ ചിരിച്ച മുഖത്തോടെ നന്നായി വിലപേശിയാ ൽ വില കുറയുമെന്നുറപ്പ്. ഞങ്ങളൊരു മുപ്പതുമിനിറ്റ് വിലപേശിയതിനു ശേഷമാണ് ഭക്ഷണത്തിനും വീഞ്ഞിനും ഓർഡർ നൽകിയത്. ഓർഡർ എടുത്തശേഷം ഞങ്ങളെ അവരുടെ മറ്റൊരു നിലവറയിലേക്ക് മാറ്റി ഇരുത്തി. ആദ്യം വീഞ്ഞു വിളമ്പി, പിന്നെ സ്പെഷൽ ടാലിൻ പിസയും ബ്ലഡ് സോസേജും. എസ്റ്റോണിയൻ രുചികൾ വലിയ കടുപ്പമുള്ളവയല്ല, പക്ഷേ, ഒരു പ്രത്യേക പുകസ്വാദ് ഉണ്ടായിരുന്നു. നിലവറയിലിരുന്നുള്ള ഉച്ചഭക്ഷണം ഞങ്ങൾ ശരിക്കാസ്വദിച്ചു എന്നു പറയേണ്ടതില്ലല്ലോ.

പ്രത്യേകതകളുടെ നഗരം

ഈ നഗരത്തിന് ഒട്ടേറെ പ്രത്യേകതകളുള്ളതായിട്ട് എനിക്കു തോന്നി. ഗംഭീരമായ അന്തരീക്ഷം, നല്ല നാട്ടുകാർ, മനോഹരമായ ആർട് ഗാലറികൾ, പ്രാദേശിക ഭക്ഷണം വിളമ്പുന്ന കടകൾ ധാരാളം. ‘എല്ലാവർക്കും എന്തെങ്കിലും’ അതാണ് ഞാനവിടെ കണ്ടത്.

മധ്യകാലത്തെ ഹൻസിയാറ്റിക് നിർമാണങ്ങളെല്ലാം അതേപടി സംരക്ഷിച്ചിരിക്കുന്നു. ചെറുതായി കീറിയെടുത്ത കല്ലുകൾ പാകിയ തെരുവുകളും മധ്യകാല പള്ളികളും കച്ചവടക്കാരുടെ ആഡംബരകെട്ടിടങ്ങളും ഗുദാമുകളും ധാന്യപ്പുരകളും ഒക്കെ അതേപടി നിലനിർത്തിയിരിക്കുന്നു. അവയിൽ ചിലത് 11–ാം നൂറ്റാണ്ടിൽ പണിതീർത്തവയാണ്. ഏഴുനൂറ്റാണ്ടുകൾക്കിപ്പുറവും ടാലിൻ നഗരത്തിന്റെ ഹൃദയമായി തുടരുന്ന ടൗൺ ഹാൾ ചത്വരമാണ് എനിക്കവയിൽ പ്രത്യേകം ഇഷ്ടമായത്.

ബെന്റ് നോർക്കയുടെ മരണത്തിന്റെ നൃത്തമെന്ന ചുമർചിത്രത്തിലൂടെ ശ്രദ്ധേയമാണ് സെന്റ് നിക്കോളസ് പള്ളി. ഓൾഡ് ടൗണിന്റെയും തീരപ്രദേശത്തിന്റെയും നല്ല കാഴ്ച നൽകുന്ന പട്കുലി, ഖോറ്റുറ്റ്സവ കാഴ്ചാസ്ഥാനങ്ങൾ സദാ തുറന്നിരിക്കുന്നു. കോട്ടയുടെ മുകളിൽ എത്തിച്ചേർന്നതോടെ ഞങ്ങളുടെ പര്യവേക്ഷണം അവസാനിച്ചു. അവിടെനിന്ന് മുഴുവൻ നഗരത്തിന്റെയും നല്ലൊരു കാഴ്ച ലഭിക്കുന്നു.

ദൈവമായി നീൽസ്

വിചാരിച്ചതിനെക്കാൾ പെട്ടെന്നു സായാഹ്നമെത്തി. അന്തരീക്ഷം തണുപ്പു നിറഞ്ഞതാകാൻ തുടങ്ങി. ആകാശത്ത് ഇരുണ്ട മേഘങ്ങള്‍ നിറഞ്ഞു. കപ്പലിലേക്ക് തിരികെ നടന്നു. പക്ഷേ, അപ്പോഴേക്കും മഴ തുടങ്ങി. യാത്രക്കാർ 8 മണിക്കുള്ളിൽ കപ്പൽ ലോബിയിൽ എത്തിയിരിക്കണമെന്ന് കർശനനിയമമുണ്ട്. കോരിച്ചൊരിയുന്ന മഴയത്ത് നടപ്പ് വേഗത്തിലാക്കാൻ ഞങ്ങൾ ശ്രമിച്ചു.

ഒരു മണിക്കൂർ നടന്ന് ഞങ്ങളൊരു കടത്തിണ്ണയിൽ കയറിനിന്നു. ജാക്കറ്റ് ധരിച്ചിരുന്നെങ്കിലും കഠിനമായ തണുപ്പ് ഞങ്ങളെ ആക്രമിച്ചുതുടങ്ങി. കപ്പൽ പുറപ്പെടാൻ ഒരു മണിക്കൂർകൂടിയേയുള്ളു. എന്തെങ്കിലുമൊരു അദ്ഭുതം സംഭവിക്കണേ എന്ന് ആരും പ്രാർഥിക്കുന്ന തരത്തിലുള്ള ഒരു സാഹചര്യം. അത് സംഭവിച്ചു എന്നു പറയാം.


‘‘ഹലോ ജന്റിൽമെൻ, ഒരു ലിഫ്റ്റ് വേണോ?’’ കടയ്ക്കടുത്തു വന്നു നിന്ന ഒരു കാർ ഹോണടിച്ച് ചോദിച്ചു. പക്ഷേ, കയ്യിൽ കാശില്ലാത്തതിനാൽ ഞങ്ങളത് ശ്രദ്ധിക്കാൻ പോയില്ല.

‘‘ഇനിയും താമസിച്ചാൽ നിങ്ങളുടെ കപ്പൽ വിട്ടുപോകുമെന്ന് അറിയാമോ കൂട്ടരേ?’’

കാറിന്റെ ഗ്ലാസ് താഴേക്ക് നീങ്ങിയപ്പോൾ ഉള്ളിലൊരു പരിചിതമുഖം തെളിഞ്ഞു. നീൽസ്! ഞങ്ങളുടെ മുഖം ദൈവത്തെ കണ്ടാലെന്നപോലെ തെളിഞ്ഞു. ഞങ്ങൾ പിൻസീറ്റിലേക്ക് കയറിയതും കാർ നഗരത്തിന്റെ ട്രാഫിക്കിലേക്ക് ഇറങ്ങി മുന്നോട്ട് നീങ്ങി..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA