കൃത്യമായ പ്ലാനിങ്; ചെലവു ചുരുക്കി യൂറോപ്പ് യാത്ര

HIGHLIGHTS
  • യാത്രയിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം
886983866
SHARE

യാത്രകൾ പലർക്കും വലിയ ഹരമായിരിക്കും. ആ ഹരത്തിൽ ഒരു യാത്ര പോകാമെന്നു വിചാരിച്ചാൽ പലരെയും പിന്നോട്ടു വലിക്കുന്നത് സാമ്പത്തികം തന്നെയാണ്. കുറഞ്ഞ ചെലവിൽ എങ്ങനെ യാത്രപോകാം എന്നതാണ് മിക്കവരുടെ സംശയം. അത്തരം യാത്രാപ്രേമികൾക്ക് ആശ്വാസമാകുന്ന സ്ഥലങ്ങളുണ്ട്. മിക്ക സഞ്ചാരികൾക്കും പ്രിയപ്പെട്ടയിടമാണ് യൂറോപ്പ്. കൃത്യമായ പ്ലാനിങ് ഉണ്ടെങ്കിൽ ചെലവു ചുരുക്കി യൂറോപ്പ് യാത്ര സാധ്യമാകും. അതിനെപ്പറ്റി അറിയാം.

യാത്രയിൽ ഏറ്റവും ശ്രദ്ധിക്കേണ്ട കാര്യം പ്ലാനിങ്ങാണ്. കൃത്യമായ പ്ലാനിങ്ങുണ്ടെങ്കിൽ ചെലവു ചുരുക്കാം. യാത്രയ്ക്ക് 1 മാസം മുൻപെങ്കിലും പ്ലാൻ ചെയ്യണം. ബേസിക് പ്ലാനിങ് കഴിഞ്ഞു മാത്രം വീസ എടുക്കുന്നതിനെപ്പറ്റി ആലോചിക്കാം. പിന്നെ, യാത്രാദിവസങ്ങളിലെ കാലാവസ്ഥ, ആ സമയത്ത് ആ സ്ഥലത്തെ രാഷ്ട്രീയ സ്ഥിതി, അവിടെ നടക്കുന്ന പ്രധാന പരിപാടികൾ തുടങ്ങിയവ അറിഞ്ഞു വയ്ക്കുന്നത് നല്ലതാണ്. 

അടുത്തത്, അവിടെ കാണാനുള്ളവയെപ്പറ്റി വ്യക്തമായി പഠിക്കുകയെന്നതാണ്. എല്ലാ സ്ഥലങ്ങളും ഏതു സമയത്തും സന്ദർശിക്കാൻ കഴിയണമെന്നി‌‌‌ല്ല. അതുകൊണ്ട് സന്ദർശനം അനുവദിച്ചിട്ടുള്ള സമയം, പ്രവേശന നിരക്കുകൾ, ഓൺലൈൻ വഴി പ്രവേശന ടിക്കറ്റ് എടുക്കുവാൻ കഴിയുമോ എന്നൊക്കെ അറിയണം. ഓൺലൈൻ വഴി ബുക്ക് ചെയ്താൽ അധികം പണം ചെലവാകില്ല. ചില സ്ഥലങ്ങളിൽ ഏതെങ്കിലും ടൂർ കമ്പനി വഴി പോകേണ്ടിവരും. അങ്ങനെ ടൂർ കമ്പനിയിൽ ബുക്ക് ചെയ്യുന്നതിന് മുമ്പ്, അവരെപ്പറ്റിയുള്ള അഭിപ്രായങ്ങൾ ഫെയ്സ്ബുക്കിലും ട്രിപ്പ് അഡ്വൈസറിലും നോക്കി അറിഞ്ഞുവയ്ക്കണം. ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ ഒരു ഗൈഡിന്റെ സഹായം സ്വീകരിക്കുന്നത് നന്നായിരിക്കും.

പിന്നെ അവിടുത്തെ ഗതാഗത സംവിധാനങ്ങളെപ്പറ്റി മനസ്സിലാക്കുകയെന്നതാണ്. ചില രാജ്യങ്ങളിൽ, പ്രത്യേകിച്ച് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ടാക്സി വിളിക്കുമ്പോൾ വളരെ സൂക്ഷിക്കണം. പറ്റിക്കപ്പെടാൻ സാധ്യതയേറെയാണ്.  മെട്രോ, പബ്ലിക് ബസ്സ് എന്നിവയെപ്പറ്റി വിശദമായ പഠനം നടത്തിയാൽ ഒരുപാടു പണം ലാഭിക്കാം. പോകേണ്ട വഴികൾ, താമസിക്കുന്ന സ്ഥലം എന്നിവയൊക്കെ ഗൂഗിൾ സ്ട്രീറ്റ് വ്യൂ നോക്കി മനസ്സിലാക്കുന്നതും നന്നായിരിക്കും.

585591860

ഇക്കാര്യങ്ങളൊക്കെ മനസ്സിലാക്കിയാല്‍ ഓരോ ദിവസത്തെയും സമയം അനുസരിച്ച് യാത്ര പ്ലാൻ ചെയ്യാം. മിക്ക യൂറോപ്യൻ രാജ്യങ്ങളിലേക്കും വീസയ്ക്ക് അപേക്ഷിക്കുമ്പോൾ വിശദമായ ട്രാവൽ പ്ലാനും ചോദിക്കാറുണ്ട്. താമസ സ്ഥലത്തുനിന്ന് ആദ്യത്തെ സ്ഥലത്ത് എത്താൻ വേണ്ട സമയം, അങ്ങോട്ടുള്ള വഴികൾ, ഗതാഗതസൗകര്യം, അവിടെ ചെലവഴിക്കേണ്ട സമയം, കാണേണ്ട പ്രധാന കാര്യങ്ങൾ, അവിടെനിന്ന് അടുത്ത സ്ഥലത്തേക്കു പോകാൻ വേണ്ട സമയം, പോകേണ്ട മാർഗം, ഭക്ഷണം കഴിക്കുവാനുള്ള സ്ഥലം-സമയം,  ഷോപ്പിങ്ങിനു പോകേണ്ട ലോക്കൽ മാർക്കറ്റുകൾ, അതിന്റെ സമയം തുടങ്ങിയ വിവരങ്ങൾ ചേർത്ത് കൃത്യമായ ഒരു സമയ ക്രമത്തോടെ ഒരു യാത്രാപദ്ധതി ഉണ്ടാക്കണം. ചില സ്ഥലങ്ങളിൽ എത്തിപ്പെടാനും കാണാനും നമ്മൾ പ്ലാൻ ചെയ്യുന്ന സമയം മതിയായെന്നു വരില്ല. കഴിയുന്നത്ര എൻട്രി ടിക്കറ്റുകളും മറ്റും ഓണ്‍ലൈനിൽ വാങ്ങിയാൽ ക്യു നിൽക്കുന്നത് ഒഴിവാക്കാം. 

യാത്രാ പ്ലാനിങ്ങിലെ ഒരു പ്രധാന വിഷയമാണ് താമസസൗകര്യം. ഇതു പ്രധാനമായും മൂന്നു തരമാണ്.

1. ഹോട്ടൽ 

2. ഹോസ്റ്റൽ 

3. ഹോം സ്റ്റേ

ഹോട്ടലുകളെപ്പറ്റി കൂടുതലൊന്നും പറയേണ്ടതില്ല. ഗൂഗിൾ വഴി ഹോട്ടൽ നിരക്ക് അറിയാം. 

ഹോസ്റ്റലുകളെപ്പറ്റി പറയാം. യൂറോപ്പിലേക്കു യാത്ര ചെയ്യുമ്പോൾ ചെലവു കുറയ്ക്കാൻ പറ്റിയ ഏറ്റവും എളുപ്പമുള്ള മാർഗമാണ് ഹോസ്റ്റൽ. ഒരു റൂമിൽ നാലോ അഞ്ചോ ബെഡ് ഉണ്ടാവും (എട്ടും പത്തും ബെഡ് ഉള്ള ഡോർമിറ്ററികളും ഉണ്ടാവും.), ഓരോ ബെഡിനും പ്രത്യേകം ലോക്കർ ഷെൽഫും ഇലക്‌ട്രിക്‌ സോക്കറ്റും ഉണ്ടായിരിക്കും. ബാത്ത്‌റൂം, അടുക്കള, എന്റർടെയ്ൻമെന്റ് റൂം എന്നിവ പൊതുവാണ്. കൂട്ടുകാരുമായോ ഒറ്റയ്ക്കോ യാത്ര ചെയ്യുമ്പോൾ ഹോസ്റ്റലായിരിക്കും നല്ലത്. ഹോട്ടലിന്റെ മൂന്നിലൊന്നു ചെലവേ വേണ്ടിവരൂ. മറ്റൊരു ഒരു പ്രധാന ഗുണം,  പല രാജ്യങ്ങളിൽനിന്നു വരുന്ന യാത്രികരെ പരിചയപ്പെടാം എന്നതാണ്. കൂടാതെ മിക്ക ഹോസ്റ്റലുകളിലും നൈറ്റ് ക്രൗൾ, പബ് ക്രൗൾ പോലെയൂള്ള ആക്ടിവിറ്റികൾ ഉണ്ടാവും. അതിലെല്ലാം പങ്കെടുത്ത് യാത്രയെ അതിന്റെ പൂർണതയിൽ എത്തിക്കാനാവും. യൂറോപ്പിലെ എല്ലാ സിറ്റികളിലും പല റേഞ്ചിൽ ഉള്ള ധാരാളം ഹോസ്റ്റലുകൾ ഉണ്ട്. ചുരുക്കത്തിൽ പറഞ്ഞാൽ, "വില തുച്ഛം, ഗുണം മെച്ചം"  അതാണ് ഹോസ്റ്റൽ സ്റ്റേ.

ചെലവു കുറച്ച് താമസിക്കാൻ മറ്റൊരു മികച്ച മാർഗമാണ് ഹോം സ്റ്റേ. Airbnb പോലെയുള്ള ഒരുപാട് ഇന്റർനാഷനൽ വെബ്‌സൈറ്റുകൾ വഴി ഹോം സ്റ്റേ സൗകര്യം  കണ്ടെത്താം. ഏതു താമസം ആണെങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ബുക്ക് ചെയ്യുന്നതിന് മുമ്പ് അവരെപ്പറ്റിയുള്ള റിവ്യു നോക്കണം. booking.com, trip adviser, Airbnb, Facebook തുടങ്ങിയിടത്ത് എല്ലാം അവരെപ്പറ്റിയുള്ള റിവ്യൂ  നോക്കിയാൽ ഏകദേശം കാര്യങ്ങൾ പിടികിട്ടും. കൂടാതെ താമസ സ്ഥലത്തിന്റെ ലൊക്കേഷൻ പ്രധാനമാണ്. പബ്ലിക് ട്രാൻസ്‌പോർട്ട് ധാരാളമുള്ള, സിറ്റിയി‌ൽത്തന്നെയുള്ള സ്ഥലമാണെങ്കിൽ കൂടുതൽ നന്നാകും.

യൂറോപ്പിലെ ഷെൻഗെൻ അംഗത്വമുള്ള രാജ്യങ്ങളിലേക്ക് ഷെൻഗെൻ വീസയിൽ യാത്ര ചെയ്യാം. വീസയ്ക്ക് അപേക്ഷിക്കുമ്പോൾ, ആദ്യം ഏതു രാജ്യത്താണോ നമ്മൾ ഇറങ്ങുന്നത്, ആ രാജ്യത്തിന്റെ എംബസ്സിയിൽ വേണം അപേക്ഷിക്കാൻ. ഒന്നിലധികം രാജ്യങ്ങൾ സന്ദർശിക്കുമ്പോൾ, ഏത് രാജ്യത്താണോ കൂടുതൽ നാൾ കറങ്ങാൻ ആഗ്രഹിക്കുന്നത് ആ രാജ്യത്തിന്റെ എംബസിയിൽ അപേക്ഷിക്കണം.

ഓണ്‍ലൈനിൽ നിന്നു കിട്ടുന്ന ആ രാജ്യത്തിന്റെ ഷെൻഗെൻ വീസ ഫോം പൂരിപ്പിച്ച്, ഫ്ളൈറ്റ് ടിക്കറ്റ്, ഹോട്ടൽ ബുക്കിങ്, 3 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് (അക്കൗണ്ടിൽ യാത്രച്ചെലവിന് ആനുപാതികമായ പണം കാണിക്കണം. കൂടാതെ ക്രെഡിറ്റ് കാർഡുകൾ ഉണ്ടെങ്കിൽ അതിന്റെ വിവരങ്ങളും കാണിക്കാം), ഇന്റർനാഷനൽ ട്രാവൽ ഇൻഷുറൻസ്, പുറത്തു ജോലി ചെയ്യുന്നവർ ജോലി ചെയ്യുന്ന കമ്പനിയിൽനിന്നുള്ള NOC, അധികം പഴക്കം ഇല്ലാത്ത ഫോട്ടോ എന്നിവ ചേർത്ത് 6 മാസത്തിലധികം വാലിഡിറ്റി ഉള്ള പാസ്പോർട്ടിനൊപ്പം സമർപ്പിക്കണം. പാസ്പോർട്ടിൽ മിനിമം 3 ബ്ലാങ്ക് പേജ് എങ്കിലും വേണം. 200-300 AED ആണ് വീസ ഫീ. 15 ദിവസത്തിനുള്ളിൽ വീസ ലഭിക്കും. VFS പോലെയുള്ള ഏജൻസികൾ വഴിയാണ് മിക്കപ്പോഴും ഇതു ചെയ്യുന്നത്. ഇനി ഷെൻഗെൻ രാജ്യങ്ങളിൽ പെടാത്ത സ്ഥലങ്ങളിലേക്കാണ് യാത്ര എങ്കിൽ, അതാതു രാജ്യങ്ങളുടെ എംബസ്സിയിൽ ഈ ഡോക്യുമെന്റുകൾ ‌സഹിതം അപേക്ഷിച്ചാൽ മതി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA