ADVERTISEMENT
514118892

മനസും മനസും മധുരം നുകരും അസുലഭ ശുഭ  നിമിഷം.. കണ്ണുകൾ വിടർത്തി നേപ്പാളിലെ ഹിമഗിരിനിരകളെ കണ്ടാൽ മനസുമൂളുന്നത് ഈ വരികൾ തന്നെയായിരിക്കും. യോദ്ധ എന്ന ചിത്രത്തിലെ 'കുനെ കുനെ ചെറുകുറു നിരകൾ'... എന്ന പ്രണയഗാനത്തിനിടയിലെ  വരികൾ ആ പ്രണയത്തെ  മാത്രമല്ല നേപ്പാൾ എന്ന നാടിന്റെ കാഴ്ചകളെയും അർത്ഥവത്തായ രീതിയിൽ പ്രതിഫലിപ്പിച്ചിട്ടുണ്ടെന്നു വേണമെങ്കിൽ പറയാം. അക്കോസേട്ടന്റെയും അരശുമൂട്ടിൽ അപ്പുക്കുട്ടന്റെയും ഉണ്ണിക്കുട്ടന്റെയും രസകരമായ ജീവിതത്തെ വെള്ളിത്തിരയിൽ ആവിഷ്‌ക്കരിച്ചപ്പോൾ. ആ സിനിമ കണ്ട പലരുടെയും മനസിനെ ഹഠാദാകര്‍ഷിച്ചിട്ടുണ്ടാകുക നേപ്പാളിന്റെ അഭൗമ സൗന്ദര്യമായിരിക്കും.

മഞ്ഞുമൂടിയ ഗിരിനിരകൾ സൂര്യചുംബനത്തിൽ ചുവന്നു തുടുത്തു നിൽക്കുന്ന കാഴ്ച തന്നെയാണ് നേപ്പാളിലെ പ്രഭാതങ്ങളെ  കൂടുതൽ മനോഹരമാക്കുന്നത്. മഞ്ഞുമലകൾ ചുറ്റിലും അതിരുകൾ വരച്ചിട്ടു കാക്കുന്ന ആ ഭൂമിയിൽ, സമതലങ്ങൾ സന്ധ്യാസൂര്യനെ ആവാഹിക്കുന്ന കാഴ്ചകൾ അതിമനോഹരമെന്നതിനപ്പുറത്തേക്കു വർണിക്കാൻ വാക്കുകളില്ല.

ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാൾ ആകർഷകമായ നിരവധി കാഴ്ചകൾ നിറഞ്ഞ ഭൂമിയാണ്. പാസ്പോർട്ടോ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖയോ കയ്യിലുണ്ടെങ്കിൽ, യാതൊരു തടസങ്ങളുമില്ലാതെ സന്ദർശിക്കാൻ കഴിയുന്ന രാജ്യമാണിത്. വിമാനമാർഗമല്ലാതെ, റോഡു മാർഗവും നേപ്പാളിലേക്ക് എത്തിച്ചേരാവുന്നതാണ്. സഞ്ചാരികളുടെ മനസ്സുകീഴടക്കുന്ന ഒരുപാട് കാഴ്ചകൾ നേപ്പാളിന്‌ സ്വന്തമായുണ്ട്. ബാഗ്മതി നദിക്കു സമീപത്തു സ്ഥിതി ചെയ്യുന്ന പശുപതിനാഥ ക്ഷേത്രം, ഹൈന്ദവ വിശ്വാസികൾ വളരെ പരിപാവനമായി കാണുന്ന ഒന്നാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടമുള്ള ഭക്തപൂർ ഡർബാർ സ്ക്വയർ, ഭക്തപൂർ രാജവംശത്തിലെ കല, ചരിത്രം, സംസ്കാരം എന്നിവയെക്കുറിച്ചെല്ലാം അറിയാൻ കഴിയും. സാഹസികരായ യാത്രികരെയും ഒട്ടും നിരാശപ്പെടുത്തില്ല നേപ്പാൾ. അന്നപൂർണ സർക്യൂട്ട്, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ട്രെക്കിങ്ങ് പാതകളിലൊന്നാണ്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളാണ് ട്രെക്കിങ്ങിന് അനുയോജ്യം. ഉറപ്പിച്ചു പറയാം... അവധിക്കാലം ചെലവഴിക്കാൻ ഏറ്റവും മികച്ചയിടങ്ങളിലൊന്നാണ് നേപ്പാൾ.

നേപ്പാളിലെ കാഴ്ചകൾ തേടിയിറങ്ങിയാൽ ഒരു ദിവസത്തിനു ഇരുപത്തിനാലു മണിക്കൂറിൽ കൂടുതൽ വേണമെന്ന ചിന്ത ജനിക്കും. അത്രയ്ക്കുണ്ട് കാണാനും കണ്ടുതീർക്കാനും കാഴ്ചകൾ. ആഴ്ചകൾ പിന്നിട്ടിട്ടും ഇനിയും ബാക്കിയായ മനോഹര ദൃശ്യങ്ങളുടെ വലിയ പട്ടികയിൽ നോക്കി നിരാശപ്പെട്ടു പോകുന്ന സഞ്ചാരികളെ കണ്ടുകൊണ്ടു നമുക്ക് യാത്രയാരംഭിക്കം.

ബൗദ്ധനാഥ് സ്തൂപം

515199831

1979 ൽ യുനെസ്കോയുടെ പൈതൃകപട്ടികയിൽ ഇടംപിടിച്ച ഈ സ്തൂപം നേപ്പാളിലെ തന്നെ ഏറ്റവും വലിയതാണ്. രാജ്യതലസ്ഥാനമായ കാഠ്‌മണ്ഡുവിലാണിത് സ്ഥിതി ചെയ്യുന്നത്. 120  അടിയാണ് ഈ അഷ്ടഭുജ സ്തൂപത്തിന്റെ ഉയരം. ഈ അഷ്ടഭുജങ്ങളെ ചുറ്റി 147 പ്രാർത്ഥനാചക്രങ്ങളും ബുദ്ധമതവുമായി ബന്ധപ്പെട്ട ഗുരുക്കന്മാരുടെ 108 ചിത്രങ്ങളും വിവിധ നിറത്തിലുള്ള പ്രാര്ഥനാധ്വജങ്ങളും കാണാൻ കഴിയും. 

സ്തൂപത്തിന്റെ പരിസരങ്ങളിലായി അൻപതോളം ബുദ്ധ ആശ്രമങ്ങളും നിലകൊള്ളുന്നുണ്ട്. വളരെ പ്രാചീനമെന്നു കരുതുന്ന ഇതിന്റെ നിർമാണവുമായി ബന്ധപ്പെട്ടു പല കഥകളും പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും തെളിവുകൾ ഒന്നും തന്നെ ലഭ്യമല്ലാത്തതിനാൽ ആര്, എപ്പോൾ നിർമിച്ചു എന്നതിനെക്കുറിച്ചു വ്യക്തമായ ധാരണകൾ ഒന്നുമില്ല. കാഠ്മണ്ഡുവിൽ നിന്നും 11 കിലോമീറ്റർ ദൂരമുണ്ട് വാസ്തുവിദ്യയിലെ തന്നെ അത്ഭുതമെന്നു വിശേഷിപ്പിക്കാൻ കഴിയുന്ന ഈ ബൗദ്ധനാഥ് സ്തൂപത്തിലേക്ക്. വൈകുന്നേരങ്ങളിൽ ഇവിടം സന്ദർശിക്കുന്നതാണ് ഉചിതം. അന്നേരങ്ങളിൽ തിരക്ക് പൊതുവെ കുറവായിരിക്കും.</p>

എവറസ്റ്റ് പർവത പ്രദേശം

172247278

ഭീമാകാരന്മാരായ എട്ട് പർവതങ്ങളുടെ ഗൃഹമാണ് നേപ്പാൾ. ഉയരത്തിൽ ലോകത്തിലെ തന്നെ ഒന്നാമനായ എവറസ്റ്റും  കാഞ്ചൻജംഗയും മകാലുവും തുടങ്ങി എട്ടോളം പർവതങ്ങൾ. ഈ പർവ്വതാഗ്രങ്ങളിലേക്കു ട്രെക്കിങ് നടത്തുകയെന്നത് ഏറെ ഹരം പകരുന്ന കാര്യമാണ്. നേപ്പാളിൽ നിന്നുമുള്ള ഹിമാലയ കാഴ്ചകൾ ഓരോ സഞ്ചാരിയുടെയും  മനസുകവരുക തന്നെ ചെയ്യും. എവറസ്റ്റിന്റെ ബേസ് ക്യാമ്പും അവിടുത്തെ കാഴ്ചകളുമൊക്കെ ഏറെ ആകർഷകമാണ്. നേപ്പാളിന്റെ സൗന്ദര്യം ആ മഞ്ഞുമൂടിയ ഗിരിനിരകൾ തന്നെയാണെന്ന് നിസംശയം പറയാവുന്നതാണ്. 

പശുപതിനാഥ ക്ഷേത്രം

നേപ്പാളിലെ അതിപുരാതനമായ ക്ഷേത്രങ്ങളിൽ ഒന്നാണ് പശുപതിനാഥ ക്ഷേത്രം. പഗോഡ ശൈലിയിലാണ് ഇതിന്റെ നിർമാണ രീതി. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഈ ക്ഷേത്രത്തിനും സ്ഥാനമുണ്ട്. ഭാഗ്മതി നദിയുടെ തീരത്താണ് ഈ ഹൈന്ദവ ക്ഷേത്രം നിലകൊള്ളുന്നത്. ഭാഗ്മതിയിലെ ആരതി കാണാൻ ഇവിടെയെത്തുന്ന സഞ്ചാരികൾ നിരവധിയാണ്. മരണമടഞ്ഞവരുടെ ശവദാഹം  ഇവിടെ നടത്തിയാൽ മോക്ഷം ലഭിക്കുമെന്നൊരു വിശ്വാസത്തിലൂന്നി ആയിരക്കണക്കിന് ശവദാഹങ്ങളാണ് ഇവിടെ ഓരോ വർഷങ്ങളിലും നടക്കുന്നത്. കാഠ്‌മണ്ഡുവിൽ നിന്നും അഞ്ചു കിലോമീറ്റർ മാത്രമാണ് ക്ഷേത്രത്തിലേക്കുള്ള ദൂരം.

പൊഖാറ

പൊഖാറയുടെ സൗന്ദര്യം ഫെവ തടാകമാണ്. സമുദ്രനിരപ്പിൽ നിന്നും 740 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ തടാകത്തിന്റെ നീളം 4.5 മീറ്ററാണ്. ഫെവ ഒരു ശുദ്ധജല തടാകമാണ്. വിവിധ നിറങ്ങൾ വാരിയണിഞ്ഞ പെഡൽ ബോട്ടുകൾ സഞ്ചാരികളെ കാത്തു നദിക്കരയിൽ വിശ്രമിക്കുന്ന കാഴ്ചയും തിളങ്ങുന്ന അന്നപൂർണാ പർവ്വതവും ഒരു മനോഹര ചിത്രത്തിന്റെ പ്രതീതിയുണർത്തും. 

അന്നപൂർണയിലേക്കുള്ള  ട്രെക്കിങ്ന്റെ ബേസ് ക്യാമ്പും  പൊഖാറയാണ്. ഒക്ടോബര് മുതൽ മാർച്ച് വരെയുള്ള കാലം ട്രെക്കിങിന് ഏറെ അനുയോജ്യമാണ്. ആ സമയത്തു അവിടം സന്ദർശിക്കുന്നതാണ് ഏറ്റവും ഉചിതം.

ദർബാർ സ്‌ക്വയർ

സഞ്ചാരികളുടെ ഹൃദയമായി കണക്കാക്കപ്പെടുന്നയിടമാണ്‌ ദർബാർ സ്‌ക്വയർ. രാജകൊട്ടാരത്തിന്റെ എതിർവശത്തായാണ് ഇത്  സ്ഥിതി ചെയ്യുന്നത്. ഈ ചത്വരത്തിനുള്ളിൽ  ക്ഷേത്രങ്ങളും  മ്യൂസിയവും പോലുള്ള നിരവധി നിര്മിതികളുണ്ട്. രാജകൊട്ടാരത്തിലെ എല്ലാ പ്രമുഖ പരിപാടികളും നടക്കുന്നത് ഈ ദർബാർ സ്ക്വയറിൽ വെച്ചാണ്. 2015 ലെ ഭൂമികുലുക്കത്തിൽ ചില കേടുപാടുകൾ സംഭവിച്ച ഇവിടെയിപ്പോൾ പുനർനിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. സന്ദർശിക്കുന്നതിന് പ്രവേശന ഫീസുണ്ട്. സാർക് രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 100 രൂപ മാത്രമാണ് ചെലവ്.

‌ക്ഷേത്രങ്ങളും രാജകൊട്ടാരങ്ങളും മ്യൂസിയങ്ങളും ബുദ്ധാശ്രമങ്ങളും പൂന്തോട്ടങ്ങളും കൊണ്ട് സമ്പന്നമാണ് നേപ്പാൾ. ഏതൊരു സഞ്ചാരിയ്ക്കും ഒരിക്കലും നഷ്ടവും നിരാശയും സമ്മാനിക്കാത്ത കാഴ്ചകൾ നല്കാൻ ഈ ഹിമാലയ താഴ്വരയ്ക്ക് കഴിയുമെന്നതു ഉറപ്പാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com