ADVERTISEMENT

ബാൾക്കൻ ഡയറി 

അദ്ധ്യായം 6 

സെയിന്റ് സാവ കത്തീഡ്രൽ 

ഡാന്യൂബ് നദിയിലൂടെയുള്ള ബോട്ട് യാത്ര കഴിഞ്ഞപ്പോൾ കാണാതെ ബാക്കി വെച്ച രണ്ടു കാഴ്ചകളിലേക്ക്  നടക്കാമെന്നു കരുതി.സാവ കത്തീഡ്രൽ ,നിക്കോള ടെസ്ല  മ്യൂസിയം എന്നിവയാണ് ആ കാഴ്ചകൾ. അവിടുത്തെ സന്ദർശന സമയം അറിയില്ല.ഒന്ന് പരീക്ഷിക്കാമെന്നു കരുതി ടൂറിസം ഡിപ്പാർട്ട്മെന്റ് സ്ഥാപിച്ചിരിക്കുന്ന ദിശാ സൂചികൾ നോക്കി നടന്നു.

സെയിന്റ് സാവ കത്തീഡ്രൽ 

ഏറെ ദൂരെയല്ലാതെ,ഒരു ചെറിയ കുന്നിന്റെ മേലെ സാവ കത്തീഡ്രൽ കണ്ടു. രൂപ ഗാംഭീര്യം  കൊണ്ട് ആരും നോക്കി നിന്നു പോകുന്ന പള്ളിയാണിത്. പള്ളി തുറന്നിരിപ്പുണ്ട് എന്ന് മാത്രമല്ല,നിരവധി സന്ദർശകരെ കാണാനുമുണ്ട്. ആദ്യദർശനത്തിൽ തന്നെ,പള്ളി കാണാതെ പോയിരുന്നെങ്കിൽ വലിയ നഷ്ടമായിപ്പോയേനെ എന്ന് ഞാനോർത്തു.

സെയിന്റ് സാവ കത്തീഡ്രൽ 

കാഴ്ചയിൽ റഷ്യയിലെ ഏതൊരു ഓർത്തഡോൿസ് പള്ളിയുടെയും രൂപം തന്നെയാണ് സാവ പള്ളിക്കും.ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളികളിൽ ഒന്നാണിത്.ബാൾക്കൻ രാജ്യങ്ങളിലെ ഏറ്റവും വലുതും.

ഞാൻ പള്ളിയുടെ ഉള്ളിലേക്ക് നടന്നു. കയറി ചെല്ലുന്നിടത്ത് മെഴുകുതിരി കത്തിക്കാനുള്ള നീണ്ട സ്റ്റാന്റുകളുണ്ട് .കൂടാതെ ഏതാനും വിശുദ്ധരുടെ പ്രതിമകളും.

സെയിന്റ് സാവ കത്തീഡ്രൽ 

പള്ളിയുടെ പ്രധാന ഹാളും അൾത്താരയുമൊക്കെ ഭൂമിയ്ക്കടിയിലാണ്. നിരവധി പടികൾ ഇറങ്ങണം,അവിടെ എത്താൻ.

സെയിന്റ് സാവ കത്തീഡ്രൽ 

ഞാൻ പടികളിറങ്ങി.  തുറന്നിട്ട വാതിലിലൂടെ പ്രകാശ സാഗരം എന്റെ മുഖത്ത് വന്നലച്ചു.ഞാൻ ഉള്ളിലെത്തി .അതൊരു കാഴ്ച തന്നെയായിരുന്നു.പള്ളിയുടെയല്ല,, ഒരു സെവൻ സ്റ്റാർ ഹോട്ടലിന്റെ ഉൾഭാഗമാന് ഓർമ വന്നത്. പ്രകാശത്തിൽ കുളിച്ച് നിൽക്കുന്ന അതിമനോഹരമായി ഡിസൈൻ ചെയ്ത ഇന്റീരിയർ.

മാർബിൾ പതിച്ച നിലത്ത് പ്രകാശം പ്രതിഫലിച്ച് വെട്ടിത്തിളങ്ങുന്നു.അതിമനോഹരങ്ങളായ ഷാന്റ്ലിയറുകൾ തൂങ്ങിക്കിടക്കുന്ന മേൽത്തട്ടിൽ നിറയെ പെയിന്റിങ്ങുകൾ.അസംഖ്യം തൂണുകളുള്ള ഹാളിൽ,മധ്യഭാഗത്തായി അൾത്താര.

നിക്കോള ടെസ് ല മ്യൂസിയം

81 മീറ്റർ ഉയരമുള്ള താഴികക്കുടമാണ് അൾത്താരയുടെ മേലെ കാണുന്നത്. ഈ താഴികക്കുടം താഴെ വെച്ച് നിര്മിച്ചിട്ട് പ്രത്യേക ഹൈഡ്രോളിക് ലിഫ്റ്റിലൂടെ ഉയർത്തി മേലെ എത്തിച്ച് മേൽക്കൂരയോട് ചേർക്കുകയായിരുന്നു. 4000 ടൺ ആണ് മേൽക്കൂരയുടെ ഭാരം.40 ദിവസമെടുത്തു,ഇത് ഉയർത്തി മുകളിൽ കയറ്റാൻ!

പള്ളിയുടെ നിർമാണം തന്നെ ഒരു കഥയാണ്. അക്കഥ ഇങ്ങനെ: ഒന്നാം നൂറ്റാണ്ടിൽ സെർബിയയിൽ ജീവിച്ചിരുന്ന പുരോഹിത ശ്രേഷ്ഠനായിരുന്നു സാവ .സെർബിയൻ ഓർത്തഡോൿസ് സഭയുടെ സ്ഥാപകനായിരുന്നു അദ്ദേഹം.സെർബിയയുടെ സാമൂഹ്യ -ആത്മീയ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തിയ സാവ മരിച്ചത് 1236 ലാണ്.

ബെൽഗ്രേഡ് നഗരം

പതിനഞ്ചാം നൂറ്റാണ്ടിൽ സെർബിയയും  ഓട്ടോമാൻമാരുമായി യുദ്ധമുണ്ടായി.സെർബിയക്കാർ സാവയുടെ ചിത്രങ്ങൾ ഉയർത്തിപ്പിടിച്ചാണ് യുദ്ധത്തെ നേരിട്ടത്.അങ്ങനെ സാവ ഓട്ടോമാൻമാരുടെ കണ്ണിലെ കരടായി.യുദ്ധത്തിൽ ആദ്യ വിജയംഓട്ടോമാൻമാർക്കായിരുന്നു. സെർബിയയിലെ നിരവധി നഗരങ്ങൾ,അല്പകാലത്തേക്കാണെങ്കിലും അവരുടെ അധീനതയിലായി.

ബെൽഗ്രേഡ് നഗരം

ബെൽഗ്രേഡ് നഗരം പിടിച്ചടക്കിയപ്പോൾ ഓട്ടോമൻ സാമ്രാജ്യത്തിന്റെ മത മേലധ്യക്ഷനായിരുന്ന സിനാൻ പാഷ ആദ്യം ഉത്തരവിറക്കിയത് സാവയുടെ ശവം കുഴിച്ചെടുക്കാനാണ്.

ബെൽഗ്രേഡ് നഗരം

മിലേസേവ മൊണാസ്ട്രിയിൽ നിന്ന് കുഴിച്ചെടുത്ത  സാവയുടെ ജീർണ ശരീരം ഒരു കുന്നിൻ പുറത്തെത്തിച്ച് ഓട്ടോമാൻ പടയാളികൾ കത്തിച്ച് രസിച്ചു.എന്നിട്ട് ചാരം അവിടെയെല്ലാം വിതറി.ആ കുന്നിൻ മുകളിലാണ് ഇപ്പോൾ ഈ കാണുന്ന സെയിന്റ് സാവ പള്ളി .പണിതിരിക്കുന്നത്.1905 ലാണ് പള്ളിയുടെ പണി ആരംഭിച്ചത്.

പല കാലങ്ങളിലായി  ബാൾക്കൻ യുദ്ധങ്ങൾ,ഒന്നാം ലോക മഹായുദ്ധം ,നാറ്റോ ബോംബിങ് എന്നിവയൊക്കെ പള്ളിയുടെ നിർമാണം തടസപ്പെടുത്തി.ചുരുക്കി പറഞ്ഞാൽ,118 വര്ഷമെടുത്ത്,2018 ലാണ് പള്ളി ഈ കാണുന്ന രൂപത്തിലെത്തിയത്!

80,000 ചതുരശ്ര അടി വിസ്‌തീർണമുള്ള പള്ളി ഒരു സംഭവം തന്നെയാണെന്ന് പറയാതെ വയ്യ.

പള്ളിയിൽ നിന്ന് നടന്നെത്തിയത് ടെസ്‌ല മ്യൂസിയത്തിലാണ് .നിക്കോളാസ് ടെസ് ല എന്ന വിശ്രുതനായ ശാസ്ത്രജ്ഞന്റെ സ്മാരകമാണ് ഈ മ്യൂസിയം എന്നു പറയാം..ആൾട്ടർനേറ്റീവ് കറന്റ് ഇലക്ട്രിസിറ്റി അപ്ലൈ സിസ്റ്റം രംഗത്ത് നൽകിയ സംഭാവനകളുടെ പേരിലാണ്  ടെസ്‌ ല അറിയപ്പെടുന്നത്.

 ജനറേറ്ററുകൾ,ഇലക്ട്രിക്കൽ ഡിസ്ചാർജ് ട്യൂബുകൾ,എക്സ് റേ ഇമേജിങ് എന്നീ രംഗങ്ങളിലും ടെസ്‌ ലയുടെ സംഭാവനകളുണ്ട്.വയർലെസ്സ് കമ്മ്യൂണിക്കേഷൻ രംഗത്ത്  നൂറു വര്ഷം മുൻപ് തന്നെ അദ്ദേഹം പരീക്ഷണങ്ങൾ നടത്തി വിജയിച്ചിരുന്നു.നഗരമധ്യത്തിൽ തന്നെയുള്ള പ്രൗഢ ഗംഭീരമായ വീടാണ് മ്യൂസിയമാക്കി മാറ്റിയിരിക്കുന്നത്. ബെൽഗ്രേഡിൽ ജനിച്ച്,  യൗവന കാലത് അദ്ദേഹം അമേരിക്കയിലേക്ക് കുടിയേറി.1943 ൽ അമേരിക്കയിൽ തന്നെ മരിക്കുകയും ചെയ്തു. 

ജീവിച്ചിരുന്ന കാലത്ത് കിട്ടാത്ത ബഹുമതികളെല്ലാം ടെസ് ല മരണാനന്തരം സ്വന്താക്കി.മാഗ്നെറ്റിക് ഫ്ലക്സ് ഡെൻസിറ്റി അളക്കുന്ന യൂണിറ്റിന്  ടെസ് ല എന്ന് പേര് നൽകിയും ശാസ്ത്ര ലോകം അദ്ദേഹത്തെ ആദരിച്ചു.

ടെസ് ലയുടെ ജീവിതം,കണ്ടുപിടുത്തങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട രണ്ടുലക്ഷത്തോളം പ്രദർശന വസ്തുക്കൾ മ്യൂസിയത്തിലുണ്ട്.1500 ഫോട്ടോകളുമുണ്ട്.ഇലക്ട്രിക്കൽ -മെക്കാനിക്കൽ എൻജിനിയറിങ് തല്പരർക്ക് ഈ മ്യൂസിയം ഒരു അക്ഷയ നിധിയാണ്.

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com