ADVERTISEMENT

സൗദി അറേബ്യയിലെ പ്രവാസ ജീവിതത്തിന്റെ മടുപ്പിൽ നിന്ന് ഒരു മോചനം. ചുട്ടുപൊള്ളുന്ന മണൽക്കാടുകൾക്കപ്പുറം കടൽ താരാട്ടു പാടുന്ന ഒരു ദ്വീപിലേക്കു പോയാലോ? വശ്യമായ പ്രകൃതിഭംഗികൊണ്ടും മനോഹരമായ കടൽത്തീരങ്ങൾ കൊണ്ടും ആരെയും വശീകരിക്കുന്ന ഫർസാൻ ദ്വീപ് ഒരു പ്രലോഭനമായി മനസ്സിൽ തെളിഞ്ഞു. ജിദ്ദയിൽ നിന്ന് രണ്ടു മണിക്കൂർയാത്ര! തണുത്ത കാറ്റും നീലിമയാർന്ന കടൽവെള്ളവും യാത്രികരുടെ മനസ്സ് നിറയ്ക്കുന്ന പ്രകൃതിഭംഗിയും... എല്ലാം കൊണ്ടും സുന്ദരമായ ദ്വീപ്.

Farasan-Island-6

ഇങ്ങോട്ടുള്ള യാത്രക്കു പ്രത്യേക പെർമിറ്റോ അനുവാദമോ വേണ്ട. സ്വന്തം വീടു പോലെ കയറി ചെല്ലാം. കപ്പൽ യാത്ര തികച്ചും സൗജന്യം. ജിസാനിൽ നിന്ന് 40 കിലോമീറ്റർ ദൂരമുണ്ട് ഫർസാൻ ദ്വീപിലേക്ക്.

ഫർസാൻ ദ്വീപുകൾ

Farasan-Island--2

സൗദി അറേബ്യയുടെ ജിസാൻ പ്രവിശ്യയിലാണ് ഫർസാൻ ദ്വീപുകൾ. പവിഴപ്പുറ്റുകൾ കൊണ്ട് നിർമിതമായ 84 ദ്വീപുകളടങ്ങുന്നതാണ് ഫർസാൻ ദ്വീപ് സമൂഹം. ഇവയിൽ ഏറ്റവും വലുത് ഫർസാൻ ദ്വീപാണ്. സാജിദ്, സുഫാഫ്, ദംസ്കു ദ്വീപുകളാണ് മറ്റു പ്രധാന ദ്വീപുകൾ. ചരിത്രത്തിൽ പ്രാചീന ആഫ്രിക്കൻ രാജവംശങ്ങളും അറേബ്യൻ രാജാക്കൻമാരും തമ്മിലുള്ള കടൽ കച്ചവടങ്ങൾക്കു വഴിയായത് ഫർസാൻ കടലിടുക്കായിരുന്നു. സാബിസൻ അറബികൾ ബിസി ഒന്നാം നൂറ്റാണ്ടിൽ ഇവിടെ താമസമുറപ്പിച്ചതിന്റെ തെളിവുകൾ ലഭിച്ചിട്ടുണ്ട്.

രണ്ടാം നൂറ്റാണ്ടിൽ ഇന്ത്യയുമായി കച്ചവടബന്ധമുണ്ടായിരുന്ന റോമൻ സാമ്രാജ്യാധിപൻമാർ ഫർസാന്റെ പ്രാധാന്യം മനസ്സിലാക്കി അവിടെ സൈനി കതാവളമാക്കിയിരുന്നു. ഇവിടെനിന്ന് ലഭിച്ച ലാറ്റിൻ രേഖകൾ ഇതിനു സാക്ഷ്യം പറയുന്നു. ഫർസാൻ ദ്വീപുകളുടെ സൈനിക പ്രാധാന്യം മനസ്സിലാക്കിയ ജർമനി രണ്ടാം ലോകമഹായുദ്ധ കാലത്ത് ചുവപ്പു കടലിനെ നിയന്ത്രണത്തിലാക്കാൻ ദ്വീപുകളിലൊന്നിൽ ഒരു കോട്ട നിർമിച്ചു. ഇപ്പോൾ സൈനിക അധിവേശങ്ങൾക്കു പകരം സന്ദർശകരുടെ ഒഴുക്കാണ് ഫർസാൻ ദ്വീപുകളിലേക്ക്. സൗദി അറേബ്യയുടെ വൈവിധ്യമാർന്ന കടൽ–വന്യജീവി ടൂറിസം ഫർസാനെ സഞ്ചാരികളുടെ പ്രിയഭൂമിയാക്കി മാറ്റുന്നു.

കപ്പൽ യാത്ര

ജോലിസ്ഥലമായ ജിദ്ദയിൽ നിന്നു റിട്ടേൺ ടിക്കറ്റ് എടുത്ത് ജിസാനിലേയ്ക്ക് ഫ്ലൈറ്റിന് പോയി. അനന്ത വിസ്തൃതമായ ചുവപ്പു കടലിൽ തിരമാലകളുടെ തഴുകലേറ്റു ശാന്തമായുറങ്ങുകയാണ് ഫർസാൻ ദ്വീപ്!

Farasan-Island-1

ഭീമൻ ജലയാനം നീന്താൻ തുടങ്ങി... മനസ്സ് അതിനും എത്രയോ മുൻപ് കടൽ മുറിച്ചു കടന്നിരുന്നു. കരയിലും, വായുവിലും എത്രയോ യാത്രകൾ പോയിട്ടുണ്ടെങ്കിലും കപ്പൽ യാത്ര ആദ്യമായതു കൊണ്ട് കണ്ണിലും മനസ്സിലും നിറയെ കൗതുകമായിരുന്നു. വിശാലമായ കപ്പലിന്റെ ഉൾവശം മുഴുവൻ ചുറ്റി നടന്നു. യാത്രക്കാർ അധികവും ജോലിക്കാരാണ്. ചികിത്സയ്ക്കും കച്ചവടാവശ്യാങ്ങൾക്കും മെയിൻ ലാൻഡിലേക്ക് വന്ന ദ്വീപുകാരാണ്. പിന്നെ ദ്വീപ് കാണാൻ പോകുന്ന സഞ്ചാരികളും. കപ്പലിനുള്ളിൽ ഭക്ഷണം കഴിക്കാൻ വിശാലമായ ഹോട്ടൽ ഒന്നുമില്ല. ഇവിടത്തെ ഭാഷയിൽ പറഞ്ഞാൽ ബൂഫിയ ഉണ്ട്.

കപ്പലിന്റെ മുകൾതട്ടിലേക്ക് കയറി. സന്തോഷത്തിനു പകരം മനസ്സിൽ ആദ്യമെത്തിയത് ഭീതിയാണ്. ചുറ്റും നീലിച്ചു കറുത്തകടൽ..! ദൂരെ മത്സ്യബന്ധന ബോട്ടുകൾ തിരമാലകളിൽ ആടിയുലയുന്നു. മത്സ്യബന്ധനത്തൊഴിലാളികളെ സമ്മതിക്കണം!

ഇടയ്ക്കിടെ ചരക്കു കപ്പലുകൾ അധികം ദൂരെയല്ലാതെ പൊയ്ക്കൊണ്ടിരുന്നു. വിശാലമായ

Farasan-Island-3

കടൽ ഒരു കറുത്ത മരുഭൂമി പോലെ ഭീതിയുണർത്തി. ഉള്ളിലെവിടെയോ ഒരു പ്രാർഥന ചുരമാന്തി. പക്ഷേ, കടലിന്റെ ഈ രൗദ്രഭാവത്തിലും സൗന്ദര്യം കാണുന്നവനു മാത്രമേ ഈ കടൽ ആസ്വദിക്കാനാവൂ. അതേ, ഈ കടലിനെ ഞാൻസ്നേഹിച്ചു തുടങ്ങിയിരിക്കുന്നു.

യാത്രക്കാർ ചിലർ ഉറങ്ങാൻ തുടങ്ങി. ഞാനും ഒന്ന് മയങ്ങി കടലലകൾക്കു മുകളിൽ ഒരു ചെറുമയക്കം.

അൽപനേരം കഴിഞ്ഞ് ചില യാത്രികർ ഡെക്കിലൂടെ തിരക്കിട്ടോടുന്നത് കണ്ടു. എന്തെന്നറിയാൻ പിന്നാലെ ഞങ്ങളും. എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാൻ പറ്റുന്നില്ല ആകാശനീല പോലെ മനോഹരമായ കടൽ ജലം! ദൂരെ കടലിനു നടുവിൽ എന്തോ കണ്ടു തുടങ്ങുന്നു!! ഫർസാൻ ദീപ് കൺമുന്നിൽ തെളിയുന്നു. കപ്പൽ നങ്കൂരമിടുകയാണ്. പഞ്ചസാരമണലിലേക്ക് ഇറങ്ങുകയായി.

ദ്വീപ് കാഴ്ചകളിലേക്ക്...

കപ്പൽ ഇറങ്ങി ടാക്സി വിളിച്ചു നേരെ ഹോട്ടലിലേക്ക്. ബീച്ച് സന്ദർശനമാണ് ആദ്യം. ഹോട്ടലിൽ നിന്ന് നാലു കിലോമീറ്റർ പിന്നിട്ട് എത്തിയത് ജീവിതത്തിൽ കണ്ടതിൽ ഏറ്റവും സുന്ദരമായ ബീച്ച്. ഒരുനിമിഷം ആ കടൽ തീരത്തെ ഇമവെട്ടാത്ത കണ്ണുകളോടെ നോക്കി ഇരുന്നു. കടലിന്റെ പ്രഭാതം, സന്ധ്യ, രാത്രി കാഴ്ചയുടെ അനുഭവങ്ങൾ ചിത്രങ്ങളായി ക്യാമറയിലും മനസ്സിലും നിറഞ്ഞു. ഏതു വേദനയുടെ നെറുകയിലും ഈ കാഴ്ച ആശ്വാസത്തിന്റെ കടല്‍ക്കാറ്റാണ്. ഫർസാനിലെ പോയ കാലത്തിന്റെ ശേഷിപ്പുകളായ വീടുകൾ അതേപടി നിലനിർത്തിയത് സന്ദർശകരെ ആകർഷിക്കുന്ന കാഴ്ചയാണ്.

കടൽതീരത്തെ പാറക്കെട്ടുകളും പവിഴപ്പുറ്റുകളും കടലിന്റെ അടിത്തട്ടു തെളിഞ്ഞ് കാണാവുന്നത്ര നീല ജലവും ആരുടെയും മനംമയക്കും...

പ്രകൃതി സ്നേഹികളുടെ മനസ്സ് നിറയ്ക്കുന്ന കാഴ്ചകൾ നൽകുന്ന ബീച്ചുകളാണ് ഇവിടത്തെ മറ്റൊരു ആകർഷണം. 1996 ൽ സൗദി സർക്കാർ ഫർസാൻ ദ്വീപുകൾ സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചു. കടൽ പക്ഷികളുടെ പ്രിയപ്പെട്ട ആവാസ വ്യവസ്ഥയാണിവിടം. പ്രജനന കാലത്ത് കടൽ പക്ഷികൾ ഇവിടെ ചേക്കേറുന്നു. താലിപ്പരുന്ത്, കറുത്ത കടലാള, പെലിക്കൻ, കടൽ കാക്ക, രാജഹംസം തുടങ്ങി ഒട്ടേറെ പക്ഷികളെ ഇവിടെ കാണാം. ദ്വീപുകൾക്കു ചുറ്റുമുള്ള കടൽ ജലം ഫർസാനിലെ ജൈവവൈവിധ്യം സമ്പുഷ്ടമാക്കുന്നു.

പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com