ADVERTISEMENT

 ബാൾക്കൻ ഡയറി

അദ്ധ്യായം 14

ഈ കെട്ടിടത്തിനു താഴെ  വെച്ചാണ് പ്രിൻട്സിപ്പ്, ആർച്ച് ഡ്യുക്കിനെയും പത്നിയെയും വെടിവെച്ചു കൊന്നത്

യുദ്ധങ്ങളുടെ നാടാണ് ബോസ്‌നിയ. രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ലോകം കണ്ട ഏറ്റവും വലിയ യുദ്ധം നടന്നത് ഇവിടെയാണ് -'92 മുതൽ '96 വരെ. രണ്ടാം ലോകമഹായുദ്ധത്തിലും ബോസ്‌നിയയുടെ പങ്കാളിത്തം സജീവമായിരുന്നു. 

അങ്ങനെ എല്ലാ കാലത്തും യുദ്ധഭീതിയിലാണ് ബോസ്‌നിയൻ ജനത കഴിഞ്ഞിരുന്നത്. '92 ലെ യൂദ്ധത്തിനിടയാക്കിയത് ജാതി-മത-വംശീയ കാരണങ്ങളാണെങ്കിൽ, അവയെല്ലാം ഇപ്പോഴും നില നിൽക്കുന്നുണ്ട് എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടാണ് എന്റെ ഗൈഡായ അർമാൻ, 'പത്ത് വർഷത്തിനുള്ളിൽ മറ്റൊരു യുദ്ധം ഞാൻ പ്രതീക്ഷിക്കുന്നുണ്ട്' എന്ന് പറഞ്ഞത്.

മ്യുസിയം കെട്ടിടം തൊട്ടടുത്തുള്ള പാലത്തിൽ നിന്ന് നോക്കുമ്പോൾ 

ഇങ്ങനെ യുദ്ധക്കഥകൾ പലതും ബോസ്‌നിയയ്ക്ക് പറയാനുണ്ടെങ്കിലും, ഇതുവരെ പറയാത്ത ഒരു യുദ്ധക്കഥ കൂടി ബോസ്‌നിയയുടെ 'ക്രെഡിറ്റി'ലുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിന് കാരണമായത് ബോസ്‌നിയൻ മണ്ണിൽ നടന്ന ഒരു സംഭവമാണ് എന്നതാണ് ആ കൗതുകകരമായ കാര്യം. ബോസ്‌നിയയുടെ തലസ്ഥാനമായ സരയേവോയിൽ, ആ സംഭവത്തിന് സാക്ഷിയായ സ്ഥലത്തേക്കാണ് ഇന്ന് എന്റെ യാത്ര.

പതിവുപോലെ, പഴയ നഗരം പിന്നിട്ട്, ബോസ്‌നെ നദിക്കരയിലേക്കാണ് ഇന്നും എന്റെ നടപ്പ്. ആ നദിയും നദിയുടെ കുറുകെയുള്ള ശില്പചാതുരിയാർന്ന നിരവധി പാലങ്ങളും എന്നെ അത്രകണ്ട് വശീകരിച്ചിട്ടുണ്ട്.  നദീതീരത്തുള്ള ചുവന്ന പെയിന്റടിച്ച ഒരു കെട്ടിടമാണ് ഇന്നത്തെ എന്റെ ലക്ഷ്യം. 'മ്യൂസിയം' എന്ന് ആ കെട്ടിടത്തിന്റെ ചുവരിൽ എഴുതി വെച്ചിട്ടുണ്ട്.

മ്യുസിയം കെട്ടിടവും പാലവും 

1914 മുതൽ 1918 വരെ നീണ്ടുനിൽക്കുകയും 1.6 കോടി ജനങ്ങൾക്ക് ജീവഹാനി വരുത്തുകയും ചെയ്ത, ലോകം കണ്ട ആദ്യത്തെ ഏറ്റവും വലിയ യുദ്ധം ആരംഭിച്ചത് ആ ചുവന്ന പെയിന്റടിച്ച കെട്ടിടത്തിനു മുന്നിൽ നടന്ന ഒരു ഇരട്ടക്കൊലപാതകത്തോടെയാണ്. ഞാൻ ഇടവഴികൾ താണ്ടി നടപ്പു തുടർന്നു. ദൂരെ ബോസ്‌നെ നദിയുടെ തീരത്തെ മതിൽക്കെട്ട് ദൃശ്യമായി. അതിന് എതിർവശം കുറേപ്പേർ ഒരു കെട്ടിടത്തിനു താഴെ നിൽക്കുന്നുണ്ട്. അതാണ് മേൽപ്പറഞ്ഞ ചുവന്ന പെയിന്റടിച്ച കെട്ടിടം. ആ കെട്ടിടത്തിനു ചുവട്ടിൽ വെച്ചാണ് 19 തികയാത്ത ഗാവ്‌റിലോ പ്രിൻട്‌സിപ്പ് എന്ന പയ്യൻ ആസ്ട്രോ- ഹംഗേറിയൻ ആർച്ച്ഡ്യൂക്ക് ഫ്രാൻസ് ഫെർഡിനാന്റിനെയും പത്‌നി സോഫി ചോർട്ടെക്കിനെയും വെടിവെച്ചു വീഴ്ത്തിയത്. ഒന്നാം ലോകമഹായുദ്ധത്തിന് ആസ്പദമായ സംഭവം അതായിരുന്നു. 

ആ കഥ ഇങ്ങനെ വിശദമാക്കാം

ആർച്ച് ഡ്യൂക്കിനെ വെടിവെച്ച് കൊന്ന സ്ഥലത്തെ ഫലകം  

19-ാം നൂറ്റാണ്ടിൽ ഓസ്ട്രിയയുടെയും ഹംഗറിയുടെയും ഭരണത്തിൻ കീഴിലായിരുന്നു, ബോസ്‌നിയ. സ്വാതന്ത്ര്യമോഹികളായ ജനങ്ങൾ ഈ വിദേശാധിപത്യത്തിൽ രോഷാകുലരുമായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇന്ത്യയിലെന്ന പോലെ വിദേശാധിപത്യത്തിനെതിരായി ബോസ്‌നിയയിൽ നിരവധി സംഘടനകൾ രൂപം കൊണ്ടു. അവർ രഹസ്യമായും പരസ്യമായും ആസ്‌ട്രോ-ഹംഗേറിയൻ ഭരണാധികാരികൾക്കെതിരെ പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചുകൊണ്ടിരുന്നു. പല പ്രക്ഷോഭങ്ങളും ഭരണാധികാരികൾ ക്രൂരമായി അടിച്ചമർത്തുകയും പലപ്പോഴും അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു. ഇക്കാലത്താണ് ബോസ്‌നിയയിലെ ഒരു ഉൾനാടൻ ഗ്രാമത്തിൽ കർഷക ദമ്പതികളുടെ പുത്രനായി ഗാവ്‌റിലോ പ്രിൻട്‌സിപ്പ് ജനിക്കുന്നത്. വളരെ ചെറുപ്പത്തിൽത്തന്നെ സ്വന്തം രാജ്യത്തിന്റെ അടിമത്തത്തിനെതിരായ വികാരം പ്രിൻട്‌സിപ്പിൽ പ്രകടമായിരുന്നു. 17-ാം വയസ്സിൽ പഠനം ഉപേക്ഷിച്ച് ആ യുവാവ് 'ബ്ലാക്ക് ഹാൻഡ്' എന്ന തീവ്രവാദ സംഘടനയിൽ ചേർന്ന്, തന്റെ രാജ്യത്തെ വിദേശാധിപത്യത്തിൽ നിന്നു രക്ഷിക്കാനുള്ള ശ്രമം തുടങ്ങി.

balcondiary-6
പ്രിൻട്സിപ്പും അദ്ദേഹം വിചാരണ വേളയിൽ കോടതിയോട് പറഞ്ഞ വാചകവും 

1913ൽ പ്രിൻട്‌സിപ്പ് സരയേവോയിലെത്തുമ്പോൾ അവിടെ അടിയന്തരാവസ്ഥയായിരുന്നു. സാംസ്‌കാരിക സംഘടനകൾക്കു പോലും വിലക്ക് ഏർപ്പെടുത്തിയ കാലം. ഈ നടപടി പ്രിൻട്‌സിപ്പിനെ കൂടുതൽ ക്രുദ്ധനാക്കി. അവസാന യുദ്ധത്തിന് സമയമായി എന്ന് പ്രിൻട്‌സിപ്പും കൂട്ടാളികളും തീരുമാനിച്ചു. ഇതിനിടെ ആസ്‌ട്രോ-ഹംഗോറിയൻ ആർച്ച് ഡ്യൂക്ക് ഫ്രാൻസ് ഫെർഡിനാന്റ് പത്‌നീസമേതം സരയേവോ സന്ദർശിക്കാൻ തീരുമാനിച്ചു. ബോസ്‌നിയയിലെ പട്ടാളക്കാരുടെ പരിശീലനം വിലയിരുത്തുകയായിരുന്നു, ആർച്ച് ഡ്യൂക്കിന്റെ ലക്ഷ്യം. ഇത് നല്ലൊരവസരമായി പ്രിൻട്‌സിപ്പും കൂട്ടരും കരുതി. ആർച്ച് ഡ്യൂക്കിനെ വകവരുത്തിയാൽ, തുടർന്നുണ്ടാകുന്ന പ്രക്ഷോഭത്തിന്റെ സമ്മർദത്തിൽ പെട്ട് വിദേശ ശക്തികൾ ബോസ്‌നിയ വിട്ട് രക്ഷപ്പെട്ടു കൊള്ളും എന്ന് അവർ കണക്കുകൂട്ടി.

ആർച്ച് ഡ്യൂക്കിന്റെ മരണം സംഭവിച്ച  സ്ഥലത്ത് അദ്ദേഹത്തിന്റെ സ്മാരകം സ്ഥാപിച്ച സ്ഥലം .സ്മാരകം പിന്നീട് എടുത്തു മാറ്റിയതായി ഈ കാണുന്ന ബോർഡ് പറയുന്നു.

1914 ജൂൺ 28. ആർച്ച്ഡ്യൂക്കും പത്‌നി സോഫി ചോർട്ടെക്കും സിറ്റി ഹാളിൽ നിന്ന് പട്ടാള പരിശീലനം നടക്കുന്നിടത്തേക്ക് തുറന്ന കാറിൽ നീങ്ങാൻ തീരുമാനിച്ചു. മുന്നിലെ കാറിൽ സരയേവോയിലെ മേയർ ഫെഹിം കർഷിക്, സിറ്റി പോലീസ് കമ്മീഷണർ ഡോ. എഡ്മണ്ട് ഗെർഡ് എന്നിവർ കയറി. തൊട്ടുപിന്നിലെ കാറിൽ ആർച്ച്ഡ്യൂക്കും പത്‌നിയും കൂടാതെ രണ്ട് പട്ടാളമേധാവികളും കയറി. കാർ ഓടിച്ചിരുന്നത് ലെപ്പേഡ്‌ ലോഷ്‌ക്കക്ക് എന്ന യുവാവായിരുന്നു.

ഈ സിറ്റി ഹാളിൽ നിന്ന് സഞ്ചരിക്കവെയാണ് ആർച്ച് ഡ്യൂക്കിന് വെടിയേറ്റത് 

സിറ്റിഹാൾ മുതൽ ഇക്കാണുന്ന ചുവന്ന കെട്ടിടം വരെയുള്ള അര കിലോമീറ്റർ ദൈർഘ്യത്തിൽ റോഡരികിൽ പലയിടങ്ങളിലായി പ്രിൻട്‌സിപ്പും മറ്റ് അഞ്ചുപേരും ആൾക്കൂട്ടത്തിനിടയിൽ കാഴ്ചക്കാരെപ്പോലെ നിന്നു. ഗ്രനേഡുകൾ, തോക്കുകൾ പിടികൂടിയാൽ വിഴുങ്ങി ആത്മഹത്യ ചെയ്യാനുള്ള സയനൈഡ് ഗുളികൾ എന്നിവ അവർ കൈയിൽ കരുതിയിരുന്നു.

ഈ സിറ്റി ഹാളിൽ നിന്ന് സഞ്ചരിക്കവെയാണ് ആർച്ച് ഡ്യൂക്കിന് വെടിയേറ്റത് 

സിറ്റി ഹാളിനു സമീപം നിന്നിരുന്ന മുഹമ്മദ് ബാഷിക്കിന് പോയിന്റ് ബ്ലാങ്കിൽ ആർച്ച് ഡ്യൂക്കിനെ വെടിവെക്കാൻ അവസരം ലഭിച്ചതാണ്. പക്ഷേ, തൊട്ടടുത്ത് ഒരു പോലീസുകാരൻ നിന്നിരുന്നതു കൊണ്ട് മുഹമ്മദിന് തോക്ക് പുറത്തെടുക്കാൻ പേടി തോന്നി. അടുത്ത ഊഴം നെദെലിഷ്‌ക്കോ എന്ന 19 കാരന്റേതായിരുന്നു. അവൻ തോക്കെടുത്തില്ല, പകരം ആർച്ച് ഡ്യൂക്കിന്റെ കാറിനു നേരെ ഗ്രനേഡ് എറിഞ്ഞു. പക്ഷേ ഗ്രനേഡ് ചെന്നു വീണ് പൊട്ടിയത് തൊട്ടു പിന്നിലെ കാറിന്റെ താഴെ വീണാണ്. ആ കാറിലുണ്ടായിരുന്നവർക്ക് പരിക്കേറ്റു. പിടിക്കപ്പെടുമെന്ന് മനസ്സിലായ നെദെലിഷ്‌കോ സയനൈഡ് വിഴുങ്ങിക്കൊണ്ട് തൊട്ടടുത്ത ബോസ്‌നെ നദിയിലേക്ക് ചാടി. സയനൈഡ് ഗുളിക കാലപ്പഴക്കം ചെന്നതായിരുന്നതുകൊണ്ട് നെദെലിഷ്‌കോ മരിച്ചില്ല. നദിയിൽ 10 സെ.മീ മാത്രം ഉയരത്തിലെ വെള്ളമുണ്ടായിരുന്നുള്ളു എന്നതിനാൽ നീന്തി രക്ഷപ്പെടാനും കഴിഞ്ഞില്ല. നെദെലിഷ്‌ക്കോയെ പട്ടാളക്കാർ പിടികൂടി. ഈ സംഭവത്തോടെ ആർച്ച് ഡ്യൂക്കിന്റെ വാഹനം അതീവ സുരക്ഷയോടെ,  വേഗതയിൽ ഓടിച്ചുപോയി. 

ആർച്ച് ഡ്യൂക്കിന്റെ മരണം സംഭവിച്ച  സ്ഥലത്ത് അദ്ദേഹത്തിന്റെ സ്മാരകം സ്ഥാപിച്ച സ്ഥലം .സ്മാരകം പിന്നീട് എടുത്തു മാറ്റിയതായി ഈ കാണുന്ന ബോർഡ് പറയുന്നു.

ആക്രമണത്തിനൊരുങ്ങി നിന്ന പ്രിൻട്‌സിപ്പും കൂട്ടാളികളും നിരാശരായി.  പക്ഷേ, ഭാഗ്യം പ്രിൻട്സിപ്പിന്റെ ഭാഗത്തായിരുന്നു. വിശ്രമകേന്ദ്രത്തിലേക്കു മടങ്ങിയ ആർച്ച്ഡ്യൂക്കും പത്‌നിയും ഗ്രനേഡ് ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെ സന്ദർശിക്കാനായി വീണ്ടും യാത്ര തുടങ്ങി. ഗ്രനേഡ് ആക്രമണം നടന്ന ഭാഗത്തു കൂടിയല്ലാതെ, നഗരത്തിന്റെ മറ്റൊരു ഭാഗത്തു കൂടി ആർച്ച് ഡ്യൂക്കിനെയും പത്‌നിയെയും ആശുപത്രിയിലെത്തിക്കാനാണ് അംഗരക്ഷകർ ശ്രമിച്ചത്. പക്ഷേ,ആർച്ച്ഡ്യൂക്കിന്റെ ഡ്രൈവർ ലെപ്പേഡ് ലോഷ്കക്കിന് വഴി തെറ്റി വീണ്ടും സിറ്റി ഹാളിന്റെ വഴിയിൽ പ്രവേശിച്ചു.

അവസരം നഷ്ടമായി നിരാശനായി പഴയ സ്ഥലത്തു തന്നെ നിന്നിരുന്ന പ്രിൻട്‌സിപ്പ് നോക്കുമ്പോൾ അതാ, ആർച്ച് ഡ്യൂക്കിന്റെ കാർ വീണ്ടും കടന്നു വരുന്നു. പ്രിൻട്‌സിപ്പ് തോക്ക് പുറത്തെടുത്ത് തയ്യാറായി നിന്നു. 

മ്യുസിയത്തിന്റെ ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്ന പ്രിൻട്സിപ്പിന്റെ വിചാരണക്കാലത്തെ ചിത്രങ്ങൾ

ഇതിനിടെ വഴി തെറ്റിയതായി ഡ്രൈവർ ലെപ്പേഡ്  മനസ്സിലാക്കി. അയാൾ പ്രിൻട്‌സിപ്പ് നിന്നിരുന്ന ഭാഗത്തു വെച്ച് കാർ നിർത്തി തിരിച്ചെടുക്കാൻ ശ്രമിച്ചപ്പോൾ എഞ്ചിൻ ഓഫായി. പ്രിൻട്സിപ്പിനു മുന്നിൽ ഇരകൾ എഞ്ചിൻ ഓഫായ കാറിനുള്ളിൽ തൊട്ടടുത്ത്..... പ്രിൻട്സിപ്പ് പോയിന്റ് ബ്ലാങ്കിൽ നിറയൊഴിച്ചു. ആർച്ച്ഡ്യൂക്കും പത്‌നിയും തൽക്ഷണം പിടഞ്ഞുവീണു മരിച്ചു. ആർത്തലച്ചു വരുന്ന പട്ടാളക്കാരിൽ നിന്ന് രക്ഷപ്പെടാനായി പ്രിൻട്‌സിപ്പ് സയനൈഡ് ഗുളിക വിഴുങ്ങി. പക്ഷേ ആ ഗുളികയും പഴക്കം ചെന്നായിരുന്നു പ്രിൻട്‌സിപ്പിനെ പിടികൂടി ജയിലിലടച്ചു.

മ്യുസിയത്തിന്റെ ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്ന പ്രിൻട്സിപ്പിന്റെ വിചാരണക്കാലത്തെ ചിത്രങ്ങൾ

19 വയസ്സ് തികയാത്തവരെ തൂക്കിക്കൊല്ലാൻ നിയമം അനുവദിക്കാത്തതുകൊണ്ട് പ്രിൻട്‌സിപ്പിന് കോടതി വിധിച്ചത് 20 വർഷം തടവുശിക്ഷയാണ്. പക്ഷേ 3 വർഷം കഴിഞ്ഞപ്പോൾ ജയിലിൽ വെച്ച് ക്ഷയരോഗം പിടിപെട്ട് പ്രിൻട്‌സിപ്പ് മരിച്ചു. അപ്പോഴേക്കും ബോസ്‌നിയയിൽ വീരനായക പരിവേഷമായി പ്രിൻട്‌സിപ്പിന്. അതുകൊണ്ടു തന്നെ വീരാരാധന ഒഴിവാക്കാനായി ആരുമറിയാത്ത ഒരിടത്താണ് പ്രിൻട്‌സിപ്പിന്റെ മൃതദേഹം പട്ടാളക്കാർ സംസ്‌കരിച്ചത്. എന്നാൽ വർഷങ്ങൾക്കു ശേഷം ബോസ്‌നിയ സ്വതന്ത്രമായപ്പോൾ ബോസ്‌നിയൻ ജനത ആ മൃതദേഹാവശിഷ്ടങ്ങൾ കുഴിച്ചെടുത്ത് സരയേവോ നഗരമദ്ധ്യത്തിലെ പള്ളിയിൽ 'മാന്യമായി' സംസ്‌കരിച്ചു.

മ്യുസിയത്തിന്റെ ഭിത്തിയിൽ സ്ഥാപിച്ചിരിക്കുന്ന പ്രിൻട്സിപ്പിന്റെ വിചാരണക്കാലത്തെ ചിത്രങ്ങൾ

ആർച്ച്ഡ്യൂക്കിന്റെയും പത്‌നിയുടെയും കൊലപാതകത്തോടെ രൂപം കൊണ്ട പ്രക്ഷോഭങ്ങളാണ്  തുടർന്ന് ഒന്നാം ലോകമഹായുദ്ധമായി മാറിയത്. 

മ്യൂസിയത്തിന്റെ ബോർഡ് 

ഞാനിപ്പോൾ നിൽക്കുന്ന ഈ ചുവന്ന കെട്ടിടത്തിന്റെ മുന്നിലെ റോഡിൽ വെച്ചാണല്ലോ ലോകമഹായുദ്ധത്തിന്റെ തുടക്കമെന്ന് ആലോചിച്ചപ്പോൾ ദേഹമാസകലം പൊരുത്തുകയറി!

ഇപ്പോൾ ഈ ചുവന്ന കെട്ടിടം  മ്യൂസിയമാണ്. കൊലപാതകം നടന്ന ദിവസത്തെ സംഭവങ്ങളും പ്രിൻട്‌സിപ്പിന്റെ വിചാരണയുമെല്ലാം ഏതോ ഫോട്ടോഗ്രാഫർ പകർത്തിയത്. കെട്ടിടത്തിന്റെ ചുവരിൽ കണ്ണാടിക്കുള്ളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കെട്ടിടത്തിനു താഴെ ഇങ്ങനെയൊരു ഫലകവും കാണാം-'ഇവിടെ വെച്ചാണ്, 1914 ജൂൺ 28ന് ഗാവ്‌റിലോ പ്രിൻട്സിപ്പ് , ആസ്‌ട്രോ- ഹംഗേറിയൻ ആർച്ച്ഡ്യൂക്ക് ഫ്രാൻസ് ഫെർഡിനാന്റിനെയും പത്‌നി സോഫിയയെയും കൊലപ്പെടുത്തിയത്....

(തുടരും)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com