sections
MORE

കണ്ണും കാതും തുറന്ന് ഏബ്രഹാം ലിങ്കൺ

1016152368
SHARE

വാഷിങ്ടൺ ഡയറി 1

വാഷിങ്ടൺ ഡിസി അമേരിക്കൻ ഐക്യ നാടുകളുടെ തലസ്ഥാനമാണ്. വിസ്തീർണത്തിൽ ചെറുതെങ്കിലും ചരിത്രത്തിന്റെ അക്ഷയഖനിയും കാഴ്ചകളുടെ വസന്തവും നിറയുന്ന ഭൂമിക. എവിടെ കണ്ണോടിച്ചാലും നമ്മെ വിസ്മയിപ്പിക്കുന്നത് ചരിത്രസ്മാരകങ്ങളുടെ ഓർമപ്പെടുത്തലുകളാണ്. പ്രശാന്തമായ അമേരിക്കൻ സമ്മറിൽ വാഷിങ്ടണിലെ പ്രധാന രാജ്യാന്തര വിമാനത്താവളമായ ഡാലസിൽ, ഖത്തർ എയർവേസിൽ ചെന്നിറങ്ങുമ്പോൾ സമയം പകൽ  3.30. കൊച്ചിയിൽനിന്ന് 20 മണിക്കൂറോളം നീണ്ട യാത്രയുടെ സമാപ്തി.  ഹോട്ടലിലെത്തി കുറേനേരം അന്തംവിട്ടുറങ്ങാൻ ശരീരവും മനസ്സും കൊതിച്ചു.  എസ്കലേറ്ററിങ്ങി എമിഗ്രേഷൻ കൗണ്ടറിലേക്കെത്തിയ ഞാൻ ഉള്ളിൽ കരഞ്ഞുപോയി.

Washington-diary

എന്റെ മുമ്പിൽ കാണുന്ന, വളഞ്ഞുപുളഞ്ഞു കിടക്കുന്ന  ക്യൂവിന്റെ അങ്ങേത്തലയ്ക്കലെത്തണമെങ്കിൽ ഒരു രാത്രി മുഴുവൻ വേണ്ടിവരുമെന്ന് ഞാൻ ഭയന്നു . ഇടയ്ക്കിടെ മാത്രം ഇഞ്ചിഞ്ചായി നീങ്ങുന്ന ആളുകളുടെ നീണ്ട നിരയിൽ എന്റെ ഊഴത്തിനായി ഞാൻ കാത്തുനിന്നത് മൂന്നര മണിക്കൂറാണ്. ഏഴുമണിയോടടുത്ത് പുറത്തിറങ്ങുമ്പോൾ പുറത്ത് നല്ല പ്രകാശം. വേനൽക്കാലത്തിന്റെ പ്രത്യേകതയാണിത്. രാത്രി 8 മണിക്കുശേഷമാണ് ഇരുട്ടുവീണു തുടങ്ങിയതുതന്നെ. വാഷിങ്ടണിന് ലോക വൻശക്തിയുടെ തലസ്ഥാനം എന്ന പെരുമയേറെയുണ്ടെങ്കിലും അതിന്റ ആഢംബരം ഒട്ടുമില്ലാത്ത മനോഹരമായ നഗരമാണ്. എവിടെയും പച്ചപ്പും ശാന്തതയും നമ്മുടെ കൺമുമ്പിൽ. ഉള്ളിൽ ഇരമ്പുന്നത് എന്തായാലും.

നാലുവർഷം മുമ്പ് കടന്നുപോയ ‌വഴികളിലൂടെ വീണ്ടും ഒരു യാത്ര.

2015ൽ ഇവിടെയെത്തുമ്പോൾ പ്രധാന ആകർഷണങ്ങളിലൊന്നായ ക്യാപിറ്റോൾ ബിൽഡിങ് പുറത്തുനിന്നു കാണാനേ കഴിഞ്ഞുള്ളു. അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരിക്കുകയായിരുന്നു. ഇത്തവണ ഉള്ളിൽ കയറാൻപറ്റി. സെനറ്റും ജനപ്രതിനിധിസഭയും ഉൾപ്പെടുന്ന അമേരിക്കൻ കോൺഗ്രസ് അഥവാ പാർലമെന്റ് പ്രവർത്തിക്കുന്ന ഇടമാണ് ക്യാപിറ്റോൾ ഹില്ലിലെ ക്യാപിറ്റോൾ ബിൽഡിങ്. കൂറ്റൻ താഴികക്കുടം കുടചൂടുന്ന വൻനിർമിതി.  വിമാത്താവളങ്ങളെയും വെല്ലുന്ന സുരക്ഷാപരിശോധന കടന്നുവേണം ഉള്ളിൽ പ്രവേശിക്കാൻ. 

Washington-diary1

വേനലവധിക്കാലമായതിനാൽ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുളളവർ ധാരാളമുണ്ട്. സുരക്ഷാ കടമ്പകൾ കടന്നെത്തുന്നത്  ചെറിയൊരു തിയറ്ററിലേക്കാണ്. അവിടെ അമേരിക്കൻ ഐക്യ നാടിന്റെയും ക്യാപിറ്റോൾ ബിൽഡിങ്ങിന്റെയും ചരിത്രം ഡോക്യുമെന്ററിയായി സന്ദർശകർക്കു മുൻപിൽ തുറക്കും. തിയറ്ററിലെ അവതരണത്തിനുശേഷം വരിയായി മുകളിലത്തെ നിലയിലേക്ക് . അവിടെ അമേരിക്കൻ ഐക്യനാടുകളൂടെ രൂപീകരണത്തിന്റെ ചരിത്രം ചിത്രങ്ങളിലൂടെയും പ്രതിമകളിലൂടെയും അനാവരണം ചെയ്യപ്പെടുന്നു.

താഴികക്കുടത്തിനുള്ളിലേക്കു പോകുംവഴി അമേരിക്കൻ ജനപ്രതിനിധിസഭയുടെ സ്പീക്കർ നാൻസി പെലോസിയുടെ ഓഫിസ് കണ്ടു.

Washington-diary2

വില്യം ത്രോൺടൺ ആണ് ഈ നിർമിതിയുടെ ശിൽപി. 1793 ജനുവരി 31ന് പ്ലാൻ അംഗീകരിച്ചു. ക്യാപിറ്റോൾ ബിൽഡിങ് ഉൾപ്പെടെ അമേരിക്കയുടെ ഭരണ സിരാകേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയായ 1800 വരെ ഫിലാഡൽഫിയ ആയിരുന്നു യുഎസ്.തലസ്ഥാനം . ജെങ്കിൻസ് കുന്നാണ് ക്യാപിറ്റോൾ ഹില്ലായിമാറിയത്. പിൽക്കാലത്ത് അമേരിക്കൻ പ്രസിഡന്റായ തോമസ് ജെഫേഴ്സണാണ് ക്യാപിറ്റോൾ ബിൽഡ്ങ് എന്ന പേര് നിർദ്ദേശിച്ചത്. 

Washington-diary3

ക്യാപിറ്റോൾ ബിൽഡിങ്ങിന്റെ ദർശനം പെൻസിൽവേനിയ അവന്യുവിലേക്കാണ്. പ്രസിഡന്റിന്റെ വസതിയായ വൈറ്റ് ഹൗസ് ഉൾപ്പെടയുള്ളവ ഈ അവന്യുവിലാണ്. പ്രസിഡന്റ് സത്യപ്രതിജ്ഞചെയ്ത് സ്ഥാനമേൽക്കുന്നത് ക്യാപിറ്റോൾ ബിൽ‌ഡിങ്ങിന്റെ കിഴക്കുവശത്തെ പോർട്ടിക്കോയുടെ പടവിലാണ്.

Washington-diary8

ക്യാപിറ്റോൾ ബിൽഡിങ്ങിൽനിന്ന് നേരെ പോയത് വൈറ്റ്ഹൗസ് കാണാനാണ്. കഴിഞ്ഞതവണ കണ്ടത് വൈറ്റ് ഹൗസിന്റെ  വടക്കേ മുഖപ്പാണെങ്കിൽ ഇത്തവണ കാണാനായത് തെക്കൻ ഭാഗവും. വഴിയിൽ വാഷിങ്ടൺ സ്മാരകത്തിന്റെ  അഗ്രം സൂചിപോലെ അന്തരീക്ഷം തുളച്ച് ആകാശത്തേക്കുയർന്നു നിൽക്കുന്നതുകാണാം. 

Washington-diary4

അമേരിക്കയുടെ അതിജീവനത്തിന്റെയും രാജ്യാന്തര ഇടപെടലുകളുടെയും ചരിത്രസാക്ഷ്യമാണ് ഇവിടുത്തെ യുദ്ധസ്മാരകങ്ങൾ.  രണ്ടാം ലോകമഹായുദ്ധ സ്മാരകം, ഉൾക്കൊള്ളുന്ന ഭാഗത്ത് മനോഹരമായ ഫൗണ്ടൻ നിർമിച്ചിരിക്കുകയാണ്. അങ്ങോട്ടേക്കുള്ള വഴിയിൽ  പ്രത്യേകം നിർമിച്ച ഭിത്തിയിൽ നക്ഷത്രങ്ങൾ പതിപ്പിച്ചുവച്ചിരിക്കുന്നതു കണ്ടു. യുദ്ധത്തിൽ ജീവത്യാഗം നടത്തിയ ഓരോ അമേരിക്കൻ ഭടനെയും സ്മരിക്കുന്നതിനുള്ളതാണ് ഇവ. 

Washington-diary7

വിയറ്റ്നാം യുദ്ധസ്മാരകമാണ് ഇവിടെ സ്മരണകളുണർത്തുന്ന മറ്റൊരു ഇടം. യുദ്ധത്തിൽ മരിച്ച അമേരിക്കൻ ഭടൻമാരുടെ പേരുകൾ കറുത്ത മാർബിൾ ഫലകത്തിലെഴുതിയിരിക്കുന്നു. കൂടാതെ കൊറിയൻ യുദ്ധ സ്മാരകവുമുണ്ടിവിടെ. 

Washington-diary5

ലോകത്തിനുതന്നെ നവയുഗപ്പിറവി സമ്മാനിച്ച ഏബ്രഹാം ലിങ്കന്റെ സ്മാരകം ഒരും ഗംഭീര നിർമിതിയാണ്. ഒട്ടേറെ പടവുകൾ കയറി ലിങ്കൺ സ്മാരകത്തിലെത്തുമ്പോൾ അദ്ദേഹത്തിന്റെ പ്രതിമ കാണാം. വിശാലമായ കസേരിയൽ നീണ്ടു നിവർന്നിരിക്കുന്ന ലിങ്കന്റെ മാർബിൾ പ്രതിമ. . തൊട്ടുപുറകിൽ ആലേഖനം ചെയ്തിക്കുന്നത് ഇപ്രകാരമാണ് ‘‘ ഏബ്രഹാം ലിങ്കൺ ജീവിതം രക്ഷപ്പെടുത്തിയ അനേകം പേരുടെ മനസ്സിലുള്ളതുപോലെ അദ്ദേഹത്തിന്റെ സ്മരണ ഈ പവിത്രമായ  ഇടത്ത് എക്കാലവും നിറഞ്ഞുനിൽക്കും’’അമേരിക്കയിൽ നിയമംമൂലം അടിമ വ്യാപാരം നിർത്തലാക്കിയ ഏബ്രഹാം ലിങ്കൺ എക്കാലത്തും ലോകത്തിന്റെ ഹീറോയാണ്.  സ്മാരകത്തിന്റെ പൂമുഖത്തനിന്നുള്ള ദൃശ്യം അതിഗംഭീരമെന്ന വിശേഷണത്തിന് അർഹമാണ്. നീണ്ടുനിവർന്നു കിടക്കുന്ന കൃത്രിമ തടാകത്തിന്റെ അങ്ങേയറ്റത്ത് വാഷിങ്ടൺ സ്മാരകം  ആകാശക്കീറുകളിലേക്കു ത‌ലയുയർത്തി നിൽക്കുന്നു. അതിനപ്പുറം ക്യാപ്പിറ്റോൾ ബിൽഡിങ്. ഏബ്രഹാം ലിങ്കന്റെ കണ്ണും കാതും സദാ നീളുന്നത് അമേരിക്കൻ ഭരണസിരാകേന്ദ്രത്തിലേക്കാണ്. 

  

Washington-diary6
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA