ADVERTISEMENT

യാത്രികർക്ക് ഒാരോ യാത്രയും പ്രിയപ്പെട്ടതാണ്. യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരുമില്ല. കണ്ണുകളിലൂടെ ശോഭകൂട്ടി മനസ്സിൽ പതിയുന്ന ഒാരോ കാഴ്ചകളും വ്യത്യസ്ത അനുഭൂതി നൽകുന്നു. ഓരോ യാത്രയിലും ചുറ്റുമുള്ള കാഴ്ചകളെ വർണങ്ങളിൽ പൊതിഞ്ഞ് ഒാർമ്മച്ചെപ്പിൽ സൂക്ഷിക്കാം. ഒാർമകളിലൂടെ തോണി തുഴയുമ്പോൾ ഹരിതഭംഗിയിലും രൂപലാവണ്യത്തിലും നിറഞ്ഞ യാത്രകൾ എന്നും മനസ്സിന്റ കോണുകളിൽ മായാതെ  കിടക്കും.

മോഹങ്ങൾക്ക് അനുസരിച്ചുള്ള യാത്രയ്ക്ക് കീശയിലെ കനം പോരാതെ വരും. ചുരുങ്ങിയ ചിലവിൽ പോക്കറ്റ് കാലിയാക്കാതെ എങ്ങനെ യാത്രകൾ ആസ്വദിക്കാമെന്ന് ചിന്തിക്കുന്നവരാണ് മിക്കവരും. ക്യത്യമായ പ്ലാനിംഗിലൂടെയുള്ള യാത്ര ഏറെക്കുറെ ചിലവ് ചുരുക്കാൻ സാധിക്കുമെന്നതിൽ സംശയം വേണ്ട.

സീസണിൽ യാത്ര  ഒഴിവാക്കാം

വേനൽ അവധി ആരംഭിക്കുന്നതോടെ മിക്കവരും ആഹ്ളാദത്തിമിര്‍പ്പിലാകും. സ്കൂൾ, കോളേജ് അവധിക്കാലമാണ് വിനോദസഞ്ചാരികളുടെ ഒഴുക്ക് കൂട്ടുന്നത്. യാത്രാചിലവ് ചുരുക്കണോ? എങ്കിൽ അവധിക്കാല യാത്ര മാറ്റിവയ്ക്കാം. ക്രിസ്മസ്, ദീപാവലി, ഒാണം, പൂജാ അവധി ഇങ്ങനെ പ്രധാനപ്പെട്ട നാളുകളിലാണ് മിക്കവരും യാത്രകൾ പ്ലാൻ ചെയ്യുന്നത്. വേക്കേഷൻ യാത്രയുടെ പൂരമാണ്. ചിലവ് ചുരുക്കാൻ മാത്രമല്ല യാത്രാ സൗകര്യത്തിനും തിക്കും തിരക്കും കൂട്ടാത്ത കാഴ്ചകൾക്കും നല്ലത് സീസണിൽ യാത്ര ഒഴിവാക്കുക എന്നതാണ്. ജോലി തിരക്കുകൾ മാറ്റിവച്ച് എല്ലാവരുടെയും  സൗകര്യം കണ്ടെത്തി ക്യത്യമായ പ്ലാനിങ്ങോടെ യാത്രയ്ക്ക് ഒരുങ്ങാം.

ടിക്കറ്റ് ബുക്ക് ചെയ്യാം

വിദേശയാത്രയ്ക്ക് ഒരുങ്ങുന്നുണ്ടോ? യാത്രയ്ക്ക് രണ്ടുമാസം മുമ്പുതന്നെ ട്രാവൽ ഏജൻസിയുമായി ബന്ധപ്പെട്ട് കുറഞ്ഞ നിരക്കിൽ യാത്രാ ടിക്കറ്റുകൾ ബുക്കുചെയ്യാം. ചില ഫ്ളൈറ്റുകൾ യാത്രികർക്കായി ഒാഫറുകൾ ക്രമീകരിച്ചിട്ടുണ്ട്. ഇങ്ങനെ സാധാരണ ടിക്കറ്റ് നിരക്കിൽ നിന്നും യാത്രാ ലാഭകരമാക്കാം. ട്രാവൽ ഏജൻസിയുമായുള്ള അന്വേഷണം ഒാഫറുകൾ ലാഭ്യമാകുവാൻ സഹായകമാണ്. ഇന്റർനെറ്റ് സൗകര്യത്തിലൂടെയും ടിക്കറ്റ് ഒാഫറുകൾ അറിയുവാൻ സാധിക്കും. മിക്ക ട്രാവൽ ഏജൻസി സ്ഥാപനങ്ങളും ടൂറിസ്റ്റുകള്‍ക്കായി ടൂർ പാക്കേജുകൾ ഒരുക്കിയിട്ടുണ്ടാവും ഇത്തരം പാക്കേജുകൾ യാത്രാ ചിലവ്  കുറയ്ക്കാൻ സഹായകരമാണ്. പാക്കേജുകൾ തെരഞ്ഞെടുക്കുമ്പോൾ ഫ്ളൈറ്റ് ചാർജും ഹോട്ടൽ ചാർജും അടങ്ങിയിട്ടുണ്ടെന്ന് ഉറപ്പാക്കാം.

കൂട്ടമായി യാത്ര ചെയ്യാം

ഒന്നോ രണ്ടോ പേർ അടങ്ങുന്ന ഉല്ലാസയാത്രയേക്കാൾ സുഹ്യത്തുക്കൾ ഒത്തുകൂടിയോ, ബന്ധുക്കൾ ഒത്തൊരുമിച്ചോ വിനോദയാത്രക്ക് തയ്യാറെടുക്കാം .കൂട്ടമായുള്ള യാത്ര സന്തോഷം മാത്രമല്ല ഒപ്പം പകുതിയോളം യാത്ര ചിലവ് ചുരുക്കുവാനും സാധിക്കും. അതിലുപരി യാത്രയില്‍ ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുന്ന സന്ദർഭങ്ങളിൽ പരസ്പരം സഹായവുമാകും.

ഭക്ഷണ ചിലവ് നിയന്ത്രിക്കാം

യാത്ര ചെയ്യുന്ന അവസരത്തിൽ കഴിവതും കൊഴുപ്പ് കൂടിയ ആഹാരങ്ങൾ ഉൾപ്പടെ കട്ടികൂടിയ ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കുന്നതാണ് ബുദ്ധി. ലഘുഭക്ഷണമാണ് ഉത്തമം. കൂടാതെ പുറത്തു നിന്ന് ഭക്ഷണം കഴിക്കുന്നത് ചിലവേറിയ കാര്യമാണ്. ഒരു ദിവസത്തെ യാത്രയാണ് ഉദ്ദേശിക്കുന്നതെങ്കിൽ വീട്ടിൽ പാകപ്പെടുത്തിയ ഭക്ഷണവും അത്യവശ്യം വിശപ്പ് ശമിപ്പിക്കാൻ അൽപം സ്നാക്സും ഒപ്പം കരുതാം ഹോട്ടൽ ഭക്ഷണത്തെ ആശ്രയിക്കാതെ ആരോഗ്യം സംരക്ഷിക്കാം കൂട്ടത്തിൽ ഭക്ഷണ ചിലവും കുറയ്ക്കാം.

ട്രെയിൻ യാത്ര ലാഭകരം

ടൂറിസ്റ്റ് ബസ് ബുക്കുചെയ്താലോ? അല്ലെങ്കിൽ ഇന്നോവയായലോ? എന്ന് ചിന്തിക്കുന്നവർ കുറവല്ല. തർക്കം വേണ്ട ട്രെയിൻ യാത്ര സാധ്യമെങ്കിൽ ടൂറിസ്റ്റ് ബസ് ബുക്കു ചെയ്തിനേക്കാൾ ലാഭകരം ട്രെയിൻ യാത്രയാണ്. ഒത്തുകൂടിയ യാത്രയെങ്കിൽ ട്രെയിനിൽ ബൾക്ക് ബുക്കിങ് ആകാം. ട്രയിൻ യാത്രയിലൂടെ യാത്രാക്ഷീണം കൂടുതൽ ബാധിക്കാതെ സൗകര്യപ്രദമാക്കാം. കുറഞ്ഞ നിരക്കിൽ യാത്ര കൂടുതൽ ഉല്ലാസഭരിതമാക്കി മാറ്റാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com