ADVERTISEMENT

ഭൂമിയിലെ സ്വര്‍ഗം എന്നത് പറഞ്ഞുപഴകിയ വാക്കാണെങ്കിലും, സ്വിറ്റ്സർലൻഡ് എന്ന മോഹിപ്പിക്കും നാടിനെ വര്‍ണ്ണിക്കാന്‍ അതല്ലാതെ വേറെ വാക്കില്ല. ഏതു യാത്രാപ്രേമിയും ഒരിക്കലെങ്കിലും കാണാന്‍ ആഗ്രഹിക്കുന്ന നാട്. എവിടെയും മലര്‍ക്കാവുകള്‍, ഹരിതതാഴ്‌വാരങ്ങള്‍, കായ്കനിത്തോപ്പുകള്‍, മലകളില്‍ നിന്നുതിരുന്ന ജലധാരകള്‍, പച്ചപ്പുല്‍ത്തകിടികള്‍, നീലത്തടാകങ്ങള്‍, വെണ്‍മയുറഞ്ഞ ഹിമശൃംഗങ്ങള്‍, മഞ്ഞുവിരിപ്പുകള്‍, മലമടക്കുകളിലെ ഒറ്റപ്പെട്ട കര്‍ഷകഗൃഹങ്ങള്‍, മഞ്ഞിന്റെ മേലാപ്പ് അണിഞ്ഞ മലനിരകള്‍, അവര്‍ണ്ണ്യമായ പ്രകൃതിസൗന്ദര്യത്താല്‍ യാത്രികന്റെ മുന്‍പില്‍ മാറിമറിയുന്ന ഇവിടുത്തെ ദൃശ്യങ്ങള്‍ ഓരോന്നും വിശ്വചിത്രകാരന്‍മാരുടെ ചായച്ചിത്രങ്ങള്‍ പോലെ തോന്നിപ്പിക്കും. 

സ്വിസ്റ്റര്‍ലന്‍ഡിനെ മനോഹരമാക്കുന്ന കാര്യങ്ങളുടെ പട്ടിക തയാറാക്കിയാല്‍ അതില്‍ ഒന്നാമത്തേത് അവിടുത്തെ വിവരിക്കാനാവാത്ത വിധം സുന്ദരമായ ഗിരിനിരകളാണ്. സൗന്ദര്യം മുഴുവന്‍ ആവാഹിച്ചരിക്കുന്നത് ഈ പര്‍വതനിരകളിലാണെന്നു തോന്നിപ്പോകും. ചിലത് മഞ്ഞിന്റെ തൂവെള്ളയില്‍ കുളിച്ച് നില്‍ക്കുമ്പോള്‍ മറ്റു ചിലത് പച്ചപ്പട്ടണിഞ്ഞവയായിരിക്കും. ലോകപ്രശസ്തമായ, ഈ നാട് പൊന്നു പോലെ കാത്തുസൂക്ഷിക്കുന്ന അമൂല്യ നിധികളായ മലനിരകളില്‍ ചിലത് ഇതാ.

ജംഗ്ഫ്രാജോച്ച്

switzerland-3-gif

ഭൂമിയിലെ സ്വര്‍ഗം സ്വിറ്റ്സർലൻഡ് ആണെങ്കില്‍ സ്വിറ്റ്സർലൻഡിലെ സ്വര്‍ഗം ജംഗ്ഫ്രാജോച്ച് ആണെന്ന് പറയാം. യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന റയില്‍വേ സ്റ്റേഷന്‍ സ്ഥിതിചെയ്യുന്ന, ജര്‍മനിയുടെ ബ്ലാക്ക് ഫോറസ്റ്റ് വരെ കാണാന്‍ സാധിക്കുന്ന, നോക്കെത്താ ദൂരത്തോളം നീണ്ടുകിടക്കുന്ന മലനിരകളാണ് ജംഗ്ഫ്രാജോച്ച്. 11000 അടി ഉയരത്തില്‍ അതായത് എവറസ്റ്റിന്റെ ഏതാണ്ട് പകുതിയോളം പൊക്കത്തിലാണ് ഈ മഞ്ഞുമലനിരകള്‍.

ജംഗ്ഫ്രാജോച്ചില്‍ നിൽക്കുമ്പോള്‍ നമ്മള്‍ മറ്റൊരു ലോകത്താണ് എന്ന് തോന്നിപ്പോകും. ഇന്ത്യക്കാര്‍ ഇവിടെയെത്തിയാല്‍ ഒന്ന് അമ്പരക്കും. കാരണം ഹിന്ദിയിലുള്ള നിരവധി സൈന്‍ ബോര്‍ഡുകള്‍ കണ്ട് നമ്മള്‍ ഇന്ത്യയില്‍ തന്നെയാണോ എന്ന് സംശയിച്ചുപോകും. അതിനു നന്ദി പറയേണ്ടത് ബോളിവുഡിനെ പ്രണയിക്കാന്‍ പഠിപ്പിച്ച യഷ് ചോപ്രയ്ക്കാണ്. തന്റെ ബോളിവുഡ് സിനിമകളിലൂടെ സ്വിറ്റ്സർലൻഡിനെ ഒരു മിനി ഇന്ത്യയാക്കി മാറ്റി അദ്ദേഹം. ജംഗ്ഫ്രാജോച്ചിലെത്തിയാല്‍ നമ്മള്‍ അറിയാതെ ഷാറുഖും കാജലുമൊക്കെയായി മാറിയാലും അതിശയിക്കാനില്ല.

മൗണ്ട് പിലാറ്റസ്

മിക്ക മലനിരകളും ഏതെങ്കിലും ഐതിഹ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. പിലാറ്റസും അത്തരം ഒന്നുതന്നെ. ഇവിടുത്തെ ഏറ്റവും ജനപ്രിയ കഥയനുസരിച്ച്, ലൂസേണ്‍ തടാകത്തിന് തെക്ക് പടിഞ്ഞാറ് 2132 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന പിലാറ്റസിന് റോമന്‍ പ്രീസ്റ്റ് പോണ്ടിയസ് പീലാത്തോസിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. ഈ വൈദികന്റെ മൃതദേഹം മലമുകളില്‍നിന്ന് തടാകത്തിലേക്കു വലിച്ചെറിയപ്പെട്ടുവെന്നാണ് പറയപ്പെടുന്നത്. മേഘാവൃതമായത് എന്നാണ് പിലാറ്റസ് എന്ന ലാറ്റിന്‍ വാക്കിന്റെ അർഥം. പേരുപോലെ തന്നെ മേഘങ്ങളുടെ തലപ്പാവ് അണിഞ്ഞുനില്‍ക്കുന്ന ഇവിടെയെത്തിയാല്‍ ഈ അതിസുന്ദര നാടിനെയും ലൂസേണ്‍ തടാകത്തിനെയും ആവോളം ആസ്വദിക്കാനാവും.

switzerland-travel-Monte-Rosa-gif

ഷില്‍തോര്‍ണ്‍ മൗണ്ടന്‍

സമുദ്രനിരപ്പില്‍നിന്ന് 2970 മീറ്റര്‍ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന ഷില്‍തോര്‍ണ്‍ ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രമുഖ മലനിരകളാണ്. നിങ്ങള്‍ ബോണ്ട് സിനിമകളുടെ ആരാധകരാണെങ്കില്‍ ഈ മലനിരകള്‍ ആ ഓര്‍മകള്‍ പുതുക്കാനുള്ള അവസരം നല്‍കും.

കാരണം പ്രസിദ്ധ ബോണ്ട് സിനിമ ഓണ്‍ ഹെര്‍ മെജസ്റ്റിസ് സീക്രട്ട് സര്‍വീസ് ചിത്രീകരിച്ചത് ഇവിടെയാണ്. മലമുകളിലായി വിവിധ രുചികളിലെ ഭക്ഷണം വിളമ്പുന്ന ഒരു റോളിങ് റസ്റ്ററന്റുമുണ്ട്. മനോഹരമായ ചെറിയ പട്ടണമായ മുറെനില്‍ നിന്ന് പുറപ്പെടുന്ന നിരവധി കേബിള്‍ കാറുകള്‍ നിങ്ങളെ മലമുകളില്‍ എത്തിക്കും. ഈ കേബിള്‍കാര്‍ യാത്രയും അവിസ്മരണീയമായിരിക്കും.

switzerlandSchilthorn-gif

ക്ലെന്‍ മാറ്റര്‍ഹോണ്‍

യൂറോപ്പിലെ ഏറ്റവും ഉയരത്തിലുള്ള കേബിള്‍ കാര്‍ നിങ്ങളെ ക്ലെന്‍ മാറ്റര്‍ഹോണിലേക്ക് കൊണ്ടുപോകും, ഈ മലനിരകളെ മാറ്റര്‍ഹോണ്‍ ഗ്ലേസിയര്‍ പറുദീസ എന്നും വിളിക്കുന്നു. ആ പേര് അന്വർഥമാക്കുംവിധമുള്ള പ്രകൃതിദൃശ്യങ്ങളാണ് ഈ പര്‍വതശിഖരങ്ങള്‍ സമ്മാനിക്കുന്നത്. ഏകദേശം 3883 മീറ്റര്‍ ഉയരത്തില്‍ ഈ അദ്ഭുതം ഒരു ഡസനോളം ഹിമാനികളുടെയും 40 പര്‍വതശിഖരങ്ങളുടെയും ഏറ്റവും ആകര്‍ഷകമായ കാഴ്ചകള്‍ സഞ്ചാരികള്‍ക്കു നല്‍കുന്നു.

മോണ്ട റോസ

സ്വിറ്റ്‌സര്‍ലന്‍ഡിലെ ഏറ്റവും ഉയരമുള്ള പര്‍വതം മാറ്റര്‍ഹോണോ ഈഗറോ അല്ല, അത് മോണ്ട റോസയാണ്. നിങ്ങള്‍ വിദഗ്ധനായൊരു പര്‍വതാരോഹകന്‍ ആണെങ്കില്‍ മോണ്ട റോസയെ കീഴ്‌പ്പെടുത്താം.മോണ്ടെ റോസ മാസിഫിന്റെ പത്ത് പ്രധാന കൊടുമുടികളിലൊന്നാണ് ഡഫോര്‍ കൊടുമുടി. ലോക വിനോദ സഞ്ചാരികളുടെ പ്രിയ ഡെസ്റ്റിനേഷനാണിത്. ഇനി നിങ്ങള്‍ക്ക് മലമുകളിലെത്താനുള്ള ധൈര്യമില്ലെങ്കില്‍ മോണ്ട റോസയുടെ ചുവട്ടിലുള്ള ഹട്ടില്‍ തങ്ങാം. ചുവട്ടിലെന്നു പറയുമ്പോള്‍, ഏതാണ്ട് 2883 മീറ്റര്‍ ഉയരത്തിലാണ്. ഇവിടെയെത്തുന്ന കാല്‍നടയാത്രക്കാര്‍ക്കും പര്‍വതാരോഹകര്‍ക്കും ഒരു ജനപ്രിയ സ്ഥലമായി മാറിയിരിക്കുകയാണ് ഈ ഹട്ട്.

ഗോര്‍നെഗ്രാറ്റ്

ജീവിതത്തിലൊരിക്കലെങ്കിലും എല്ലാവരും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ ഒന്നാണ് ഗോര്‍നെഗ്രാറ്റ്. 3,089 മീറ്റർ ഉയരത്തില്‍ നിന്നുള്ള പര്‍വതങ്ങളുടെ പനോരമിക് വ്യൂവും മാറ്റര്‍ഹോണ്‍ കൊടുമുടിയുടെ കാഴ്ചയും അവിസ്മരണീയമാണ്. പൂര്‍ണമായും വൈദ്യുതീകരിച്ച ലോകത്തിലെ ആദ്യത്തെ കോഗ് റെയില്‍വേ ഇവിടെയാണ്. ഇന്ന് ഇത് ഒരു ആധുനിക പരിസ്ഥിതി സൗഹാർദ റെയില്‍വേയാണ്. യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന ഹോട്ടലായ കുല്‍മോട്ടല്‍ സ്ഥിതി ചെയ്യുന്നതും ഗോര്‍നെഗ്രാറ്റില്‍ തന്നെ. സ്വിസ് ആല്‍പ്‌സ് പര്‍വതനിരകളുടെ കവാടം എന്ന് അറിയപ്പെടുന്ന ഇവിടെ വര്‍ഷം മുഴുവന്‍ നല്ല ഊഷ്മളമായ സൂര്യപ്രകാശം ലഭിക്കും.

ഒരിക്കലും അവസാനിക്കില്ല ഈ സ്വര്‍ഗഭൂമിയുടെ വിശേഷങ്ങള്‍. കണ്ടാലും കണ്ടാലും മതിവരാത്ത കാഴ്ചകള്‍ ഒരുക്കിയിരിക്കുന്ന സ്വിസ്റ്റര്‍ലന്‍ഡ് കാണാതെ നിങ്ങളുടെ യാത്രാസ്വപ്‌നങ്ങള്‍ പൂര്‍ത്തിയാക്കാനാകുമെന്ന് തോന്നുന്നുണ്ടോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com