sections
MORE

യാത്ര പോകാം ലോകത്തിന്റെ മനം മയക്കിയ രാജ്യാതിർത്തികളിലേക്ക്

argentina-brazil-border
SHARE

എല്ലാ അതിര്‍ത്തികളും മുള്ളുവേലികളുള്ള മതിലുകൾ മാത്രമല്ല, ചിലത് പ്രകൃതി സമ്മാനിക്കുന്ന അസുലഭകാഴ്ചകള്‍ കൂടിയാണ്. 

അതിര്‍ത്തികളെക്കുറിച്ചു പരാമര്‍ശിക്കുമ്പോഴെല്ലാം മുള്ളുവേലികളോ ഉയര്‍ത്തിക്കെട്ടിയ മതിലുകളോ തോക്കുധാരികളായ പട്ടാളക്കാര്‍ കാവല്‍നില്‍ക്കുന്ന ബോര്‍ഡറുകളോ ഒക്കെയാവും ഓര്‍മ വരുന്നത്. ലോകമെമ്പാടുമുള്ള പല രാജ്യാതിര്‍ത്തികളും ഏതാണ്ട് ഇതുപോലെയൊക്കെ ആണെങ്കിലും ചിലത് നാടകീയമായ പ്രകൃതിദൃശ്യങ്ങള്‍ക്കും പ്രകൃതിസൗന്ദര്യത്തിനും പേരുകേട്ടവയാണ്. ചില അതിര്‍ത്തികള്‍ അവര്‍ വിഭജിക്കുന്ന രാഷ്ട്രങ്ങളുടെ കഥകള്‍ വിവരിക്കുന്നു, വേര്‍പിരിഞ്ഞ ജനതയുടെ വികാരത്തെ പ്രതിനിധീകരിക്കുന്നു. അത്തരത്തില്‍ സൗന്ദര്യപരമായും ചരിത്രപരമായുമൊക്കെ വേറിട്ടുനില്‍ക്കുന്ന ചില അതിർത്തികളെ പരിചയപ്പെടാം. 

ഇന്ത്യ-പാക് വാഗാ ബോര്‍ഡര്‍

വാഗായിലെ പോലെ കഥ പറയുന്ന മറ്റൊരു അതിർത്തിയും ലോകത്ത് എവിടെയും ഉണ്ടാകില്ല. പഞ്ചാബിലെ വാഗാ അതിര്‍ത്തി ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുതയെ അല്‍പനേരത്തേയ്‌ക്കെങ്കിലും മറക്കാന്‍ പ്രേരിപ്പിക്കുന്നു. ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിലൂടെ ഇരുരാജ്യങ്ങളെയും മുറിച്ചുകടന്നുപോകുന്ന പാത ഉള്‍പ്പെടുന്ന അതിര്‍ത്തിഗ്രാമമാണ് വാഗ യഥാർഥത്തില്‍. എന്നും നടക്കുന്ന പതാക താഴ്ത്തല്‍ ചടങ്ങാണ് വാഗയെ ലോകപ്രശസ്തമാക്കുന്നത്. ഇന്ത്യന്‍ അതിര്‍ത്തി സുരക്ഷാ സേനയും പാക്കിസ്ഥാന്‍ റേഞ്ചേഴ്‌സും ചേര്‍ന്ന് നടത്തുന്ന ഈ ചടങ്ങ്, ഭിന്നിച്ച രണ്ടു രാജ്യങ്ങള്‍ക്കിടയിലെ സൗഹൃദം പുതുക്കുന്ന അത്യുജ്ജ്വലവും ആവേശപൂര്‍ണവും ഏറ്റവും മനോഹരമായ ഓര്‍മപ്പെടുത്തലുകളില്‍ ഒന്നാണ്. ഇവിടെയൊരുക്കിയിരിക്കുന്ന പവലിയനില്‍ ഇരുന്ന് വിദേശികളടക്കമുള്ള ആര്‍ക്കും ഈ ചടങ്ങിന്റെ ഭാഗമാകാം. 

അര്‍ജന്റീന-ബ്രസീല്‍

അര്‍ജന്റീനയെയും ബ്രസീലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന അതിര്‍ത്തിയെന്നു വിശേഷിപ്പിക്കാം അതിശയകരമായ ഇഗ്വാസു വെള്ളച്ചാട്ടത്തെ. കാമുകനോടൊപ്പം ഒളിച്ചോടിയ മനുഷ്യസ്ത്രീയായ നാപ്പിയെ വിവാഹം കഴിക്കാന്‍ ഒരു ദേവന്‍ പദ്ധതിയിട്ടിരുന്നതായി ഐതിഹ്യങ്ങള്‍ പറയുന്നു. അവരെ വകവരുത്താന്‍ ദേഷ്യത്തോടെ ദേവന്‍ ഇഗ്വാസു നദി പിളര്‍ന്നു അങ്ങ‌നെയാണ് സുന്ദരമായ വെള്ളച്ചാട്ടം സൃഷ്ടിക്കപ്പെട്ടതെന്നും കഥകള്‍ പറയുന്നു. ഇഗ്വാസു വെള്ളച്ചാട്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ നയാഗ്ര വെള്ളച്ചാട്ടം ഒന്നുമല്ലെന്നാണ് കണ്ടവരൊക്കെയും പറയുന്നത്.  മുന്‍ അമേരിക്കന്‍ പ്രഥമ വനിത എലനോര്‍ റൂസ്‌വെല്‍റ്റ് പോലും ഇഗ്വാസു വെള്ളച്ചാട്ടം കണ്ടപ്പോള്‍ 'പാവം നയാഗ്രയെന്നാണ് പറഞ്ഞതത്രേ. അത്രമാത്രം സൗന്ദര്യം വാരിനിറച്ചാണ് പ്രകൃതി ഇഗ്വാസുവിനെ ഭൂമിയിലേയ്ക്ക് ഒഴുക്കുന്നത്. 

വത്തിക്കാന്‍ സിറ്റി-ഇറ്റലി

ഇറ്റാലിയന്‍ തലസ്ഥാനമായ റോമിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്വതന്ത്ര നഗരമാണ് വത്തിക്കാന്‍. വത്തിക്കാന്‍ നഗരത്തിലൂടെ നടക്കുമ്പോള്‍  നിങ്ങള്‍ മറ്റൊരു രാജ്യത്തേക്ക് പ്രവേശിക്കുന്നതായി തോന്നില്ല. എന്നാല്‍ വാസ്തവത്തില്‍ ഈ നഗരം വത്തിക്കാനെയും ഇറ്റലിയെയും വേര്‍തിരിക്കുന്ന അതിര്‍ത്തി കൂടിയാണ്. നഗരനടുവിലൂടെ വരച്ചിരിക്കുന്ന വെള്ളവരയാണ് ആ രാജ്യങ്ങളെ തമ്മില്‍ വേര്‍തിരിക്കുന്ന ഒരേയൊരു ഘടകം. 

ദക്ഷിണാഫ്രിക്ക-ലെസോത്തോ

ദക്ഷിണാഫ്രിക്കയെ ചുറ്റിപ്പറ്റിയുള്ള ലെസോത്തോ എന്ന അതിര്‍ത്തി ബാക്കിയുള്ളവയില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നാണ് എന്ന് സധൈര്യം പറയാം. ലെസോത്തോയുടെ ഗംഭീരമായ പര്‍വതപ്രദേശങ്ങള്‍ ദക്ഷിണാഫ്രിക്കയുടെ താഴ്ന്ന ഉയരവുമായി സമന്വയിച്ച് ലോകത്തിലെ ഏറ്റവും മനോഹരമായ പ്രകൃതി അതിര്‍ത്തികളിലൊന്നായി മാറിയിരിക്കുന്നു. നദികളുടെയും മൊട്ടക്കുന്നുകളുടേയും ഒരു നിരതന്നെയുണ്ട് ഈ അവിശ്വസനീയമായ സ്ഥലത്ത്.  ഈ മനോഹരമായ ലാന്‍ഡ്സ്‌കേപ്പിലൂടെ കടന്നുപോകുന്ന സാനി പാസിലൂടെ സഞ്ചരിച്ചാല്‍ ആ സൗന്ദര്യം മുഴുവന്‍ ആസ്വദിക്കാം.  

ഡൊമിനിക്കന്‍ റിപ്പബ്ലിക്-ഹെയ്തി

വനനശീകരണത്തിന്റെയും പ്രകൃതിസംരക്ഷണത്തിന്റേയും നേര്‍കാഴ്ച കാണണമെങ്കില്‍ ഡൊമിനിക്കന്‍ റിപ്പബ്ലിക്കും ഹെയ്തിയും പങ്കിടുന്ന അതിര്‍ത്തി സന്ദര്‍ശിച്ചാല്‍ മതി. തീരത്തുനിന്ന് തീരത്തേക്കു നീണ്ടുനില്‍ക്കുന്നതും പര്‍വതപ്രദേശങ്ങളിലൂടെ കടന്നുപോകുന്നതും രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള ഭൗതിക വിഭജനം വളരെ കുറച്ച് തവണ മാത്രം വ്യക്തമാക്കുന്നതുമായ അതിര്‍ത്തിയാണ് ശരിക്കുമിത്. എന്നാല്‍ അത് തിരിച്ചറിയാന്‍ എളുപ്പമാണ്, ഒരു വശത്ത് വനനശീകരണം നടക്കുന്ന ഒരു പ്രദേശം ഹെയ്തിയാണെന്നും മറുവശത്ത് പച്ചയായ വനം ഡൊമിനിക്കന്‍ റിപ്പബ്ലിക്കിന്റെ ഭാഗമാണെന്നും നേരിട്ടറിയാന്‍ സാധിക്കും. ഹിസ്പാനിയോള ഉപദ്വീപിലെ അതിര്‍ത്തിപ്രദേശം അത് വ്യക്തമായി കാണിച്ചുതരും. 

സ്വീഡന്‍-നോര്‍വേ

ഇരുവശങ്ങളിലും മഞ്ഞുമൂടികിടക്കുന്ന പൈന്‍മരങ്ങള്‍ അതിരിടുന്ന, ആയിരത്തോളം കിലോമീറ്ററുകളോളം നീണ്ടുകിടക്കുന്ന പാതയാണ് നോര്‍ഡിക് രാജ്യങ്ങളായ സ്വീഡന്റെയും നോര്‍വേയുടേയും രാജ്യാതിര്‍ത്തി. രാജ്യാതിര്‍ത്തി കടന്നുപോകുന്ന മഞ്ഞുപാതയിലൂടെയുള്ള യാത്ര അവിസ്മരണീയമായിരിക്കും. നോക്കെത്താദൂരത്തോളം നീണ്ടുകിടക്കുന്ന ആ പാതയുടെ സൗന്ദര്യം കണ്ടുതന്നെ ആസ്വദിക്കണം.

sweden-norway-border

ബെര്‍ലിന്‍ മതിലും ലോകത്തിലെ ഏറ്റവും സമാധാനപരവും ആരുടെയും കണ്ണില്‍പ്പോലും പെടാതെ കിടക്കുന്നതുമായ നെതര്‍ലാന്‍ഡ്- ബെല്‍ജിയം അതിര്‍ത്തിരേഖയുമെല്ലാം വിനോദസഞ്ചാരഭൂപടത്തിലെ ഒഴിച്ചുകൂടാനാവാത്ത ഇടങ്ങള്‍ തന്നെയാണ്. യാത്രകള്‍ പ്ലാനിടുന്നവര്‍ വ്യത്യസ്തമാര്‍ന്നതും എന്നാല്‍ കാണാനും അറിയാനും ഏറെയുള്ളതുമായ ഇത്തരം ഇടങ്ങള്‍ക്കൂടി തിരഞ്ഞെടുത്തു നോക്കു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA