വിയറ്റ്‌നാമിന്റെ ഗ്രാമീണ ഭംഗി ആസ്വദിക്കണോ, സാപ്പയിലേക്ക് പോകാം

sa-pa
Image From Vietnam Tourism Facebook Page
SHARE

സ്വര്‍ഗത്തിലേക്കുള്ള കവാടം ഇവിടെയാണെന്ന് തോന്നിപ്പോകും. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെയൊക്കെ പച്ചപ്പുമാത്രമെന്ന് ഇന്നാട്ടിലെത്തിയാല്‍ നിസംശയം ആരും പറയും. അത്രയ്ക്കും കണ്ണുകുളിര്‍പ്പിക്കുന്ന കാഴ്ചകളാണ് സാപ്പ എന്ന വിയറ്റനാം ഗ്രാമം സഞ്ചാരികള്‍ക്കായി ഒരുക്കിവച്ചിരിക്കുന്നത്. സാപ്പ അടിസ്ഥാനപരമായി പര്‍വതങ്ങള്‍ക്ക് ചുറ്റുമുള്ള ചെറിയ പ്രാദേശിക ഗ്രാമങ്ങളുടെ ഒരു ശേഖരമാണെന്ന് പറയാം. വിയറ്റ്‌നാമിലെ നഗരങ്ങളില്‍ നിന്നു പുറത്തുകടന്ന് ആ രാജ്യത്തിന്റെ ഗ്രാമീണതയെ അനുഭവിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിന് ഒറ്റ പേരെയുള്ളൂ സാപ്പ.

വിയറ്റ്‌നാമിന്റെ നെല്ലറ

വിയറ്റ്‌നാമിന്റെ നെല്ലറയാണ് സാപ്പയെന്ന കാര്‍ഷിക ഗ്രാമം. എന്നുകരുതി നെല്ലുമാത്രമല്ല ഇവിടെ വിളയുന്നത്. സാപ്പയുടെ സൗന്ദര്യം മുഴുവന്‍ പൂത്തുലയുന്നത് സെപ്റ്റംബര്‍- ഒക്‌ടോബര്‍ കാലത്താണ്. 'ടെറസ്' കൃഷിയുടെ പേരില്‍ പ്രസിദ്ധമാണ് ഈ ഗ്രാമം. ടെറസ് എന്നുപറഞ്ഞാല്‍ വീടിന്റെയല്ല. മലകളുടെയും കുന്നുകളുടെയും ഒക്കെയാണ്. തട്ടുതട്ടായി വളരെ അടുക്കും ചിട്ടയോടും കൂടി നെല്ലുവിളഞ്ഞുനില്‍ക്കുന്നത്, അതും കുറച്ചൊന്നുമല്ല, മലകളും കുന്നുകളും നിറയെ കാണണമെങ്കില്‍ സാപ്പ വരെ പോയെ പറ്റൂ.

കുത്തനെയുള്ള താഴ്‌വരകളിലേക്കും, പച്ചനിറത്തിലുള്ള പരമ്പരാഗത നെല്ല് ടെറസുകളിലേക്കും ഉയരമുള്ള കൊടുമുടികളിലേക്കും കയറിക്കൂടാന്‍ ആയിരക്കണക്കിന് ട്രെക്കിങ് പ്രിയരാണ് ഇവിടെയെത്തുന്നത്. അവിടെ നിങ്ങളെ സ്വാഗതം ചെയ്യുന്ന ലാവോ കായ് പ്രവിശ്യയിലെ ഒരു ചെറിയ പര്‍വത നഗരമാണ് സാപ്പ. രാജ്യത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ ഫാന്‍ സി പാന്‍ ഉള്‍പ്പെടുന്ന ഹോംഗ് ലീന്‍ സോണ്‍ പര്‍വതനിരകള്‍ ഇവിടെ കാണാം. എല്ലാ വര്‍ഷവും ഓഗസ്റ്റ് - ഒക്ടോബര്‍ മാസങ്ങളില്‍ സാപ്പയിലേക്കുള്ള യാത്രയില്‍, പ്രകൃതിദൃശ്യങ്ങളുടെ പല മാറ്റങ്ങളോടെ ഈ പ്രവിശ്യ അസാധാരണമാംവിധം മനോഹരമാകുന്നത് നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. പല ഘട്ടങ്ങളിലും സാപ്പ സന്ദര്‍ശകരെ ആശ്ചര്യപ്പെടുത്തുന്നു. സീസണിന്റെ തുടക്കത്തില്‍, മുഴുവന്‍ സാപ്പ പച്ചയും മഞ്ഞയും നിറങ്ങളാല്‍ മൂടപ്പെട്ടിരിക്കുന്നുവെങ്കില്‍, സെപ്റ്റംബര്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള കാലത്ത് ആദിപത്യം സ്ഥാപിക്കുന്ന മഞ്ഞനിറത്തിലെ വിളഞ്ഞ നെല്ലുകള്‍ പ്രദേശത്തെ മുഴുവന്‍ മഞ്ഞ പരവതാനികളാക്കുകയും ചെയ്യുന്നു.

സാപ്പയെ എങ്ങനെ കീഴടക്കാം

കാല്‍നടയാത്ര അല്ലെങ്കിൽ ട്രെക്കിങ്, സാപ്പയുടെ ഭംഗി മുഴുവന്‍ തന്നിലേക്ക് ആവാഹിക്കാന്‍ ഈ രണ്ടുമാര്‍ഗങ്ങള്‍ മാത്രം. വിയറ്റ്‌നാമിലെ ഏറ്റവും ഉയരമുള്ള പര്‍വതമായ ഫാന്‍ സി പാന്‍ ആണ് സാപ്പയ്ക്ക് ചുറ്റുമുള്ള പ്രദേശത്തെ ഏറ്റവും പ്രധാന ആകര്‍ഷണം. പട്ടണത്തില്‍ നിന്ന് 19 കിലോമീറ്റര്‍ മാത്രമേയുള്ളുവെങ്കിലും പരുക്കന്‍ ഭൂപ്രദേശങ്ങളിലൂടെയുള്ള ട്രെക്കിങ് അത്ര എളുപ്പമല്ല. എങ്കിലും നിങ്ങളെ കാത്തിരിക്കുന്ന വിസ്മയത്തിലേക്ക് ഒരല്‍പ്പം ബുദ്ധിമുട്ടാം. ഫാന്‍സിപാനിന്റെ മുകളില്‍ നിന്നു കാണുന്ന കാഴ്ചയ്ക്ക് നിങ്ങള്‍ എന്ത് പേര് ചൊല്ലി വിളിച്ചാലും യോജിക്കില്ല. ഫാന്‍സിപാന്‍ സ്ട്രീറ്റിലെ ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്ററില്‍ നിന്ന് ട്രെക്കിങ് മാപ്പുകള്‍ ലഭ്യമാണ്. ഇവിടെ നിന്നും ഒറ്റയ്ക്കോ ഒരു ഗൈഡിന്റെ സഹായത്തോടെയോ നിങ്ങള്‍ക്ക് യാത്ര ആരംഭിക്കാം. സഹായിയെ കൂടെകൂട്ടുന്നതാകും നല്ലത്, കാരണം സാപ്പയുടെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഗ്രാമഭവനങ്ങളില്‍ അന്തിയുറങ്ങാനും രുചിവൈഭവങ്ങള്‍ ആസ്വദിക്കാനും അവര്‍ നിങ്ങളെ സഹായിക്കും.

എത്ര വര്‍ണ്ണിച്ചാലും ഈ നാടിന്റെ സൗന്ദര്യത്തിന്റെ ഒരംശം പോലുമാകില്ല. കണ്ണുകളെ വിശ്വസിപ്പിക്കാന്‍ നിങ്ങള്‍ പാടുപെടുമെങ്കിലും സമയം പാഴാക്കാതെ സാപ്പയിലേക്ക് ഒന്ന് പറക്കാം, ഇപ്പോഴാണ് അവള്‍ തന്റെ സൗന്ദര്യം മുഴുവന്‍ വാരിവിതറി പച്ചപ്പട്ടുടുത്ത് അണിഞ്ഞൊരുങ്ങി നില്‍ക്കുന്നത്. ചില കാഴ്ചകള്‍ വാക്കുകള്‍ക്ക് അതീതമാണ്.സാപ്പയും അതുപോലെതന്നെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA