ADVERTISEMENT

ബാൾക്കൻ ഡയറി  അദ്ധ്യായം 21 

സൂഫിവര്യന്മാരുടെ മൊണാസ്ട്രിയായ തക്കീജയിൽ നിന്ന് മടങ്ങുമ്പോൾ കൂടെ ഉണ്ടായിരുന്ന ചൈനക്കാരി പെൺകുട്ടി സോഫി ചോദിച്ചു: ''മോസ്റ്റാറിലെ അവസാന രാത്രിയല്ലേ? ഞങ്ങളുടെ കൂടെ അത്താഴം കഴിക്കാൻ കൂടുന്നോ?'ജെനിയും സോഫിയും ഏതാനും ദിവസങ്ങളായി ഒരു അപ്പാർട്ടുമെന്റ് വാടകയ്‌ക്കെടുത്ത് മോസ്റ്റാറിൽ താമസിക്കുകയാണ്. ഭക്ഷണം സ്വയം പാകം ചെയ്താണ് ജീവിതം. 'ഹോം മെയ്ഡ് ചൈനീസ് ഡിന്നർ' കഴിക്കാനുള്ള ക്ഷണമാണ് ലഭിച്ചിരിക്കുന്നത്. കുറച്ചു ദിവസങ്ങളായി യൂറോപ്യൻ ഭക്ഷണങ്ങളായ ബ്രഡ്, മുട്ട, പാസ്ത, കപ്പുച്ചീനോ എന്നിവയൊക്കെ കഴിച്ച് വിഷമിച്ചിരിക്കുകയായിരുന്നു. അതുകൊണ്ട് ചൈനക്കാരികളുടെ ക്ഷണം ഞാൻ ഹൃദയപൂർവം സ്വീകരിച്ചു. 

Balcon-Diary-21-1-gif
മോസ്റ്റാർ ബസ് സ്റ്റേഷനിൽ

ഞങ്ങൾ തക്കീജയിൽ നിന്ന് ബസ് കയറി നഗരമദ്ധ്യത്തിലെ സ്റ്റോപ്പിൽ ഇറങ്ങി. എന്നിട്ട് സോഫിയുടെയും ജെനിയുടെയും അപ്പാർട്ടുമെന്റിലേക്ക് നടന്നു.

രണ്ട് ബെഡ്‌റൂമുകളും അടുക്കളയും സ്വീകരണ മുറിയുമുള്ള ഒരു ഭംഗിയുള്ള അപ്പാർട്ടുമെന്റ്. വാടക 2000 രൂപ മാത്രം. പത്ത് ദിവസമായി ഇവർ ഇവിടെ താമസിക്കുന്നു. ഒരു ദിവസം കൂടി കഴിഞ്ഞാൽ ക്രൊയേഷ്യയിലേക്ക് പോകാനാണ് പദ്ധതി.

Balcon-Diary-212-gif
മോണ്ടിനീഗ്രോയുടെ സുന്ദര ദൃശ്യം ബസിൽ ഇരുന്ന് ആദ്യമായി കണ്ടപ്പോൾ

ചില്ലി പോർക്ക്, ചിക്കൻ ഡ്രൈഫ്രൈ, ചോറ് എന്നിവ അരമണിക്കൂർ കൊണ്ട് റെഡിയാക്കി ഞങ്ങൾ അത്താഴത്തിനിരുന്നു. എന്തൊരു സ്വാദ്! യൂറോപ്യൻ ആഹാരം കഴിച്ച് മന്ദത ബാധിച്ചിരുന്ന എന്റെ നാവിലെ രസമുകുളങ്ങൾ എരിവും പുളിയുമുള്ള ഭക്ഷണത്തിലേക്ക്  ഉത്സവത്തിമർപ്പോടെ ഉണർന്നെണീറ്റു.

വയറു പൊട്ടുന്നത്ര ചോറ് അകത്താക്കി സോഫയിൽ ചാരിയിരിക്കവേ, സോഫിയുടെ ചോദ്യം: 'മക്‌ഡൊണാൾഡ്‌സിൽ പോയി ഐസ്‌ക്രീം കഴിച്ചാലോ?' .ഒരു ഡിഗ്രി തണുപ്പിൽ, തെരുവിലൂടെ നടന്ന് ഐസ്‌ക്രീം കഴിക്കുന്നത് രസമുള്ള കാര്യമാണല്ലോ. ഞങ്ങൾ മൂവരും മോസ്റ്റാറിന്റെ തെരുവുകളിലൂടെ ആർപ്പുവിളിച്ച് നടപ്പു തുടങ്ങി. നഗരം നിദ്രയിലാണ്. ഏതാനും കോഫി ഷോപ്പുകളിലും റെസ്റ്റോറന്റുകളിലും മാത്രമാണ് വെളിച്ചമുള്ളത്.

മോണ്ടിനീഗ്രോ കാഴ്ച്ചകൾ 

ഒരു വലിയ ഷോപ്പിങ് മാളിന്റെ താഴെയാണ് മക്‌ഡൊണാൾഡ്‌സ്.അതിനുള്ളിൽ ഉത്സവത്തിന്റെ തിരക്കുണ്ട്. 15-25 വയസ്സ് പ്രായമുള്ളവരാണ് ഏറെയും. ഐസ്‌ക്രീം നുണഞ്ഞ് സരയേവോ സന്ദർശനത്തിന്റെ കഥകളും പറഞ്ഞ് ഏറെ നേരം ഇരുന്ന ശേഷം ഞാൻ പെൺകുട്ടികളോട് യാത്ര പറഞ്ഞ് എന്റെ ഹോട്ടലിലേക്ക് നടന്നു. ഇന്ത്യയിലെ പെൺകുട്ടികൾ പൊതുവേ അനുഭവിക്കാത്ത യാത്രാ സ്വാതന്ത്ര്യം ആവോളം നുണഞ്ഞ് ജീവിക്കുന്ന സോഫിയും ജെനിയും  മുടങ്ങിപ്പോയ ഇന്ത്യൻ യാത്ര പ്ലാൻ ചെയ്തുകൊണ്ടിരിക്കുകയാണിപ്പോൾ . ഇന്ത്യ പെൺകുട്ടികൾക്ക് യാത്ര ചെയ്യാൻ കൊള്ളാത്ത ഒരു ഭീകര രാഷ്ട്രമൊന്നുമല്ലെന്ന് ഞാൻ അവരെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു.

മോണ്ടിനീഗ്രോ കാഴ്ച്ചകൾ 

ഞാൻ ഈ യാത്രയിലെ എന്റെ മൂന്നാമത്തെ രാജ്യമായ മോണ്ടിനീഗ്രോയിലേക്ക് രാവിലെ പുറപ്പെടുകയാണ്. 7 മണിക്ക് മോസ്റ്റാർ ബസ് സ്റ്റേഷനിൽ നിന്ന് ബസ് പുറപ്പെടും. ഒമ്പത് മണിക്കൂറാണ് യാത്രാ സമയം. വൈകീട്ട് നാല് മണിക്ക് മോണ്ടിനീഗ്രോയിലെ തിവാത്ത് പട്ടണത്തിൽ ബസ്സെത്തും. 34 യൂറോയാണ് നിരക്ക്. ഞാൻ താമസിക്കുന്ന ഹോട്ടലിൽ നിന്ന് നടക്കാവുന്ന ദൂരമേ ബസ് സ്റ്റേഷനിലേക്കുള്ളു. ആറു മണിക്ക് ബ്രേക്ക്ഫാസ്റ്റ് തരണമെന്ന് ഹോട്ടലിന്റെ ഉടമസ്ഥയെ അറിയിച്ച ശേഷം ഉറങ്ങാൻ കിടന്നു. ആറരയ്ക്ക് ബസ് സ്റ്റേഷനിലെത്തി. ഒരു ഇടത്തരം ബസ് സ്റ്റേഷനാണിത്. ഒരു റെസ്റ്റോറന്റ് തുറന്നിരിപ്പുണ്ട്. ബസ് ഇൻഫർമേഷൻ സെന്റർ തുറന്നിട്ടില്ല.റെസ്റ്റോറന്റിൽ കയറി കാപ്പി കുടിച്ച് കാത്തിരിക്കുമ്പോൾ തിവാത്ത് ബസ് 'സ്റ്റാന്റ് പിടിച്ചു.' ഞാൻ ദൃശ്യങ്ങൾ പകർത്താനുള്ള സൗകര്യത്തിന് മുൻഭാഗത്തെ ആദ്യ വിൻഡോ സീറ്റ് കൈക്കലാക്കി. 

മോണ്ടിനീഗ്രോ കാഴ്ച്ചകൾ 

കൃത്യ സമയത്തു തന്നെ ബസ് പുറപ്പെട്ടു. മോസ്റ്റാറിന്റെ ഹൃദയഭാഗത്തെ സമതല പ്രദേശങ്ങൾ താണ്ടി, എയർപോർട്ടിന്റെ റൺവേയുടെ ഓരത്തുകൂടി, മുന്നിൽ തല ഉയർത്തി നിൽക്കുന്ന പർവതങ്ങളുടെ നെറുകയിലേക്ക് ബസ് കുതിച്ചു. ഹെയർപിൻ വളവുകൾ താണ്ടി ആറ് മണിക്കൂർ പിന്നിട്ടപ്പോൾ മലയുടെ മേലെ എത്തി. ഇവിടെയാണ് മോണ്ടിനീഗ്രോ എന്ന രാജ്യത്തിന്റെ കവാടം. മോണ്ടിനീഗ്രോ സന്ദർശിക്കാൻ ഇന്ത്യക്കാർക്ക് വിസ ആവശ്യമാണ്. ഡെൽഹിയിലെ ബോസ്‌നിയൻ എംബസിയിൽത്തന്നെയാണ് മോണ്ടിനീഗ്രോ കോൺസുലേറ്റ് പ്രവർത്തിക്കുന്നത് എന്നതാണ് അറിയാൻ കഴിഞ്ഞത്. മടക്കയാത്രാ ടിക്കറ്റ്, ടൂറിന്റെ വിശദാംശങ്ങൾ എന്നിവ സമർപ്പിച്ചാൽ വലിയ പ്രയാസമില്ലാതെ വിസ ലഭിക്കും എന്നും കേട്ടിട്ടുണ്ട്. എന്നാൽ എനിക്ക് യുഎസ് വിസ ഉള്ളതുകൊണ്ട് മോണ്ടിനീഗ്രോയിൽ വിസ ഓൺ അറൈവലാണ്.മുൻകൂറായി വിസ എടുക്കേണ്ട കാര്യമില്ല എന്നർത്ഥം.

മോണ്ടിനീഗ്രോ കാഴ്ച്ചകൾ 

ബസ് ബോസ്‌നിയയുടെ ബോർഡറിലെത്തി. ഒരു ഇമിഗ്രേഷൻ ഉദ്യോഗസ്ഥൻ വന്ന് പാസ്‌പോർട്ടുകൾ വാങ്ങിക്കൊണ്ടുപോയി, എക്‌സിറ്റ് സീൽ അടിച്ച് തിരികെ കൊണ്ടുവന്നു തന്നു.അടുത്തതായി മോണ്ടിനീഗ്രോയുടെ ഇമിഗ്രേഷൻ ഓഫീസിനു മുന്നിൽ ബസ് നിർത്തി. ബസ് ഡ്രൈവർ എല്ലാവരുടെയും പാസ്‌പോർട്ടുകൾ വാങ്ങിക്കൊണ്ടുപോയി.

ഇമിഗ്രേഷൻ ഉദ്യോഗസ്ഥന്റെ കൗണ്ടറിൽ കൊടുത്തു. ഇമിഗ്രേഷൻ ഓഫീസർ ഓരോ പാസ്‌പോർട്ടായി പരിശോധിക്കുന്നതും എൻട്രി വിസ സ്റ്റാമ്പ് ചെയ്യന്നതും എനിക്ക് എന്റെ സീറ്റിൽ ഇരുന്നാൽ കാണാമായിരുന്നു. ഒടുവിൽ ഒരു പാസ്‌പോർട്ട് കൈയിൽ എടുത്ത് ഓഫീസർ തിരിച്ചും മറിച്ചും നോക്കുന്നതു കണ്ടു. സംശയിക്കണ്ട, അത് ബസ്സിലെ ഒരേയൊരു ഇന്ത്യക്കാരനായ എന്റേതു തന്നെ! യൂറോപ്യന്മാർക്ക് ഇന്ത്യക്കാരെ അത്ര വിശ്വാസമുള്ളതുകൊണ്ടു തന്നെ, ഇവൻ മോണ്ടിനീഗ്രോയിൽ 'മുങ്ങാൻ' എത്തിയവനാണെന്ന് ഓഫീസർ തീരുമാനിച്ചുകഴിഞ്ഞു. അയാൾ തന്റെ ക്യാബിൻ തുറന്ന് എന്റെ പാസ്‌പോർട്ടുമായി  മറ്റ് ഓഫീസർമാർ ഇരിക്കുന്ന മുറിയിലേക്കു പോയി.

ഏറെ നേരമായിട്ടും അയാൾ തിരികെ വന്നില്ല. എന്റെ എതിർവശത്തിരുന്ന സ്ത്രീ ഡ്രൈവറോട് എന്താ പ്രശ്‌നമെന്ന് ചോദിക്കുന്നതു കേട്ടു. അയാൾ ഉത്തരം പറയുന്നതിൽ 'ഇന്ത്യ' എന്ന വാക്കുണ്ടെന്ന് എന്റെ ചെവികൾ പിടിച്ചെടുത്തു. മുൻസീറ്റിൽ ഇരിക്കുന്ന ഈ ഇന്ത്യക്കാരന്റെ പാസ്‌പോർട്ട് പരിശോധനയ്ക്ക് കൊണ്ടുപോയിരിക്കുകയാണ് എന്നോ മറ്റോ ആണ് അയാൾ പറഞ്ഞതെന്നു തോന്നുന്നു. അതോടെ എല്ലാവരും സഹതാപത്തോടെ എന്നെ നോക്കാൻ തുടങ്ങി.

ഞാനാകട്ടെ, 'സത്യം പറഞ്ഞോ, ഇല്ലെങ്കിൽ ഇപ്പോ തലപൊട്ടിത്തെറിക്കും' എന്ന് മിഥുനം സിനിമയിൽ മന്ത്രവാദി ആക്രോശിക്കുമ്പോഴുള്ള ഇന്നസെന്റിന്റെ ഭാവമുണ്ടല്ലോ, ആ ഭാവവും മുഖത്തു വരുത്തി ഇരിപ്പാണ്. അഞ്ച് പാസ്‌പോർട്ടുകൾ ഒട്ടിച്ചുചേർത്തു വെച്ചിരിക്കുന്ന എന്റെ 'പാസ്‌പോർട്ട് പുസ്തക'ത്തിലെ യുഎസ് വിസയുള്ള താളെത്തുമ്പോൾ ഉദ്യോഗസ്ഥൻ പഞ്ചപുച്ഛമടക്കി എൻട്രി സീൽ അടിക്കുമെന്ന് എനിക്കറിയാം. അത്രയ്ക്കുണ്ടല്ലോ, ഇവരുടെയൊക്കെ അമേരിക്കൻ ഭക്തി.

മോണ്ടിനീഗ്രോ കാഴ്ച്ചകൾ 

അങ്ങനെ തന്നെ സംഭവിച്ചു കാണണം. 15 മിനിറ്റു കഴിഞ്ഞ് എന്റെ പാസ്‌പോർട്ടടക്കം എല്ലാം എൻട്രി സീൽ അടിച്ച് തിരിച്ചു തന്നു. 

ഞാൻ എന്റെ നൂറ്റി ഒന്നാമത്തെ രാജ്യത്തേക്ക് പ്രവേശിച്ചു- മോണ്ടിനീഗ്രോ!.

'സ്വിറ്റ്‌സർലണ്ടിനെ എടുത്ത് കടലിൽ വെച്ചതുപോലെ ഒരു രാജ്യം' എന്ന് മോണ്ടിനീഗ്രോയെക്കുറിച്ച് ഒരു സുഹൃത്ത് പറഞ്ഞതാണ് എന്നെ ഈ യാത്രയ്ക്ക് പ്രേരിപ്പിച്ചത് എന്ന് ആദ്യ അധ്യായത്തിൽ ഞാൻ എഴുതിയിരുന്നല്ലോ. മോണ്ടിനീഗ്രോയിൽ തുടങ്ങിയ യാത്രാ പദ്ധതിയിൽ പിന്നീട് ബോസ്‌നിയയും സെർബിയയും കൂട്ടിച്ചേർക്കപ്പെടുകയായിരുന്നു.മോണ്ടിനീഗ്രോ എന്ന രാജ്യത്തെക്കുറിച്ച് പലരും കേട്ടിട്ടുപോലുമില്ല എന്ന് ഈ യാത്രയ്ക്കായി പദ്ധതിയിട്ടപ്പോൾ മനസ്സിലായി. പേരിൽ ഒരു 'നീഗ്രോ' ഉള്ളതുകൊണ്ട് മോണ്ടിനീഗ്രോ ഒരു ആഫ്രിക്കൻ രാജ്യമാണെന്ന് ഒരു സുഹൃത്ത് അഭിപ്രായപ്പെടുകയുണ്ടായി!

തെക്ക് കിഴക്കൻ യൂറോപ്പിൽ, ആഡ്രിയാറ്റിക് സമുദ്രതീരത്ത് സ്ഥിതി ചെയ്യുന്ന ഒരു ചെറിയ രാജ്യമാണ് മോണ്ടിനിഗ്രോ. 13,182 ചതുരശ്ര കി.മീ. ആണ് വിസ്തീർണ്ണം. ആകെ ജനസംഖ്യ 7 ലക്ഷത്തിൽ താഴെ മാത്രം. പൊഡോറിച്ചയാണ് തലസ്ഥാനം. ബോസ്‌നിയ, കൊസോവോ, അൽബേനിയ, ക്രൊയേഷ്യ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന മോണ്ടിനീഗ്രോ പഴയ സോഷ്യലിസ്റ്റ് യുഗോസ്ലാവ്യയുടെ ഭാഗമായിരുന്നു.

വെനീഷ്യൻ ഭാഷ്യയിൽ 'കറുത്ത പർവതം' എന്നാണ് മോണ്ടിനീഗ്രോ എന്ന വാക്കിന്റെ അർത്ഥം. മോണ്ടിനീഗ്രോയുടെ ചുറ്റും കോട്ട തീർക്കുന്ന ലൗവ്‌ചെൻ പർവതങ്ങളാണ് ഈ പേരിന് ആസ്പദം. യൂഗോസ്ലാവ്യയിൽ നിന്ന് സ്വാതന്ത്ര്യം നേടി 2006ലാണ് മോണ്ടിനീഗ്രോ സ്വതന്ത്രരാജ്യമായത്.

കരയും കടലും പർവതങ്ങളും കാടുകളുമൊക്കെ സമൃദ്ധമായി കാണാനാവുന്ന മോണ്ടിനീഗ്രോ സമ്പന്ന രാജ്യവുമാണ്. 16,749 ഡോളറാണ് പ്രതിശീർഷ വരുമാനം. ഷെങ്കൺ രാജ്യമല്ലെങ്കിലും യൂറോയാണ് നാണയം. അതുകൊണ്ടു തന്നെ അല്പം ചെലവേറിയ രാജ്യവുമാണ് മോണ്ടിനീഗ്രോ. പ്രതിവർഷം 20 ലക്ഷത്തിലധികം വിനോദസഞ്ചാരികൾ ഈ രാജ്യം സന്ദർശിക്കുന്നുണ്ട്. ലോകത്തിൽ ഏറ്റവുമധികം പേർ സന്ദർശിക്കുന്ന രാജ്യങ്ങളിൽ 36-ാം സ്ഥാനമാണ് മോണ്ടിനീഗ്രോയ്ക്കുള്ളത്. മോണ്ടിനീഗ്രൻ ആണ് ഔദ്യോഗിക ഭാഷ. ക്രിസ്ത്യാനികളാണ് പ്രധാന മതവിഭാഗം. തൊട്ടുപിന്നിൽ മുസ്ലീങ്ങളുണ്ട്.

ബസ് മലയിറങ്ങി സതല പ്രദേശത്തെത്തി. അതുവരെ മലമ്പ്രദേശങ്ങളുടെ നരച്ച ദൃശ്യങ്ങളാണ് കണ്ടുകൊണ്ടിരുന്നത്. സമതലപ്രദേശത്ത് എവിടെയോ വച്ച് നീലക്കടലിന്റെ ഒരു കീറ് കണ്ണിൽ പെട്ടു. പിന്നെ, ഒരു കാഴ്ചകളുടെ സ്വർഗ്ഗലോകം എന്റെ കൺമുന്നിൽ തുറന്നുവന്നു. ഞാൻ സന്ദർശിക്കുന്ന നൂറ്റി ഒന്നാമത്തെ രാജ്യം, ഏറ്റവും സുന്ദരവുമായ രാജ്യവുമാണെന്ന് ഞാൻ തിരിച്ചറിഞ്ഞു. എന്തൊരു ഭംഗി! നീലക്കടലും അതിന് അതിരിടുന്ന കറുത്ത മലനിരകളും കടലോരത്തെ ചുവപ്പ് മേൽക്കൂരയുള്ള പഴയ കെട്ടിടങ്ങളും കരിങ്കൽ പാകിയ വഴിത്താരകളും മധ്യകാലഘട്ടത്തിൽ നിന്ന് എടുത്തുവെച്ചതുപോലെയുള്ള കോഫീഷോപ്പുകളും......

ഞാൻ കണ്ണിമ ചിമ്മാതെ മോണ്ടിനീഗ്രോയുടെ കാഴ്ചകളിലേക്ക് നിർന്നിമേഷനായി നോക്കി ഇരുന്നു.

(തടരും)

-- 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com