സ്ഥിരം കാഴ്ചകളിൽ നിന്ന് മാറി ജപ്പാൻ യാത്ര ഇങ്ങനെ ആക്കിയാലോ

japan
SHARE

ജപ്പാൻ ശരിക്കും സഞ്ചാര പ്രിയരുടെ സ്വപ്നഭൂമിയാണ്. അവിടെ കാണാത്തതും കിട്ടാത്തതുമായി ഒന്നുമില്ലെന്ന് തോന്നിപ്പോകും.തികച്ചും സവിശേഷമായ ഒരു സംസ്കാരവും രസകരമായ കാര്യങ്ങളും ഉള്ള രാജ്യം കൂടിയാണ് ജപ്പാൻ.  ജപ്പാനിലെ ഒരു ഗ്രാമപ്രദേശത്തേക്കോ ടോക്കിയോ പോലുള്ള  വലിയ നഗരത്തിലേക്കോ ഒക്കെയാവും മിക്കവാറും യാത്രകളും നടത്തുന്നത്. ‌ അവിടുത്തെ കാഴ്ചകള്‍ മാത്രമല്ല ഇനിയുമുണ്ട് കാണാനേറെ. അടുത്ത ജപ്പാൻ യാത്ര ഇക്കാരണങ്ങൾ കൊണ്ടാകട്ടെ. 

പുഷ്പ തുരങ്കത്തിലൂടെ നടക്കാം

ജപ്പാന്റെ  ഫ്ലവർ ടണലിനെക്കുറിച്ച് കേൾക്കാത്തവർ ഉണ്ടാകുമോ. കവാച്ചി വിസ്റ്റേരിയ ഗാർഡന്റെ ഭാഗമായ  കിറ്റക്യുഷു ഫ്ലവർ ടണലുകൾ ലോക പ്രസിദ്ധമാണ്.  വിസ്റ്റീരിയ മരങ്ങളുടെ വ്യത്യസ്ത നിറങ്ങളാൽ ഈ പാർക്ക് മുഴുവനും മനോഹരമായി നിറഞ്ഞു നിൽക്കുന്ന കാഴ്ച്ച കാണേണ്ടതു തന്നെ. 100 മീറ്ററോളം നീളമുള്ള രണ്ട് തുരങ്കങ്ങൾക്ക് ഇരുവശത്തു നിന്നും ഭീമൻ വിസ്റ്റീരിയ മരങ്ങൾ മേൽക്കൂരയിൽ നിന്ന് താഴേക്ക് തൂങ്ങിക്കിടക്കും. ഒരു ചിത്രകാരന്റെ പെയിന്റിംഗ് നേരിട്ട് കണ്ടാൽ എങ്ങനെയിരിക്കുമോ അത്രയ്ക്കും അവിശ്വസനീയമാണ് ആ കാഴ്ച്ച.

japan-kawachi-wisteria-garden

ക്യാപ്സ്യൂൾ ഹോട്ടലിലെ താമസം

പേര് സൂചിപ്പിക്കുന്നതു പോലെ തന്നെ ഒരു ഗുളിക പരുവത്തിലുള്ള ഹോട്ടൽ മുറികളാണിവ. കാപ്സ്യൂൾ ഹോട്ടൽ ജപ്പാന് സവിശേഷമായ ഒന്നാണ്. ഇവയെ യഥാർത്ഥത്തിൽ ഹോട്ടലുകൾ എന്ന് വിളിക്കാനാവില്ല.  അതിനാൽ  ആദ്യമായി ഇത് കാണുമ്പോൾ ഒന്നമ്പരക്കും. 

capsule-hotel-japan

ഫൈബർഗ്ലാസ് കൊണ്ട് നിർമിച്ച ചെറിയ മുറികളാണ്  ക്യാപ്‌സ്യൂൾ ഹോട്ടൽ. ക്യാപ്‌സൂളുകൾ‌ പരസ്‌പരം മുകളിലും താഴെയുമായി അടുക്കിയിരിക്കുന്നു, ഒരാൾക്ക് വേണ്ടി ഒരുക്കിയിരിക്കുന്ന മുറിയിൽ ബെഡ്, ടിവി, വൈഫൈ, ഷെൽഫ് എന്നിവ ഉണ്ടാകും. കിടക്കാൻ മാത്രമേ ഈ മുറിയിൽ പറ്റുകയുള്ളു.

ഷിന്റോ സംസ്കാരത്തിന്റെ ഭാഗമാകാം

ജപ്പാനിലുടനീളം, ജാപ്പനീസ് സംസ്കാരത്തിന്റെ ഒരു ഭാഗം അനുഭവിക്കാൻ ആഗ്രഹിക്കുന്ന  സഞ്ചാരികൾക്കായി പ്രശസ്തമായ സ്ഥലങ്ങളായി മാറിയ പുരാതന ഷിന്റോ ആരാധനാലയങ്ങൾ ധാരാളം ഉണ്ട്. ജാപ്പനീസ് സംസ്കാരത്തിലും പാരമ്പര്യത്തിലും മുഴുകാൻ ആഗ്രഹിക്കുന്ന സന്ദർശകർ പലപ്പോഴും ഷിന്റോ ആരാധനാലയങ്ങൾ സന്ദർശിക്കാറുണ്ട്.

കാമിയെന്ന ദേവനെയാണ് ഈ ദേവാലയങ്ങളിൽ ആരാധിക്കുന്നത്. ഇതു കൂടാതെ ആയിരക്കണക്കിന് വ്യത്യസ്ത ആരാധനാലയങ്ങൾ വേറെയുമുണ്ട് ജപ്പാനിൽ, അവയിൽ ഓരോന്നിനും അവരുടേതായ സവിശേഷമായ ചരിത്രവും  അദ്വിതീയ സംസ്കാരവും ആചാരാനുഷ്ഠാനങ്ങളും ഉണ്ട്. ജപ്പാൻ സന്ദർശിക്കുമ്പോൾ, തീർച്ചയായും ഒരു ഷിന്റോ ദേവാലയത്തിൽ പോകാം.

ഹിമെജി കാസിൽ

സമ്പന്നമായ സംസ്കാരവും  ചരിത്രവുമുള്ള രാജ്യമാണ് ജപ്പാൻ. സന്ദർശകർക്ക് കാണാനായി നിരവധി സവിശേഷമായ ആധുനിക ആകർഷണങ്ങൾ രാജ്യത്തുടനീളം ഉണ്ടെങ്കിലും, ജപ്പാനിലെ ഭൂതകാലത്തിന്റെ  ബാക്കി ശേഷിപ്പായ ഹിമെജി നഗരത്തിൽ സ്ഥിതിചെയ്യുന്ന ഹിമെജി കാസിൽ കാണാതെ പോകരുത്. പതിനാലാം നൂറ്റാണ്ടിൽ നിർമ്മിച്ച ജപ്പാനിലെ ഏറ്റവും മികച്ച സംരക്ഷിത കോട്ടകളിലൊന്നാണ് ഹിമെജി കാസിൽ. ഇവിടുത്തെ കാഴ്ചകൾ വാക്കുകൾക്ക് അതീതമാണ്. 

ഓൺ സെന്നിൽ ഒരു ചൂടൻ കുളി

ജപ്പാനിലെ പരമ്പരാഗത ഹോട്ട് സ്പ്രിoഗ് ബാത്ത് ഹൗസുകളാണ് ഓൺ സെൻ. രാജ്യത്തിന്റെ മിക്കയിടത്തും സ്ഥിതിചെയ്യുന്ന ഈ ഓൻസെൻസുകൾ ടോക്കിയോ പോലുള്ള തിരക്കേറിയ നഗരങ്ങളിൽ നിന്ന് അൽപം മാറിയാണ്. ചൂടുവെള്ളത്തിൽ വിശ്രമിക്കാനും പ്രകൃതിദൃശ്യങ്ങൾ ആസ്വദിക്കാനുമുള്ള ഒരു മികച്ച മാർഗമാണ്. പിന്നെ ശ്രദ്ധിക്കേണ്ട കാര്യം പല ഓൺ‌സെൻ‌ ഉടമകൾ‌ക്കും അവരുടെതായ ചില  പ്രത്യേക നിയമങ്ങളുണ്ട് എന്നതാണ്.   പച്ചകുത്താൻ അനുവദിക്കുന്നില്ല എന്നതാണ് അതിലൊന്ന്.എന്നാൽ ചെറിയ ടാറ്റൂകളുള്ള സന്ദർശകർക്ക് അവരുടെ ടാറ്റൂകൾ ടേപ്പ് കൊണ്ടോ മറ്റോ മറച്ച് ഇവിടെ പ്രവേശിക്കാം. 

ഫോക്സ് വില്ലേജും ഡിസ്നീസിയയും

മൃഗശാലകളിൽ പലപ്പോഴും കാണാത്ത ഒരു മൃഗമാണ് കുറുക്കൻ, പക്ഷേ ജപ്പാനിൽ, സന്ദർശകർക്ക് വിശാലമായ, തുറന്ന സ്ഥലത്ത് കുറുക്കന്മാരെ കാണാൻ കഴിയുന്ന ഒരു പ്രത്യേക സ്ഥലമുണ്ട്.സെൻഡായിയിൽ നിന്ന് ഒരു മണിക്കൂർ അകലെയുള്ള കുറുക്കൻമാർക്ക് വേണ്ടി മാത്രമുള്ള മൃഗശാലയാണ് സാവോ ഫോക്സ് വില്ലേജ്. ഇവിടെയെത്തിയാൽ അലസമായി വിഹരിച്ചു നടക്കുന്ന കുറുക്കൻമാരെ അടുത്തു കാണാനാകും. മറ്റൊരാകർഷണം ഡിസ്നിസീയ ആണ്. 2001 ൽ പ്രവർത്തനം ആരംഭിച്ച ഇത് മറ്റ് ഡിസ്നി പാർക്കുകളിൽ നിന്നും തികച്ചും വ്യത്യസ്തമാണ്. മറ്റ് ഡിസ്നിപാർക്കുകളിൽ നിന്ന് വിഭിന്നമായി ഇവിടെ നടന്നു കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

520176152

അപ്പോൾ ഇനി പോകുമ്പോൾ ജപ്പാന്റെ സ്ഥിരം വഴികളിൽ നിന്ന് മാറി സഞ്ചരിക്കാം. കൂടുതൽ കാഴ്ചകൾ കാണാം. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WORLD ESCAPES
SHOW MORE
FROM ONMANORAMA