ADVERTISEMENT

സിനിമാത്തിരക്കുകള്‍ക്കിടയിലും യാത്ര ചെയ്യാന്‍ സമയം കണ്ടെത്തുകയും യാത്രകള്‍ ഏറെ ഇഷ്ടപ്പെടുകയും ചെയ്യുന്ന നടിയാണ് അമലാ പോള്‍. സോഷ്യല്‍ മീഡിയയില്‍ തന്‍റെ യാത്രകളുടെ ചിത്രങ്ങള്‍ അമല എപ്പോഴും പങ്കുവയ്ക്കാറുണ്ട്. ജിപ്സി സോള്‍ എന്നാണ് അമല സ്വയം വിശേഷിപ്പിക്കുന്നത് തന്നെ! എന്തായാലും ഏറ്റവും പുതിയ യാത്രയുടെ ചിത്രങ്ങളും ആരാധകര്‍ക്കായി അമല പങ്കു വച്ചിട്ടുണ്ട്. 

amala-paul1

ഈ വര്‍ഷത്തെ പിറന്നാള്‍ ആഘോഷിക്കാനായി അമല പോയത് ഇന്തോനേഷ്യയിലേക്കായിരുന്നു. ഒക്ടോബര്‍ 26 ആണ് താരസുന്ദരിയുടെ ജന്മദിനം. ബീച്ചിനരികില്‍ ഇളം വയലറ്റ് നിറത്തിലുള്ള സ്യൂട്ടണിഞ്ഞ് നില്‍ക്കുന്ന ചിത്രങ്ങളാണ് ഏറ്റവും പുതിയതായി അമല പോസ്റ്റ്‌ ചെയ്തിരിക്കുന്നത്. ഒരു വര്‍ഷത്തിനു ശേഷമാണ് ഈ ഒഴിവുകാല യാത്ര. താന്‍ ഏറെ അര്‍ഹിക്കുന്ന യാത്രയാണ് ഇത് എന്നാണ് നടി ഈ യാത്രയെക്കുറിച്ച് പറയുന്നത്. സൂര്യനും കടലും പിന്നെ ഞാനും... ഇഷ്ടമുള്ള വസ്ത്രങ്ങള്‍ അണിഞ്ഞു കൊണ്ട് കടലോരത്ത് നില്‍ക്കുന്ന ഫോട്ടോ പോസ്റ്റ്‌ ചെയ്തു കൊണ്ട് പിറന്നാള്‍ ദിനത്തില്‍ തന്‍റെ ഏറ്റവും പ്രിയപ്പെട്ട യാത്രയാണ് ഇതെന്നും താരസുന്ദരി കുറിച്ചിരിക്കുന്നു. സ്പോര്‍ട്സ് ഫിറ്റ്‌ ശരീരത്തില്‍, എപ്പോഴുമുള്ളതുപോലെ തന്നെ അമലക്ക് ഏറെ ഇണങ്ങുന്നുണ്ട്‌ ഈ വസ്ത്രവും. അമല പോയ സ്ഥലത്തിന്‍റെ വിശേഷങ്ങളിലേക്ക്...

ന്യുസ സെനിന്‍ഗനിലെ നീലക്കായല്‍

പറഞ്ഞു കേട്ട് പഴകിയ കഥകളും കാഴ്ചകളുമാണ് ബാലിയില്‍ എന്ന് തോന്നിയിട്ടുണ്ടോ? സ്വപ്നതുല്യമായ ക്ഷേത്രങ്ങളും പച്ചപ്പും പതിവു കാഴ്ചകളുമല്ലാതെ കുറച്ചങ്ങു മാറിയാല്‍ കാണാന്‍ ബാലിയുടെ ഉള്ളില്‍ വേറെയും കുറേയുണ്ട് കാഴ്ചകള്‍. ന്യുസ ദ്വീപുകള്‍ ആ ലിസ്റ്റില്‍ പെടുന്ന ഒരു സ്ഥലമാണ്. അമലയുടെ യാത്രാചിത്രങ്ങളില്‍ കാണുന്ന ദ്വീപിന്‍റെ പേരാണ് ന്യുസ സെനിന്‍ഗന്‍. ബാലിയുടെ തെക്കേ അറ്റത്ത് ന്യുസ ലെംബോന്‍ഗന്‍, ന്യുസ പെനിഡ എന്നീ ദ്വീപുകളുടെ നടുവിലായാണ് ന്യുസ സെനിന്‍ഗന്‍ ദ്വീപ്‌ സ്ഥിതി ചെയ്യുന്നത്.

മനോഹരമായ റോഡുകളും വഴികളുമാണ് ഇവിടെ കാണാന്‍ സാധിക്കുക. സെനിന്‍ഗൻ പർവതത്തിൽ നിന്ന് ബാലിക്ക് മുകളിലൂടെ കാണുന്ന സൂര്യാസ്തമയം അതിമനോഹരമാണ്. ലെംബോന്‍ഗനെയും സെനിന്‍ഗനെയും വേര്‍തിരിക്കുന്നത് കടല്‍പ്പായലുകളും കണ്ടല്‍ക്കാടുകളും നിറഞ്ഞ എസ്റ്റ്യുറിൻ ചാനലാണ്‌.

View this post on Instagram

S u n k i s s e d s u n s h i n e

A post shared by Amala Paul ✨ (@amalapaul) on

2009 മുതൽ ന്യുസ സെനിന്‍ഗൻ ദ്വീപിന്‍റെ ജനപ്രീതി പതിയെ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പുതിയ അനുഭവങ്ങള്‍ തേടി നടക്കുന്ന സാഹസികരായ യാത്രക്കാർ ഇവിടെയെത്തുന്നു. സമീപകാലത്തായി നിരവധി റിസോർട്ടുകളും ഹോട്ടലുകളും ഇവിടെ പുതുതായി ആരംഭിച്ചിട്ടുണ്ട്. ലുക്കൌട്ട് പോയിന്‍റ് മുതല്‍ മുകളിലൂടെ പോകുന്ന സിപ് ലൈന്‍ വരെ ഇവിടെ ആസ്വദിക്കാനും ദിവസങ്ങള്‍ മനോഹരമായി ചെലവഴിക്കാനും ഒരുപാട് കാര്യങ്ങളുണ്ട്. 

ബാലിയുടെ അതേ സംസ്കാരം തന്നെയാണ് ഇവിടെയും പിന്തുടരുന്നത് എന്ന് കാണാം. എന്നാല്‍ മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളെ അപേക്ഷിച്ച് തിരക്ക് കുറവാണ് സെനിന്‍ഗനില്‍. ബാലിയില്‍ നിന്നും ഫെറി വഴിയാണ് ഇവിടെ എത്തുന്നത്. ഇവിടെ കാണുന്ന തെളിഞ്ഞ നീല നിറത്തിലുള്ള ജലപ്പരപ്പ് ആകര്‍ഷണീയമാണ്. ബേബി ബ്ലൂ നിറത്തില്‍ കാണുന്ന കടലിനോട് ചേര്‍ന്ന് ബ്ലൂ ലഗൂണ്‍ പരന്നു കിടക്കുന്നു. ഇത്രയും സുന്ദരമായ നീല നിറത്തില്‍ മറ്റൊരിടത്തും കാണാനാവാത്തത്ര അഴകോടെയാണ് ഈ ജലപ്പരപ്പ്. 

മഹാന ക്ലിഫ് ജമ്പാണ് ഇവിഎത്തുന്ന വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒരു പ്രധാന ഘടകം. മഹാന പോയിന്റ് ബാറിലെ നുസ സെനിന്‍ഗന്‍റെ തെക്ക് കിഴക്ക് ഭാഗത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. വേലിയേറ്റമുള്ള സമയത്ത് ഉയര്‍ന്ന പ്ലാറ്റ്ഫോമുകളില്‍ കയറി ബേബി ബ്ലൂ നിറത്തില്‍ തെളിഞ്ഞു കിടക്കുന്ന ബ്ലൂ ലഗൂണിലെ വെള്ളത്തിലേക്ക് ചാടാം. അഞ്ചും പതിമൂന്നും മീറ്റര്‍ ഉള്ള രണ്ടു പ്ലാറ്റ്ഫോമുകളാണ് ഇവിടെയുള്ളത്. ആവശ്യത്തിനു വെള്ളം ഉള്ളപ്പോള്‍ മാത്രമേ ഇത് അനുവദിക്കൂ.

സീക്രട്ട് ബീച്ച് എന്ന പേരിലുള്ള കടലോരമാണ് ഇവിടത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. സമാധാനമായിരുന്ന് വിശ്രമിക്കാനും സംസാരിക്കാനും ഭക്ഷണം കഴിക്കാനും ഇവിടെ പറ്റും. ഈ ഭാഗം കുറച്ച് ചെലവേറിയതാണ് എന്നതിനാല്‍ അല്‍പ്പം ശ്രദ്ധിക്കണം എന്ന് മാത്രം.

നീല ജലപ്പരപ്പിലൂടെ സര്‍ഫിംഗ് ചെയ്യാന്‍ ഇഷ്ടമുള്ളവര്‍ക്ക് ആ ആഗ്രഹം സാധിക്കാം. ഡൈവിംഗ്, സ്നോര്‍ക്കലിംഗ് തുടങ്ങിയവ ചെയ്യാനുള്ള സൗകര്യം സെനിന്‍ഗന്‍ ദ്വീപില്‍ ഇഷ്ടംപോലെയുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com