ADVERTISEMENT

‘വലിയ യാത്രാപ്രേമിയൊന്നുമല്ല, എങ്കിലും മകൾക്കൊപ്പമുള്ള ഏതു യാത്രയും ആസ്വദിച്ചു നടത്താനാണ് ഇഷ്ടം’ – പറയുന്നത് മലയാളത്തിന്റെ സ്വന്തം നീനാ കുറുപ്പ്. 1989 ൽ ഇറങ്ങിയ പഞ്ചാബിഹൗസിലും ഈ വർഷം റിലീസായ അമ്പിളിയിലും ഒരുപോലെ ചെറുപ്പക്കാരിയായിരിക്കുന്ന നീനാ കുറുപ്പിന്റെ അടുത്തു പോകാൻ പ്രായത്തിനും ഒരൽപം മടിയാണെന്നു തോന്നും. 20 വകാരി മകളുടെ അമ്മയാണെന്ന് പറഞ്ഞു വിശ്വസിപ്പിക്കേണ്ടി വരും. സിനിമയിലെത്തിയിട്ട് 32 വർഷമായ നീന പറയുന്നത്, തന്റെ ഏറ്റവും അടുത്ത സുഹൃത്ത് മകൾ പവിത്രയാണെന്നാണ്. അതുകൊണ്ടുതന്നെ മകൾക്കൊപ്പം യാത്ര ചെയ്യാനാണ് കൂടുതൽ ഇഷ്ടം.

neena-kurup-travel5

‘ഷൂട്ടിങ്ങിന്റെയും സ്‌റ്റേജ് ഷോയുടെയുമൊക്കെ ഭാഗമായിട്ടാണ് എന്റെ യാത്രകൾ ഭൂരിഭാഗവും. എങ്കിലും വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ അവിടുത്തെ കാഴ്ചകളൊക്കെ കാണാൻ ശ്രമിക്കാറുണ്ട്. അങ്ങനെയാണ് ഹൂസ്റ്റണിലെ നാസ സ്പേസ് സെന്റർ സന്ദർശിക്കുന്നത്. ശരിക്കും എക്സൈറ്റഡായി. ചെറുപ്പകാലം തൊട്ടു കാണാൻ ആഗ്രഹിക്കുന്ന ബഹിരാകാശ നിലയത്തിന്റെ വിശേഷങ്ങളും മറ്റും നേരിട്ടു കാണാൻ ഭാഗ്യമുണ്ടായി. 

neena-kurup-travel6

ലോകപ്രശസ്ത ശാസ്ത്ര-ബഹിരാകാശ പഠന കേന്ദ്രമാണ് ഹൂസ്റ്റണിലെ നാസ ജോൺസൺ ബഹിരാകാശ കേന്ദ്രം. വിദ്യാർഥികൾക്ക് ഏറെ പ്രയോജനകരമായ മ്യൂസിയവും ഇവിടെയുണ്ട്. ട്രിപ്പ് അഡ്വൈസർ സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് ഉള്ള ഹൂസ്റ്റണിലെ മികച്ച ഡെസ്റ്റിനേഷനുകളിൽ ഒന്നാണിത്. അമേരിക്കയുടെ മനുഷ്യ ബഹിരാകാശ യാത്രാ പരിപാടിയുടെ ചരിത്രം വിവരിക്കുന്ന 400 ഓളം ബഹിരാകാശ ആർട്ടി ഫാക്ടുകൾ, സ്ഥിരം യാത്രാ പ്രദർശനങ്ങൾ, തത്സമയ ഷോകൾ, തിയേറ്ററുകൾ എന്നിവ ഈ കേന്ദ്രത്തിലുണ്ട്. 

neena-kurup-travel3

ഈ യാത്രയിൽത്തന്നെ ന്യൂയോർക്കിലെ സ്റ്റാച്യു ഓഫ് ലിബർട്ടി അടക്കമുള്ള പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളും കാണാൻ സാധിച്ചു. യാത്രകൾ അധികവും ജോലി സംബന്ധമായതിനാൽ മകൾക്കൊപ്പം അധികമൊന്നും പോകാൻ സാധിച്ചിട്ടില്ല. പവിത്രയുടെ വെക്കേഷൻ നോക്കിയേ അത്തരം യാത്രകൾ സാധ്യമാകാറുള്ളൂ.. 

neena-kurup-travel2

ഓസ്ട്രേലിയയിൽ

വളരെ പ്ലാൻ ചെയ്ത് നടത്തിയ യാത്രയായിരുന്നു ഓസ്ട്രേലിയൻ ട്രിപ്പ്. മോളുടെ അവധി നോക്കിയാണ് പോയത്. ഞങ്ങൾ ഒരുമിച്ചുള്ള യാത്ര ആകുമ്പോൾ പവിത്രയുടെ ഇഷ്ടത്തിനായിരിക്കും എല്ലാം. അവൾക്ക് അമ്യൂസ്മെൻറ് പാർക്കുകളോടും മറ്റുമൊക്കെയാണ് താൽപര്യം. എങ്കിലും ഓസ്ട്രേലിയയിലെ ലോകാദ്ഭുതങ്ങളിൽ ഒന്നായ ഗ്രേറ്റ് ബാരിയർ റീഫ് കണ്ടതാണ് ആ ട്രിപ്പിലെ ഏറ്റവും മികച്ചത് എന്നാണ് എന്റെ അഭിപ്രായം. 

neena-kurup-travel1

ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് തട്ടുകളുടെ ശൃംഖലയാണ് ഗ്രേറ്റ് ബാരിയർ റീഫ്.  കോറൽ സീയിൽ വടക്കുകിഴക്കൻ ഓസ്ട്രേലിയയിലെ ക്വീൻസ്‌ലാൻഡിന്റെ തീരത്താണ്‌ നീളത്തിൽ ഈ പ്രകൃതിവിസ്മയം വ്യാപിച്ചുകിടക്കുന്നത്. ഈ പവിഴപ്പുറ്റുസമൂഹത്തിൽ 2900 പവിഴപ്പുറ്റുകളും 900 ദ്വീപുകളുമുണ്ട്. ഗ്രേറ്റ് ബാരിയർ റീഫ് ബഹിരാകാശത്തുനിന്നു നോക്കിയാൽ പോലും കാണാൻ സാധിക്കും. ജീവജാലങ്ങൾ ചേർന്ന് നിർമിച്ച ലോകത്തിലെ ഏറ്റവും വലിയ ഘടനയാണിത്. ജൈവവൈവിധ്യമേറിയ ഈ ഭൂഭാഗം യുനെസ്കോയുടെ ലോകപൈതൃകയിലും ഉൾപ്പെട്ടിട്ടുണ്ട്. ആ യാത്രയിൽത്തന്നെ ഓസ്ട്രേലിയയിലെ പ്രശസ്ത ടൂറിസ്റ്റ് സ്പോട്ടുകൾ ആയ മാഡം തുസാദ് ഓപ്പറ ഹൗസ്, മ്യൂസിയങ്ങൾ എല്ലാം സന്ദർശിച്ചു. 

neena-kurup-travel

നേപ്പാളിലേയ്ക്ക് ഒരു ബാക്ക്പാക് ട്രിപ്പ്

ഡ്രീം ജേർണി എന്നു വേണമെങ്കിൽ ഇതിനെ വിളിക്കാം. എന്റെ കുറേ നാളായുള്ള ഒരാഗ്രഹമാണ് പവിത്രയ്ക്കൊപ്പം ഒരു യാത്ര. അതും വളരെ സിംപിളായി, ഒരു ബാക്പാക്ക് മാത്രം എടുത്തുകൊണ്ടുള്ള ട്രിപ്പ്. പലപ്പോഴും പദ്ധതിയിട്ടിട്ടുണ്ടെങ്കിലും പോകുമ്പോഴൊല്ലൊം എന്തെങ്കിലും പരിപാടികൾ വന്നു ചാടും. പിന്നെ വലിയ ലഗേജൊക്കെയായിട്ടായിരിക്കും പോക്ക്. അതു കൊണ്ടാണ് ഫ്രീയായിട്ടൊരു യാത്രയെക്കുറിച്ചു സ്വപ്നം കാണുന്നത്. അധികം താമസിയാതെ അത് സാധിക്കണമെന്നാണ് ആഗ്രഹം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com